Sunday, December 6, 2015

എന്റെ പുതിയ പുസ്തകങ്ങള്‍

എന്റെ പുതിയ പുസ്തകങ്ങള്‍ വില്‍പ്പനയില്‍
കേരളത്തിലെ പ്രമുഖ ബുക്ക് സ്റ്റാളുകളില്‍ പുസ്തകം ലഭ്യമാണ്.

Tuesday, June 2, 2015

ഞാന്‍

നീണ്ട ഇടവേളയ്ക്ക് ശേഷം ഞാന്‍ ബ്ലോഗിലേക്ക് തിരിച്ചെത്തുന്നു 

Sunday, December 28, 2014

Wednesday, February 5, 2014

അത്താഴം മുടക്കികള്‍

വ്യദ്ധനായ അയാള്‍ പുഴക്കരയില്‍ എല്ലാ ദിവസവും തന്റെ ആടുകളെ മേയ്ക്കുവാന്‍ എത്താറുണ്ടായിരുന്നു. ആടുകളുടെ കരച്ചിലും, പുഴക്കരയിലെ മരത്തണലിലിരുന്ന് അയാള്‍ പാടാറുള്ള പാട്ടുകളും മരച്ചുവട്ടിലെ മാളത്തില്‍ ശാന്തജീവിതം നയിച്ചിരുന്ന നീര്‍ക്കോലിക്ക് ഒട്ടും ഇഷടപ്പെട്ടിരുന്നില്ല.

“ദേ കിഴവാ., ഈ സഥലം എന്റേതാണ്. മേലാല്‍ ഇവിടെ താനും തന്റെ ആടുകളും വന്നു കൂടാ.. അതല്ല എന്നെ ധിക്കരിക്കാനാണ് ഭാവമെങ്കില്‍ എന്റെ ഉഗ്രവിഷമേറ്റ് നീയും, നിന്റെ ആടുകളും , പിടഞ്ഞ്, പിടഞ്ഞ് മരിക്കേണ്ടി വരും” നീര്‍ക്കോലി വ്യദ്ധനെ ഭീഷണിപ്പെടുത്തി.

“ത്ഫൂ,, എന്നെ ഭീഷണിപ്പെടുത്താന്‍ മാത്രം നീ വളര്‍ന്നോടാ അത്താഴം മുടക്കി കഴിവേറീ‍ടെ മോനേ..” വ്യദ്ധന്‍ നീര്‍ക്കോലിയുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പി. അപമാനവും, സങ്കടവും സഹിക്കുവാനാവാതെ നീര്‍ക്കോലി വ്യദ്ധന്റെ നേര്‍ക്ക് കുതിച്ചു ചാടി.

“പന്ന കഴുവേറി..” കലി മൂത്ത വ്യദ്ധന്‍ തന്റെ കെയ്യിലിരുന്ന വടിയെടുത്ത് നീര്‍ക്കോലിയെ തോണ്ടിയെടുത്ത് പുഴയിലേക്ക് വലിച്ചെറിഞ്ഞു.

“കരുതിയിരുന്നോടാ പേട്ടു കിഴവാ., നീ നോവിച്ചു വിട്ടത് ചില്ലറക്കാരനെയല്ല. നാള‍ത്തെ സൂര്യോദയം നിന്നെ ഞാന്‍ കാണിക്കില്ല്” അങ്ങകലെ പുഴയുടെ മധ്യത്തില്‍ തെറിച്ചു വീണ നീര്‍ക്കോലി കരയിലേക്ക് നീന്തുന്നതിനിടയില്‍ വ്യദ്ധനെ ഭീഷണിപ്പെടുത്തി.

“ഒന്നു പോയി വെടിക്കെട്ട് കാണെടാ കഴുവേറി. നിന്നെ ഞാന്‍ തല്ലിക്കൊല്ലാതിരുന്നത് എന്റെ തെറ്റ്. അല്ലെങ്കില്‍ എന്നോടിതു പറയുവാന് നീ വായ തുറക്കില്ലായിരുന്നു.” വ്യദ്ധന്‍ നീര്‍ക്കോലിയുടെ ഭീഷണിയെ പുശ്ചിച്ചു തള്ളി.

“പാമ്പുകളെ നോവിച്ചു വിട്ടാല്‍ ആ കളി തീക്കളിയാടാ..” നീര്‍ക്കോലി അടങ്ങുവാന്‍ ഭാവമില്ലായിരുന്നു.

“അത് പാമ്പുകളെ.. നീ അതിന് പാമ്പല്ലല്ലോടാ. വെറും ചേമ്പല്ലേടാ അത്താഴം മുടക്കി പുലയാടി മോനേ“ വ്യദ്ധന്‍ വല്ലാതെ ക്ഷുഭിതനായി. “ ദേ നായിന്റെ മോനേ ഇനിയുമെന്റെ കണ്‍വെട്ടത്തെങ്ങാനും നിന്ന് വാചകമടിച്ചാല്‍ നിന്നെ കൊത്തി നുറുക്കി ഞാന്‍ പട്ടിക്കു കൊടുക്കും.

“പേടിപ്പിക്കാതെടാ കിഴവാ. ഏതൊരു ജനമത്തിനും ഒരു ലക്ഷ്യമുണ്ട്” അപമാനിതനായ നീര്‍ക്കോലി അടങ്ങിയിരിക്കാന്‍ ഭാവമില്ലായിരുന്നു. “എന്റെ ല‍ക്ഷ്യ്യം നിന്റെ അന്ത്യമാണ്. അതു കാണാതെ ഞാന്‍ ഒരിക്കലും മരിക്കില്ല. എന്റെ കടിയേറ്റു മരിക്കാതിരിക്കുവാന്‍ നീ മുപ്പതു മുക്കോടി ദൈവങ്ങളോട് മുട്ടിപ്പായി പ്രാര്‍ത്ഥിച്ചാലും ഫലമുണ്ടാവില്ല. മരിക്കാന്‍ നീ തയ്യാറായിരുന്നോടാ പരട്ടു കിഴ്വാ..” വെള്ളത്തിനടിയിലേക്ക് മുങ്ങാങ്കുഴിയിടുന്നതിന്‍ മുമ്പ് നീര്‍ക്കോലി വ്യദ്ധന്‍ മുന്നറിയിപ്പു നല്‍കി.

അന്ന് വെകുന്നേരം പതിവുപോലെ വ്യദ്ധന്‍ തന്റെ ആടുകളെയും കൊണ്ട് തിരിച്ച് വീട്ടിലേക്ക് പോകുന്നതിനിടയില്‍ പുല്ലുകള്‍ക്കിടയില്‍ പതിങ്ങിയിരുന്ന് നീര്‍ക്കോലി അയാളുടെ കണ‍ങ്കാലില്‍ കടിച്ച് ശേഷം മാളത്തില്‍ ഓടിയൊളിച്ചു. തന്റെ ഉഗ്രവിഷമേറ്റ് വ്യദ്ധന്‍ പിടഞ്ഞ്, പിടഞ്ഞ് മരിച്ചു പോകുമെന്ന് കരുതിയ നീര്‍ക്കോലിക്ക് തെറ്റു പറ്റി.എന്നാല്‍ അടുത്ത ദിവസം കൂടുതല്‍ ഉത്മേഷവാനായി തന്റെ ആടുകളെയും കൊണ്ട് പുഴക്കരയില്‍ വന്ന വ്യദ്ധനെ കണ്ട് നീര്‍ക്കോലി ഞെട്ടി.

“കണ്ടോടാ പന്ന പുലയാടി മോനേ ഞാന്‍ ജീവനോടെ വന്നിരിക്കുന്നത്.? ഇപ്പം മനസ്സിലായോടാ നിന്റെ വിഷത്തിന് എന്നെ ഒന്നും ചെയ്യുവാന്‍ കഴിയില്ലെന്ന്? “ വ്യദ്ധന്റെ വാക്കുകള്‍ക്ക് മറുപടി പറയാനാവാതെ നീര്‍ക്കോലി തല താഴ്ത്തി.. തന്റെ വിഷമേറ്റിട്ടും മരിക്കാതിരുന്ന വ്യദ്ധന്‍ ഒരു മനുഷ്യനല്ലായിരിക്കുമെന്ന് നീര്‍ക്കോലിക്ക് തോന്നി.

“കഴുവേറി മോനെ, ഇന്നലെ എന്റെ അത്താഴം മുടക്കിയതിന് നിനക്ക് ഞാന്‍ വച്ചിട്ടുണ്ട്.“ അയാളുടെ ഭീഷണിക്ക് മുന്നില്‍ ഭയന്നു പോയ നീര്‍ക്കോലി പിന്നിട് ഒരക്ഷരം പോലും ഉരിയാടാനാവാതെ എങ്ങോട്ടോ ഓടിയൊളിച്ചു.

എന്നാല്‍ അന്ന് വ്യദ്ധന്റെ വിധി മാറ്റി മറിച്ച ഒരു സംഭവമുണ്ടായി. പുഴക്കടവില്‍ തന്റെ ആടുകള്‍ക്ക് വെള്ളം കൊടുക്കുവാനെത്തിയ വ്യദ്ധന്‍ നിര്‍ഭാഗ്യവശാല്‍ ഒരു കരിമൂര്‍ഖനെ അറിയാതെ ചവിട്ടുകയും, കലി മൂത്ത മൂര്‍ഖന്‍‍ വ്യദ്ധനെ കടിക്കുകയും മൂര്‍ഖന്റെ ഉഗ്രവിഷമേറ്റ് വ്യദ്ധന്‍ മിനിറ്റുകള്‍ക്കുള്ളില്‍ പുഴക്കടവില്‍ പിടഞ്ഞു മരിക്കുകയും ചെയ്തു. വ്യദ്ധന്റെ പെട്ടന്നുള്ള മരണം മാളത്തിനുള്ളില്‍ ഭയ്ന്നു കഴിഞ്ഞ നീര്‍ക്കോലിയെ വല്ലാതെ സന്തോഷിപ്പിച്ചു.

“ങ്ഹും, ഞങ്ങളോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും, ഞാന്‍ വേണ്ടാ, വേണ്ടാന്ന് വച്ചിട്ടാ അല്ലെങ്കില്‍ ഈ കിഴവനെ എന്നേ എനിക്ക് എനിക്ക് കൊല്ലാമായിരുന്നു.” വ്യദ്ധന്റെ ശവശരീരം കൊത്തി തിന്നുവാനെത്തിയ കഴുകന്മാരോട് നീര്‍ക്കോലി മാളത്തിലിരുന്ന് വലിയ ഗമയില്‍ പറഞ്ഞു.

നീര്‍ക്കോലിയുടെ വാചകമടി കേട്ട് മടുത്ത കഴുകന്മാര്‍ വ്യദ്ധന്റെ ശവശരീരം ഉപേക്ഷിച്ച് നീര്‍ക്കോലിയെയും കൊത്തിയെടുത്ത് ആകാശത്തിലേക്ക് പറന്നുയര്‍ന്നു.

Monday, November 11, 2013

ന്യൂ ജനറേഷന്‍

അപ്പച്ചന്റെയും, അമ്മച്ചിയുടെയും അമ്പതാം വിവാഹ വാര്‍ഷികം നാട്ടുകാരെയും വീട്ടുകാരെയുമൊക്കെ വിളിച്ച് അടിപൊളിയായി ആഘോഷിക്കണമെന്ന് വിദേശത്തുള്ള നാലും മക്കളും കൂടി തീരുമാനിച്ചു. അപ്പച്ചന്റെയും, അമ്മച്ചിയുടെയും നാലു ആണ്‍മക്കളും തങ്ങളുടെ കുടുംബത്തോടൊപ്പം അമേരിക്കയിലും ജര്‍മ്മനിയിലുമൊക്കെയാണ്. മുന്‍കൂട്ടി തീരുമാനിച്ചതനുസരിച്ച്  അപ്പച്ചന്റെയും, അമ്മച്ചിയുടെയും വിവാഹവാര്‍ഷിക ദിനത്തിന് ഒന്ന് രണ്ട് ദിവസം മുമ്പെ എല്ലാവരും കുടുംബസമേതം നാട്ടിലുള്ള അവരുടെ കുടുംബവീട്ടിലെത്തി.

വര്‍ഷങ്ങള്‍ക്കു ശേഷം മക്കളെയും കൊച്ചുമക്കളെയുമൊക്കെ കണ്ടപ്പോള്‍ അപ്പച്ചന്റെയും, അമ്മച്ചിയുടെയും സന്തോഷം അതിരറ്റതായിരുന്നു.. ഉറങ്ങിക്കിടന്ന കൊട്ടാരം പോലുള്ള അവരുടെ വീട് മക്കളുടെയും  കൊച്ചുമക്കളുടെയും കളിചിരികളാല്‍ ഉണര്‍ന്നു…

എന്നാല്‍ വിവാഹവാര്‍ഷിക ദിനത്തിന്‍റെ തലേന്ന് വൈകുന്നേരം അപ്പച്ചനു കലശലായ ഒരു നെഞ്ചിനു വേദനയും, തലചുറ്റലും അനുഭവപ്പെട്ടു.  അപ്പച്ചന് എവിടെയെങ്കിലും ഒന്നു കിടന്നേ മതിയാവൂ.. അപ്പച്ചന്‍ നേരെ തന്റെ കിടക്കമുറിയിലെത്തിയപ്പോള്‍ അവിടെ ഇളയമകന്‍ റോയിയും, അവന്റെ കൂട്ടുകാരും ചേര്‍ന്ന് മദ്യപിക്കുകയും, തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിക്കുകയുമാണ്.

"മോനേ റോയിച്ചാ, എനിക്കെന്തോ പെട്ടന്നൊരു വല്ലായ്മ പോലെ.  എനിക്കൊന്നു കിടക്കണമെടാ. നീയും നിന്റെ കൂട്ടുകാരും കഴിയുമെങ്കില്‍ ഇവിടെ നിന്നൊന്നു മാറി തരുമോടാ…’ അപ്പച്ചന്‍ റോയിച്ചനോട് ആവശ്യപ്പെട്ടു…

"എന്റെ അപ്പച്ചാ ഇതെന്നാ വര്‍ത്താനമാ പറേന്നെ..? ഞാനും എന്റെ കൂട്ടുകാരും എങ്ങോട്ട് പോകാനാ.. ? വെറുതെ മനുഷ്യനെ മെനക്കെടുത്താതെ അപ്പച്ചന്‍ അടുത്ത മുറിയിലെങ്ങാനും പോയി കിടക്കാന്‍ നോക്ക്…” റോയിച്ചന്‍ എടുത്തടിച്ചതുപോലെ പറഞ്ഞു.

നെഞ്ചിനുള്ളിലെ വേദന കടിച്ചമര്‍ത്തിക്കൊണ്ട് അപ്പച്ചന്‍ വേച്ച് വേച്ച് അടുത്ത മുറിയിലെത്തി. അവിടെ രണ്ടാമത്തെ മകനും അവന്റെ കൂട്ടുകാരുമാണ്.. മൂന്നാമത്തെ മുറിയിലും, നാലാമത്തെ മുറിയിലും മക്കളായ സണ്ണിച്ചനും, ദാനിയേലും അവരുടെ കൂട്ടുകാരുമാണ്.. ഹാളിലെ സോഫയിലൊന്നു കിടക്കണമെന്ന് വെച്ച് ചെന്നപ്പോള് അവിടെ കൊച്ചുമക്കളെല്ലാവരും കൂടിയിരുന്നു  കളിക്കുകയാണ്…

കര്‍ത്താവേ എവിടൊന്നു തലചായ്ക്കും.?ശരീരമൊക്കെ തളരുന്നതുപോലെ മുന്നോട്ട് അപ്പച്ചന്‍ അടുക്കളയിലേക്ക് നടന്നു. അവിടെയാണെങ്കില്‍ ഭാര്യ ഏലിക്കുട്ടിയും മരുമക്കളുമൊക്കെ ചേര്‍ന്ന് ആഹാരം പാചകം ചെയ്യുന്നതിനിടയില്‍ നാട്ടുവിശേഷങ്ങളും, വീട്ടുവിശേഷങ്ങളുമൊക്കെ പറഞ്ഞ് രസിക്കുകയാണ്. ഇത്രയും കാലം തന്റെ നിഴലായി നടന്ന എലിക്കുട്ടിയാണെങ്കില്‍ പിള്ളാരെയൊക്കെ കണ്ടതോടു കൂടി തന്നെ ഒന്ന്‍ തിരിഞ്ഞു നോക്കുക പോലും ചെയ്യാറില്ലെന്ന സത്യം  അപ്പച്ചന്‍റെ മനസില്‍ ഒരു സ്വകാര്യ ദു:ഖമായി കിടക്കുകയാണ്.

"നിങ്ങളെന്നാ മനുഷ്യനെ നിലാവത്ത് അഴിച്ചു വിട്ട കോഴിയെപ്പോലെ അടുക്കളെ കിടന്ന് കറങ്ങുന്നെ….? അവിടെ അകത്തെ മുറിയിലെങ്ങാനും പോയിരിക്കല്ലോ…?” അപ്പച്ചനെ കണ്ടതും അമ്മച്ചിക്ക് വല്ലാ‍ത്ത കലികയറി.


ഏലിക്കുട്ടി പറഞ്ഞത് കേട്ടപ്പോള്‍ കുഴിയിലേക്ക്‌ കാലും നീട്ടിയിരിക്കുന്ന ആ പരട്ട് കിളവിയുടെ വായില്‍ ശേഷിച്ചിരിക്കുന്ന നാലഞ്ച് പല്ലുകള്‍ കൂടി അടിച്ചു കൊഴിക്കുവാനുള്ള ദേഷ്യമാണ് അപ്പച്ചന് തോന്നിയത്‌. എന്നാല്‍ ഈ അവസരത്തില്‍ ഏലിക്കുട്ടിയോട് എന്തെങ്കിലും മറുവാക്ക്‌ പറയാന്‍ പോയാല്‍ പൊതുവേ വിവരദോഷിയായ അവള്‍  മരുമക്കളുടെ മുന്നില്‍ വച്ച് തന്നെ അപമാനിക്കുമെന്ന് അപ്പച്ചന് ഭയന്നു.

എന്റെ കര്‍ത്താവേ...മക്കളെയും മരുമക്കളെയും, കൊച്ചുമക്കളെയുമൊക്കെ കണ്ടപ്പോള്‍ അമ്പതുവര്‍ഷം തന്നോടൊപ്പം ജീവിച്ച ഏലിക്കുട്ടിക്ക്‌ പോലും തന്നെ മനസ്സിലാക്കാന്‍ കഴിയാതെ പോയല്ലോ? അപ്പച്ചന്‍റെ കണ്ണുകള്‍ നിറഞ്ഞു.

 ഇനിയും എവിടെയൊന്നു തലചായ്ക്കും…?

അപ്പച്ചന്‍ തപ്പി തടഞ്ഞ് മുറ്റത്തേക്കിറങ്ങി. കഴിഞ്ഞ തവണ റോയിച്ചന്‍ നാട്ടിലെത്തിയപ്പോള്‍ അമ്പതിനായിരം രൂപ ചിലവാക്കി പണിത വിശാലമായ പട്ടിക്കൂട്ടില്‍ കിടന്ന് ‘ടോമി‘ സുഖമായി ഉറങ്ങുന്നത് അപ്പച്ചന്‍ കണ്ടു.  പട്ടിക്കൂടെങ്കില്‍. പട്ടിക്കൂട്…തീരെ അവശനായ അപ്പച്ചന്‍ പട്ടിക്കൂട് തുറന്ന് ഉള്ളില്‍ കടന്നു.  ടോമിയാണെങ്കില്‍ അപ്പച്ചന്‍ തന്നോടൊപ്പം പട്ടിക്കൂട്ടില്‍ കയറി കിടന്നതിന്റെ മുറുമുറുപ്പ് ഒന്ന് രണ്ടു കുരയില്‍ അവസാനിപ്പിച്ചു

അടുത്ത ദിവസം അപ്പച്ചന്റെയും-അമ്മച്ചിയുടെയും അമ്പതാം വിവാഹവാര്‍ഷികം ആഘോഷിക്കുവാന്‍ ‘കൊച്ചുപുരയ്ക്കല്‍ വീട്ടില്‍‘ ക്ഷണിതാക്കളൊക്കെ എത്തിതുടങ്ങി… മക്കളും, മരുമക്കളുമൊക്കെ ചേര്‍ന്ന് അവരെ സ്വീകരിക്കുന്ന തിരക്കിലായിരുന്നു..

“എവിടെ അപ്പച്ചന്‍…?” കൊച്ചുമക്കളിലാരോ ചോദിച്ചപ്പോഴാണ്.. അപ്പച്ചന്റെ കാര്യം എല്ലാവരും ഓര്‍ത്തത്…അമ്മച്ചിയും, മക്കളും, മരുമക്കളും, കൊച്ചുമക്കളുമൊക്കെ ചേര്‍ന്ന് മുറിയിലെല്ലാം അപ്പച്ചനെ തിരഞ്ഞെങ്കിലും കണ്ടില്ല..

“ഈ മനുഷ്യനെവിടെപ്പോയി കിടക്കുവാ…” അമ്മച്ചിക്ക് ദേഷ്യം വന്നു.  “അയ്യോ അമ്മച്ചി.. അപ്പച്ചന്‍ ദാ പട്ടിക്കൂട്ടില്‍ കിടക്കുന്നു…” കൊച്ചുമക്കളിലാരോ വിളിച്ചു പറഞ്ഞു…

“അയ്യേ.. ഇതെന്നാ അച്ചായനിങ്ങനെ…? വെറുതെ നാണം കെടുത്താന്‍ ഓരോന്ന്…” സണ്ണിച്ചന് അരിശം വന്നു

“കര്‍ത്താവേ.. ചതിച്ചല്ലോ…” അമ്മച്ചിയുടെ നിലവിളി കേട്ട് എല്ലാവരും പട്ടിക്കൂട്ടിനരികിലേക്ക് ഓടി. പട്ടിക്കൂട്ടില്‍ മരിച്ചു മരവിച്ചു കിടക്കുന്ന അപ്പച്ചനെ കണ്ട് അവര്‍ ഞെട്ടിപ്പോയി. ടോമിയാണെങ്കില്‍ അപ്പോഴും കൂര്‍ക്കം വലിച്ചു സുഖമായി ഉറങ്ങുകയായിരുന്നു.

Sunday, September 22, 2013

നിതാഖാത്ത്‌

റിയാദിലെ ഒരു കണ്സ്ട്രക്ഷന്‍ കമ്പനിയില്‍ ലേബറായിട്ടാണ് മൊയ്തീന്‍ സൗദി അറേബ്യയിലെത്തിയത്. നാലഞ്ചു മാസം ജോലി ചെയ്തിട്ടും ശമ്പളം ലഭിക്കാഞ്ഞതിനാല്‍ മൊയ്തീന്‍ ആ കമ്പനിയില്‍ നിന്ന് രക്ഷപെട്ട് ജിദ്ദയിലുള്ള സഹോദരിയുടെ ഭര്‍ത്താവ് റഫീക്ക് പുയ്യാപ്പളയുടെ അടുക്കലെത്തി. റഫീക്ക് ജിദ്ദയിലെ ബൂഫിയ ജോലിക്കാരനാണ്. ജിദ്ദയിലെ ഒരു സൂപ്പര്‍ മാര്‍ക്കകറ്റില്‍ ജോലി ചെയ്യുന്ന തന്റെ മലയാളി സുഹ്യത്തുക്കളെ റഫീക്കാണ് മൊയ്തീന് പരിചയപ്പെടുത്തി കൊടുത്തത്.

പത്തു പേരടങ്ങുന്ന അവര്‍ക്ക് ദിവസവും ഉച്ചയ്ക്കും, രാത്രിയിലും ആഹാരം പാകം ചെയ്തു കൊടുക്കണം. ഇതായിരുന്നു മൊയ്തീന്റെ ജോലി. മൊയ്തീന്റെ ആഹാരവും, താമസവും അവര്‍ക്കൊപ്പവും. മാത്രമല്ല ഒരാളില്‍ നിന്ന് മൊയ്തീന്‍ 150 റിയാല്‍ മാസശമ്പളം കിട്ടും. അതുമാത്രമല്ല റഫീക്ക്‌ പുയ്യാപ്പള ജോലി ചെയ്യുന്ന ബൂഫിയയില്‍ പാര്‌ട്ട് ടൈം സപ്ലയറായി ജോലിയും കിട്ടി. സത്യം പറയണമല്ലോ. മറ്റ് ചിലവുകളൊന്നും ഇല്ലാത്തതിനാല്‍ എങ്ങനെയൊക്കെയായാലും മൊയ്തീന്‍ മാസം പത്ത്‌ മൂവായിരം റിയാലൊപ്പിക്കും.

അങ്ങനെ മൊയ്തീന് മാസങ്ങള്‍ തള്ളി നീക്കി. ഇക്കാമയുടെ കാലാവധി കഴിഞ്ഞതിനാല്‍ പുറത്തൊന്നും കറങ്ങി നടക്കാന്‍ സാധിക്കില്ലെന്നൊഴിച്ചാല്‍ മൊയ്തീന്റെ ജീവിതം പരമസുഖമെന്നു പറയാം. നാട്ടിലെ അല്ലറ ചില്ലറ കടമൊക്കെ വീടി മൊയ്തീന്‍ മൂന്നാല് വര്‍ഷം അങ്ങനെയൊക്കെ ജീവിച്ചു. മാത്രമല്ല കുറച്ച് ബാങ്ക് ബാലന്‍സുമൊക്കെയായപ്പോള്‍ ഈ ഒളിച്ചുകളി നിര്‍ത്തി പോലീസിന് പിടികൊടുത്ത് നാട്ടില്‍ പോയാലോന്ന് മൊയ്തീ‍ന്‍ തോന്നുകയും ചെയ്തു.

“പടച്ചോന്റെ കാരുണ്യം കൊണ്ടു പൊലീസ്‌ പിടിക്കാതെ ങ്ങള് മൂന്നാല് വര്ഷം ഇവിടെ കഴിഞ്ഞു. ഇനിയിപ്പം ഉള്ള കാശുകൊണ്ടു നാട്ടില്‍ പോയി എന്തെങ്കിലും കച്ചോടം ചെയ്ത് ജീവിക്കാന് നോക്കീന്‍” പുയ്യാപ്പളയുടെ ഉപദേശവും പിന്തുണയും ഇക്കാര്യത്തില്‍ മൊയ്‌തീന് ലഭിക്കുകയും ചെയ്തു. പോലീസിന് പിടി കൊടുത്ത്‌ നാട്ടില്‍ കയറി പോവുക. ഇതായിരുന്നു മൊയ്തീന്റെ ലക്ഷ്യം. സമാനമായ സംഭവങ്ങള്‍ മൊയ്തീന്‍ കേട്ടറിവുള്ളതാണ്.

പോലീസിന് പിടി കൊടുക്കുവാന് വേണ്ടി പോലീസ് ചെക്കിങ്ങുള്ള ഭാഗത്ത് കൂടി മൊയ്തീന്‍ എന്നും രാവിലെ കുളിച്ചൊരുങ്ങി തേരാപാരാ നടക്കുവാന്‍ തുടങ്ങി. എന്നാല്‍ ദിവസങ്ങള്‍ പലതും കഴിഞ്ഞിട്ടും മൊയ്തീനെ പോലീസ് പിടിച്ചില്ല. എന്നാല്‍ ഒടുവില്‍ മതിയായ രേഖകളൊന്നുമില്ലാതെ ജിദ്ദയില്‍ താമസിച്ച നാലഞ്ച് ബംഗ്ലാദേശികള്‍ക്കൊപ്പം മൊയ്തീനെയും അന്ന് പോലീസ് പിടികൂടി.

‘ഇനിയിപ്പോള്‍ നാലഞ്ചു ദിവസത്തിനു ശേഷം പോലീസുകാര്‍ നാട്ടില്‍ കയറ്റി വിട്ടോളും…’. പോലീസു വാഹനത്തില്‍ ഇരിക്കുമ്പോള്‍ മൊയ്തീന് വളരെ സന്തോഷം തോന്നി

എന്നാല്‍ വഴിയില്‍ വച്ച് സിഗരട്ട് വാങ്ങാന്‍ പോലീസുകാരന്‍ വാഹനം നിര്ത്തി അടുത്ത കടയില്‍ കയറിയ തക്കം നോക്കി ബംഗ്ലാദേശികളെല്ലാം ഓടി രക്ഷപെട്ടു. പോലീസുകാരന്‍ സിഗരട്ടും വാങ്ങി തിരിച്ചെത്തിയപ്പോള്‍ കാറില്‍ മൊയ്തീന്‍ മാത്രം

“എന്നാ നീയും പൊയ്ക്കോ…” ആ പോലീസുകാരന്റെ വാക്കുകള്‍ വെള്ളിടി വെട്ടുന്നതു പോലെയാണ് മൊയ്തീന് തോന്നിയത്. ‘പടച്ചോനെ ഇതെന്തു പരീക്ഷണം.?.” നിരാശയോടെ മൊയ്തീന്‍ മുറിയിലെത്തിയപ്പോള്‍ നാട്ടില്‍ നിന്ന് ഭാര്യ സുഹറയുടെ ഒരു ഫോണ്‍..

“ഇക്കാ പ്പം ധ്യതി ബെച്ച് ഇങ്ങട്ട് ബരാന്‍ നോക്കേണ്ടാ. കഴിയുമെങ്കില്‍ ഒരാറു മാസം കൂടി പോലീശിന്റെ കൈയ്യിപ്പെടാതെ അബിടെ നിക്കാന്‍ നോക്കിന്‍. മ്മടെ ഫാത്തിമാക്ക് ഒരാലോചന ബന്നിരിക്കുന്നു. സിറ്റീല്‍ പലചരക്ക് കട നടത്തണ മ്മടെ ഖാദറിക്കാന്റെ മോനില്ലേ..?. ദുബായിലൊള്ള ബഷീറ്. അവന്റുമ്മാന് മ്മടെ ഫാത്തിമാനെ പൊരെ ബന്ന് കണ്ടിരിക്കുന്നു. ആയുമ്മാ‍ന് ഫാത്തിമാനെ പെരുത്തിട്ടായിര്‍ക്കെണ്. ബഷീറ് ദുബായ്ന്ന് ചെറിയ പെരുന്നാള്‍ കയിഞ്ഞ് വരുമ്പോ നിക്കാഹ് നടത്തണമെന്ന് അവര്‍ പറേന്ന്. പത്തമ്പതു പവന്‍ പൊന്നിന്റെ ഉരുപ്പടിയെങ്കിലും കൊടുക്കേണ്ടി വരുമെന്നാ ന്ക്ക് തോന്നുന്നെ… അതോണ്ട് ഒരാറു മാസം കൂടി ഇക്ക അബിടെ പിടിച്ച് നിന്നാല്‍ ഒരൊന്ന് ന്നര ലക്ഷം രുപയുണ്ടാക്കാല്ലോ….."

മൊയ്തീന്‍ രണ്ട് മക്കളാണ് നാട്ടില്‍. മൂത്തവള്‍ ഫാത്തിമ, ഇളയവള്‍ റഷീദ. ഫാത്തിമ ഡിഗ്രിക്ക് പഠിക്കുവാണ്.ചെറിയ പെരുന്നാളിന് ഇനിയും നാലഞ്ച് മാസങ്ങള്‍ കൂടിയുണ്ട്. ഏതായാലും മൂന്ന് നാല് കൊല്ലം പോലീസുകാരുടെ കൈയ്യിലൊന്നും പെടാതെ ജീവിച്ചു. ഇനിയും പെരുന്നാള് വരെ ജിദ്ദയില്‍ കഴിയാന്‍ വലിയ പാടൊന്നുമില്ലെന്ന് മൊയ്തീന്‍ കരുതി.

ദിവസങ്ങള്‍ പലതും കഴിഞ്ഞു. സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി പുതിയ നിയമങ്ങള്‍ സൌദിയില്‍ പ്രാബല്യത്തില്‍ വരുവാന്‍ പോകുന്നെന്ന് പലരും പറഞ്ഞ് മൊയ്തീനും അറിഞ്ഞു.

നിതാഖാത്തെന്നോ, ഹുറൂബെന്നോ പലരും പറയുന്നത് കേട്ടു. എന്നാല്‍ എന്താണി കുന്ദ്രാണ്ടമെന്ന് മാത്രം മൊയ്തീന് മനസ്സിലായില്ല. മതിയായ രേഖകളില്ലാതെ സൌദിയില്‍ തങ്ങുന്ന വിദേശികളെ പിടികൂടി നാടുകടത്തുകയാണെന്ന് റഫീക്ക്‌ പുയ്യാപ്പള പറഞ്ഞത് ഞെട്ടലോടെയാണ് മൊയ്തീന്‍ കേട്ടത്. ഇത്തരക്കാര്‍ക്ക് ജോലിയും, അഭയവും കൊടുക്കുന്നവരെയും പൊലീസ് പിടികൂടി ശിക്ഷിക്കുമത്രേ. അതോടു കൂടി ഉള്ള ജോലിയും മൊയ്തീന് നഷ്ടമായി.

‘പടച്ചോനെ ഇതെന്തൊരു പരീക്ഷണം?” മൊയ്തീന്‍ നെഞ്ചത്ത്‌ കൈവച്ചു പോയി പത്രങ്ങളിലും, ടെലിവിഷനിലും നിതാഖാത്തും, ഹുറൂബുമായി ബന്ധപ്പെട്ട പേടിപ്പിക്കുന്ന ചര്‍ച്ചകളും വാര്‍ത്തകളും നിറഞ്ഞു. മാധ്യമങ്ങള്‍ക്കാണെങ്കില്‍ അപ്രതീക്ഷിതമായി കിട്ടിയ ഒരു ചാകര തന്നെയായിരുന്നു സൌദിയിലെ വിഷയങ്ങള്‍.പ്രവാസികളുടെ കുടുംബങ്ങളെ മുള്‍മുനയിലാക്കി അവരത് നന്നായി ആഘോഷിച്ചു.

“എന്താണിക്കാ ഈ കേക്കുന്നത്.? സൌദീന്ന് എല്ലാവരേം ഇങ്ങോട്ട് കേറ്റി വിടുവാണോ?. പടച്ചോനെ ങ്ങളെ അവരെ ന്തേലും ചെയ്യുമോ? ദേ ടീവി തുറന്നാല്‍ സൗദി, സൗദിന്നാല്ലാതെ ഒന്നുമില്ല” സുഹറയുടെ ഫോണിലൂടെ ചോദ്യം കേട്ടപ്പോള്‍ മൊബൈല്‍ എറിഞ്ഞു പൊട്ടിക്കുവാനാണ് മൊയ്തീന് തോന്നിയത്.

“എടീ പോത്തേ, നീയവിടെ കിടന്ന് ബേജാറാകാത്...  ഇബിടെ മതിയായ രേഖകളില്ലാതെ നിയമ വിരുദ്ധമായി താമസിക്കുന്നോരെ  പിടി കൂടി അവരുടെ രാജ്യത്ത്‌ അയക്കുകയല്ലാതെ ഇബിടെ ആരെയും തൂക്കി കൊല്ലുവാന്‍ പോണില്ല. ഇനി ടിവിക്കാര് പറയുന്ന പോഴത്തരങ്ങള് കേട്ട് ങ്ങ്ട്ടെങ്ങാനും വിളിച്ചാല്‍ അന്നേം കൊല്ലും, അന്റെ പണ്ടാരമടങ്ങാന്‍ അന്റെ  ടീവിയും മ്മള് തല്ലിപ്പൊട്ടിക്കും.” മൊയ്തീന് ദേഷ്യമടക്കുവാന് കഴിഞ്ഞില്ല.

“അപ്പം ഇക്കാനെയും അവര് പിടി കൂടില്ലേ..” സുഹയുടെ ചോദ്യത്തിന് മറുപടി കൊടുക്കാതെ മൊയ്തു ഫോണ് കട്ടാക്കി.

ദിവസങ്ങള്‍ പലതും കഴിഞ്ഞു. അന്ന് ജിദ്ദയില്‍ നിയമവിരുദ്ധമായി താമസിക്കുന്നവര്‍ക്കു വേണ്ടിയുള്ള പോലീസിന്റെ തെരച്ചിലില്‍ നമ്മുടെ മൊയ്തീനും പിടിക്കപ്പെട്ടു, അങ്ങനെ പാവം മൊയ്തീന്‍ ദിവസങ്ങള്ക്കുള്ളില്‍ നാടു കടത്തപ്പെട്ടു.

“ന്റെ് പടച്ചോനെ, നാട്ടില്‍ പോവാന്‍ വേണ്ടി അന്ന് നമ്മള്‍ പോലീസിന് പിടി കൊടുത്തിട്ടും ആ പഹയന്മാര്ക്ക് നമ്മളെ വേണ്ടാരുന്നു.. പക്ഷേ ഇന്നിപ്പോള്‍…? അഞ്ചാറുമാസം നിന്ന് ഫാത്തിമാന്റെ നിക്കാഹിന് ഇത്തിരി കാശൊപ്പിക്കാമെന്ന് കരുതിയപ്പോ ദേ മ്മളെ പിടിച്ചു കയറ്റി വിട്ടിരിക്കുന്നു" നാട്ടിലേക്ക് യാ‍ത്രയാകുമ്പോള്‍ മൊയ്തീന്റെ ദു:ഖം അതു മാത്രമായിരുന്നു

Tuesday, June 11, 2013

ഹനുമാന്ജി സീതയെവിടെ?

നാട്ടിലെ കലാസ്നേഹികളായ ചെറുപ്പക്കാരെല്ലാവരും ഒരു നാടകസമിതി രൂപികരിച്ചു. അവരുടെ ആദ്യനാടകമായ ‘ലങ്കാദഹന’ത്തിന്റെ അരങ്ങേറ്റം ഗ്രാമക്ഷേത്രത്തില്‍ വച്ച് നടത്താനും അവര്‍ തീരുമാനിച്ചു. ‘നാടകം അടിപൊളിയാക്കണം‘ നാടകത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ ലക്ഷ്യം അതൊന്നു മാത്രമായിരുന്നു. ഊണും, ഉറക്കവുമില്ലാതെയുള്ള നടീനടന്മാരുടെ ചിട്ടയോടു കൂടിയുള്ള പ്രാക്ടീസിന്റെ അവസാനം അരങ്ങേറ്റ ദിവസവും ആഗതമായി.

അങ്ങനെ ഗ്രാമീണരെ മുഴുവന്‍ സാക്ഷി നിര്‍ത്തി അന്ന് രാത്രിയില്‍ ‘ഗ്രാമക്ഷേത്രത്തിലെ സേറ്റ്ജില്‍ വച്ച് നാടകത്തിന് തിരശീല ഉയര്‍ന്നു… നാടകം തുടങ്ങി. നാട്ടുകാരായ കാണികളുടെ മുന്നില്‍ നടീ നടന്മാര്‍ മത്സരിച്ച് അഭിനയിക്കുകയാണ്. ഒടുവില്‍ സീതയെ രാവണന്‍ തട്ടിക്കൊണ്ടു പോകുന്ന രംഗവും കഴിഞ്ഞു. അടുത്തത് സീതയെ അന്വേഷിച്ച് ഹനുമാന്‍ സ്റ്റേജിലെത്തുന്ന രംഗമാണ് അവതിപ്പിക്കേണ്ടത്..

എന്റെ സുഹ്യത്ത് മുരളിയാണ് ഹനുമാനായി വേഷമിടുന്നത്. മുഖത്തിന്റെ ഭൂമിശാസ്ത്രം കൊണ്ട് മേക്കപ്പിടാതെ തന്നെ ഹനുമാനായി വേഷമിടാന്‍ മുരളി എന്തു കൊണ്ടും യോഗ്യന്‍ തന്നെയായിരുന്നു… ഹനുമാന്‍ വായുവിലൂടെയാണ് സ്റ്റേജിലേക്കിറങ്ങേണ്ടത്…. ആ രംഗത്തിന്റെ ഒറിജിനാലിറ്റിക്കുവേണ്ടി സംവിധായകന്റെ നിര്‍ദ്ദേശപ്രകാരം സ്റ്റേജിനകത്ത് മുകളില്‍ കുറുകെ കാണികള്‍ക്ക് കാണാത്ത വിധത്തില്‍ ഒരു കമ്പി കെട്ടിയിട്ടുണ്ടായിരുന്നു. കമ്പിയിയില്‍ ഒരു കപ്പിയുമുണ്ടായിരുന്നു. കപ്പിയിലെ കയറിന്റെ ഒരഗ്രം ഹനുമാനായി അഭിനയിക്കുന്ന മുരളിയുടെ അരയില്‍ കെട്ടിയിട്ടുണ്ട്… കയറിന്റെ മറ്റെ അഗ്രം കര്‍ട്ടന്റെ വലതുവശത്തു നില്‍ക്കുന്ന പാക്കരന്‍ ചേട്ടന്റെ കൈയ്യിലാണ്. കര്‍ട്ടന്‍ ഉയര്‍ത്തുന്നതിന് മുമ്പ് പാക്കരന്‍ ചേട്ടന്‍ ഹനുമാനെ കപ്പിയിലൂടെ വലിച്ചുയര്‍ത്തി വായുവില്‍ നിര്‍ത്തി.

കര്‍ട്ടന്‍ ഉയര്‍ന്നപ്പോള്‍ ‘സീതാ ദേവി…’ എന്നു വിളിച്ചു കൊണ്ടു ഹനുമാന്‍ വായുവില്‍ നില്‍ക്കുന്നത് കണ്ട് (ABT യുടെ ലോഗോയിലെ ഹനുമാനേപ്പൊലെ) കാണികള്‍ കൈയ്യടിച്ചു. കാണികളുടെ പ്രതികരണം കണ്ട് ഹനുമാനായി അഭിനയിക്കുന്ന മുരളിക്ക് ഹരം കയറി.. പെട്ടന്നാണ് ഹനുമാ‍ന്റെ ഭാരം താങ്ങാനാവാതെ പാക്കരന്‍ ചേട്ടന്റെ കൈയ്യില്‍ നിന്ന് കയറ് വിട്ടു പോയത്. അഭിനയത്തിന്റെ ഉന്നതിയിലായിരുന്ന ഹനുമാന്‍ നിമിഷങ്ങള്‍ക്കുള്ളില്‍ മുകളില്‍ അമ്മച്ചീന്ന് വിളിച്ച് കൊണ്ട് പൊത്തൊന്ന് മൂക്കും കുത്തി സ്റ്റേജിലേക്ക് വീണു. എന്തു ചെയ്യണമെന്നറിയാതെ പാക്കരന്‍ ചേട്ടന്‍ ഒരു നിമിഷം പകച്ചു നിന്നുപോയി. ഒടുവില്‍ സംഗതി പിശകാണെന്ന് മനസ്സിലായ പാക്കരന്‍ ഒരു നിമിഷം പോലും പാഴാക്കാതെ ജീവനും കൊണ്ട് പമ്പകടക്കുകയും ചെയ്തു.

ആളുകള്‍ കൂവി വിളിക്കാന്‍ തുടങ്ങി. മുരളിയാണെങ്കില്‍ വേദനകൊണ്ട് സ്റ്റേജില്‍ കിടന്ന് ഞരങ്ങുകയും, പുളയുകയാണ്. ആദ്യനാടകമാണ് എന്തൊക്കെ വന്നാലും നാടകം കലങ്ങാന്‍ പാടില്ല. സംവിധായകന്‍ നടീ നടന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സംവിധായകന്റെ നിര്‍ദ്ദേശപ്രകാരം രാമനും ലക്ഷ്മണനും സ്റ്റേജിലേക്ക് കടന്നു വന്നു..

 "പ്രിയ ഹനുമാന്‍ അങ്ങ് സീതദേവിയെ കണ്ടുവോ…” "മുരളി വേദനകൊണ്ട് പുളയുന്നതൊന്നും വകവയ്ക്കാതെ ലക്ഷ്മണന് ഹനുമാനോട് തന്റെ ഡയലോഗങ്ങ് കാച്ചി. വേദനകൊണ്ട് ഞെരിപിരികൊള്ളുന്ന മുരളിക്ക് ലക്ഷമണന്റെ ആ ഡയലോഗും കൂടി കേട്ടപ്പോള്‍ കലികയറി.പക്ഷേ സ്റ്റേജാണെന്ന് കരുതി തികട്ടി വന്ന ദേഷ്യം മുരളി കടിച്ചമര്‍ത്തി.

 “ഹനുമാന്‍ അങ്ങ് സീതാദേവിയെ കണ്ടുവോ…” അടുത്തത് ശ്രീരാമാന്റെ വക ചോദ്യം കൂടിയായപ്പോള്‍ മുരളിയുടെ കണ്ട്രോളു പോയി.

“എടാ പുല്ലെ ഞാന്‍ സീതേ കണ്ടില്ല ഒരെന്തിരവളേം കണ്ടില്ല….. ആ കപ്പി വലിച്ച നായീന്റെ മോനെയൊന്ന് കണ്ടിരുന്നെങ്കില്‍ ആ പന്നീടെ കണ്ണ് ഞാന്‍ അടിച്ചു പൊട്ടിച്ചെനേം…” മു

രളി പരിസരം പോലും മറന്ന് അലറി… അതും കൂടിയായപ്പോള്‍ കാണികള്‍ ആര്‍ത്തട്ടഹസിക്കാന്‍ തുടങ്ങി. നാടകത്തിന്റെ അരങ്ങേറ്റം ഏതു രീതിയില്‍ പര്യവസാനിച്ചെന്ന് പറയേണ്ട ആവശ്യമില്ലല്ലോ…?