Wednesday, August 31, 2011

ആത്മീയ ചിന്തകള്‍-1

വിശുദ്ധ വേദപുസ്തത്തില്‍ ലൂക്കോസിന്റെ സുവിശേഷത്തില്‍ യേശുവിന്റെ ബാല്യകാലത്തിലെ ഒരു സംഭവം ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. യേശുവിന് പന്ത്രണ്ടു വയസ്സായപ്പോള്‍ യേശു മാതാപിതാക്കളോടൊപ്പം ജറുരുശലേം ദേവാലയത്തില്‍ പെരുന്നാളിന്‍ പോകുന്നതാണ് സംഭവം.എന്നാല്‍ പെരുനാള്‍ കഴിഞ്ഞ്‌ യേശുവിന്റെ മാതാപിതാക്കള്‍ മടങ്ങിപ്പോന്നു. യേശുവോ ജറുസലെമില്‍ തങ്ങിയത് അവര്‍ അറിഞ്ഞില്ല. ഒരുപക്ഷേ അവന്‍ യാത്രാസംഘത്തിന്റെ കൂടെ കാണും എന്നു വിചാരിച്ച്‌ അവര്‍ ഒരു ദിവസത്തെ വഴി പിന്നിട്ടു.ബന്‌ധുക്കളുടെയും പരിചയക്കാരുടെയും ഇടയില്‍ അന്വേഷിച്ചിട്ടു കാണായ്‌കയാല്‍, യേശുവിനെത്തിരക്കി അവര്‍ ജറുസലെമിലേക്കു തിരിച്ചുപോയി.

മൂന്നു ദിവസങ്ങള്‍ക്കു ശേഷം അവര്‍ അവനെ ദേവാലയത്തില്‍ കണ്ടെത്തുന്നു. അവനപ്പോള്‍ പണ്ഡിതന്മാരുടെ ഇടയിലിരുന്ന്‌, അവര്‍ പറയുന്നതു കേള്‍ക്കുകയും അവരോടു ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുകയായിരുന്നു.മകന്‍ നഷ്ട്ടപ്പെട്ട വേദനയില്‍ അന്വേഷിച്ചെത്തിയ അമ്മ വേദനയോടെ അവനോടു നീ ഞങ്ങളോട്‌ ഇങ്ങനെ ചെയ്തതെന്ത് എന്ന ചോദിക്കുമ്പോള്‍ “നിങ്ങള്‍ എന്തിനാണ്‌ എന്നെ അന്വേഷിച്ചത്‌? എന്റെ പിതാവിനുള്ളതില്‍ ഇരിക്കേണ്ടതല്ലിയോ“ എന്ന യേശുവിന്റെ മറുപടി മാനുഷികപരമായി നോക്കുമ്പോള്‍ മര്യാദയുടെ അതിര്‍ വരമ്പുകള്‍ ലംഘിക്കുന്നതായിരുന്നില്ലേ എന്ന് നമുക്ക് ചിലപ്പോള്‍ തോന്നിയിട്ടുണ്ടാവാം. എന്നാല്‍ ആത്മീകമായി ചിന്തിക്കുമ്പോള്‍ ബാലനായിരിക്കുമ്പോള്‍ തന്നെ യേശുവില്‍ പ്രകടമായിരുന്ന ദൈവത്തോടുള്ള അളവറ്റ സ്നേഹവും തീക്ഷ്ണതയുമാണ് നമുക്ക് കാണുവാന്‍ കഴിയുന്നത്.

ഈ അറിവും തീക്ഷ്ണതയും ആരാണ് ഈ ബാലന് നല്കിയത്?, എന്നു നമ്മള്‍ ചിന്തിക്കേണ്ടതാണ്.തീര്‍ച്ചയായും അവന്റെ മാതാപിതാക്കളാണ്. നസ്രത്തിലെ ആ മാതാപിതാക്കള്‍, തങ്ങളുടെ മകനെ പ്രാര്ത്ഥ്നയിലും ഇസ്രായേലിന്റെറ ചട്ടങ്ങളിലും, ദൈവകല്പനകളിലും നന്നായി വളര്ത്തി്യിരിക്കണം. മനുഷ്യരെക്കാളുപരി ദൈവത്തെയും ദൈവഹിതത്തെയും അന്വേഷിക്കണമെന്ന പാഠവും യേശുവിന് ചെറുപ്പത്തിലേ പകര്‍ന്നു കൊടുത്തുത്തിരുന്നു.

വേദപുസ്തകം പറയുന്നു ബാലന്‍ നടക്കേണ്ട വഴിയില്‍ അവനെ അഭ്യസിപ്പിക്ക, വ്യദ്ധനായാലും അവനത് വിട്ടുമാറില്ല. അങ്ങിനെ പന്ത്രണ്ടു വയസ്സു മാത്രം പ്രായമുള്ള യേശു പെസഹാ തിരുനാളിനു പോയിട്ട് വീട്ടിലേയ്ക്കു മടങ്ങാതെ ദേവാലയത്തില്‍ തങ്ങുകയും പണ്ഡിതന്മാരുമായി ചര്‍ച്ചയില്‍ ചെലവഴിക്കുകയും ചെയ്ത സംഭവത്തിനു പിന്നില്‍, അവന്റെ മാതാപിതാക്കള്‍ നല്കിയ ശിക്ഷണംകൂടി ഉണ്ടെന്നുള്ളതില്‍ സംശയമില്ല.

വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ അല്ലെങ്കില്‍ മാതാപിതാക്കളുടെ ദൈവവത്തോടു ചേര്‍ന്നുഉള്ള ഒരു നിരന്തരമായ സഹകരണത്തിന്റെ ഫലപ്രാപ്തിയാണ് ക്രിസ്തീയ രൂപീകരണം. കുഞ്ഞുങ്ങള്‍ ദൈവത്തിന്റെ ദാനവും പദ്ധതിയുമാണെന്ന് ക്രൈസ്തവ കുടുംബങ്ങള്‍ എപ്പോഴും ഓര്‍ക്കണം. അവര്‍ തങ്ങളുടെ മാത്രമാണെന്ന് മാതാപിതാക്കള്‍ ചിന്തിക്കാതെ, അവരെ ദൈവസ്നേഹത്തിലും ദൈവഹിതത്തിനനുസൃതമായും വളര്‍ത്തേണ്ടതാണ്. ദൈവഹിതത്തോട് അനുസരണയും ആദരവുമുള്ള ഒരു വലിയ ആത്മീയ സ്വാതന്ത്ര്യത്തിന്റെ മനോഭാവത്തില്‍ ജീവിക്കാന്‍ അവരെ സഹായിക്കേണ്ടതും മാതാപിതാക്കളാണ്.

ഒരുകാലത്ത് ദൈവ സന്നിധിയില്‍ കണ്ണുനീരോടേ പ്രാര്ത്ഥി്ക്കുന്ന ഒരു തലമുറ അല്ലെങ്കില്‍ ഒരു പറ്റം മാതാപിതാക്കള്‍ നമുക്കുണ്ടായിരുന്നു. ഉടുതുണിക്ക് മറുതുണിയില്ലാതെ, പട്ടിണിയും അരപ്പട്ടിണിയും സഹിച്ച് ദൈവസന്നിധിയില്‍ തങ്ങളുടെ മക്കളെയോര്‍ത്ത് കണ്ണുനീര്‍ വാര്‍ത്ത് അവര്‍ കടന്നു പോയി. എന്നാല്‍ ക്രിസ്തുവിന്റെ കുരിശു ചുമന്ന കുറേനക്കാരനായ ശിമയോന്റെ തലമുറയെ അനുഗഹിച്ച ദൈവം നമ്മുടെ മാതാപിതാക്കളുടെ കണ്ണുനീരിനെ മാനിച്ചു. വിതക്കുവാന്‍ മാത്രമേ അവര്ക്ക് അവകാശമുണ്ടായിരുന്നുള്ളു. കൊയ്യുവാന്‍ അവര്‍ കാത്തു നിന്നില്ല. നാം ഇന്നനുഭവിക്കുന്ന ഭൌതിക നേട്ടങ്ങള്‍ നമ്മുടെ കഴിവുകൊണ്ടാണന്ന് ചിന്തിക്കരുത്. ദൈവസന്നിധിയില്‍ നമ്മളുടെ മാതാപിതാക്കള്‍ ഒഴുക്കിയ കണ്ണുനീരിന്റെ ഫലമാണത്. അവരുടെ പ്രാര്ത്ഥനയുടെ ഫലമാണ് നാം ഇന്നനുഭവിക്കുന്ന ഭൌതികസുഖങ്ങള്‍ എന്ന കാര്യം മറക്കരുത്.

നമ്മുടെ മാതാപിതാക്കള്‍ നമ്മള്‍ക്കു വേണ്ടി ചെയ്തതു പോലെ ഇന്ന് നമ്മുടെ മക്കളുടെയോര്‍ത്ത് നമുക്ക് കരയുവാന്‍ കഴിയുന്നുണ്ടോ? ദൈവികമായി ജ്ഞാനം അവര്‍ക്ക് പകര്‍ന്നു‍ കൊടുക്കാന്‍ നാം മുതിരാറുണ്ടോ? ജീവിതത്തിന്റെ പരക്കം പാച്ചിലില്‍ നമുക്കും അവര്ക്കും അതിനു സമയമില്ല എന്നതല്ലേ സത്യം.

ലൂക്കോസിന്റെ സുവിശേഷം 23 അധ്യായം 28 ആം വാക്യത്തില്‍ ഇങ്ങനെ പറയുന്നു. “യെരുശലേം പുത്രിമാരേ എന്നെച്ചൊല്ലി കരയേണ്ട, നിങ്ങളെയും, നിങ്ങളുടെ മക്കളെയും ഓര്‍ത്ത് കരയുവിന്‍“. പള്ളിക്കുവേണ്ടിയും, പള്ളിയിലെ സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയും തമ്മില്‍ തല്ലുന്നവര്‍ യേശുവിന്റെ ഈ വാക്കുകള്‍ ഓര്‍ത്താല്‍ നന്നായിരിക്കും.

അതെ. ദൈവത്തെയോര്ത്ത് ആരും കരയേണ്ട. ആദ്യം കരയേണ്ടത് നിന്നെയോര്‍ത്താണ്. എന്തിന് നിനക്ക് വേണ്ടി കരയണം? മറ്റുള്ളവനെ അംഗീകരിക്കാനാവാത്ത നിന്റെ മാനസിക സ്ഥിതിയോര്‍ത്ത്, മറ്റുള്ളവന്റെ സഹായിക്കാനാവാത്ത, പ്രാര്ത്ഥനയും, പ്രവര്‍ത്തിയും രണ്ടും, രണ്ടായ നിന്നെയോര്‍ത്ത് ആദ്യം നീ കരയേണ്ടത്. നിന്നെ തന്നെയാണ് ദൈവസന്നിധിയില്‍ ആദ്യം താഴ്ത്തേണ്ടത്. പിന്നെ നിന്റെ മക്കളെയോര്‍ത്ത് കരയുക. നശിച്ചു പോകുന്ന നിന്റെ തലമുറയോര്‍ത്ത് കരയുക. മയക്കു മരുന്നിനും, മദ്യത്തിനും അടിമായ നിന്റെ മകനെയോര്‍ത്ത് കരയുക. വഴി പിഴച്ച നിന്റെ മകളെയോര്‍ത്ത് കരയുക

ഒരു കണക്കിന് നോക്കുമ്പോള്‍ എങ്ങനെ നമ്മുടെ തലമുറ മദ്യത്തിന്‍ അടിമകളാകാതിരിക്കും. നമ്മുടെ അമ്മമാര്‍ക്ക് മക്കളെ മുലപ്പാല്‍ കൊടുത്തുവാന്‍ സമയമില്ല.. അല്ലെങ്കില്‍ മനസില്ല. കുപ്പിപ്പാല്‍ കുടിച്ചും, കണണ്ടും അതിനെ സ്നേഹിച്ചുമാണ് അവന്‍ വളര്ന്നത്.മുതിര്‍ന്നപ്പോളും അവന്‍ കുപ്പിയുടെ പിന്നാലെയാണെന്നത് നഗനസത്യം.

യേശുവിന്റെ മാതാപിതാക്കള്‍ അവനെ ദൈവീക ജ്ഞാനത്തില്‍ വളര്ത്തി. “യഹോവ ഭക്തി ജ്നാനത്തിന്റെ ആരംഭമാകുന്നു. ഭോഷന്മാരോ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു“ എന്ന് ശലോമോന്‍ പറയുന്നു
49ആം സങ്കീര്ത്തനം 20ആം വാക്യത്തില്‍ പറയുന്നു. “മാനത്തോടിരിക്കുന്ന മനുഷ്യൻ വിവേകഹീനനായാൽ നശിച്ചുപോകുന്ന മൃഗങ്ങൾക്കു തുല്യനത്രേ.മനുഷ്യനിലെ ദൈവീകത നഷ്ടമാകുമ്പോള്‍....അവന് ദൈവ കല്പനയ്ക്ക് വീപരീതമായി ജീവിക്കുമ്പോള്‍ അവനൊരു മ്യഗമാവുകയാണ്. ദൈവ കല്പന അനുസരിക്കാത്തവനെ മ്യഗത്തിനോടൊപ്പമാണ് വേദപുസ്തകം രേഖപ്പെടുത്തുന്നത്. ഉല്പത്തി പുസ്ത്കം 7 ആം അധ്യായത്തില്‍ നോഹയുടെ കാലത്തെ മഹാപ്രളയത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. മഹാപ്രളയം വരുന്നെന്ന് നോഹ വിളിച്ചു പറഞ്ഞപ്പോളും, പെട്ടകം പണിതപ്പോളും, കേട്ടവരും കണ്ടവരും കെളവന് വട്ടാണെന്ന് പറഞ്ഞു. എന്നാല്‍ പെട്ടകത്തില്‍ കയറേണ്ടവര്‍ കയറി, ഭൂമിയിലെ ഏറ്റവും വലിയ പ്രളയമെന്ന് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്ന നാലപതു ദിവസം നീണ്ടു നിന്ന ആ മഹാപ്രളയത്തില്‍ സകലതും നശിച്ചു. ഉല്പത്തി പുസ്ത്കം 7 ആം അധ്യായം 21 ആം വാക്യത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു...

“പറവകളും കന്നുകാലികളും കാട്ടുമൃഗങ്ങളും നിലത്തു ഇഴയുന്ന എല്ലാ ഇഴജാതിയുമായി ഭൂചരജഡമൊക്കെയും സകലമനുഷ്യരും ചത്തുപോയി“. പ്രിയപ്പെട്ടവരേ, നിങ്ങള്‍ പത്രം വായിക്കുമ്പോള്‍ ശ്രദ്ധിച്ചിട്ടുണ്ടാവാം.ഒരു രാജാവ് മരിച്ചാല്‍ ഇന്ന രാജാവ് നാടുനീങ്ങി എന്നായിരിക്കും പത്രത്തില്‍ കാണുക. അതൊരു ബിഷപ്പായാല്‍, ബിഷപ്പ് കാലം ചെയ്തു എന്നായിരിക്കും. ഒരു സന്യാസിയായാല്‍, സന്യാസി സമാധിയായി എന്നായിരിക്കും കാണുക. ഒരു സാധാരണ മനുഷ്യനായാല്‍ ഇന്നയാള്‍ നിര്യാതനായി എന്നായിരിക്കും അച്ചടിച്ചു വരിക.എന്നാല്‍ മനുഷ്യരുടെ സ്ഥാനത്ത് ഒരു പട്ടിയോ മറ്റ് ഏതെങ്കിലും മ്യഗത്തെയോ നിങ്ങള്‍ സങ്കല്പിച്ചു നോക്കുക. പട്ടി നാടുനീങ്ങീയെന്ന് നമ്മള്‍ പറയാറുണ്ടോ, പട്ടി കാലം ചെയ്തന്നോ, സമാധിയായെന്നോ, നിര്യാതനായെന്നൊ അല്ല നമ്മള്‍ പറയുക. മറിച്ച് പട്ടി ചത്തുപോയെന്നാണ് പറയുക.കാരണം പട്ടി അല്ലെങ്കില്‍ മ്യഗം ഒരിക്കലും മനുഷ്യന്‍ സമനല്ല. എന്നാല്‍ മനുഷ്യനിലെ ദൈവീക ജ്ഞാനം നഷടമാകുമ്പോള്‍, അവന്‍ ദൈവ കല്പനയ്ക്ക് എതിരായി നിന്നപ്പോള്‍ ദൈവത്തെ അനുസരിക്കാത്തവരെ ചത്ത മ്യഗങ്ങളോടൊപ്പമാണ് വേദപുസ്തകം എണ്ണപ്പെട്ടിരിക്കുന്നത് എന്ന കാര്യം മറക്കരുത്.

“മാനത്തോടിരിക്കുന്ന മനുഷ്യൻ വിവേകഹീനനായാൽ നശിച്ചുപോകുന്ന മൃഗങ്ങൾക്കു തുല്യനത്രേ“. ദൈവീക കല്പനയുടെയും, ജ്ഞാനത്തിന്റെയും ഒരു ഉദാഹരണം കൂടി പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഉല്പത്തി പുസ്തകം 22 ആം അധ്യായത്തില്‍ അബ്രഹാം യിസഹാക്കിനെ യാഗം കഴിക്കാന്‍ പോകുന്ന സംഭവം രേഖപ്പെടുത്തിയിരിക്കുന്നു. കൊച്ചുകുട്ടികള്ക്കു പോലും അറിയുവാന്ന ഒരു സംഭവമാണത്. എന്നാല്‍ എന്നെ ആകര്ഷിച്ച അല്ലെങ്കില്‍ ചിന്തിപ്പിച്ച മൂന്ന് വാക്യങ്ങള്‍ ആ അധ്യായത്തിലുണ്ട്...

3 ആം വാക്യത്തീല്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. “അബ്രാഹാം അതികാലത്തു എഴുന്നേറ്റു കഴുതെക്കു കോപ്പിട്ടു കെട്ടി ബാല്യക്കാരിൽ രണ്ടുപേരെയും തന്റെ മകൻ യിസ്ഹാക്കിനെയും കൂട്ടി ഹോമയാഗത്തിന്നു വിറകു കീറി എടുത്തുംകൊണ്ടു പുറപ്പെട്ടു, ദൈവം തന്നോടു കല്പിച്ച സ്ഥലത്തേക്കു പോയി.“ അതികാലത്ത് ദൈവത്തെ ആരാധിക്കുവാന്‍ പോകുന്ന ഒരു വിശ്വാസികളുടെ പിതാവായ അബ്രഹാമിനെയാണ് അവിടെ നാം കാണുന്നത്. അബ്രഹാമിന്റെ സ്ഥാനത്ത് നമ്മളായിരുന്നെങ്കിലോ? ഓഫീസില്‍ പഞ്ചിങ്ങുള്ളതു കൊണ്ട് സമയത്ത് എത്തുവാന്‍ നാം ശ്രമിക്കാറുണ്ട്. എന്നാല്‍ ആരാധനയ്ക്ക് സമയത്തെത്തുവാന്‍ എനിക്കും, നിങ്ങള്ക്കും കഴിയാതെ പോകുന്നു എന്നത് നഗനമായ സത്യം മറന്നു പോകരുത്.

വ്യദ്ധനായ അബ്രഹാം അതിരാവിലെ ദൈവത്തെ ആരാധിക്കുവാന്‍ പുറപ്പെട്ടു. മക്കളോടൊപ്പം അതിരാവിലെ പ്രാര്ത്ഥിക്കുന്ന ഒരു കൂട്ടം പൂര്‍വ്വികര്‍ നമുക്കുണ്ടായിരുന്നു എന്ന സത്യം നാം ഇപ്പോള്‍ ഓര്ക്കേണ്ടതാണ്.
യാത്രയുടെ മൂന്നാം ദിവസം മകനെ ബലി നല്കുവാന് ദൈവം അരുളി ചെയ്ത മോറിയ മല അബ്രഹാം ദൂരത്ത് നിന്ന് കണ്ടു. രണ്ടാമത് എന്നെ ആകര്ഷിച്ച വാക്യം 5ആം വാക്യത്തില്‍ ഇപ്രകാരം പറയുന്നു.

അബ്രാഹാം ബാല്യക്കാരോടു: നിങ്ങൾ കഴുതയുമായി ഇവിടെ ഇരിപ്പിൻ; ഞാനും ബാലനും അവിടത്തോളം ചെന്നു ആരാധന കഴിച്ചു മടങ്ങിവരാം എന്നു പറഞ്ഞു. നമുക്കറിയാം വിശ്വസ്തരായ വേലക്കാരില്‍ രണ്ടു പേരായിരുന്നു അബ്രഹാമിന്റെ കൂടെയുണ്ടായിരുന്നത്. എത്ര വിശ്വസ്തരായാലും യിസ്രഹാക്കിനെ നരബലി കഴിക്കുവാന്‍ താന്‍ പോകുന്നത് അവര്‍ കണ്ടാല്‍ തീര്‍ച്ചയായും അവര്‍ തന്നെ തടയുമെന്ന് അബ്രഹാമിന് ഉത്തമ വിശ്വാസമുണ്ടായിരുന്നു.ഈ വേലക്കാര്‍ ദൈവഹിതത്തിന് അല്ലെങ്കില്‍ ദൈവ ആരാധനയ്ക്ക് തടസ്സമായി തീരുമെന്ന് ഉറച്ച വിശ്വാസമുള്ളതു കൊണ്ടാണ് നിങ്ങൾ കഴുതയുമായി ഇവിടെ ഇരിപ്പിൻ; എന്ന് അബ്രഹാം അവരോട് പറഞ്ഞത്.

പ്രിയപ്പെട്ടവരേ ദൈവത്തെ ആരാധിക്കുവാന്‍ പോകുമ്പോള്‍ അതിന്‍ തടസ്സമായി നില്‍ക്കുന്ന ഒട്ടനേകം പ്രശങ്ങള്‍ നിന്റെ ജീവിതത്തിലില്ലിയോ.? നിന്റെ ആരാധനയില്‍, നിന്റെ പ്രാര്ത്ഥ നയില്‍ ദൈവം പ്രസാദിക്കുന്നില്ലെങ്കില്‍ മാറ്റി വയ്ക്കേണ്ട പലതും നീ ദൈവ സന്നിധിയില്‍ എത്തുന്നതിന് മുമ്പ് മാറ്റി വച്ചിരിക്കണം. അല്ലെങ്കില്‍ നിന്റെ ആരാധന ഒരു പ്രഹസനം മാത്രമായി തീരും എന്ന് മറക്കരുത്.

യെശയ്യാ പ്രവാചകന്‍ പറയുന്നു... രക്ഷിക്കുവാ‍ന്‍ കഴിയാതവണ്ണം യഹോവയുടെ കൈ കുറുകീട്ടില്ല; കേൾപ്പാൻ കഴിയാതവണ്ണം അവന്റെ ചെവി മന്ദമായിട്ടുമില്ല. നിങ്ങളുടെ അകൃത്യങ്ങൾ അത്രേ നിങ്ങളെയും നിങ്ങളുടെ ദൈവത്തെയും തമ്മിൽ ഭിന്നിപ്പിച്ചിരിക്കുന്നതു; നിങ്ങളുടെ പാപങ്ങൾ അത്രേ അവൻ കേൾക്കാതവണ്ണം അവന്റെ മുഖത്തെ നിങ്ങൾക്കു മറെക്കുമാറാക്കിയത്

നിങ്ങൾ കഴുതയുമായി ഇവിടെ ഇരിപ്പിൻ; ഞാനും ബാലനും അവിടത്തോളം ചെന്നു ആരാധന കഴിച്ചു മടങ്ങിവരാം എന്നു പറഞ്ഞു.ഞാനും ബാലനും ആരാധന കഴിച്ച് മടങ്ങിവരാം എന്ന് അബ്രഹാമിന്റെ അവസാന വാചകം ദോഷമായിട്ടൊന്നും ദൈവം തന്നോട് ചെയ്കയില്ല എന്ന അബ്രാമിന്റെ ഉറച്ച വിശ്വാസത്തെയാണ് സൂചിപ്പിക്കുന്നത്.

അവസാനമായി 7ആം വാക്യത്തില്‍ ഇങ്ങനെ പറയുന്നു അപ്പോള് യിസ്ഹക്ക് തന്റെ അപ്പനായ അബ്രാഹാമിനോടു: അപ്പാ, എന്നു പറഞ്ഞതിന്നു അവൻ: എന്താകുന്നു മകനേ എന്നു പറഞ്ഞു. തീയും വിറകുമുണ്ടു; എന്നാൽ ഹോമയാഗത്തിന്നു ആട്ടിൻ കുട്ടി എവിടെ എന്നു അവൻ ചോദിച്ചു.

ദൈവത്തെ ആരാധിക്കേണ്ടതിന് ഒരു യാഗമ്യഗം ആവശ്യമാണെന്ന് യിസഹാക്കിന് അറിയാമായിരുന്നു. ദൈവത്തെ ആരാധിക്കേണ്ടത് എങ്ങനെയാണെന്ന് അപ്പനായ അബ്രഹാമില്‍ നിന്ന് യിസഹാക്ക് മനസ്സിലാക്കിയിരുന്നു. വേദപുസ്തകം പറയുന്നു ‘ബാലന്‍ നടക്കേണ്ട വഴിയില്‍ അവന്‍ അഭ്യസിപ്പിക്ക വ്യദ്ധനായാലും അവനത് വിട്ടുമാറില്ല‘. നമ്മള്‍ നമ്മൂടെ മക്കള്‍ക്ക് എന്ത് ദൈവീക ജ്ഞാനമാണ് പകര്ന്നു കൊടുക്കുന്നത് എന്ന് പരിശോധിക്കേണ്ടത് ആവശ്യമാണ്.

(തുടരും)



No comments: