Monday, November 11, 2013

ന്യൂ ജനറേഷന്‍

അപ്പച്ചന്റെയും, അമ്മച്ചിയുടെയും അമ്പതാം വിവാഹ വാര്‍ഷികം നാട്ടുകാരെയും വീട്ടുകാരെയുമൊക്കെ വിളിച്ച് അടിപൊളിയായി ആഘോഷിക്കണമെന്ന് വിദേശത്തുള്ള നാലും മക്കളും കൂടി തീരുമാനിച്ചു. അപ്പച്ചന്റെയും, അമ്മച്ചിയുടെയും നാലു ആണ്‍മക്കളും തങ്ങളുടെ കുടുംബത്തോടൊപ്പം അമേരിക്കയിലും ജര്‍മ്മനിയിലുമൊക്കെയാണ്. മുന്‍കൂട്ടി തീരുമാനിച്ചതനുസരിച്ച്  അപ്പച്ചന്റെയും, അമ്മച്ചിയുടെയും വിവാഹവാര്‍ഷിക ദിനത്തിന് ഒന്ന് രണ്ട് ദിവസം മുമ്പെ എല്ലാവരും കുടുംബസമേതം നാട്ടിലുള്ള അവരുടെ കുടുംബവീട്ടിലെത്തി.

വര്‍ഷങ്ങള്‍ക്കു ശേഷം മക്കളെയും കൊച്ചുമക്കളെയുമൊക്കെ കണ്ടപ്പോള്‍ അപ്പച്ചന്റെയും, അമ്മച്ചിയുടെയും സന്തോഷം അതിരറ്റതായിരുന്നു.. ഉറങ്ങിക്കിടന്ന കൊട്ടാരം പോലുള്ള അവരുടെ വീട് മക്കളുടെയും  കൊച്ചുമക്കളുടെയും കളിചിരികളാല്‍ ഉണര്‍ന്നു…

എന്നാല്‍ വിവാഹവാര്‍ഷിക ദിനത്തിന്‍റെ തലേന്ന് വൈകുന്നേരം അപ്പച്ചനു കലശലായ ഒരു നെഞ്ചിനു വേദനയും, തലചുറ്റലും അനുഭവപ്പെട്ടു.  അപ്പച്ചന് എവിടെയെങ്കിലും ഒന്നു കിടന്നേ മതിയാവൂ.. അപ്പച്ചന്‍ നേരെ തന്റെ കിടക്കമുറിയിലെത്തിയപ്പോള്‍ അവിടെ ഇളയമകന്‍ റോയിയും, അവന്റെ കൂട്ടുകാരും ചേര്‍ന്ന് മദ്യപിക്കുകയും, തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിക്കുകയുമാണ്.

"മോനേ റോയിച്ചാ, എനിക്കെന്തോ പെട്ടന്നൊരു വല്ലായ്മ പോലെ.  എനിക്കൊന്നു കിടക്കണമെടാ. നീയും നിന്റെ കൂട്ടുകാരും കഴിയുമെങ്കില്‍ ഇവിടെ നിന്നൊന്നു മാറി തരുമോടാ…’ അപ്പച്ചന്‍ റോയിച്ചനോട് ആവശ്യപ്പെട്ടു…

"എന്റെ അപ്പച്ചാ ഇതെന്നാ വര്‍ത്താനമാ പറേന്നെ..? ഞാനും എന്റെ കൂട്ടുകാരും എങ്ങോട്ട് പോകാനാ.. ? വെറുതെ മനുഷ്യനെ മെനക്കെടുത്താതെ അപ്പച്ചന്‍ അടുത്ത മുറിയിലെങ്ങാനും പോയി കിടക്കാന്‍ നോക്ക്…” റോയിച്ചന്‍ എടുത്തടിച്ചതുപോലെ പറഞ്ഞു.

നെഞ്ചിനുള്ളിലെ വേദന കടിച്ചമര്‍ത്തിക്കൊണ്ട് അപ്പച്ചന്‍ വേച്ച് വേച്ച് അടുത്ത മുറിയിലെത്തി. അവിടെ രണ്ടാമത്തെ മകനും അവന്റെ കൂട്ടുകാരുമാണ്.. മൂന്നാമത്തെ മുറിയിലും, നാലാമത്തെ മുറിയിലും മക്കളായ സണ്ണിച്ചനും, ദാനിയേലും അവരുടെ കൂട്ടുകാരുമാണ്.. ഹാളിലെ സോഫയിലൊന്നു കിടക്കണമെന്ന് വെച്ച് ചെന്നപ്പോള് അവിടെ കൊച്ചുമക്കളെല്ലാവരും കൂടിയിരുന്നു  കളിക്കുകയാണ്…

കര്‍ത്താവേ എവിടൊന്നു തലചായ്ക്കും.?ശരീരമൊക്കെ തളരുന്നതുപോലെ മുന്നോട്ട് അപ്പച്ചന്‍ അടുക്കളയിലേക്ക് നടന്നു. അവിടെയാണെങ്കില്‍ ഭാര്യ ഏലിക്കുട്ടിയും മരുമക്കളുമൊക്കെ ചേര്‍ന്ന് ആഹാരം പാചകം ചെയ്യുന്നതിനിടയില്‍ നാട്ടുവിശേഷങ്ങളും, വീട്ടുവിശേഷങ്ങളുമൊക്കെ പറഞ്ഞ് രസിക്കുകയാണ്. ഇത്രയും കാലം തന്റെ നിഴലായി നടന്ന എലിക്കുട്ടിയാണെങ്കില്‍ പിള്ളാരെയൊക്കെ കണ്ടതോടു കൂടി തന്നെ ഒന്ന്‍ തിരിഞ്ഞു നോക്കുക പോലും ചെയ്യാറില്ലെന്ന സത്യം  അപ്പച്ചന്‍റെ മനസില്‍ ഒരു സ്വകാര്യ ദു:ഖമായി കിടക്കുകയാണ്.

"നിങ്ങളെന്നാ മനുഷ്യനെ നിലാവത്ത് അഴിച്ചു വിട്ട കോഴിയെപ്പോലെ അടുക്കളെ കിടന്ന് കറങ്ങുന്നെ….? അവിടെ അകത്തെ മുറിയിലെങ്ങാനും പോയിരിക്കല്ലോ…?” അപ്പച്ചനെ കണ്ടതും അമ്മച്ചിക്ക് വല്ലാ‍ത്ത കലികയറി.


ഏലിക്കുട്ടി പറഞ്ഞത് കേട്ടപ്പോള്‍ കുഴിയിലേക്ക്‌ കാലും നീട്ടിയിരിക്കുന്ന ആ പരട്ട് കിളവിയുടെ വായില്‍ ശേഷിച്ചിരിക്കുന്ന നാലഞ്ച് പല്ലുകള്‍ കൂടി അടിച്ചു കൊഴിക്കുവാനുള്ള ദേഷ്യമാണ് അപ്പച്ചന് തോന്നിയത്‌. എന്നാല്‍ ഈ അവസരത്തില്‍ ഏലിക്കുട്ടിയോട് എന്തെങ്കിലും മറുവാക്ക്‌ പറയാന്‍ പോയാല്‍ പൊതുവേ വിവരദോഷിയായ അവള്‍  മരുമക്കളുടെ മുന്നില്‍ വച്ച് തന്നെ അപമാനിക്കുമെന്ന് അപ്പച്ചന് ഭയന്നു.

എന്റെ കര്‍ത്താവേ...മക്കളെയും മരുമക്കളെയും, കൊച്ചുമക്കളെയുമൊക്കെ കണ്ടപ്പോള്‍ അമ്പതുവര്‍ഷം തന്നോടൊപ്പം ജീവിച്ച ഏലിക്കുട്ടിക്ക്‌ പോലും തന്നെ മനസ്സിലാക്കാന്‍ കഴിയാതെ പോയല്ലോ? അപ്പച്ചന്‍റെ കണ്ണുകള്‍ നിറഞ്ഞു.

 ഇനിയും എവിടെയൊന്നു തലചായ്ക്കും…?

അപ്പച്ചന്‍ തപ്പി തടഞ്ഞ് മുറ്റത്തേക്കിറങ്ങി. കഴിഞ്ഞ തവണ റോയിച്ചന്‍ നാട്ടിലെത്തിയപ്പോള്‍ അമ്പതിനായിരം രൂപ ചിലവാക്കി പണിത വിശാലമായ പട്ടിക്കൂട്ടില്‍ കിടന്ന് ‘ടോമി‘ സുഖമായി ഉറങ്ങുന്നത് അപ്പച്ചന്‍ കണ്ടു.  പട്ടിക്കൂടെങ്കില്‍. പട്ടിക്കൂട്…തീരെ അവശനായ അപ്പച്ചന്‍ പട്ടിക്കൂട് തുറന്ന് ഉള്ളില്‍ കടന്നു.  ടോമിയാണെങ്കില്‍ അപ്പച്ചന്‍ തന്നോടൊപ്പം പട്ടിക്കൂട്ടില്‍ കയറി കിടന്നതിന്റെ മുറുമുറുപ്പ് ഒന്ന് രണ്ടു കുരയില്‍ അവസാനിപ്പിച്ചു

അടുത്ത ദിവസം അപ്പച്ചന്റെയും-അമ്മച്ചിയുടെയും അമ്പതാം വിവാഹവാര്‍ഷികം ആഘോഷിക്കുവാന്‍ ‘കൊച്ചുപുരയ്ക്കല്‍ വീട്ടില്‍‘ ക്ഷണിതാക്കളൊക്കെ എത്തിതുടങ്ങി… മക്കളും, മരുമക്കളുമൊക്കെ ചേര്‍ന്ന് അവരെ സ്വീകരിക്കുന്ന തിരക്കിലായിരുന്നു..

“എവിടെ അപ്പച്ചന്‍…?” കൊച്ചുമക്കളിലാരോ ചോദിച്ചപ്പോഴാണ്.. അപ്പച്ചന്റെ കാര്യം എല്ലാവരും ഓര്‍ത്തത്…അമ്മച്ചിയും, മക്കളും, മരുമക്കളും, കൊച്ചുമക്കളുമൊക്കെ ചേര്‍ന്ന് മുറിയിലെല്ലാം അപ്പച്ചനെ തിരഞ്ഞെങ്കിലും കണ്ടില്ല..

“ഈ മനുഷ്യനെവിടെപ്പോയി കിടക്കുവാ…” അമ്മച്ചിക്ക് ദേഷ്യം വന്നു.  “അയ്യോ അമ്മച്ചി.. അപ്പച്ചന്‍ ദാ പട്ടിക്കൂട്ടില്‍ കിടക്കുന്നു…” കൊച്ചുമക്കളിലാരോ വിളിച്ചു പറഞ്ഞു…

“അയ്യേ.. ഇതെന്നാ അച്ചായനിങ്ങനെ…? വെറുതെ നാണം കെടുത്താന്‍ ഓരോന്ന്…” സണ്ണിച്ചന് അരിശം വന്നു

“കര്‍ത്താവേ.. ചതിച്ചല്ലോ…” അമ്മച്ചിയുടെ നിലവിളി കേട്ട് എല്ലാവരും പട്ടിക്കൂട്ടിനരികിലേക്ക് ഓടി. പട്ടിക്കൂട്ടില്‍ മരിച്ചു മരവിച്ചു കിടക്കുന്ന അപ്പച്ചനെ കണ്ട് അവര്‍ ഞെട്ടിപ്പോയി. ടോമിയാണെങ്കില്‍ അപ്പോഴും കൂര്‍ക്കം വലിച്ചു സുഖമായി ഉറങ്ങുകയായിരുന്നു.

No comments: