Thursday, December 15, 2011

ആത്മീയ ചിന്തകള്‍ -2

എന്നാല് യഹോവ യോസഫിനോടു കൂടെ ഇരുന്നു, കാരാഗ്രഹപ്രമാണിക്ക് അവനോടു ദയ തോന്നത്തക്കവണ്ണം അവനു ക്യപ നല്കി (ഉലപ്പത്തി പുസ്തകം 39 ആം അധ്യായം. 21)

നമുക്ക് എല്ലാവര്ക്കും വളരെ സുപരിചിതമായ ഒരു വാക്യവും അനുബന്ധ സംഭവങ്ങളുമാണ് 39ആം അധ്യായത്തിലും അതിന് മുന്നും, പിന്നുമുള്ള അധ്യായങ്ങളിലും നാം വായിക്കുന്നത്. യാക്കോബിന്റെയും മക്കളുടെടെയും ജീവിത കഥയിലുപരി ദൈവം നടത്തുന്ന വിധങ്ങളെപ്പറ്റിയാണ് പ്രത്യേകിച്ച് യോസഫിന്റെ ജീവിതത്തിലൂടെ ഈ അധ്യായങ്ങളില് വേദപുസ്തകം നമുക്ക് കാട്ടിത്തരുന്നത്.

യോസഫിന്റെ കഥ നമുക്കെല്ലാവര്ക്കുമറിയാം. അതിക്രൂരമായ വിധത്തില് സ്വന്തം സഹോദരന്മാര് അടിമയായി വിറ്റിട്ടും യൊസഫ് മന്ത്രിയായി ഉയര്ത്തപ്പെട്ടു എന്നതിനാലാണ് യഹോവ യോസ്ഫിനോടു കൂടെ ഇരുന്നു എന്നതിന്റെ അര്ത്ഥം നാം കാണുന്നത്. എന്നാല് എത്ര വേദന നിറഞ്ഞ അനുഭവങ്ങളിലൂടെയാണ് ജോസഫ് കടന്നു പോയതെന്ന് നാം മനസ്സിലാക്കണം. സ്വന്തം സഹോദരന്മാര് അതിക്രൂരമായി അവനോട് പെരുമാറി.. അവര് അവനെ പൊട്ടക്കിണറ്റിലേക്ക് തള്ളിയിട്ടു. മാത്രമല്ല അവനെ അവര് യിശ്മായേല്യ കച്ചവടക്കാര്ക്ക് വിറ്റു.

തന്നെ അവര്ക്ക് വില്ക്കരുതേ.. എന്നവന് പ്രാണവേദനയോടെ കെഞ്ചി അപേക്ഷിച്ചു. പക്ഷേ അവന്റെ നിലവിളി അവര് കേട്ടില്ല. കച്ചവടക്കാര് അനേക ദിവസം മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന മണലിലൂടെ അവനെ നടത്തി. നാം ഓര്ക്കണം..കച്ചവടക്കാര് ഒട്ടകപ്പുറത്താണ് യാത്ര. എന്നാല് അടിമയായ ജോസഫ് ഓടിപ്പോകാതിരിക്കുന്നതിനുവേണ്ടി. അവന്റെ അരയ്ക്ക് ഒരു കയര് കെട്ടി ഒട്ടകത്തോട് അവര് ബന്ധിച്ചിരുന്നു. അവര് അവനെ അനേകദിവസം കല്ലും മുള്ളുമുള്ള മരുഭൂമിയിലൂടെ വലിച്ചിഴച്ചു. വിശപ്പും, കൊടിയദാഹവും അവന് സഹിച്ചു. കണ്ണിരൊഴുക്കി അവന് നടന്നു. ആ നരകയാത്ര ഈജിപ്തിലെ അടിമച്ചന്തയോളം നീണ്ടു.
നിര്ദ്ദോഷിയായ അവന് പൊത്തിഫിറന്റെ കോപത്തിന് ഇരയായി, ഒടുവില് മര്ദ്ദിതനും, അപമാനിതനുമായ അവനെ അയാള് കല്ത്തുറങ്കില് അടച്ചു. യോസഫിനെ സഹായിക്കമെന്ന് സമ്മതിച്ചിരുന്ന പാനപാത്രവാഹകന്, തടവില് നിന്ന് വിടുതല് ലഭിച്ചപ്പോള് ജോസഫിനെ മറന്നുപോയി.

ഒടുവില് തടവില് കിടന്നവന് മന്ത്രിയായി ഉയര്ത്തപ്പെട്ടു. സ്വര്ണ്ണ അങ്കി ധരിച്ച് ജോസഫ് ഫറവോന്റെ രാജരഥത്തില് രാജവീഥിയിലൂടെ എഴുന്നെള്ളുന്ന സംഭവത്തിലാണ് നാം ഓരൊരുത്തരും ‘യഹൊവ യോസഫിനോടു കൂടെ ഇരുന്നു എന്നത് കാണുന്നത്. എന്നാല് ജോസഫിന്റെ ജീവിതത്തിന്റെ ഏതൊക്കെ സന്ദര്ഭങ്ങളിലാണ് യഹൊവ ജോസഫിനോട് കൂടെ ഇരുന്നതെന്ന് നമുക്കൊന്ന് പരിശോധിക്കാം.

എവിടെയൊക്കെയാണ് യഹോവ അവന് വിജയം നല്കിയത്? ഒന്നാമതായി ബാല്യകാലത്ത് അവനുണ്ടായിരുന്ന അഹങ്കാരത്തിന്മേലാണ് ദൈവം അവന് വിജയം നല്കിയത്. അതായത് ജോസഫ് ബാല്യം മുതല് നിഗളമുള്ളവനായിരുന്നു, അല്ലെങ്കില് അഹങ്കാരിയായിരുന്നു. ബാല്യത്തിലെ എന്തെന്നില്ലാത്ത അഹങ്കാരം അവന്റെ മനസ്സിലും, പ്രവ്യത്തിയിലുമുണ്ടായിരുന്നതായി നമുക്ക് കാണാം. ജോസഫിന്റെ നിഗളത്തിന്റെ ഒന്നാമത്തെ കാരണമായിരുന്നു.. അവന്റെ അപ്പന് വാത്സല്യ ത്തിന്റെ പ്രതീകമായി അവന് നല്കിയ നീലകുപ്പായം.

രണ്ടാമത് അവന്റെ ഉപബോധമനസ്സിലെ അതിരുകടന്ന അഹംഭാവമാണ് അവന്റെ സ്വപ്നങ്ങളിലൂടെ വിളങ്ങിയിരുന്നത്.ഉല്പത്ത്തി പുസ്തകം 37. ആം അധ്യായം 7ആം വാക്യത്തില് ജോസഫ് കണ്ട ഒന്നാമത്തെ സ്വപ്നത്തെക്കുറിച്ച് ഇങ്ങനെ എഴുതിയിരിക്കുന്നു ““

‘നാം വയലിൽ കറ്റകെട്ടിക്കൊണ്ടിരുന്നു; അപ്പോൾ എന്റെ കറ്റ എഴുന്നേറ്റു നിവിർന്നുനിന്നു; നിങ്ങളുടെ കറ്റകൾ ചുറ്റും നിന്നു എന്റെ കറ്റയെ നമസ്കരിച്ചു“ ജോസഫ് കണ്ട രണ്ടാമത്തെ സ്വപനം ഇതാണ്. 37ന്റെ 9അം വാക്യത്തില് ഇങ്ങനെ എഴുതിയിരുക്കുന്നു. “

അവൻ മറ്റൊരു സ്വപ്നം കണ്ടു തന്റെ സഹോദരന്മാരോടു അറിയിച്ചു: ഞാൻ പിന്നെയും ഒരു സ്വപ്നം കണ്ടു; സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും എന്നെ നമസ്കരിച്ചു എന്നു പറഞ്ഞു. ഇവിടെ ഒരു കാര്യം നാം ശ്രദ്ധിക്കേണ്ടതുണ്ട്.. താന് കണ്ട സ്വപ്നങ്ങളെല്ലാം യാതൊരു കൂസല് കൂടാതെയാണ് ജോസഫ് അപ്പനോടും, സഹോദന്മാരോടും അറിയിച്ചിരുന്നത്.

ഇക്കാരണത്താല് സഹോദരനമാര് അവനെ വല്ലാതെ വെറുത്തു. എന്നാല് മകന്റെ അഹങ്കാരം അതിരുകടക്കുന്നത് കണ്ട യാക്കോബ് അവനെ ശാസിക്കുന്നതായി വേദപുസ്തകത്തില് നാം കാണുന്നു. 10ആം വാക്യത്തില് ഇങങ്നെ എഴുതിയിരിക്കുന്നു ““അവന് അതു അപ്പനോടും സഹോദരന്മാരോടും അറിയിച്ചപ്പോൾ അപ്പൻ അവനെ ശാസിച്ചു അവനോടു: നീ ഈ കണ്ട സ്വപ്നം എന്തു? ഞാനും നിന്റെ അമ്മയും നിന്റെ സഹോദരന്മാരും സാഷ്ടാംഗം വീണു നിന്നെ നമസ്കരിപ്പാൻ വരുമോ എന്നു പറഞ്ഞു.“

ഒരു മനുഷ്യനിലെ അഹങ്കാരം അവനിലെ പൈശാചികനെയാണ് കാണിക്കുന്നത്. അഹങ്കാരം മാത്രമല്ല ഭൌതികത പ്രതിനിധാനം ചെയ്യുന്ന ആര്ത്തി, അധാര്മികം, ചൂഷണം, അസൂയ, അതിക്രമം, അഹങ്കാരം, മുതലാളിത്തം, സാമ്രാജ്യത്വം, ലിബറലിസം, ഫാഷിസം എന്നീ പൈശാചിക സ്വാഭാവങ്ങളെ ഉള്ക്കരുത്തുകൊണ്ട് പൊരുതുമ്പോള് മാത്രമേ ഒരാള് യഥാര്ത്ഥ ദൈവപൈതലായി രൂപാന്തരപ്പെടുകയുള്ളു.

വേദപുസ്തക പണ്ഡിതന്മാരുടെ അഭിപ്രായത്തില് എല്ലാവരുടെയും തലവനാകാനുള്ള ആഗ്രഹമാണ് യോസഫ് ഉപബോധമനസ്സിലൂടെ കണ്ട സ്വപനങ്ങളില് പ്രതിഫലിക്കുന്നത്. എന്നാല് സര്വ്വശക്തനായ ദൈവം ജോസഫിന്റെ ഉള്ളിലെ സകല അഹങ്കാരവും അവനില് നിന്ന് ചോര്ന്നു പോകുന്ന അനുഭവങ്ങളിലൂടെ അവനെ നടത്തി.

ഒന്നാമതായി അവന്റെ അഹങ്കാരത്തിന്റെ കാരണമായ നിലയങ്കി അവന്റെ സഹോദരന്മാര് അവനില് നിന്ന് തട്ടിയെടുത്തു. ഒടുവില് മ്യഗങ്ങളെപ്പോലെ അടിമയായി അടിമച്ചന്തയില് അവന് വിലപേശപ്പെട്ടു. പോത്തിഫറിന്റെ ഭവനത്തിലുണ്ടായ കപട ആരോപണങ്ങളിലൂടെ അവന് കാരാഗ്രഹത്തില് അടയ്ക്കപ്പെട്ടു. എന്നാല് നിന്ദിതരയുടെയും, കള്ളന്മാരുടെയും കൂടെയുള്ള കാരാഗ്രഹവാസം യോസഫിനെ രൂപാന്തരപ്പെടുത്തുകയാണുണ്ടായത്. ദീര്ഘനാളത്തെ ജയില് വാസം അവനിലുണ്ടായിരുന്ന നിഗളഭാവം ത്യജിച്ച് തന്നെ തന്നെ ശുദ്ധീകരിക്കാന് ജോസഫിന് കഴിഞ്ഞു.

ജയിലിലായിരിക്കുമ്പോള് സഹതടവുകാര് അവനില് ദൈവത്തിന്റെ പ്രതിനിധിയെ കണ്ടു. “ഞാന് ദൈവത്തോട് പാപം ചെയ്യുന്നത് എങ്ങനെ” എന്ന ജോസഫിന്റെ വാക്കുകള് അവനെ ഏറെ അപമാനം വരുത്തിയ, അവനെ ജയിലടയിക്കുവാന് കാരണഭൂതയായ പൊത്തിഫറിന്റെ ഭാര്യയെപ്പോലും ഒരു പക്ഷേ മരണം വരെ പിന്തുടര്ന്നിരിക്കാം.

ഭാര്യയുടെ വാക്കുകള് വിശ്വസിച്ച് ജോസഫിനെ തടവിലാക്കിയപ്പോള് പോത്തിഫര് ഒരിക്കലും ചിന്തിച്ചിരുന്നില്ല ഇവന് ഈജിപ്തിലെ മേലധികാരിയാകുമെന്ന്. എന്നാല് കാലം പോത്തിഫറിന് ആ കാഴ്ച കാട്ടികൊടുത്തു. ഫറവോന് കഴിഞ്ഞാല് രാജ്യത്തെ ഏറ്റവും വലിയ അധികാരിയായി ജോസഫ് ഉയര്ന്നത് പോത്തിഫര് സ്വന്തം കണ്ണുകൊണ്ട് കണ്ടു. ഫറവോന്റെ രണ്ടാം രഥത്തില്, രാജകീയ വസ്ത്രം ധരിച്ച് യോസഫ് ഈജിപ്ത്യന് തെരുവുവീഥിയിലൂടെ കടന്നുപോയപ്പോള്… മുട്ടുകുത്തുവിന് എന്ന് പടയാളികള് ആജ്ഞാപിച്ചപ്പോള് കേവലം ജയിലധികാരിയായ പോത്തിഫറെന്നല്ല ... അവനേക്കാള് വലിയ ഉദ്ദ്യേഗസ്ഥര്പ്പോലും ഭയഭക്തിയോടെ ജോസഫിന്റെ മുന്നില് മുട്ടുകുത്തി അവനെ വണങ്ങി.

1 കോരിന്ത്യര് 2ആം അധ്യായം 9ആം വാക്യത്തില് പറയുന്നു. “ദൈവം തന്നെ സ്നേഹിക്കുന്നവര്ക്ക് ഒരുക്കീട്ടുള്ളതു കണ്ണു കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്റെയും ഹൃദയത്തിൽ തോന്നീട്ടുമില്ല.

ഇരുപത്തിയേഴ് വര്ഷം മുമ്പ് അതായത് 1984ല് ഡിസംബര് മൂന്ന് എന്ന കറുത്തദിനം.അമേരിക്കന് സ്ഥാപനമായ യൂണിയൻ കാർബൈഡ് കമ്പനിയുടെ ഇന്ത്യയിലെ ഭോപ്പാലിലുണ്ടായിരുന്ന കീടനാശിനി നിർമ്മാണശാലയില് നിന്ന് 42 ടൺ മീതൈൽ ഐസോസയനേറ്റ് എന്ന വിഷവാതകം ചോർന്നത് അന്നായിരുന്നു നാം ഭോപ്പാല് ദുരന്തമെന്ന് വിളിക്കുന്ന ലോകമനസാക്ഷിയെ ഞെട്ടിച്ച അല്ലെങ്കില് ലോകം കണ്ട ഏറ്റവും വലിയ വ്യവസായിക ദുരന്തം. ഔദ്യോഗിക കണക്കുപ്രകാരം വാതകം ചോര്ന്ന് നിമിഷങ്ങള്ക്കകം 3787 പേരും, മൂന്ന് ദിവസങ്ങള്ക്കുള്ളീല് 10000 ലധികം പേരും മരിച്ചു. അഞ്ചു ലക്ഷത്തിലധികം പേരെ ഈ ദുരന്തം പ്രത്യക്ഷമായോ, പരോക്ഷമായോ ബാധിച്ചു. മരണം താണ്ഡവമാടിയ ആ ദുരന്തഭൂമിയില് നിന്ന് അത്ഭുതകരമായി ദൈവം രക്ഷിച്ച ഒരു സുവിശേഷകനെക്കുറിച്ച് ഞാന് കേട്ടിട്ടുണ്ട്. ആദ്യമായി ഭോപ്പാലില് കാലുകുത്തിയ ആ സുവിശേഷകനെ വരവേറ്റത് വിഷവാതക ദുരന്തമായിരുന്നു. വിഷവാതകം ശ്വസിച്ച് മനുഷ്യര് ഈയാം പാറ്റകളെപ്പോലെ മരിച്ചു വീഴുമ്പോള് ഭാഷയും, ദേശവും അറിയാതെ ആ സഹോദരന് എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്ക്കുകയായിരുന്നു.

എന്നാല്, ആയിരങ്ങള് മരിച്ചു വീണ ആ ഭൂമിയില് തന്റെ ദാസന് ഒരു പോറലുപോലുമേല്പ്പിക്കാതെ ദൈവം അവനെ സുരക്ഷിതമായ ഒരു സ്ഥലത്തെത്തിച്ചു. താന് എങ്ങനെ രക്ഷപെട്ടന്ന് ആ സഹോദരനു പോലുമറിയില്ല.
തൊണ്ണൂറ്റി ഒന്നാം സങ്കീര്ത്തചനത്തില് പറയുന്നു “നിന്റെ വശത്തു ആയിരം പേരും നിന്റെ വലത്തുവശത്തു പതിനായിരം പേരും വീഴും, എങ്കിലും അതു നിന്നോടു അടുത്തുവരികയില്ല.

ഞാന് വിഷയത്തിലേക്ക കടക്കട്ടെ. ജോസഫ് നിഗളമുള്ളവനായിരുന്നു. എന്നാല് ജോസഫ് കഷ്ടതയിലൂടെ കടന്നു പോയപ്പോള്. നിഗളത്തില് മേല് വിജയം നേടുവാന് അവന് കഴിഞ്ഞു. അതവന് അനുഗ്രഹത്തിന് പാത്രമായി തീര്ന്നു
പത്രോസിന്റെ ലേഖനം അഞ്ചാം അധ്യായം 5ആം വാക്യത്തില് ഇപ്രകാരം പറയുന്നു “എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മ ധരിച്ചുകൊൾവിൻ ദൈവം നിഗളികളോടു എതിർത്തുനില്ക്കുന്നു; താഴ്മയുള്ളവർക്കോ കൃപ നല്കുന്നു;

ജോസഫ് നിഗളത്തിന്മേല് സ്വയം വിജയം നേടിയപ്പോള് യഹോവ അവനോട് കൂടെയിരിന്നു എന്നെ കേള്ക്കുന്നവരെ, നമ്മുടെ ജീവിതത്തിലെ അനുഗ്രഹത്തിന് വിഘാതമായി നില്ക്കുന്നത് ഒരു പക്ഷേ നമ്മളിലെ അഹങ്കാരമായിരിക്കാം. അതുകൊണ്ട് നമ്മള് ശോധന ചെയ്ത് ദൈവസന്നിധിയില് താഴ്മയുള്ളവരായിക്കുക.

രണ്ടാമതായി ജോസഫ് വിജയം നേടിയത്. മോഹത്തിന്മേലായിരുന്നു. എങ്ങനെ ജോസഫ് മോഹത്തിന്മേല് വിജയം നേടിയതെന്ന് നമുക്ക് നോക്കാം.? നമുക്കറിയാം. അകമ്പടി നായകനായ പോത്തിഫര് അടിമച്ചന്തയില് നിന്നു യോസഫിനെ വിലയ്ക്ക് വാങ്ങി തന്റെ ഭവനത്തില് ദാസ്യവേലയ്ക്ക് നിയോഗിക്കുകയായിരുന്നു. ജോസഫിന് അപ്പോള് 25 വയസ്സാണ് പ്രായം. നല്ല ചുറുചുറുക്കും, സൌന്ദര്യ്വും, ആരേയും ആകര്ഷിക്കുന്ന ആകാരഭംഗിയുമുണ്ടായിരുന്നു ജോസഫിന്. പോത്തിഫറിന്റെ ഭാര്യയുടെ ഇംഗിതത്തിന് അവന് വഴങ്ങില്ലെന്ന് വന്നപ്പോള് അവര് അവനെ കടന്നു പിടിച്ചു.

“ഞാന് ഈ മഹാദോഷം പ്രവര്ത്തിച്ചു ദൈവത്തോട് പാപം ചെയ്യുന്നതെങ്ങനെ‘ എന്നു പറഞ്ഞുകൊണ്ട് യോസഫ് അവിടെ നിന്ന് ഓടിപ്പോവുകയാണുണ്ടായത്. പ്രിയമുള്ളവരേ, ഇവിടെ ഇവിടെ യഹോവ യോസഫിനോടു കൂടി ഇരുന്നതിനാല് തന്നിലെ ജഡാഭിലാഷത്തിന്മേല് അല്ലെങ്കില് മാനുഷിക സ്വഭാവമായ മോഹത്തിന്മേല് വിജയം നേടുവാന് അവന് കഴിഞ്ഞു..

ഒന്ന് കോരിന്ത്യര് 3അം അധ്യായം 16, 17 ആം വാക്യത്തില് ഇങ്ങനെ പറയുന്നു “നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?, ദൈവത്തിന്റെ മന്ദിരം നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും; ദൈവത്തിന്റെ മന്ദിരം വിശുദ്ധമല്ലോ; നിങ്ങളും അങ്ങനെ തന്നേ.

ബൈബിളില് മാത്രമല്ല ഇതര മതഗ്രന്ഥങ്ങളിലും, മനുഷ്യശരീരം ദൈവത്തിന്റെ ആലയമാണെന്ന് അടിവരയിട്ട് പറയുന്നുണ്ട്.ഭൌതിക ജീവിതത്തില് വിശ്വാസിക്ക് എതിരിടാനുള്ള ഏറ്റവും കഠിന ശത്രു സ്വന്തം ശരീരം തന്നെയാണ്. മുഹമ്മദ് നബി ബദ്ര് യുദ്ധം കഴിഞ്ഞ് തിരിച്ചു വരുമ്പോള് തന്റെ അനുയായികളോട് പറയുന്നുതായി ഖുറാനില് രേഖപ്പെടുത്തിയിരിക്കുന്നു,

“ഭഗവത്ഗീതയില് കൃഷ്ണന് അര്ജ്ജുനനോട് പറയുന്നു."യസ്ത്വ വിജ്ഞാനവാന് ഭവത്യ യുക്തേന മനസാ സദാ
(നിയന്ത്രണമില്ലാത്ത കടീഞ്ഞാണായി മനസ്സിനെ അഴിച്ചു വിടൂന്ന അറിവില്ലാത്തവന്) തസ്യേന്ദ്രിയാണ്യ വശ്യാനി ദുഷ്ടാശ്വാ ഇവ സാരഥേഃ തോന്ന്യവാസം സഞ്ചരിക്കുന്ന കുതിരകള് വലിക്കുന്ന രഥത്തേപ്പോലെയുള്ള ശരീരയാത്ര ചെയ്യുന്നു. അതുകൊണ്ട് അര്ജ്ജുനാ, നിന്റെ ശരീരം ക്ഷേത്രമാണെന്ന് നീ അറിയുക..

യഹോവ യോസഫിനോട് കൂടെ ഇരുന്നതിനാല് അവന് ജഡാഭിലാഷത്തിന്മേല് സമ്പൂര്ണ്ണ വിജയമുള്ളവനായി തീര്ന്നു്.

മൂന്നാമത് അവന് വിജയം നേടിയത് വൈരാഗ്യത്തിന്മേലായിരുന്നു.വൈരാഗ്യത്തിന്മേല് എങ്ങനെയാണ് ജോസഫ് വിജയം നേടിയതെന്ന് നമുക്ക് പരിശോധിക്കാം. നമുക്കറിയാം. അതിനീചവും, ക്രൂരവുമായി സഹോദരന്മാര് ജോസഫിനോട് പെരുമാറിയിരുന്നു. അടിമയായി വില്ക്കുമ്പോള് അരുതെന്ന് അവന് കേണപേക്ഷിച്ചിരുന്നു.

കാലങ്ങള്‍ കഴിഞ്ഞു. ജോസഫ് ഈജിപ്തിലെ മന്ത്രിയായി. ധാന്യം വാങ്ങാനായി സഹൊദരന്മാര് ഈജിപ്തില് വന്നപ്പോള് തന്നോട് തന്റെ സഹോദരന്മാര് ചെയ്ത് കൊടും ക്രൂരതയ്ക്ക്, ജൊസഫിന് പ്രതികാരം ചെയ്യാമായിരുന്നു. അവര്ക്ക് എത്ര വലിയ ശിക്ഷയും നല്കുവാന് പൂര്ണ്ണ അധികാരമുള്ള സ്ഥാനത്ത് ജോസഫ് എത്തിയിരുന്നു. എന്നാല് കൊടും ക്രൂരത കാട്ടിയ സഹൊദരന്മാര് നിസ്സഹായരായി തന്റെ മുന്നില് നില്ക്കുമ്പോള് വാശിയും വിരൊധവുമല്ല, സ്നേഹവും സഹതാപവുമാണ് യൊസഫ് കാട്ടിയത്. അവരെ അവന് സ്വഭവനത്തില് സല്ക്കരിച്ചു.

ഉല്പത്തി പുസ്തകം 46ആം അധ്യായം നാലും, അഞ്ചും വാക്യത്തില് ജോസഫ് പറയുന്നു. നിങ്ങള് മിസയേയിലേക്ക് വിറ്റുകളഞ്ഞ നിങ്ങളുടെ സഹൊദരന് ജോസഫ് ആകുന്നു ഞാന്. എന്നെ ഇവിടെ വിറ്റതുകൊണ്ട് നിങ്ങള് വ്യസനിക്കേണ്ട. വിഷാദിക്കുകയും വേണ്ട. ജീവരക്ഷയ്ക്കായി ദൈവം എന്നെ നിങ്ങള്ക്കു മുമ്പെ അയച്ചതാകുന്നു.

പ്രിയമുള്ളവരെ, കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്” എന്ന യഹൂദപ്രമാണമല്ല. മറിച്ച് “നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിന്, നിങ്ങളെ ഉപദ്രവിക്കുന്നവര്ക്ക് വേണ്ടി പ്രാര്ത്ഥിപ്പിന്” എന്ന് യേശുക്രിസ്തു നല്കിയ ഉപദേശമായിരുന്നു ശതാബ്ദങ്ങള്ക്കു മുമ്പു തന്നെ യോസഫ് ചെയ്തതെന്ന് നാം ഓര്ക്കണം.

ഒന്ന് യോഹന്നാന്‍ 4ന്റെ 20ല്‍ പറയുന്നു ഞാന് ദൈവത്തെ സ്നേഹിക്കുന്നു എന്ന് പറയുകയും തന്റെ സഹോദരനെ പകക്കുകയും ചെയ്യുന്നവന് കള്ളന് ആകുന്നു .സത്യം അവനില് ഇല്ല.താന് കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാത്തവന് കണ്ടിട്ടില്ലാത്ത ദൈവത്തെ എങ്ങനെ സ്നേഹിക്കും“

ഒരമ്മയുടെ ഗര്ഭ്പാത്രത്തില്‍ പിറക്കുന്നതുകൊണ്ടോ, അയല്പുക്കത്ത് താമസിച്ചതുകൊണ്ടോ ഒരാള് നമുക്ക് സഹോദരനാകുന്നില്ല. മുറിവേല്ക്കു ന്നവരെ ശുശ്രൂഷിക്കുകയും, അശരണരെ കരുതുകയും അവരുടെ ആവശ്യങ്ങള്ക്ക്ത മുമ്പില്‍ അത്താണിയായി മാറുകയും ചെയ്യുമ്പോഴാണ് നാം മറ്റൊരാള്ക്ക് സഹോദരന്‍ ആകുന്നതെന്നോര്ക്കണം.

ജോസഫിനെപ്പോലെ തന്റെ സഹോദരനോട് ക്ഷമിക്കുവാനും, സ്നേഹിക്കുവാനും ഒപ്പം അവനെ കരുതുവാനും എനിക്കും നിങ്ങള്ക്കും കഴിയുന്നുണ്ടോ? അതോ കയീനെപ്പോലെ ‘ഞാനെന്റെ സഹോദരന്റെ കാവല്ക്കാരനോ എന്ന ചോദ്യമാണോ നാം സ്വയം ചോദിക്കുന്നത്?

രണ്ടാം ലോക മഹായുദ്ധകാലത്തു സിംഗപ്പൂരിലെ ബിഷപ്പായിരുന്നു. ജോണ് ലിയനാര്ഡ് വിത്സന്. ജപ്പാന് കാരുടെ തടവറയില് കിടന്ന് അതിക്രൂരമായ പീഡനങ്ങള്ക്ക് അദ്ദേഹം വിധേയനായി.മഹായുദ്ധം കഴിഞ്ഞ് സ്വത്രനായപ്പോള് അദ്ദേഹത്തെ പീഡിപ്പിച്ച ജപ്പാന് പടയാളികള് ബിഷപ്പിന്റെ ക്രിസ്തീയ സാക്ഷ്യത്തില് അത്ഭുതപ്പെട്ടു..

ഒരിക്കല് അവരിലൊരാള് ബിഷപ്പിനോട് ഇങ്ങനെ ചോദിച്ചു “ദൈവം ബിഷപ്പിനെ യാതന നിറഞ്ഞ തടവറയില് നിന്ന് വിടുവിക്കാഞ്ഞത് എന്തുകൊണ്ടായിരുന്നു“ ആ സൈനികനോട് ബിഷപ്പ് ശാന്തനായി പറഞ്ഞത് ഇങ്ങനെയായിരുന്നു “വേദനകളില് നിന്നും കഷ്ടതകളില് നിന്നും വിടുതല് നല്കിയല്ല എന്റെ ദൈവം എന്നെ രക്ഷിക്കുന്നത്. പിന്നെയോ അവ സഹിക്കുവാനുള്ള ശക്തിയെ നല്കിയാണ്..”

പ്രിയപ്പെട്ടവരേ വേദനകളില് നിന്ന് വിടുതല് നല്കിയല്ല അവ സഹിക്കാനുള്ള ശക്തി നല്കിയാണ് ദൈവം വിശ്വാസികളെ പലപ്പൊഴും രക്ഷപെടുത്തുന്നതെന്ന് നാം ഓര്ക്കണം.ജീവിതത്തില്‍ കഷ്ടതയും, പരീക്ഷണങ്ങളും, രോഗങ്ങളും നമ്മള് നേരിടുമ്പോള് തളര്ന്നു പോകാതെ, വിശ്വാസം ചോര്ന്നു പോകാതെ, ക്രിസ്തുവില് അടിയുറച്ചു ജീവിക്കുവാന് നമുക്ക് കഴിയണം.

ഒരിക്കല് ഒരു ചിത്രകാരന് മനോഹരമായ ഒരു ചിത്രം വരച്ചത് ഞാന് ഓര്ക്കുന്നു. സുനാമിത്തിരമാലകള് ആര്ത്തിരമ്പുന്ന വളരെ പ്രക്ഷുബ്ദമായ ഒരു കടല്. ആ കടലിനു നടുവില് ഉയര്ന്നു നില്ക്കുന്ന വലിയയോരു പാറ. ആകാശത്തോളം തിരമാലകള് ഉയര്ന്നുപൊങ്ങുമ്പോള് അതൊന്നും ശ്രദ്ധിക്കാതെ ആ പാറയുടെ ഒരു പൊത്തിലിരുന്ന് അതിമനോഹരമായി പാട്ട് പാടിക്കൊണ്ടിരിക്കുന്ന ഒരു പക്ഷി. ഭയാനകമായ ആ അന്തരീക്ഷത്തില് നടുവില് ഭയം ഒട്ടുമില്ലാതെ ആ പക്ഷിക്കെങ്ങനെ പാട്ടു പാടുവാന് കഴിയുമെന്ന് നാം ചിന്തിക്കാം.

എന്നാല് പ്രിയപ്പെട്ടവരെ, കൊടുങ്കാറ്റു വന്നാലും തിരമാലകള് ആഞ്ഞടിച്ചാലും താനിരിക്കുന്ന പാറയെ തകര്ത്തു കളയുവാന് അവയ്ക്ക് കഴിയില്ലെന്ന് ആ പക്ഷിക്ക് ഉറച്ച വിശ്വാസമുണ്ടായിരുന്നു. ആ വിശ്വാസമാണ് പ്രതികൂല സാഹചര്യങ്ങളിലും പാടുവാന് ആ പക്ഷിക്ക് കഴിഞ്ഞത്.

ആ പക്ഷിയെപ്പോലെ കഷ്ടങ്ങളില് പാടുവാന് നമുക്ക് കഴിയുന്നുണ്ടോ. ക്രിസ്തുവാകുന്ന ഉറച്ച പാറയില് ഇരിക്കുന്ന ഒരു വിശ്വാസിക്കു മാത്രമേ , രോഗങ്ങള് വന്നാലും, പ്രതിസന്ധികളില് വന്നാലും തളര്ന്നുപോകാതെ ദൈവത്തെ സ്തുതിക്കുവാന് കഴിയുകയുള്ളു.

പ്രിയമുള്ളവരേ നമുക്ക് ഒരുപാട് ക്രൈസ്തവ പാരമ്പര്യം അവകാശപ്പെടാനുണ്ടാകും. നമ്മള് പാടുകയും, പ്രാര്ത്ഥിക്കുകയും, പ്രസംഗിക്കുകയും, സാക്ഷ്യം പറയുകയും, ഉപവസിക്കുന്നവരുമാകാം. എന്നാല് മാനസാന്തരത്തിന്നു യോഗ്യമായ ഫലം കായപ്പാന് നമുക്ക് കഴിയുന്നുണ്ടോ എന്ന കാര്യം സംശയമാണ്.

ഒരിക്കല് ഒരു കോഴി കച്ചവടക്കാരന്. നാട്ടുമ്പുറത്തുള്ള ഒരു അമ്മച്ചിയുടെ വീട്ടിലെത്തി. തന്റെ കുട്ടയില്‍ നിന്ന് ആരോഗ്യമുള്ള ഒരു പിടക്കോഴിയെ എടുത്ത അയാള് അമ്മച്ചിയെക്കൊണ്ട് ആ കോഴിയെ വാങ്ങിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിനോക്കി. ഒടുവില് അമ്മച്ചി തന്റെ വാചകമടിയില്‍ വീഴുന്നില്ലെന്ന് കണ്ടപ്പോള്‍ കച്ചവടക്കാരന്‍ അമ്മച്ചിയോട് ഇങ്ങനെ പറഞ്ഞു. അമ്മച്ചി, ഈ കോഴിയൊരു സാധാരണ കോഴിയല്ല. പണ്ട് നോഹയുടെ കാലത്ത് പ്രളയം വന്നപ്പോള്‍ ഈ കോഴിയുടെ മുത്തശ്ശിമാരിലൊരാളെ നോഹ പെട്ടകത്തില്‍ കയറ്റിയിട്ടുണ്ട്. നോഹയുടെ പെട്ടകത്തില്‍ കയറിയ കോഴിയുടെ സന്തതി പരമ്പരയില്പ്പെ ട്ട കോഴിയാണിത്.

കച്ചവടക്കാരന്‍ പറഞ്ഞത് കേട്ടു വണ്ടറടിച്ചു നിന്ന അമ്മച്ചി അയാളോട് ഒരു ചോദ്യം ചോദിച്ചു. “നിങ്ങള്‍ ഈ കോഴിയെക്കുറിച്ച് പറഞ്ഞതെല്ലാം ഞാന് സമ്മതിച്ചു. പക്ഷേ എനിക്കറിയേണ്ടത് ഒരു കാര്യം മാത്രമാണ്. ഈ കോഴിക്ക് മുട്ടയിടുവാന്‍ കഴിവുണ്ടൊ.? ഈ കോഴി മുട്ടയിടുമോ..?

പ്രിയമുളളവരേ, അമ്മച്ചിക്ക് വേണ്ടത് ഒരുപാട് ഒരുപാട് പാരമ്പര്യമുള്ള ഒരു കോഴിയെ അല്ലായിരുന്നു. മറിച്ച് എന്നും മുട്ടയിടുന്ന ഒരു കോഴിയെയായിരുന്നു.പാരമ്പര്യമുള്ള ഈ കോഴി ഒരിക്കലും മുട്ടയിടുന്നതല്ലെന്ന് അമ്മച്ചിക്കു അറിയാമായിരുന്നു.

ഞാനുള്പ്പെുടുന്ന ക്രൈസ്ത്രവസമൂഹം ഈ കോഴിയെപ്പോലെ ഒരു പാട് പാരമ്പര്യവും, അവകാശവാ‍ദങ്ങളും ഉള്ളവരായിരിക്കാം. എന്നാല് നമ്മളില് എത്രമാത്രം ഫലം കായ്ക്കുന്നെണ്ടെന്ന് എന്നെങ്കിലും ഒരു ആത്മപരിശോധന നാം നടത്തിയുട്ടുണ്ടൊ.ലൂക്കോസിന്റെ സുവിശേഷത്തില്‍ പറയുന്നു “ഇപ്പോൾ തന്നേ വൃക്ഷങ്ങളുടെ ചുവട്ടിന്നു കോടാലി വെച്ചിരിക്കുന്നു; നല്ല ഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടുകളയുന്നു“.

യൊസഫിനോട് കൂടെ യഹോവയുണ്ടായിരുന്നു. അവന് യാതനകള് സഹിക്കുവാനുള്ള ശക്തിയും ഒപ്പം അവയില് നിന്ന് വിടുതലും ദൈവം നല്കി. ഉല്പത്തി പുസ്ത്കം 41,38 ല് ഫറവോന് പറയുന്നു “ദൈവാത്മാവുള്ള ഈ മനുഷ്യനെപ്പോലെ ഒരുത്തനെ കിട്ടുമോ“. പുതിയനിയമകാലത്ത് യേശുവിന്റെ ശിഷ്യന്മാരെ അധികാരികള് പീഡിപ്പിച്ചപ്പോള് സഹിച്ചു നിന്ന് അവരെ നോക്കി ലോകര് പറഞ്ഞു.“അവര് യേശുവിനോടു കൂടെയുള്ളവര്, (ഇതാണ് ക്രിസ്തീയ സാക്ഷ്യം)

നാം പറയുന്ന സാക്ഷ്യത്തേക്കാള് ലോകം നമ്മെപ്പറ്റി പറയുന്ന സാക്ഷ്യത്തിനാണ് വിലയെന്ന് ഓര്ക്കണം.മഹാത്മാ ഗാന്ധി പറഞ്ഞു “എന്റെ ജീവിതമാണ് എന്റെ സന്ദേശം“. അതുപോലെ ഒരു ക്രിസ്ത്യാനിയുടെ ജീവിതമായിരിക്കണം സമൂഹത്തിന് അവന് നല്കേമണ്ട, സന്ദേശവും, സാക്ഷ്യ്‌വും.

അല്ലാതെ ഒരു താളത്തിൽ എഴുനേറ്റ് നിന്ന് ജീവിതത്തില് അനുഭവിക്കുന്ന, അല്ലെങ്കില് ജീവിതത്തില് കിട്ടിയ ഭൗതീക നേട്ടങ്ങളുടെ പട്ടിക നികത്തലല്ല ക്രിസ്തീയ സാക്ഷ്യങ്ങൾ. അതുപോലെ സാക്ഷ്യവും, സാക്ഷ്യജീവിതവും സഭായോഗത്തിലെ ഒരു ചടങ്ങായി തീരരുത്.

“അവര് യേശുവിനോടു കൂടെയുള്ളവര് അല്ലെങ്കില് ദൈവാത്മാവുള്ള ഈ മനുഷ്യനെപ്പോലെ ഒരുത്തനെ കിട്ടുമോ“ എന്ന് സാക്ഷ്യത്തിന് അര്ഹരാകുവാന് ദൈവം നമ്മളെ ഓരൊരുത്തരെയും അനുഗ്രഹിക്കട്ടെ

No comments: