നര്‍മ്മം

പൂച്ചയാണെന്റെ ദു:ഖം
ഞാനന്ന് ആശാന് പള്ളിക്കൂടത്തില്‍ സമയമായിരുന്നു. ഞങ്ങളുടെ വീട്ടില്‍ ഞങ്ങള്‍ ഓമനിച്ചു വളര്ത്തിയ ഒരു തത്തമ്മയുണ്ടായിരുന്നു. എന്റെ മാത്രമല്ല അപ്പച്ചന്റെയും, അമ്മച്ചിയുടെയും, ചേട്ടന്റെയും, ചേച്ചിയുടെയുമൊക്കെ പേര് തത്തമ്മ വിളിക്കാറുണ്ടായിരുന്നു. തത്തമ്മ ഞങ്ങളുടെയെല്ലാം ചെല്ലക്കിളിയായി വാഴുന്ന കാലം...

അക്കാലത്ത് ഞങ്ങളുടെ വീട്ടില്‍ ഭയങ്കരമായ എലി ശല്യമുണ്ടായിരുന്നു. അറ കടിച്ചു തുരന്ന് നെല്ല് തിന്നുക, രാത്രിയില്‍ തട്ടിന്‍ പുറത്തൂടെ ഓടിക്കളിക്കുക, ഞങ്ങളുടെ പുസ്തകവും, ബുക്കുമൊക്കെ കരണ്ടു തിന്നുക, വീടിനകത്തൊക്കെ കാഷ്ടിച്ചു വയ്ക്കുക എന്നുവേണ്ട എലിയുടെ ശല്യം കൊണ്ട് ഞങ്ങളാകെ പൊറുതി മുട്ടിയിരുന്നു.എലിപത്തായം വച്ചും, എലിവിഷം വച്ചും കുറെ എലികളെ ഞങ്ങള്‍ കൊന്നൊടുക്കിയെങ്കിലും ചില വില്ലന്മാരും, വില്ലത്തികളും ഞങ്ങളൊരുക്കിയ കെണികളില്‍ നിന്നെല്ലാം അതിവിദഗധമായി രക്ഷപെട്ട് ഞങ്ങള്‍ക്ക് നിരന്തരം തലവേദന സ്യഷ്ടിച്ചുകൊണ്ടിരുന്നു..

ഈ സമയത്താണ് ഞങ്ങളുടെ വീ‍ട്ടിലെ പ്രശ്നക്കാരായ എലികളെ കൊന്നൊടുക്കാനുള്ള ചുമതല സ്വയം എറ്റെടുത്തുകൊണ്ട് എവിടെ നിന്നോ തിളങ്ങുന്ന കണ്ണുകളുള്ള ഒരു കറുത്ത പൂച്ച ഞങ്ങളുടെ വീട്ടിലെത്തുന്നത്.

അടുക്കളയുടെ പുറകുവശത്തുള്ള ഞാലിപ്പൂവന്‍ വാഴയുടെ തണലിലിരുന്ന് അമ്മച്ചി മീന്‍ വെട്ടിക്കൊണ്ടിരുന്നപ്പോള്‍ ‘മ്യാവൂ’ ന്ന് ശബ്ദമുണ്ടാക്കിക്കൊണ്ട് അവന്‍ എവിടെ നിന്നോ രംഗപ്രവേശം ചെയ്തത്. സാധാരണ പൂച്ചകളെപ്പോലെ മീനോടോന്നും ആര്‍ത്തികാട്ടാതെ അമ്മച്ചി മീന്‍ വെട്ടുന്നത് നോക്കി ദൂരെ മാറി മാന്യനെപ്പോലെ കിടന്ന ആ പൂച്ച ആദ്യദിവസം തന്നെ അമ്മച്ചിയുടെ മനസ്സ് കീഴടക്കി. ആ പാവത്താന്‍ അമ്മച്ചി മീന്‍ വെട്ടുന്നതിനിടയില്‍ മീന്‍തലയും, മീന്‍ കുടലുമൊക്കെ എറിഞ്ഞു കൊടുത്തുകൊണ്ടിരുന്നു. എന്നാല്‍ തെല്ലും ആര്‍ത്തികാട്ടാതെ ശാന്തമായി അവന്‍ അതെല്ലാം അകത്താക്കുന്നത് കണ്ടപ്പോള്‍ അമ്മച്ചിയുടെ വക ഒന്ന് രണ്ട് മീനും അവന്‍ കിട്ടി... അതും അവന്‍ നന്ദിയോടെ ശാപ്പിട്ടു.അമ്മച്ചി മീന്‍ വെട്ടി കഴിഞ്ഞ് മിന്‍ ചട്ടിയുമായി അടുക്കളയിലേക്ക് കയറിയപ്പോള്‍ ആരോടും അനുവാദം ചോദിക്കാതെ അവനും ‘മ്യാവു..’ ന്ന് കരഞ്ഞുകൊണ്ട് അമ്മച്ചിയുടെ പിന്നാലെ കൂടി..
‘പാവം പൂച്ച..“ അമ്മച്ചി അവനെ ആട്ടിയോടിക്കാന്‍ മുതിര്‍ന്നില്ല..

അന്നവന്‍ ശരിക്കും ഞങ്ങളുടെ വീട്ടിലൊന്നു വിലസി. തട്ടിന്‍ പുറത്തു വലിഞ്ഞു കയറി ഒന്ന് രണ്ട് കുഞ്ഞെലികളെ അതിവിദഗദ്ധമായി പിടിച്ചു കൊണ്ട് വന്ന് ഞങ്ങളുടെയൊക്കെ മുമ്പാകെ അവന്‍ കൊന്നു തിന്നുകയും, പുരപ്പുറത്ത് ചാടി കയറി അരണ, ഓന്ത് എന്നി ക്ഷുദ്രജീവികളെ തുരത്തിയോടിക്കുകയും ചെയ്തു.

“ഇവന്‍ കൊള്ളാമല്ലോ…വന്നുകയറിയ ദിവസം തന്നെ രണ്ട് എലികളെയല്ലേ ഈ പഹയന്‍ പിടിച്ചത്”, അപ്പച്ചനും അമ്മച്ചിയ്ക്കും അവന്റെയി മിന്നല്‍ പ്രകടനം വളരെയധികം ഇഷ്ടപ്പെട്ടിരുന്നു…

“ഏതായാലും വന്നു കേറിയതല്ലേ…ഇവനിവിടെ നിക്കട്ടെ.. ഓടിച്ചു വിടാനൊന്നും പോകേണ്ട…ഒന്നുമല്ലെങ്കില്‍ എലിയുടെ ശല്യം ഇതോടെ തീരുമല്ലോ” അപ്പച്ചന്‍ അഭിപ്രായപ്പെട്ടു. അപ്പച്ചന്റെ അഭിപ്രായത്തോട് എനിക്കൊഴികെ എല്ലാവര്‍ക്കും യോജിപ്പായിരുന്നു.

അമ്മച്ചിയാണ് ആ പൂച്ചയ്ക്ക് കണ്ടന്‍ എന്നു പേരിട്ടത്. സത്യത്തില്‍ കണ്ടനെ എനിക്കത്ര പിടിച്ചില്ല. അവന്റെ ഉരുണ്ട കണ്ണുകളും, കള്ളനോട്ടവും ‘ഞാനൊന്നുമറിഞ്ഞില്ലേ. രാമനാരായണാ.. “ എന്ന മട്ടിലുള്ള പമ്മിപമ്മിയുള്ള നടത്തവും കണ്ടപ്പോള്‍ തന്നെ ഇവനാള്‍ വേന്ദ്രനാണെന്നും അടവുകള്‍ പതിനെട്ടും പഠിച്ച കള്ളപ്പൂച്ചയാണെന്നും എനിക്ക് തോന്നിയിരുന്നു. കണ്ടനെ കൈയ്യോടെ പിടിച്ച് പുറത്തു ചാടിക്കണമെന്ന് എന്റെ മനസ്സ് മന്ത്രിച്ചു. പക്ഷേ ആരോട് ഇക്കാര്യം പറയാന്‍ പറ്റും… ഞാനൊഴികെ വീട്ടിലുള്ളവരെല്ലാം അവന്റെ ആദ്യ പ്രകടനത്തില്‍ വീണുപോയിരിക്കുകയല്ലേ…

കലാപഭൂമിയില്‍ ഫ്ലാഗ് മാര്‍ച്ച് ചെയ്യുന്ന പട്ടാളക്കാരനെപ്പോലെ കണ്ടന്‍ പൂച്ച അന്ന് ഞങ്ങളുടെ വീടിന്റെ ഓരൊ മുറിയുടെയും മുക്കിനും, മൂലയിലും കയറിയിറങ്ങി എല്ലാം അണ്ടറ് കണ്ട്രോളിലാണെന്ന് ഉറപ്പു വരുത്തി. ഞങ്ങളുടെ വീട്ടിലെ അന്തേവാസികളായ എലികളെയെല്ലാം ഒറ്റദിവസം കൊണ്ട് തന്നെ കൊന്നൊടുക്കുവാനുള്ള ഭാരിച്ച ചുമതല അവന്‍ സ്വയം ഏറ്റെടുത്തിരിക്കുകയാണ്....

അന്ന് രാത്രി മുഴുവന്‍ കണ്ടന്‍ എലികളെ പിടിക്കുവാന്‍ തട്ടിന്‍പുറത്തായിരുന്നു...ഒറ്റരാത്രികൊണ്ട് നല്ല പേരുണ്ടാക്കുവാനുള്ള് ശ്രമത്തിലാണവന്‍. തട്ടിന്‍പുറത്ത് അവന്റെ ചാട്ടവും, ഓട്ടവും, കൊലവിളിയുമൊക്കെ നേരം വെളുക്കുവോളം തുടര്‍ന്നു...

ഏതായാലും കണ്ടന്‍ വന്നതോടു കൂടി ഞങ്ങളുടെ വീട്ടിലെ എലികളുടെ ശല്യം കുറെയൊക്കെ ഇല്ലാതായെന്ന് വേണമെങ്കില്‍ പറയാം. ഞങ്ങളുടെ ശത്രുക്കളായ എലികളെ തുരത്തിയോടിച്ച കണ്ടന്‍ പൂച്ച പെട്ടന്ന് ഞങ്ങളുടെ വീട്ടിലെ ഹീറൊ’ യായി മാറി. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ കണ്ടന്‍ ഞങ്ങളുടെ വീട്ടിലെ അവന്റെ സ്ഥാനം ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയും ചെയ്തു.

ദിവസങ്ങള്‍ പലതും കഴിഞ്ഞുകൊണ്ടിരുന്നു.. ആദ്യദിവസങ്ങളിലൊക്കെ എലികളെ കൊന്നൊടുക്കുവാന്‍ വേണ്ടി തീറ്റയും, ഉറക്കവുമില്ലാതെ ഓടി നടന്ന കണ്ടന്‍ കഷ്ടിച്ച് ഒരാഴ്ച കഴിഞ്ഞതോടു കൂടി തന്റെ യഥാര്‍ത്ഥ സ്വഭാവം കാട്ടി തുടങ്ങി. ഞങ്ങള്‍ കഴിക്കുന്ന അഹാരത്തിലെ മിച്ചം വരുന്ന മീനും, മുട്ടയും ഇറച്ചിയുമൊക്കെ വെട്ടിയടിച്ച് ശരീരമൊക്കെ ഒന്ന് പുഷ്ടി പ്രാപിച്ചതോടൂ കൂടി കണ്ടന് എലിയിറച്ചിയും, പച്ചമീന്‍ തലയുമൊക്കെ അലര്‍ജിയായി തുടങ്ങി.മാത്രമല്ല പഴയതുപോലെ തട്ടിന്‍പുറത്തും, പുരപ്പുറത്തും വലിഞ്ഞുകയറി എലിയെ പിടിക്കുക എന്ന ബോറന്‍ പരിപാടിയോട് പുള്ളിക്കാരന്‍ തീരെ യോജിപ്പില്ലാതെയായി. കിട്ടുന്ന സമയം വല്ലതും വയറു നിറച്ച് വല്ലതും കഴിച്ച് സുഖമായി ഉറങ്ങുക എന്നതായി അവന്റെ രീതി...

എലികള്‍ തോളത്ത് കയറി നിരങ്ങിയാ‍ലും ‘എന്റെ കൈയ്ക്കും, കാലിനും പണിയുണ്ടാക്കാതെ പോയി വേറെ വല്ല പണിയും നോക്കീനെടേ..പിള്ളാരേ എന്ന രീതിയിലായി അവന്റെ കിടപ്പ്. അതുമാത്രമല്ല ഇത്രയും കാലം നല്ല പിള്ള ചമഞ്ഞ് അവന്റെ മനസ്സില്‍ വേണ്ടാത്ത പല ചിന്തകളും മുളച്ചു പൊന്തുകയും ചെയ്തു.അമ്മച്ചി കാക്കയ്ക്കും, പരുന്തിനും കൊടുക്കാതെ വളര്‍ത്തുന്ന കോഴിക്കുഞ്ഞുങ്ങളെയും, ഞങ്ങള്‍ പാലും, പഴവും കൊടുത്ത് ഓമനിച്ച് വളര്‍ത്തുന്ന തത്തയെയും അവന്‍ നോട്ടമിട്ടു തുടങ്ങിയിരുന്നു. പക്ഷേ ഞങ്ങളുടെ മുന്നില്‍ വച്ച് കണ്ടന്‍ പൂച്ച തികച്ചും മാന്യനായിരുന്നു. കോഴിക്കുഞ്ഞുങ്ങള് തൊട്ടടുത്തു വന്നാ‍ല്‍ അവയോടൊപ്പം കളിക്കും, തള്ളക്കോഴിയെക്കാള്‍ കൂടുതല്‍ കോഴികുഞ്ഞുങ്ങളെ കരുതും, അതുങ്ങളെ ഉപദ്രവിക്കുകയോ ദുഷ്ടലാക്കോടെ ഒന്നു നോക്കുകപോലും ചെയ്യില്ല. തത്തമ്മയുടെ കൂടിന്റെ ഭാഗത്തേക്കാണെങ്കില്‍ പുള്ളിക്കാരന്‍ പോവുകയോ അറിയാതെ ഒന്നെത്തി നോക്കുക്കപോലും ചെയ്യില്ല.

“കണ്ടു പഠിക്കെടാ.. മിണ്ടാപ്രാണികളുടെയൊരു സ്നേഹം.. ഇവിടെ തക്കം കിട്ടിയാല്‍ ചേട്ടനും, അനിയനും തമ്മിലെന്നും വഴക്കാണ്…” കണ്ടന്‍ പൂച്ചയുടെ മാന്യമായ പെരുമാറ്റം കാണുമ്പോള്‍ അമ്മച്ചി എന്നെയും, കൊച്ചേട്ടനെയും കുറ്റപ്പെടുത്താ‍റുണ്ടായിരുന്നു.

അന്ന് ഞായറാഴ്ചയായിരുന്നു. വിശുദ്ധ കുര്‍ബാനയുള്ളതിനാല്‍ ഞങ്ങളെല്ലാവരും അതിരാവിലെ തന്നെ പള്ളിയിലേക്ക് പോയി. “കര്‍ത്താവേ കോഴിക്കൂട് തുറന്ന് വിടാന്‍ മറന്നല്ലോ…” പള്ളിയിലേക്ക് പോകുന്നതിനിടയില്‍ അമ്മ സങ്കടപ്പെട്ടു.

“ഞാനെന്റെ തത്തയ്ക്ക് തീറ്റകൊടുക്കാനും മറന്നു…” കൊച്ചേട്ടനും സങ്കടമായി.. എതായാലും പത്ത് പത്തര കഴിഞ്ഞപ്പോഴേക്കും കുര്‍ബാനയും കഴിഞ്ഞ് ഞങ്ങള്‍ പള്ളിയില്‍ നിന്ന് മടങ്ങി വന്നു. കൊച്ചേട്ടന്‍ നേരെ തത്തമ്മയുടെ കൂടിനടുത്തേക്കാണ് പോയത്.

“അമ്മച്ചി….“ പെട്ടന്ന് ചേട്ടന്റെ നിലവിളിയും കരച്ചിലും കേട്ട് ഞങ്ങളെല്ലാവരും വരാന്തയിലേക്ക് ഓടി.. “എന്താടാ..”അപ്പച്ചന്‍ കൊച്ചേട്ടനോട് ചോദിച്ചു. കൊച്ചേട്ടന്‍ പൊട്ടിക്കരഞ്ഞുകൊണ്ട് തത്തക്കൂട്ടിലേക്ക് വിരല്‍ ചൂണ്ടി.. ഞങ്ങളെല്ലാവരും ഞെട്ടിപ്പോയി…

“കര്‍ത്താവേ ചതിച്ചല്ലോ…’ അമ്മച്ചി നെഞ്ചത്തടിച്ചു…ഞങ്ങള്‍ പാലും, പഴവും കൊടുത്ത് ഓമനിച്ചു വളര്‍ത്തിയ ഞങ്ങളുടെ തത്തമ്മയെ ഇത്രയും കാലം നല്ല പിള്ള ചമഞ്ഞു നടന്ന കണ്ടന്‍ പൂച്ച കൊന്നു തിന്നിരിക്കുന്നു…..

ഈ കൂട്ടില്‍ ഒരു തത്തമ്മ ജീവിച്ചിരുന്നു എന്ന് ഞങ്ങളെ ഓര്‍മ്മപ്പെടുത്തുവാനെന്നോണം മാത്രം കൂട്ടിലും, വരാന്തയിലും തത്തമ്മയുടെ കുറെ പൂടയും, ചോരത്തുള്ളികളും മാത്രം അവശേഷിപ്പിച്ചുകൊണ്ട് ബാക്കിയെല്ലാം ആ നശിച്ച ജന്തു ശാപ്പിട്ടിരിക്കുന്നു …

ഞങ്ങള്‍ ഓമനിച്ചു വളര്‍ത്തിയ തത്തമ്മയെ കണ്ടന്‍ പൂച്ച പിടിച്ച് തിന്നത് ഞങ്ങള്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. എത്ര ഓമനിച്ചാണ് ഞങ്ങളാ തത്തമ്മയെ വളര്‍ത്തിയത്.. പക്ഷിയാണെങ്കിലും വീട്ടിലെ ഒരംഗത്തെപ്പോലെയായിരുന്നു ഞങ്ങളെല്ലാവരും അതിനെ കരുതിയത്. ഇന്നലെ വരെ കൂട്ടില്‍ കിടന്ന ചിലയ്ക്കുകയും, ചാടിക്കളിക്കുകയും ചെയ്ത ഞങ്ങളുടെ തത്തയുടെ പെട്ടന്നുള്ള വേര്പാട് ഞങ്ങള്‍ കുടുംബാഗങ്ങളുടെയെല്ലാം മനസ്സില്‍ ഒരു നൊമ്പരമായി മാറി.

“ആ നശിച്ച പൂച്ചയെയാണ് എല്ലാത്തിനും കാരണം….അതിനെ ഈ വീട്ടില്‍ കണ്ടാല്‍ തല്ലിക്കൊല്ലും ഞാന്‍…” ദേഷ്യവും, സങ്കടവും അടക്കുവാനാവാതെ കൊച്ചേട്ടന്‍ പൊട്ടിക്കരഞ്ഞു. കൊച്ചേട്ടന്‍ പറഞ്ഞത് തികച്ചും ന്യായമായിരുന്നു…“ശരിയാ.. ഇവിടെ പൂച്ചേം വേണ്ട ഒരു മണ്ണാങ്കട്ടയും വേണ്ട..” വല്യേട്ടനും ദേഷ്യമറ്റക്കുവാനായില്ല.

“അമ്മച്ചിയാ ആ വ്യത്തികെട്ട ജന്തുവിനെ ഈ വീട്ടില്‍ കയറ്റിയത്..” ചേച്ചിയുടെ ദേഷ്യം അമ്മച്ചിയോടായി. പാവം അമ്മച്ചി. തെറ്റു മുഴുവന്‍ ഇപ്പോള്‍ അമ്മച്ചിയുടെ ചുമലിലായി. അമ്മച്ചി ഒരക്ഷരം മിണ്ടിയില്ല.ആ കള്ളപൂച്ചയെ കണ്ടപ്പോള്‍ തന്നെ ഇവനാളു ശരിയല്ലെന്ന് എനിക്ക് തോന്നിയതാണ്… പക്ഷേ ഇപ്പോളിതൊക്കെ ആലോചിട്ടെന്തു കാര്യം? സംഭവിക്കാ‍നുള്ളതെല്ലാം സംഭവിച്ചു കഴിഞ്ഞില്ലേ.? അതുകൊണ്ട് ആരെയും കുറ്റപ്പെടുത്തിയിട്ട് ഇനിയിപ്പോള്‍ യാതൊരു ഫലവുമില്ലെന്ന് എനിക്ക് തോന്നി..

“കമ്പിക്കൂട്ടില്‍ കിടന്ന തത്തയെ എങ്ങനാ ആ പൂച്ച പിടിച്ചത്…? എനിക്ക് മനസ്സിലാവുന്നില്ല..” അപ്പച്ചന്റെ സംശയം അതായിരുന്നു.അന്ന് ഞങ്ങളുടെ വീട്ടില്‍ ആര്‍ക്കും ഒന്നിനോടും ഒരു ഉത്സാഹം തോന്നിയില്ല. ഓമനിച്ചു വളര്‍ത്തിയ തത്ത ചത്തുപോയതിന്റെ വിഷമത്തില്‍ ഞാനും കൊച്ചേട്ടനും, അമ്മയും അന്ന് അഹാരം പോലും കഴിച്ചില്ല. മാത്രമല്ല അന്ന് രാത്രിയില്‍ എനിക്ക് ഉറക്കം പോലും നഷ്ടപ്പെട്ടിരുന്നു. കണ്ണടയ്ക്കുമ്പോള്‍ സുന്ദരിയായ ആ തത്തമ്മയുടെ മുഖമാണ് മനസ്സില്‍ ഓടിയെത്തുന്നത്. പിന്നെ കാതുകളില്‍ പ്രാണവേദനയോടു കൂടിയുള്ള അതിന്റെ കരച്ചിലും മുഴങ്ങുകയാണ്…

അടുത്ത ദിവസം ആശാന്‍ പള്ളിക്കൂടത്തിലെത്തിയ ഞാന്‍ തത്തയെ പൂച്ച പിടിച്ച കാര്യം വ്യസനത്തോടെ ആശാനോടും കൂട്ടുകാരോടുമൊക്കെ പറഞ്ഞപ്പോള്‍ അവര്‍ക്കും ഭയങ്കര സങ്കടം തോന്നി…

“തത്തയുള്ള വീ‍ട്ടില്‍.. ഇനിയെങ്കിലും പൂച്ചയെ വളര്‍ത്തരുത്. രണ്ടിലൊന്നേ വാഴുകയുള്ളു..” ആശാന്റെ വക എനിക്കൊരു ഉപദേശവും കിട്ടി…

ഒരുകാലത്ത് ഞങ്ങളുടെ വീട്ടില്‍ സകല അധികാരത്തോടും കൂടി ‘ഹീറൊ’ നമ്പറ് വണ്ണായി വിലസിയിരുന്ന കണ്ടന്‍ പൂച്ച ഇന്ന് ഞങ്ങളുടെയെല്ലാം നമ്പര്‍ വണ്‍ ശത്രുവാണ്. ഞങ്ങളുടെ പുന്നാര തത്തയെ അതിദാരുണമായി കൊന്നു തിന്ന ആ വ്യത്തികെട്ട ജന്തുവിന്റെ എവിടെ കണ്ടാലും ആ നിമിഷം തല്ലിക്കൊല്ലാനാണ് അപ്പച്ചന്റെ ഉത്തരവ്. പക്ഷേ ഒന്ന് രണ്ട ദിവസമായി പൂച്ച പോയിട്ട് അതിന്റെ ഒരു പൂട പോലുമില്ലാ‍യിരുന്നു വീട്ടിലെങ്ങും കണ്ടുപിടിക്കുവാന്‍...

ഞങ്ങളുടെ മനസ്സില്‍ ‘തീ’ കോരിയിട്ടിട്ട് എവിടെയാണ് അവന്‍ ഓടിയൊളിച്ചത്..? ആര്‍ക്കുമറിയില്ലായിരുന്നു….വല്യേട്ടനും, കൊച്ചേട്ടനും പിന്നെ ഞാനും ഒരു മുട്ടന്‍ വടിയുമായി വൈക്കോല്‍ പുരയിലും, എരുത്തിലിലും എന്നുവേണ്ട ഒരു പൂച്ച ഒളിച്ചിരുക്കുവാന്‍ സാധ്യതയുള്ള എല്ലായിടത്തും കണ്ടനെ തിരഞ്ഞു നടന്നെങ്കിലും കണ്ടില്ല.

അതെ പണി പതിനെട്ടും പഠിച്ച കണ്ടന്‍ പൂച്ച അപകടം മനസ്സിലാക്കി എവിടെയോ മുങ്ങികളഞ്ഞിരുന്നു…ഒടുവില്‍ കൊച്ചേട്ടനാണ് നല്ല സുഖമായി കിടന്നുറങ്ങുന്ന കണ്ടന്‍ പൂച്ചയെ തട്ടിന്‍പുറത്ത് കണ്ടത്… കൊച്ചേട്ടന്റെ കാല്‍പ്പെരുമാറ്റം കേട്ട ഞെട്ടിയുണര്‍ന്ന കണ്ടന്‍ അപകടം മനസ്സിലാക്കി താഴേക്ക് ചാടികളഞ്ഞു…
കൊച്ചേട്ടന്‍ പൂച്ചയെ തല്ലാന്‍ വേണ്ടി കോണിപ്പടിയില്‍ നിന്ന് താഴേക്ക് ചാടിയതാണ്‍ പക്ഷേ ചാട്ടം പിഴച്ചുപോയി. ‘വീണിതല്ലോ കിടക്കുന്നു ധരണിയില്‍…’ കൊച്ചേട്ടന്‍ മൂക്കും കുത്തി പൊത്തോന്ന് താഴെ വീണു. മനോഹരമായ മൂന്ന് പല്ലുകളാണ് കൊച്ചേട്ടന്‍ ആ വീഴ്ചയില്‍ നഷ്ടമായത്.. പിന്നെ മൂക്കിലും, ചുണ്ടിലും, നെറ്റിയിലുമൊക്കെ അല്ലറ ചില്ലറ പാച്ചുവര്‍ക്കുകളും വേണ്ടി വന്നു…ദിവസങ്ങള്‍ പലതും കഴിഞ്ഞുകൊണ്ടിരുന്നു..

ബുദധിമാനായ കണ്ടന്‍ ഞങ്ങള്‍ക്കൊന്നും പിടി തരാതെ ഞങ്ങളുടെ നിഴലിനെപ്പോലും ഭയന്ന് പാത്തും, പതുങ്ങിയും നടന്നു അമ്മച്ചി അരുമയോടെ കൂടി വളര്‍ത്തുന്ന കോഴിക്കുഞ്ഞുങ്ങളെ ഓരോന്നായി പിടിച്ചു തിന്നും രാത്രിയില്‍ ഞങ്ങളുറങ്ങുന്ന തക്കം നോക്കി അടുക്കളയില്‍ കയറി ആഹാരം കട്ടു തിന്നും, പാത്രങ്ങളൊക്കെ തട്ടി മറിച്ചിട്ടും കണ്ടന്‍ പൂച്ച ഞങ്ങളോട് അതിമധുരമായി പ്രതികാരം ചെയ്തുകൊണ്ടിരുന്നു…

വേലിയില്‍ കിടന്ന പാമ്പിനെയെടുത്ത് തോളത്ത് വച്ച അവസ്ഥയായിരുന്നു. ഞങ്ങള്‍ക്ക്. കണ്ടന്‍ മൂലം ഞങ്ങളുടെ വീട്ടില്‍ നാശനഷ്ടങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. കണ്ടനെ പിടികൂടിയില്ലെങ്കില്‍ പ്രശ്നം ഗുരുതരമാകുമെന്ന് മനസ്സിലായ ഞങ്ങള്‍ അവനെ കുടുക്കുവാന്‍ പല കെണികളും ഒരുക്കിയെങ്കിലും ഞങ്ങളെ കബളിപ്പിച്ചുകൊണ്ട് വളരെ സാഹസികമായി അവനതില്‍ നിന്നെല്ലാം രക്ഷപെട്ടുകൊണ്ടിരുന്നു,അന്ന് കണ്ടനെ കൊല്ലാന്‍ വേണ്ടി അവന്‍ ഒളിച്ചിരിക്കാറുള്ള വൈക്കോല്‍ പുരയില്‍ വല്യേട്ടന്‍ ചോറില്‍ വിഷം കലര്‍ത്തി വച്ചെങ്കിലും ഞങ്ങളുടെ വീട്ടിലെ മുട്ടയിടുന്ന നാലഞ്ച് കോഴികള്‍ അത് തിന്നുകയും, നിന്ന നിപ്പില്‍ പാവം കോഴികള്‍ തട്ടിപ്പോവുകയും ചെയ്തു..

ഞങ്ങള്‍ മക്കള്‍ പരാജയപ്പെട്ടിടത്ത് അവസാനം ഒരു കൈ നോക്കുവാന്‍ അപ്പച്ചന്‍ തീരുമാനിച്ചു അന്ന് രാത്രിയില്‍ അപ്പച്ചന്‍ ഉണക്കമീനില്‍ കീടനാശിനി തളിച്ച അടുക്കളയില്‍ വച്ചു. പതിവുപോലെ എല്ലാവരും ഉറങ്ങിയ തക്കം നോക്കി അടുക്കളയില്‍ കയറിയ കണ്ടന്‍ പൂച്ച ഉണക്കമീന്‍ ഇഷ്ടം പോലെ വെട്ടിയടിച്ചു. പക്ഷേ അത് കണ്ടന്റെ അവസാനത്തെ തീറ്റയായിരുന്നു. അങ്ങനെ ഞങ്ങളുടെ വലിയൊരു തലവേദന അതോടു കൂടി അവസാനിച്ചു….