Saturday, July 3, 2010

ആരുടെയോ ഒരു പശു!

മത്തായി ആളൊരു കള്ളനായിരുന്നു. തന്റെ ഇടവകയിലെ അംഗമായ മത്തായിയെ ഒന്ന് ഉപദേശിച്ച് നേരെ വഴി കാട്ടിക്കൊടുക്കണമെന്ന് ആയിടെ ഇടവകപ്പള്ളിയില്‍ ചാര്‍ജേറ്റെടുത്ത വികാരിയച്ചന്‍ തോന്നി.

“എന്റെച്ചോ., നമ്മുടെ കര്‍ത്താവ് നേരിട്ടു വന്ന് പറഞ്ഞാല്‍ പോലും ഈ മത്തായി നന്നാവാന് പോണില്ല. അതുകൊണ്ട് അച്ചന്‍ വെറുതെ മത്തായിയെ ഉപദേശിച്ച് നേരെയാക്കാനൊന്നും പോകേണ്ട,” പലരും അച്ചന്‍ മുന്നറിയിപ്പു നല്‍കിയെങ്കിലും അച്ചനതൊന്നും ചെവിക്കൊണ്ടില്ല.

“മത്തായിയേക്കാള്‍ വലിയ പാപികളെ നേരെയാക്കിയോനാ ഈ ഞാന്‍. ഏതായാലും ഞാനവനെയൊന്ന് ഉപദേശിച്ചു നോക്കട്ടെ..” അച്ചന്‍ പറഞ്ഞു.

“മത്തായി മോഷണം വലിയ പാപമാണെന്ന് നിനക്കറിയാമല്ലോ..” അന്ന് മത്തായിയുടെ വീട്ടിലെത്തിയ വികാരിയച്ചന്‍ മത്തായിയോടു പറഞ്ഞു “മോഷ്ടാക്കളെ ഒരിക്കലും നമ്മുടെ ഈശോ തമ്പുരാന്‍ സ്നേഹിക്കുകയില്ല. മാത്രമല്ല മോഷ്ടാക്കള്‍ക്ക് ഒരിക്കലും സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുവാനും കഴിയില്ല. അവരെ ദൈവം നിത്യമായ നരകാഗ്നിയിലേക്ക് തള്ളിയിടുകയും ചെയ്യും…”

“അച്ചോ അങ്ങനെങ്കില്‍ അച്ചനാണെ സത്യം ഞാനിന്നു മുതല്‍ മോഷണം നിര്‍ത്താന്‍ പോവ്വാ….” മത്തായി അച്ചന് ഉറപ്പു നല്‍കി. മത്തായിയുടെ വാക്കുകള്‍ അച്ചനെ വല്ലാതെ സന്തോഷിപ്പിച്ചു. മത്തായിക്കും, ദൈവത്തിനും നന്ദി പറഞ്ഞ് അച്ചന്‍ പള്ളിമേടയിലേക്ക് നടന്നു.

പട്ടിയുടെ വാല്‍ പന്തീരാണ്ടു കൊല്ലം കുഴലിലിട്ടാലും അതൊരിക്കലും നൂരാന്‍ പോകുന്നില്ലല്ലോ. അന്ന് മത്തായി കൊയ്ത്തു കഴിഞ്ഞ പാടത്തിന്റെ വരമ്പിലൂടെ വെറുതെ നടക്കുമ്പോഴാണ് പാടത്ത് ഒരൊന്നാന്തരം ജേഴ്സി പശു മേഞ്ഞു കൊണ്ട് നില്‍ക്കുന്നത് കണ്ടത്.

'ഇതിനെ അടിച്ചു മാറ്റിയിട്ട് ബാക്കി കാര്യം.. ചന്തേ കൊണ്ട് വിറ്റാ രൂപ പത്ത് പതിനായിരമാ കിട്ടുന്നെ…’ മത്തായി തീരുമാനിച്ചു. മത്തായി പണി പതിനെട്ടും പയറ്റിത്തെളിഞ്ഞ കള്ളനായിരുന്നു. പശുവിനെ കെട്ടിയിരുന്ന കുറ്റിയും, കയറോടു കൂടിയാണ് പശുവിനെയും കൊണ്ട് ചന്തയിലേക്ക് പോയത്. ഒരു പക്ഷേ വഴിയില്‍ വച്ച് ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ ഈ പശു പാടത്ത് കുറ്റി ഊരി നടക്കുവായിരുന്നെന്നും, വല്ലവന്റെയും ക്യഷികള്‍ തിന്നു നശിപ്പിക്കേണ്ടന്ന് കരുതി താനതിനെ പിടിച്ചുകൊണ്ടു വരികയാണെന്നും പറയുവാനായിരുന്നു മത്തായിയുടെ ലക്ഷ്യം.

മത്തായി പശുവിനെയും കൊണ്ട് ചന്തയിലേക്ക് വാണം കത്തിച്ചു വിട്ടതു പോലെ പോകുന്നത് എങ്ങനെയോ അച്ചന്‍ കണ്ടു. അച്ചന്‍ ഓടി മത്തായിയുടെ മുന്നിലെത്തി. അച്ചനെ കണ്ടതു മത്തായി പരുങ്ങി…

“മത്തായി ഇത് ആരുടെ പശുവാണ്..? നീ ഈ പശുവിനെയും കൊണ്ട് എങ്ങോട്ട് പോവ്വാ…? സത്യം പറ. നീ ഇതിനെ മോഷ്ടിച്ചതല്ലേ“ അച്ചന്‍ ചോദിച്ചു.

“എന്റെച്ചോ ദൈവദോഷം പറയല്ലേ.. ഞാന്‍ മോഷണം നിര്‍ത്തിയെന്ന് അച്ചനോട് പറഞ്ഞതല്ലേ… “ മത്തായി അച്ചനോട് ചൂടായി “അച്ചനറിയാമോ എന്താണ് സംഭവിച്ചേന്ന് …? ഞാന്‍ പാ‍ടത്തൂടെ പോമ്പം ഈ പശു കുറ്റിയൂരി നടക്കുവാരുന്നു. ഉടമസ്ഥനില്ലാത്ത ഈ പശു വല്ലോന്റേം, കപ്പയോ, വാഴയോ തിന്നേണ്ടാന്ന് കരുതി ഞാനതിനെ ഇങ്ങ് പിടിച്ചുകൊണ്ട് വന്നതാ.. ഇതിന്റെ ഉടമസ്ഥനെ അന്വേഷിച്ച് നടക്കുമ്പോഴാ അച്ചന്‍ ദേ ഇങ്ങനത്തെ ചങ്കില്‍ കുത്തുന്ന ചോദ്യം ചോദിക്കുന്നെ?..” മത്തായി സങ്കടപ്പെട്ടു.

“മത്തായി നിന്നെ സംശയിച്ചേന് എന്നോട് ക്ഷമിക്കുക.. നീ ചെയ്തത് നല്ലതു തന്നെ” അച്ചന്‍ മത്തായിയോട് ക്ഷമാപണം നടത്തി. “ഏതായാലും ഈ പശുവിനേം കൊണ്ട് നീയിങ്ങനെ ചുറ്റിക്കറങ്ങി നടക്കുന്നത് ഒട്ടും ശരിയല്ല. നീ ഒരു കാര്യം ചെയ്യ്. നിനക്കൊരു പശുവിനെ കിട്ടിയിട്ടുണ്ടെന്നും അതിന്റെ ഉടമസ്ഥന്‍ ആരാണെന്നും ഈ ഗ്രാമം മുഴുവന്‍ വിളിച്ചു പറഞ്ഞോണ്ട് നടക്കുക… ഈ പശുവിന്റെ ഉടമസ്ഥനെ കണ്ടെത്തി വരുന്നതു വരെ ഞാനിതിനെ നോക്കി കൊള്ളാം.. ഒരു പക്ഷേ ഈ പശുവിന്റെ ഉടമസ്ഥനെ കണ്ടെത്താന്‍ നിനക്ക് കഴിഞ്ഞില്ലെങ്കില്‍ നീയതിനെ നിനക്ക് ബോധിച്ചതു പോലെ ചെയ്യുക" അച്ചന്‍ പറഞ്ഞത് മത്തായി സമ്മതിച്ചു…

മത്തായി ഇങ്ങനെയാണ് ഗ്രാമം മുഴുവന്‍ വിളിച്ചു പറഞ്ഞു നടന്നത്.. “ആരുടെയോ… ഒരു കുറ്റിയും, കയറും.. കയറിന്റെ അറ്റത്തൊരു പശു..

”ആരുടെയോ… ഒരു കുറ്റിയും, കയറും. എന്നത് വളരെ ഉച്ചത്തിലും ‘കയറിന്റെ അറ്റത്തൊരു പശു എന്നത്…’ തനിക്ക് മാത്രം കേള്‍ക്കാവുന്ന ശബ്ദത്തിലുമാണ് മത്തായി പറഞ്ഞത്. മത്തായി പറഞ്ഞത് നാട്ടുകാര്‍ക്കൊന്നും പിടികിട്ടിയില്ല. അതു തന്നെയായിരുന്നു മത്തായിയുടെയും ലക്ഷ്യം.

“അച്ചോ തൊണ്ടമാറുച്ചത്തില്‍ ഇന്നാടു മുഴുവന്‍ വിളിച്ചു പറഞ്ഞോണ്ട് നടന്നിട്ടും ഈ പശൂന്റെ ഉടമസ്ഥനെ കണ്ടെത്താന്‍ കഴിഞ്ഞില്ല..” അച്ചന്റെ അടുക്കല്‍ മടങ്ങിയെത്തിയ മത്തായി പറഞ്ഞു…

“ഉടമസ്ഥര്‍ ആരുമില്ലെങ്കില്‍ നീ‍ ഈ പശുവിനെയും എടുത്തോളൂ..” അച്ചന്‍ മത്തായിയോട് പറഞ്ഞു. മത്തായി ആഗ്രഹിച്ചതും അതായിരുന്നു. അച്ചനെയും, നാട്ടുകാരെയും പറ്റിച്ച് മത്താ‍യി പശുവിനെയും കൊണ്ട് നേരെ ചന്തയിലേക്ക് പോയി.

No comments: