നോവല്‍

സ്വപ്നങ്ങളുടെ രാജകുമാരന്‍
അബ്രഹാമിന്റെ മകനായ യിസഹാക്കിന്റെ രണ്ട് മക്കളുണ്ടായിരുന്നു. ഏശാവും, യാക്കോബും. ഇളയ മകനായ യാക്കോബിന് രൂബേന്, ശിമയോന്, ലേവി, യെഹൂദ, യിസാഖാര്, സെബൂലൂന്, ബെന്യാമിന്, ദാന്, നഫ്താലി, ഗാദ്, ജോസഫ്, ആശേര് എന്നീ പേരുള്ള പന്ത്രണ്ട് ആണ്മക്കളും, ഒരു മകളുമുണ്ടായിരുന്നു.ക്യഷി സമ്പത്തുകൊണ്ട് സമ്യദ്ധമായ കനാന് ദേശത്തായിരുന്നു യാക്കോബും,കുടുംബവും താമസിച്ചിരുന്നത്. തന്റെ മക്കളെയെല്ലാം യാക്കോബ് ജീവനു തുല്യമാണ് സ്നേഹിച്ചിരുന്നതെങ്കിലും, തന്റെ രണ്ടാമത്തെ ഭാര്യയായ റാഹേലിലുണ്ടായ ജോസഫിനോടായിരുന്നു യാക്കോബിന് കൂടുതല് സ്നേഹം.

ജോസഫാണെങ്കില് മറ്റുള്ളവരെ അപേക്ഷിച്ച് സുന്ദരനും, ശാന്തശീലനും, ബുദ്ധിമാനും, സത്സ്വാഭാവിയും അതിലുപരി തികഞ്ഞ ദൈവഭകതനുമായിരുന്നു.ജോസഫിനെ തങ്ങളുടെ പിതാവ് തങ്ങളേക്കാളുപരി സ്നേഹിക്കുന്നതും, കരുതുന്നതും മറ്റ് മക്കള്ക്ക് ഒട്ടും ഇഷ്ടമായിരുന്നില്ല. ഒരിക്കല്, അതായത് ജോസഫിന് പതിനേഴ് വയസ്സുള്ളപ്പോള് യാക്കോബ് നീല നിറത്തിലുള്ള അതിമനോഹരമായൊരു വസ്ത്രം അവന് തയ്പ്പിച്ചു കൊടുത്തു. ആ വസ്ത്രമണിഞ്ഞ് ജോസഫ് തുള്ളിച്ചാടി നടക്കുന്നത് അവന്റെ സഹോദരന്മാര്ക്ക് ഒട്ടും രസിച്ചില്ല. അവര്ക്ക് ജോസഫിനോടുള്ള ദേഷ്യവും, വെറുപ്പും കൂടി കൂടി വന്നു.

പാരമ്പര്യമായി ആട്ടിടയന്മാരായിരുന്ന യാക്കോബിനും കുടുംബത്തിനും ആയിരക്കണക്കിന് ആടുമാടുകളുമുണ്ടായിരുന്നു. മക്കള് വളര്ന്നതോടു കൂടി അവര്ക്കായിരുന്നു ആടുകളെ മേയ്ക്കേണ്ട ചുമതല. ചിലപ്പോള് ആടുകളെ മേയ്ക്കുവാന് വീട്ടില് നിന്നും വളരെ ദൂരെയുള്ള മേച്ചില്പ്പുറങ്ങള് തേടിയായിരിക്കും അവര് പോവുക. ഈ സമയങ്ങളില് ദിവസങ്ങള് കഴിഞ്ഞായിരിക്കും അവര് വീട്ടില് മടങ്ങിയെത്തുന്നത്..ദൂരെ ആടുകളെ മേയ്ക്കുവാന് പോകുന്ന സഹോദരന്മാര്ക്ക് ഭക്ഷണവും, വെള്ളവും എത്തിച്ചു കൊടുക്കുകയും അവരുടെ സുഖവിവരങ്ങള് അപ്പനായ യാക്കോബിനെ അറിയിക്കുകയും ചെയ്യുകയെന്നതായിരുന്നു യോസഫിന്റെ പ്രധാന ജോലി. ഇളയ മകനായ ബന്യാമിന് വ്യദ്ധനായ യാക്കോബിനെ ശുശ്രൂഷിച്ചും വീട്ടിലെ ജോലികള് ചെയ്ത് കഴിയുകയും….

ഒരിക്കല് ശെഖെം താഴ്വരയില് ആടുകളെ മേയ്ക്കാന് പോയ തന്റെ മക്കളുടെ വിശേഷങ്ങളറിയുവാന് യാക്കോബ് പതിവുപോലെ യോസഫിനെ അയച്ചു. ജോസഫ് ദീര്ഘമായ യാത്രയ്ക്ക് ശേഷം ശെഖേമിലെത്തിയപ്പോഴാണ് തന്റെ സഹോദരന്മാര് ആടുകളെയും കൊണ്ട് ദോഥാമെന്ന സ്ഥലത്തേക്ക് പോയെന്നറിയുന്നത്. ഒട്ടും താമസിച്ചില്ല. ജോസഫ് ദോഥാമിലേക്ക് യാത്ര തിരിച്ചു. അങ്ങനെ അവന് ദോഥാമിലെത്തിച്ചേര്ന്നു.ജോസഫ് തങ്ങളുടെ അടുക്കലേക്ക് വരുന്നത് അവന്റെ സഹോദരന്മാര് ദൂരെ നിന്ന് നോക്കി കണ്ടു. അവനെ കണ്ടതും അവര്ക്ക് വല്ലാത്ത ദേഷ്യം തോന്നി.

“ദേ കണ്ടില്ലേ ആടിപ്പാടി ജോസഫ് വരുന്നത്.. ഇന്നവനെ നമുക്ക് ശരിയാക്കണം..“ ജോസഫിന്റെ സഹോദരന്മാരിലൊരാള് പറഞ്ഞു“നമ്മള് നമ്മുടെ അപ്പനും, കുടുംബത്തിനും വേണ്ടിയും രാവും, പകലുമില്ലാതെ തണുപ്പും, ചൂടും കൊണ്ട് ഈ ആട്ടിന് കൂട്ടത്തെയും കൊണ്ട് കഷ്ടപ്പെടാന് തുടങ്ങിയിട്ട് നാളുകളേറെയായില്ലേ..? എന്നാല് ജോസഫ് വീട്ടിലിരുന്ന് തിന്ന് കുടിച്ച് സുഖിക്കയും…! നമ്മുടെ കഷ്ടപ്പാട് അപ്പനറിയുന്നുണ്ടോ…? വെറുതെ സുഖിച്ച് ജീവിക്കുന്ന ജോസഫിനെയാണ് നമ്മുടെ അപ്പനും ഇഷ്ടം…”. അയാള് പരിഭവപ്പെട്ടു.

“ശരിയാണ്.. നമ്മുടെ അപ്പന് നമ്മളെ മനസ്സിലാക്കുന്നില്ല….അല്ലെങ്കില് ജോസഫിന് കൊടുത്തതുപോലെയുള്ള ഒരു വസ്ത്രം അപ്പന് നമ്മള്ക്ക് തയ്പ്പിച്ചു തരില്ലേ..” വേറൊരാള് അതിനെ പിന്താങ്ങി.

“അല്ല. എനിക്കതല്ല മനസ്സിലാകാത്തത്.. ജോസഫിനെ മാത്രം നമ്മുടെ അപ്പന് ഇത്രമാത്രം സ്നേഹിക്കുവാന് കാരണമെന്താണ്…? വേറൊരാള് സംശയം പ്രകടിപ്പിച്ചു. “നമ്മളാണെങ്കില് അപ്പനോട് യാതൊരു തെറ്റും ചെയ്തിട്ടുമില്ല… എന്നും നമ്മള് അപ്പനെ അനുസരിച്ചിട്ടേയുള്ളല്ലോ…? എന്നിട്ടും അപ്പന്..!! “നമ്മള്ക്കില്ലാത്ത എന്ത് ഗുണമാണ് ജോസഫില് നമ്മുടെ അപ്പന് കാണുന്നത്..? നമ്മളെക്കാള് അവനല്പം സൌന്ദര്യമുണ്ടെന്നുള്ളത് ശരി തന്നെ… പക്ഷേ കുടുംബത്തിനു വേണ്ടി പാടു പെടുന്നവര് നമ്മളല്ലേ…”

“ഏതായാലും അവന് ജീവിച്ചിരിക്കുന്നത് നമ്മള്ക്ക് ആപത്താണ്… ജോസഫിനെ ഇല്ലാതാക്കുന്നതാണ് നമ്മുടെ ഭാവിക്ക് നല്ലത്… അതിന് ഇതാണ് പറ്റിയ അവസരം…ജോസഫിന്റെ സഹോദരന്മാര് തമ്മില് തീരുമാനിച്ചു.പക്ഷേ എങ്ങനെ അവനെ ഇല്ലാതാക്കും..!!! അപ്പനോട് എന്ത് പറയും…? അവര് തലപുകഞ്ഞാലോചിച്ചു.

“ഇത് മരുഭൂമിയല്ലേ…. അവനെ കൊന്ന് ഒരു കുഴിയിലിടാം… എന്നിട്ട് ഒരു ക്രൂരമ്യഗം അവനെ കൊന്ന് തിന്നുവെന്ന് അപ്പനോട് നമുക്ക് കള്ളം പറയാം…“ ഒരാള് പറഞ്ഞു.

“ഇല്ല. അവനെ കൊല്ലുവാന് ഞാന് സമ്മതിക്കില്ല…..” പെട്ടന്ന് ജോസഫിന്റെ മൂത്ത സഹോദരനായ രൂബേന് എതിര്പ്പ് പ്രകടിപ്പിച്ചു. രൂബേന്റെ പെട്ടന്നുള്ള മന:മാറ്റം മറ്റുള്ള സഹോദരങ്ങളെ ആശയക്കുഴപ്പിത്തിലാക്കി.

“ചേട്ടനെന്താ ജോസഫിനോട് പെട്ടന്നൊരു അനുകമ്പ..? കഴിഞ്ഞതെല്ലാം ചേട്ടന് മറന്നു പോയോ..? നമ്മള്ക്കാര്ക്കും തരാതെ ജോസഫിന് മാത്രം അപ്പന് മനോഹരമായ ആ വസ്ത്രം തയ്പ്പിച്ചു കൊടുത്തതും.. മാത്രമല്ല അവന് നമ്മളോട് പണ്ട് പറഞ്ഞ ആ സ്വപ്നങ്ങളും….“ രൂബേനോട് സഹോദരന്മാരിലൊരാള് കയര്ത്തു.

“അതെ.. കഴിഞ്ഞതെല്ലാം ചേട്ടന് മറന്നിരിക്കുന്നു… അല്ലെങ്കില് മറന്നതായി അഭിനയിക്കുന്നു… ചേട്ടനറിയാമല്ലോ.. അവന് കണ്ട ഒന്നാമത്തെ സ്വപനവും അതിന്റെ പൊരുളും… നമ്മള് ജോസഫിനോടൊപ്പം വയലില് കറ്റകള് കെട്ടിക്കൊണ്ടിരുന്നപ്പോള് ജോസഫിന്റെ കറ്റകള് എഴുന്നേറ്റു നിവര്ന്നു നിന്നു…..പെട്ടന്ന് നമ്മുടെ കറ്റകള് ജോസഫിന്റെ കറ്റകളുടെ ചുറ്റും നിന്ന് അവയെ നമസ്ക്കരിച്ചു… അവന്റെ കറ്റകളെ നമ്മളുടെ കറ്റകള് വണങ്ങിയതിന്റെ പൊരുള് നാം അവന്റെ അടിമകളാകുമെന്നും അവന് നമ്മളെ വാഴുമെന്നുമല്ലേ,,,,,“

“അതെ .. അതാണാ സ്വപ്നത്തിന്റെ പൊരുള്….” വേറൊരാള് പിന്താങ്ങി. “സൂര്യനും.. ചന്ദ്രനും, പതിനൊന്ന് നക്ഷത്രങ്ങളും ജോസഫിനെ നമസ്ക്കരിക്കുന്നതല്ലേ.. അവന് കണ്ട രണ്ടാമത്തെ സ്വപ്നം…? ആ പതിനൊന്ന് നക്ഷത്രങ്ങള് നമ്മള് പതിനൊന്ന് സഹോദരന്മാരെയാണ് സൂചിപ്പിക്കുന്നത്.. നാം അവന് അടികള്… അവന് നമ്മളെ വാഴുന്നു…..”

“ഇല്ല നമ്മുടെ യജമാനനായി ജോസഫ് വാഴാന് പറ്റില്ല... അവന് കണ്ട സ്വപ്നങ്ങള് നിവ്യത്തിയാവുന്നതിന് മുമ്പ് നമുക്കവനെ ഇല്ലാതാക്കിയേ മതിയാവൂ…” സഹോദരന്മാര് ഒന്നടങ്കം രൂബേനോട് ആവശ്യപ്പെട്ടു. തന്റെ അനുജന്മാര് പറഞ്ഞതെല്ലാം അക്ഷരം പ്രതി ശരിയാണെങ്കിലും ജോസഫിനെ കൊല്ലുന്നതിന് കൂട്ടു നില്ക്കുവാന് രൂബേന്റെ മനസ്സ് വിസമ്മതിച്ചു.

“അവനെ കൊല്ലാതെ എന്തു ചെയ്യണം.. അങ്ങ് പറയൂ….” സഹോദരന്മാര് ഒന്നടങ്കം രൂബേനോട് ചോദിച്ചു. രൂബേന് ഉത്തരം മുട്ടി. രൂബേന് തലയുയര്ത്തി ദൂരേക്ക് നോക്കി. ജോസഫ് തങ്ങളുടെ അടുക്കലേക്ക് നടന്നടത്തു വരികയാണ്… അവന്റെ ചോരയ്ക്കായി തനിക്കു ചുറ്റും കലിതുള്ളി നില്ക്കുകയാണ് തന്റെ സഹോദരങ്ങള്….

ഒരു പക്ഷേ മൂത്ത സഹോദരനായ തന്റെ അനുവാദത്തിന് കാത്തു നില്ക്കാതെ അവര് ജോസഫിനെ വകവരുത്തുമെന്ന് രൂബേന് ഭയന്നു.ഉടന് എന്തെങ്കിലും ചെയ്തേ മതിയാവൂ… അല്ലെങ്കില് തന്റെയീ മൌനം ജോസഫിന്റെ ജീവന് അപഹരിക്കുമെന്ന് രൂബേന് ഞെട്ടലോടെ അപ്പോള് തിരിച്ചറിയുകയായിരുന്നു…

ജോസഫിനെ തന്റെ അനുജന്മാര് കൊല്ലുന്നതിന് മുമ്പ് എങ്ങനെയെങ്കിലും അവരുടെ കൈയ്യില് നിന്നും അവനെ രക്ഷിച്ച് അപ്പന്റെ അടുക്കല് എത്തിച്ചേ മതിയാവൂ.’ രൂബേന് പെട്ടന്ന് ചുറ്റും നോക്കി. തൊട്ടടുത്ത് വെള്ളമില്ലാത്ത ഒരു പൊട്ടക്കിണറ് രൂബേന് കണ്ടു. തല്ക്കാലം ജോസഫിനെ മരണത്തില് നിന്ന് രക്ഷിക്കുവാന് ഈ കിണര് മതിയാവും.. രൂബേന് മനസ്സില് തീരുമാനിച്ചു.

“നിങ്ങള് ജോസഫിനെ കൊല്ലാതെ ആ പൊട്ടക്കിണറ്റില് ഇടുക…” രൂബേന് തന്റെ അനുജന്മാരോട് ആജ്ഞാപിച്ചു. “നല്ല ആശയം. മരുഭൂമിയിലെ ഈ പൊട്ടക്കിണറ്റില് വെള്ളവും, വായുവും ലഭിക്കാതെ ജോസഫ് മരിച്ചു കൊള്ളും..” രൂബേന്റെ ആശയത്തോട് ജോസഫിന്റെ സഹോദരന്മാര് യോജിച്ചു.

ഈ സമയം തന്റെ സഹോദരന്മാരുടെ ചതിയൊന്നുമറിയാതെ ജോസഫ് അവരുടെ അരികിലെത്തി. പെട്ടന്നാണ് ഇരയ്ക്ക് വേണ്ടി കാത്തിരുന്ന ചെന്നായ്ക്കളെപ്പോലെ അവര് ജോസഫിന്റെ മേല് ചാടി വീണത്. എന്താണ് സംഭവിക്കുന്നതെന്ന് ജോസഫിന് മനസ്സിലായില്ല. അവനൊന്ന് ശബ്ദിക്കുവാന് കഴിയുന്നതിന് മുമ്പ് അവര് അവന്റെ വസ്ത്രമൂരിയെടുത്ത ശേഷം ജോസഫിനെ ആഴമേറിയ ആ പൊട്ടക്കിണറ്റിലേക്ക് തള്ളിയിട്ടു. ജോസഫിന്റെ നിലവിളിയും, കരച്ചിലും കേട്ട് അവന്റെ സഹോദരന്മാര് പൊട്ടിച്ചിരിച്ചു. എന്നാല് രൂബേന് മാത്രം ഇതിലൊന്നും പെടാതെ ആട്ടിന് കൂട്ടത്തിനരികിലേക്ക് നടന്നു..

‘അങ്ങനെ ആ സ്വപ്നക്കാരന്റെ ശല്യവും തീര്ന്നു…“ രൂബേനൊഴികെ ജോസഫിനെ സഹോദരങ്ങള് ആശ്വാസത്തോടു കൂടി ഭക്ഷണം കഴിക്കുവാനിരുന്നപ്പോഴാണ് ദൂരെ മരുഭൂമിയിലൂടെ ഒരു സംഘം ആള്ക്കാര് ഒട്ടകപ്പുറത്ത് വരുന്നത് അവര് കണ്ടത്. സുഗന്ധവസ്തുക്കളുമായി ഈജിപ്തിലേക്ക് പോകുന്ന യിശ്മേല്യരായ കച്ചവടക്കാരായിരുന്നു അവര്.അക്കാലത്ത് അടിമക്കച്ചവടം നില നിന്നിരുന്ന സമയമായിരുന്നു. മനുഷ്യനെ വില്ക്കാനും, വാങ്ങാനും കഴിയുന്ന കാലം. ഇങ്ങനെ വാങ്ങുകയും വില്ക്കുകയും ചെയ്യപ്പെടുന്ന മനുഷ്യരെ അടിമകള് എന്നാണ് അറിയപ്പെടുക. യജമാനന്മാര് തങ്ങള് വാങ്ങുന്ന അടിമകളെക്കൊണ്ട് എല്ലുമുറിയെ പണിയെടുപ്പിച്ചിരുന്നു. മ്യഗത്തിനു തുല്യമായിരുന്നു അക്കാലത്ത് അടിമകളുടെ ജീവിതം.

ഈജിപ്തിലേക്ക് പോകുന്ന ആ കച്ചവടക്കാരെ കണ്ടപ്പോള് ജോസഫിന്റെ രണ്ടാമത്തെ ജേഷ്യഠനായ യഹൂദയ്ക്ക് ഒരാശയം തോന്നി. ജോസഫിനെ ഈ കച്ചവടക്കാര്ക്ക് വിറ്റാലോ..? ഏതായാലും അവനെ കൊല്ലാനല്ലേ തങ്ങള് തീരുമാനിച്ചത്. അവനെ കൊല്ലുന്നതിനോട് രൂബേനൊട്ട് സമ്മതവുമല്ല.

ഇതു നല്ല അവസരം!
ഈ കച്ചവടക്കാര്ക്ക് വിറ്റാല് അവര് അവനെയും കൊണ്ട് ഈജിപ്തിലേക്ക് പൊയ്ക്കൊള്ളും. അവര് അവനെ കൊല്ലുകയോ, വളര്ത്തുകയോ, വില്ക്കുകയോ, വില്ക്കാതിരിക്കുയോ, എന്തു വേണമെങ്കിലും ചെയ്തോട്ടെ….” യഹൂദ ചിന്തിച്ചു.

“സഹോദരന്മാരേ… ജോസഫ് നമ്മുടെ സഹോദരനും, നമ്മുടെ രക്തവും, നമ്മുടെ മാംസവുമല്ലേ..? അല്ല…അവനെ കൊന്നിട്ട് നമുക്കെന്ത് ഫലം? അതുകൊണ്ട് അവനെ ദാ, ആ വരുന്ന കച്ചവടക്കാര്ക്ക് നമുക്ക് വില്ക്കാം. വില നമുക്ക് മുന്നില് ഒരു പ്രശ്നമേയല്ല. അവനെക്കൊണ്ടുള്ള ശല്യം ഇല്ലാതാക്കുകയാണ് നമ്മുടെ ലക്ഷ്യം..” യഹൂദ സഹോദരന്മാരോട് പറഞ്ഞു.

യഹൂദയുടെ അഭിപ്രായത്തോട് എല്ലാവരും യോജിച്ചു.പെട്ടന്ന് സഹോദരന്മാരെല്ലാവരും ചേര്ന്ന് ജോസഫിനെ കിണറ്റില് നിന്ന് വളരെ പാടുപെട്ട് പുറത്തെടുത്തു. ‘തന്റെ പ്രാര്ത്ഥന ദൈവം കേട്ടിരിക്കുന്നു….” ഇരുട്ടു നിറഞ്ഞ ആ കിണറ്റില് നിന്ന് പുറത്ത് വന്നപ്പോള് ജോസഫിന് എന്തെന്നില്ലാത്ത സന്തോഷം തോന്നി. കിണറ്റില് കിടന്ന് താന് അനുഭവിച്ച വേദനയും, സങ്കടവും പെട്ടന്നെവിടെയോ അലിഞ്ഞില്ലാതായതു പോലെ ജോസഫിന് തോന്നിപ്പോയി. അവന് തന്നെ ആ പൊട്ടക്കിണറ്റില് നിന്ന് രക്ഷപെടുത്തിയ സഹോദരന്മാര്ക്കും, അവരെ അതിന് പ്രേരിപ്പിച്ച ദൈവത്തിനും നന്ദി പറഞ്ഞു…പക്ഷേ…ഒരു സംശയം മാത്രം ജോസഫിന്റെ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി.!

യാതൊരു തെറ്റും ചെയ്യാത്ത തന്നെ എന്തിനാണ് താന് ജീവനു തുല്യം സ്നേഹിക്കുന്ന തന്റെ സഹോദരന്മാര് ആ പൊട്ടക്കിണറ്റില് വലിച്ചെറിഞ്ഞത്…?നിറമിഴികളോടു കൂടി അവന് തന്റെ സഹോദരന്മാരുടെ മുഖത്തേക്ക് നോക്കി. എന്നാല് ശാന്തമായ ആ മുഖങ്ങള്ക്ക് പിന്നില് തന്നോടുള്ള പക അവരുടെ മനസ്സില് ആളിക്കത്തുന്നതും, യിശ്മേല്യ കച്ചവടക്കാര്ക്ക് താനൊരു വില്പ്പനച്ചരക്കാകുവാന് പോവുകയാണെന്നും പാവം ജോസഫറിഞ്ഞില്ല.

ഈജിപ്തിലേക്ക് പോകുന്ന കച്ചവടക്കാര് തങ്ങളുടെ അടുത്തെത്തിയപ്പോള് ജോസഫിന്റെ സഹോദരന്മാരിലൊരാള് ജോസഫിനെ വില്ക്കുന്നതിനെക്കുറിച്ച് കച്ചവടക്കാരോട് സംസാരിച്ചു. തന്റെ സഹോദരന് ആ കച്ചവടക്കാരോട് സംസാരിക്കുന്നത് കേട്ട് ജോസഫ് ഞെട്ടിപ്പോയി.താന് കേട്ടത് സത്യമോ, മിഥ്യയോ..? ജോസഫ് നിമിഷങ്ങളോളം സ്തംഭിച്ചു നിന്നു പോയി. തന്നെ കിണറ്റില് നിന്ന് ഇവര് വലിച്ചെടുത്തത് ഈ കച്ചവടക്കാര്ക്ക് വില്ക്കുവാനായിരുന്നോ..? ഇത്രമാത്രം തന്റെ സഹോദരങ്ങള് തന്നെ വെറുക്കുവാന് താനെന്തു തെറ്റാണ് ചെയ്തത്..? ജോസഫിന്റെ കണ്ണുകള് നിറഞ്ഞു.

‘നല്ല ചെറുപ്പക്കാരന്.. “ ജോസഫിനെ ആകമാനം ഒന്നു നോക്കി കച്ചവടക്കാരിലൊരാള് മറ്റുള്ളവരോട് രഹസ്യമായി പറഞ്ഞു. “നല്ല ആരോഗ്യവും, അതിനേക്കാളുപരി സൌന്ദര്യവും ഇവനുണ്ട്… ഇവനെ ഈജിപ്തിലെ അടിമച്ചന്തയില് കൊണ്ടു പോയി വിറ്റാല് ഇപ്പോള് മുടക്കുന്നതിന്റെ പത്ത് ഇരട്ടി പണമെങ്കിലും നമുക്ക് കിട്ടും....?

“ശരിയാണ് ഇവന് വേഗം വിറ്റഴിയുന്ന ചരക്കാണ്… ഈ സുന്ദരനെ കണ്ടാല് ആരാണ് നമ്മള് ചോദിക്കുന്ന വില നല്കി വാങ്ങാത്തത്.. ? വേറൊരാള് അഭിപ്രായപ്പെട്ടു. “ഞങ്ങളീ സുന്ദരന് ഇരുപത് വെള്ളി നാണയം തരാം.. എന്താ ഇവനെ കൊടുക്കുന്നോ…” കച്ചവടക്കാര് ജോസഫിന്റെ സഹോദരന്മാരോട് ചോദിച്ചു. അവര് പരസ്പരം മുഖത്തോടു മുഖം നോക്കി.

“ഇരുപതെങ്കില് ഇരുപത്…. ഞങ്ങള് സമ്മതിച്ചിരിക്കുന്നു….” സഹോദരന്മാരിലൊരാള് പറഞ്ഞു. നല്ല ഒരു കച്ചവടം ഒത്തു കിട്ടിയതിന്റെ സന്തോഷം കച്ചവടക്കാരുടെ മുഖത്ത് പ്രത്യക്ഷമായി. അവര് കീശയില് നിന്ന് ഇരുപത് വെള്ളി നാണയമെടുത്ത് ജോസഫിന്റെ സഹോദരന്മാരിലൊരാളുടെ കൈയ്യില് നല്കി….

“അയ്യോ.. ചേട്ടന്മാരെ എന്നെ ഇവര്ക്ക് വില്ക്കരുത്.. എന്നെ രക്ഷിക്കൂ..” ജോസഫിന്റെ നിലവിളിയും, കരച്ചിലും അവന്റെ സഹോദരങ്ങള് ചെവിക്കൊണ്ടില്ല.ഒരു തമാശ കേട്ടതു പോലെ അവര് പൊട്ടിച്ചിരിച്ചു.

കച്ചവടക്കാര് ജോസഫിനെ ബലമായി പിടിച്ച് ഒട്ടകപ്പുറത്ത് കയറ്റി. കുതറി രക്ഷപെടുവാന് ശ്രമിച്ചെങ്കിലും കച്ചവടക്കാരുടെ ബലമേറിയ കൈകള് അവനെ വലിഞ്ഞു മുറുക്കി.

“നിനക്ക് ഒരിക്കലും ഞങ്ങളുടെ കൈയ്യില് നിന്ന് രക്ഷപെടാന് കഴിയില്ല മോനേ.. മര്യാദയ്ക്ക് അടങ്ങിയൊതുങ്ങി ഞങ്ങളോടൊപ്പം വരുന്നതാണ് നിന്റെ ആരോഗ്യത്തിന് നന്ന്…”

കച്ചവടക്കാര് ജോസഫിന് മുന്നറിയിപ്പു നല്കി.ജോസഫിന്റെ നിലവിളിയും, കരച്ചിലും അവര് കേട്ടതായി നടിച്ചില്ല. അവന്റെ കണ്ണുനീരും, കരച്ചിലും മരുഭൂമിയില് അലിഞ്ഞില്ലാതെയായി….
ഒരു നല്ല ലാഭകച്ചവടം ഒത്തു കിട്ടിയതിന്റെ ആഹളാദത്തില് കച്ചവടക്കാര് ജോസഫിനെയും കൊണ്ട് ഈജിപ്തിലേക്കുള്ള യാത്ര തുടര്ന്നു. എന്നാല് ഈജിപ്തിലേക്കുള്ള തന്റെയീ യാത്ര ജീവിതത്തിലെ വലിയൊരു വഴിത്തിരിവായി തീരുവാന് പോവുകയാണെന്ന് ജോസഫ് ഒരിക്കലും സ്വപ്നത്തില് പോലും കരുതിയിരുന്നില്ല.

ഈ സമയം ജോസഫിന്റെ മൂത്ത സഹോദരനായ രൂബേന് തന്റെ അനുജന്മാര് ജോസഫിനെ കച്ചവടക്കാര്ക്ക് വിറ്റ കഥയൊന്നുമറിഞ്ഞിരുന്നില്ല. ജോസഫിനെ തന്റെ അനുജന്മാര് ഈജിപ്തിലേക്ക് പോയ കച്ചവടക്കാര്ക്ക് ഇരുപത് വെള്ളിക്കാശിന് വില്ക്കുമ്പോള് രൂബേന് അങ്ങ് ദൂരെ ആട്ടിന്പറ്റത്തോടൊപ്പമായിരുന്നു..മണിക്കൂറുകള്ക്ക് മുമ്പ് തന്റെ സഹോദരങ്ങള് മരുഭൂമിയിലെ പൊട്ടക്കിണറ്റിലേക്ക് തള്ളിയിട്ട ജോസഫിന് എന്തു സംഭവിച്ചെന്നറിയുന്നതിന് വേണ്ടി രൂബേന് കിണറ്റിനുള്ളിലേക്ക് നോക്കിയപ്പോഴാണ് അതിനുള്ളില് ജോസഫില്ലെന്ന സത്യം അയാളെ വല്ലാതെ ഭയപ്പെടുത്തിയത്..

‘ജോസഫിന് എന്ത് സംഭവിച്ചു…. താന് ആട്ടിന് കൂട്ടത്തിനരികിലേക്ക് പോയ തക്കം നോക്കി തന്റെ സഹോദരങ്ങള് അവനെ കൊന്നു ഈ മരുഭൂമിയിലെങ്ങാനും വലിച്ചെറിഞ്ഞോ…? അതോ.. ഈ കിണറ്റിനുള്ളില് നിന്ന് ജോസഫ് രക്ഷപെട്ടോ…‘ രൂബേന്റെ നെഞ്ചു പിടഞ്ഞു.“എവിടെ ജോസഫ്.. അവനെ നിങ്ങള് കൊന്നോ…?” അനുജന്മാരുടെ അടുക്കലേക്ക് ഒരു കൊടുങ്കാറ്റു പോലെ പാഞ്ഞെത്തിയ രൂബേന് ചോദിച്ചു.

“ചേട്ടന് പേടിക്കുന്നതുപോലൊന്നും സംഭവിച്ചിട്ടില്ല…. അവനെ ഞങ്ങള് കൊന്നിട്ടില്ല. ഈജിപ്തിലേക്ക് പോയ കച്ചവടക്കാര്ക്ക് ഞങ്ങളവനെ വിറ്റു.. ദാ അവനെ വിറ്റു കിട്ടിയ പണം..” യഹൂദ പറഞ്ഞത് കേട്ട് രൂബേന് സ്തംഭിച്ചു നിന്നു പോയി.

“മഹാപാപികളേ… നിങ്ങളെന്തു പണിയാണീ കാണിച്ചത്…? ജോസഫ് എവിടെന്ന് ചോദിച്ചാല് നമ്മുടെ അപ്പനോട് ഞാനെന്തു പറയും..? “ ദേഷ്യവും സങ്കടവും സഹിക്കാനാവാതെ രൂബേന് തന്റെ വസ്ത്രം വലിച്ചു കീറി.“ചേട്ടന് വിഷമിക്കേണ്ട, അപ്പനോട് എന്തു പറയണമെന്ന് ഞങ്ങള് പറഞ്ഞു തരാം…? അനുജന്മാരിലൊരാള് രൂബേനെ ആശ്വസിപ്പിച്ചു. പിന്നെ അയാള് രൂബേനും മറ്റ് എട്ട് സഹോദരന്മാരും നോക്കി നില്ക്കെ ആട്ടിന് കൂട്ടത്തിനിടയിലേക്ക് കടന്നു ചെന്ന് ആരോഗ്യമുള്ള ഒരാടിനെ കൊന്ന് അതിന്റെ രക്തം തന്റെ കൈയ്യിലിരുന്ന ജോസഫിന്റെ വസ്ത്രത്തില് മുക്കി.

“ദാ, ഇതു കണ്ടോ.. ചോരയില് മുങ്ങിയ ജോസഫിന്റെ ഈ വസ്ത്രം..” അയാള് തന്റെ കൈയ്യിലിരുന്ന വസ്ത്രം രൂബേന്റെ മുഖത്തേക്ക് നീട്ടിക്കൊണ്ട് പറഞ്ഞു. “ഈ ചോര പുരണ്ട വസ്ത്രം കണ്ടാല് ജോസഫിന് എന്തു സംഭവിച്ചെന്ന് നമ്മുടെ അപ്പന് മനസ്സിലാക്കും..”

“അതെ. നമ്മുടെ അടുക്കലേക്ക് വരുന്നതിനിടയില് ഒരു പറ്റം ചെന്നായ്ക്കള് ജോസഫിനെ കൊന്നു തിന്നിരിക്കുന്നു… ചോരയില് മുങ്ങിയ ഈ വസ്ത്രമാണ് അതിനുള്ള തെളിവ്. ജോസഫിന്റെ ഈ വസ്ത്രം അപ്പനു നാം കാട്ടി കൊടുത്തിട്ട് നമ്മളീ കള്ളക്കഥ അപ്പനോട് പറയും… നമ്മുടെയീ കെട്ടുകഥ അപ്പന് വിശ്വസിക്കാതിരിക്കില്ല….“

സഹോദരന്മാരില് മറ്റൊരാള് രൂബേനോട് പറഞ്ഞുതന്റെ സഹോദരങ്ങള് പറഞ്ഞതിന് മറുത്തൊരക്ഷരം പറയുവാന് രൂബേന് കഴിഞ്ഞില്ല. അങ്ങനെ അവര് ജോസഫിന്റെ വസ്ത്രവുമായി വീട്ടിലെത്തി. തന്റെ പ്രിയ മകന് ജോസഫ് മരിച്ചു എന്ന വാര്ത്ത കേട്ട് യാക്കോബ് തകര്ന്നു പോയി. ഒരു കൊച്ചു കുട്ടിയെപ്പോലെ യാക്കോബ് വാവിട്ടു കരഞ്ഞു.

ഈ സമയം ഒരു നീണ്ട യാത്രയ്ക്ക് ശേഷം ഈജിപ്തിലെത്തിയ യിശ്മേല്യരായ കച്ചവടക്കാര് ജോസഫിനെ ഈജിപ്തിലെ സൈനിക തലവനായ പോത്തിഫറിന് വിറ്റു. ജോസഫിന്റെ ഭാഗ്യമെന്ന് പറയട്ടെ. പോത്തിഫര് നല്ലൊരു മനുഷ്യനായിരുന്നു. രാജ്യത്തെ ഉന്നതമായൊരു പദവിയിലിരിക്കുകയാണെങ്കിലും അതിന്റെ അഹന്തയൊന്നും തൊട്ടു തീണ്ടിയിട്ടില്ലാത്ത നല്ലൊരു മനുഷ്യന്. ഒരു അടിമയെപ്പോലെയല്ല പോത്തിഫര് ജോസഫിനെ കരുതിയത്. മറിച്ച് തന്റെ വീട്ടിലെ ഒരംഗത്തെപ്പോലെ ജോസഫിനെ തന്റെ വീട്ടില് പാര്പ്പിച്ചു. ജോസഫ് പോത്തിഫറിന്റെ വീട്ടില് താമസിക്കുവാന് തുടങ്ങിയതോടു കൂടി പോത്തിഫറിന്റെ ജീവിതത്തിലും, കുടുംബത്തിലും ഒട്ടേറെ എശ്വര്യങ്ങളുണ്ടായി.ദൈവം ജോസഫിനോടൊപ്പമുണ്ടെന്ന് പോത്തിഫറിന് മനസ്സിലായി.

ഒട്ടും താമസിച്ചില്ല. തന്റെ വീടിന്റെയും, സ്വത്തിന്റെയും ഉത്തരവാദിത്വം പോത്തിഫര് ജോസഫിന് നല്കി. പോത്തിഫറിന്റെ കാര്യസ്ഥനായി കഴിയവെ തന്നില് ഭരമേല്പ്പിച്ചിരിക്കുന്ന ജോലികളെല്ലാം ജോസഫ് വളരെ ഭംഗിയായി നിര്വഹിച്ചു. എന്നാല് എല്ലാ സുഖസൌഖര്യങ്ങളോടു കൂടിയും പോത്തിഫറിന്റെ കൊട്ടാര സമാനമായ വീട്ടില് കഴിയുമ്പോഴും തന്റെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള ഓര്മ്മള് ജോസഫിന്റെ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തിക്കൊണ്ടിരുന്നുയാതൊരു തെറ്റും ചെയ്യാത്ത തന്നെ കൊല്ലാന് ശ്രമിക്കുകയും, ഒടുവില് അടിമ കച്ചവടക്കാര്ക്ക് വില്ക്കുകയും ചെയ്ത താന് ജീവനു തുല്യം സ്നേഹിച്ചിരുന്ന തന്റെ സഹോദരങ്ങള്.. എന്തിനാണ് തന്നോടിച്ചതി ചെയ്തത്…? എത്ര തന്നെ ആലോചിച്ചിട്ടും ഉത്തരം കിട്ടാത്ത വലിയൊരു സമസ്യപോലെ ജോസഫിന്റെ മനസ്സിനെ വേട്ടയാടിക്കൊണ്ടിരുന്നു.

‘ഈജിപ്തിലേക്കുള്ള വഴിയില് താനൊഴുക്കിയ കണ്ണുനീരും, അടിമ ചന്തയില് കന്നുകാലികളെപ്പോലെ വിലപേശപ്പെട്ടവന്റെ വേദനയും കാലങ്ങള് പിന്നിട്ടാലും തനിക്കത് മറക്കുവാന് കഴിയില്ല…. എന്തിനായിരുന്നു എല്ലാം…?‘ ജോസഫ് പലപ്പോഴും ചിന്തിക്കാറുണ്ടായിരുന്നു.

ദിവസങ്ങളും, മാസങ്ങളും പലതും കഴിഞ്ഞുകൊണ്ടിരുന്നു….
പോത്തിഫറിന്റെ വിശ്വസ്ത കാര്യസ്ഥനായി ജോസഫ് കഴിയവെ എത്ര പെട്ടന്നാണ് കാര്യങ്ങള് കുഴഞ്ഞ് മറിഞ്ഞത്. ജോസഫിന്റെ ജീവിതത്തില് ഇടിത്തീ പോലെ കടന്നു വന്ന ആ സംഭവം എന്തായിരുന്നു.?

പോത്തിഫറിന്റെ ഭാര്യയായിരുന്നു എല്ലാത്തിനും കാരണം.ജോസഫിന്റെ സൌന്ദര്യവും, യൌവ്വനത്തിന്റെ ചുറുചുറുക്കും ആ സ്ത്രീയെ വല്ലാതെ മത്തുപിടിപ്പിച്ചിരുന്നു. പോത്തിഫര് വീട്ടിലില്ലാത്ത തക്കം നോക്കി പല തവണ പ്രലോഭനങ്ങളിലൂടെ അവര് ജോസഫിനെ വലയിലാക്കുവാന് ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവില് ജോസഫ് ഏതോ ജോലിയില് മുഴുകിയിരുന്ന തക്കം നോക്കി അവര് അവനെ കടന്നു പിടിച്ചു. അവനാ സ്ത്രീയുടെ കരവലയത്തില് നിന്നു ഒരു വിധത്തില് രക്ഷപെട്ട് പുറത്തേക്ക് ഓടിയെങ്കിലും അവന്റെ വസ്ത്രം അവരുടെ കൈയ്യിലകപ്പെട്ടു പോയി.കോപവും, ദുഖവും കൊണ്ട് ഭ്രാന്ത് പിടിച്ച ആ സ്ത്രീ തന്റെ ഇംഗിതത്തിന് വഴങ്ങാതിരുന്ന ജോസഫിനെ ഒരു പാഠം പഠിപ്പിക്കുവാന് തീരുമാനിച്ചു. തന്റെ കൈയ്യിലിരിക്കുന്ന ജോസഫിന്റെ വസ്ത്രം ഉയര്ത്തിപ്പിടിച്ച് അവര് ഉച്ചത്തില് നിലവിളിച്ചു. അവരുടെ നിലവിളി കേട്ട് ആ വീട്ടിലെ ജോലിക്കാരെല്ലാം ഓടിയെത്തി.

“കേട്ടോളിന്…. ആ നന്ദികെട്ട ജോസഫ് എന്നോട് കാണിച്ച നെറികേട്,,, പോത്തിഫര് ഇവിടെ ഇല്ലാത്ത തക്കം നോക്കി.. ഉറങ്ങിക്കിടന്ന എന്നെ അവന് കയറിപ്പിടിക്കുവാന് ശ്രമിച്ചു…. ഞാന് ഉച്ചത്തില് നിലവിളിച്ചപ്പോള് അവന് ഓടിക്കളഞ്ഞു… ദേ അവന്റെ വസ്ത്രമാണിത്… രക്ഷപെടാനുള്ള ശ്രമത്തിനിടയില് ആ നന്ദികെട്ട മ്യഗം ഇത് മറന്നു പോയി…” പോത്തിഫറിന്റെ ഭാര്യ പറഞ്ഞത് കേട്ട് സകലരും ഞെട്ടിപ്പോയി.

“ഹോ.. യജമാനന് എത്ര കാര്യമായിട്ടാണ് ജോസഫിനെ സ്നേഹിച്ചത്… എന്നിട്ടും യജമാനന്റെ ഭാര്യയെ അവന്… ഹോ വിശ്വസിക്കുവാന് കഴിയുന്നില്ല….” വീട്ടുജോലിക്കാര് തമ്മില് പറഞ്ഞു.

“ശരിയാണ് സ്വന്തം സഹോദരനെപ്പോലെയായിരുന്നു നമ്മുടെ യജമാനന് ജോസഫിനെ കണ്ടതും…. എങ്കിലും അവനീച്ചതി അദ്ദേഹത്തോട് ചെയ്തത് ഒട്ടും ശരിയായില്ല…. ഇവനെയൊക്കെ കഴുമരത്തിലേറ്റണം…“ അവര് പറഞ്ഞു.

“അതെ നന്ദിയില്ലാത്ത മ്യഗം തന്നെയാണവന്… മാന്യനായി ഇത്രയും കാലം ഈ വീട്ടില് കഴിഞ്ഞ അവന്റെ മനസ്സിലിരുപ്പ് ഇതായിരുന്നെന്ന് മനസ്സിലാക്കാന് ഞാന് വൈകിപ്പോയി…” പോത്തിഫറിന്റെ ഭാര്യയുടെ വാക്കുകളില് ജോസഫിനോടുള്ള വൈരാഗ്യം തിളച്ചു മറിഞ്ഞു. പോത്തിഫര് വീട്ടിലെത്തിയപ്പോള് പൊടിപ്പും, തൊങ്ങലും ചേര്ത്ത് ജോസഫിനെക്കുറിച്ചുള്ള ഇല്ലാക്കഥകള് അവര് അദ്ദേഹത്തെ ധരിപ്പിച്ചു. ജോസഫിന് തന്റെ നിരപരാധിത്വം തെളിയിക്കുവാന് പോലും അവസരം ലഭിച്ചില്ല. കുപിതനായ പോത്തിഫര് ജോസഫിനെ തടവറയിലടച്ചു.

“ദൈവമേ എന്ത് തെറ്റ് ചെയ്തിട്ടാണ് താനീ തടവറയിലായത്..? തടവറയില് കിടന്ന് ജോസഫ് കണ്ണീരോടു കൂടി പ്രാര്ത്ഥിച്ചു. ജോസഫിന്റെ പ്രാര്ത്ഥന കേട്ട ദൈവം അവനെ കൈവിട്ടില്ല. തടവറയുടെ അധികാരികയിലൂടെ ദൈവം ജോസഫിനോട് കരുണ കാണിച്ചു.ജോസഫിന്റെ ജീവിത കഥകളറിഞ്ഞ അധികാരിക്ക് അവനോട് ദയ തോന്നുകയും കഠിനമായ പണികളൊന്നും ചെയ്യിപ്പിക്കാതെ ആ തടവറയിലെ കുറ്റവാളികളെ നോക്കുന്ന ചുമതല മാത്രം അദ്ദേഹം ജോസഫിന് നല്കുകയും ചെയ്തു. ഇരുമ്പഴികള്ക്കുള്ളിലും തന്നെ ഭരമേല്പ്പിച്ച ജോലി വളരെ ഭംഗിയായി ചെയ്യുവാന് ജോസഫിന് കഴിഞ്ഞു.

ചുരുങ്ങിയ ദിവസങ്ങള്ക്കുള്ളില് തന്നെ ജയിലധികാരികള്ക്ക് മാത്രമല്ല, വലിയ കുറ്റവാളികള്ക്കു പോലും ജോസഫ് സ്വീകാര്യനായി തീര്ന്നു.എന്നാല് അന്ന് തടവറയില് വലിയൊരു സംഭവമുണ്ടായി. ജോസഫിന്റെ ജീവിതത്തിലെ വലിയൊരു നാഴികക്കല്ലായിരുന്നു ആ സംഭവം…

ആ സംഭവം ഇതായിരുന്നു….
ഈജിപ്തിലെ രാജാവായ ഫറവോന്റെ കൊട്ടാരത്തിലെ കുശിനിക്കാരുടെ തലവനും, മദ്യശാലയുടെ തലവനും ജോസഫിനോടൊപ്പം തടവറയിലുണ്ടായിരുന്നു. രാജാവിന് ഇഷ്ടമില്ലാത്തതെന്തോ പ്രവര്ത്തിച്ചതിനാലാണ് ഇരുവരും തടവറയിലായത്. തടവറയില് തങ്ങളുടെ ശിക്ഷാവിധിയും കാത്ത് കിടക്കുമ്പോഴാണ് ഇരുവരും അന്ന് രാത്രിയില് ഓരോ സ്വപ്നങ്ങള് വീതം കണ്ടത്.

‘ഒരു മുന്തിരി വള്ളി. അതിലെ മൂന്ന് കൊമ്പുകള് പെട്ടന്ന് തളിര്ത്തു പൂവിട്ടു, മുന്തിരി പൂക്കള് കൊഴിഞ്ഞു, വള്ളികളില് മുന്തിരിങ്ങകള് പ്രത്യക്ഷമായി. മുന്തിരിങ്ങ പഴുത്തപ്പോള് അത് പറിച്ച് പിഴിഞ്ഞ് മുന്തിരിച്ചാര് ഫറവോന് നല്കി…” ഇതായിരുന്നു മദ്യശാലയുടെ തലവന് കണ്ട സ്വപ്നം.

‘തലയില് വെളുത്ത അപ്പം നിറച്ച മൂന്ന് കൊട്ട. ഏറ്റവും മുകളിലത്തെ കൊട്ടയിലുള്ള അപ്പം പക്ഷികള് പറന്നു വന്ന് കൊത്തി തിന്നു…” ഇതായിരുന്നു കുശിനിക്കാരുടെ തലവന് കണ്ട സ്വപ്നം…തങ്ങള് കണ്ട

സ്വപ്നത്തിന്റെ അര്ത്ഥമെന്തന്നറിയാതെ കുശിനിക്കാരുടെ തലവനും, മദ്യശാലയുടെ തലവനും വിഷമിച്ചിരിക്കുമ്പോഴാണ് ജോസഫ് അവരോട് തങ്ങളുടെ ദു:ഖത്തിന്റെ കാരണം അന്വേഷിച്ചത്. അവര് തങ്ങളുടെ ദു:ഖകാരണം ജോസഫിനെ അറിയിച്ചു.

"താങ്കള് കണ്ട സ്വപ്നത്തിന്റെ അര്ത്ഥം ഇതാകുന്നു…” മദ്യശാലയുടെ തലവനോട് ജോസഫ് പറഞ്ഞു. “മുന്തിരി വള്ളിയുടെ മൂന്ന് കൊമ്പുകള് എന്നത് മൂന്ന് ദിവസത്തെയാണ് സൂചിപ്പിക്കുന്നത്. അതായത് താങ്കള് ചെയ്ത തെറ്റുകള് രാജാവ് പൊറുത്ത് മൂന്ന് ദിവസത്തിനകം ഈ തടവറയില് നിന്ന് മോചിപ്പിക്കുകയും താങ്കള് പഴയ ജോലിയില് പ്രവേശിക്കുകയും ചെയ്യും..” ജോസഫിന്റെ വാക്കുകള് അയാളെ സന്തോഷിപ്പിച്ചു.

“നിങ്ങളെ സമ്മതിച്ചിരിക്കുന്നു ജോസഫ് … നിങ്ങള് വലിയ കഴിവുള്ളവനാണ്.. അല്ലെങ്കില് ഞാന് കണ്ട ഈ സ്വപ്നത്തിന്റെ അര്ത്ഥം വിശദീകരിക്കുവാന് നിങ്ങള്ക്ക് കഴിയില്ല…

“ഏതായാലും എന്റെ സന്തോഷത്തിന് പകരമായി എന്തുപകാരമാണ് നിങ്ങള്ക്ക് ഞാന് ചെയ്തു തരേണ്ടത്.?“ അയാള് ജോസഫിനോട് ചോദിച്ചു.

“സുഹ്യത്തേ ഇതൊന്നും എന്റെ കഴിവല്ല. സാക്ഷാല് ദൈവമാണ് താങ്കള് കണ്ട സ്വപ്നത്തിന്റെ അര്ത്ഥം എനിക്ക് മനസ്സിലാക്കി തന്നത്…” ജോസഫ് വിനയാന്വിതനായി."നിങ്ങള് ഇവിടെ നിന്ന് മോചിതനായി രാജകൊട്ടാരത്തിലെത്തുമ്പോള് എനിക്ക് വേണ്ടി ഒരുപകാരം ചെയ്യണം..” ജോസഫ് തന്റെ കഥന കഥകള് അയാളെ അറിയിച്ചശേഷം ആവശ്യപ്പെട്ടു.

“ഒരു തെറ്റും ഞാന് ചെയ്തിട്ടില്ല. എന്നിട്ടും ഞാനീ തടവറയില് അപരാധിയെപ്പോലെ കിടക്കുവാന് തുടങ്ങിയിട്ട് നാളുകളേറെയായി…. ദയവായി എന്നെക്കുറിച്ചും എന്റെ നിരപരാധിത്വവും താങ്കള് രാജാവിനെ അറിയിക്കണം.” ജോസഫിന്റെ കണ്ണുകള് നിറഞ്ഞു കവിഞ്ഞു.

“നിങ്ങള് വിഷമിക്കേണ്ട ജോസഫ്.. നിങ്ങളെ ഞാനൊരിക്കലും മറക്കില്ല. രാജകൊട്ടാരത്തിലെത്തിയ ശേഷം നിങ്ങള്ക്കു വേണ്ടി എന്തൊക്കെ ചെയ്യാമോ, അതൊക്കെ ഞാന് തീര്ച്ചയായും ചെയ്തിരിക്കും…” അയാള് ജോസഫിന് ഉറപ്പു നല്കി. എന്നാല് അയാളുടെ വാക്കുകള് വെറും പാഴ് വാക്കുകളായിരുന്നുവെന്ന് ജോസഫറിഞ്ഞില്ല.

“ജോസഫ്, ഞാന് കണ്ട സ്വപ്നത്തിന്റെ അര്ത്ഥമെന്തെന്നറിയാന് എനിക്കും തിടുക്കമായി…”കുശിനിക്കാരുടെ തലവന് ജോസഫിനോട് പറഞ്ഞു.

“താങ്കള് കണ്ട സ്വപ്നത്തിന്റെ അര്ത്ഥം ഇതാകുന്നു…” ജോസഫ് അയാളോട് പറഞ്ഞു. “താങ്കളുടെ തലയിലിരുന്ന മൂന്ന് കൊട്ട, മൂന്ന് ദിവസങ്ങളെയാണ് സൂചിപ്പിക്കുന്നത്. അതായത് മൂന്നാം ദിവസം ഫറവോന് താങ്കളുടെ തലവെട്ടി താങ്കളുടെ ശരീരം ഒരു മരത്തില് കെട്ടി തൂക്കും. ആകാശത്തിലെ പറവകള് താങ്കളുടെ മാസം തിന്നു കളയും.. “

താന് കണ്ട സ്വപ്നത്തിന്റെ അര്ത്ഥം ജോസഫ് വിവരിച്ചത് കേട്ട് കുശിനിക്കാരുടെ തലവന് അക്ഷരാര്ത്ഥത്തില് ഞെട്ടിപ്പോയി. ജോസഫ് പറഞ്ഞതു പോലെയാണ് ഇരുവര്ക്കും സംഭവിച്ചത്… കുശിനിക്കാരുടെ തലവനെ ഫറവോന് തൂക്കി കൊല്ലുകയും, കൊട്ടാരത്തിലെ മദ്യശാലയുടെ തലവന് രാജകൊട്ടാരത്തിലെ ജോലിയില് പുന:പ്രവേശിക്കുകയും ചെയ്തു.

എന്നാല് ജോലിയില് പ്രവേശിച്ചതോടു കൂടി അയാള് ജോസഫിന് കൊടുത്ത വാക്ക് പാടെ മറന്നു.പാവം ജോസഫ് തന്റെ വിധിയെ പഴിച്ച് തടവറയില് മാസങ്ങളും, വര്ഷങ്ങളും തള്ളി നീക്കി. ഈ സമയത്താണ് രാജകൊട്ടാരത്തില് ആ സംഭവം നടന്നത്.....

അന്ന് രാജാവായ ഫറവോന് രണ്ട് സ്വപ്നങ്ങള് കണ്ടു….
‘രാജാവ് നദീ തീരത്ത് നില്ക്കുമ്പോള് നദിയില് നിന്ന് നല്ല ആരോഗ്യവും, ചുറുചുറുക്കുമുള്ള ഏഴു പശുക്കള് നദിയില് നിന്ന് കയറി വന്ന് നദീ തീരത്തുള്ള ഞാങ്ങണച്ചെടിയുടെ ഇടയില് മേഞ്ഞു കൊണ്ടിരുന്നു. ഈ സമയത്താണ് നദിയില് നിന്ന് മെലിഞ്ഞ് ആരോഗ്യമില്ലാത്ത ഏഴു പശുക്കള് കയറി വന്ന് ആരോഗ്യമുള്ള പശുക്കളെ തിന്നു കളഞ്ഞത്..” ഇതായിരുന്നു ഫറവോന് കണ്ട ആദ്യത്തെ സ്വപ്നം.

രാജാവ് കണ്ട രണ്ടാമത്തെ സ്വപ്നം ഇങ്ങനെയായിരുന്നു…. ‘നല്ല കരുത്തുള്ള ഏഴ് ഗോതമ്പ് കതിരുകള് ഒരു തണ്ടില് നിന്ന് പൊങ്ങി വന്നു. അതിന് പിന്നാലെ കരുത്തു കുറഞ്ഞ ഏഴു കതിരുകള് പൊങ്ങി വന്നു, പെട്ടന്നാണ് കരുത്തു കുറഞ്ഞ കതിരുകള് കരുത്തുള്ള കതിരുകളെ വിഴുങ്ങിയത്…”

താന് കണ്ട സ്വപ്നങ്ങളുടെ അര്ത്ഥമെന്തന്നറിയാതെ രാജാവ് കുഴഞ്ഞു. അദ്ദേഹം തന്റെ രാജ്യത്തെ പണ്ഡിതന്മാരെയും, മന്ത്രവാദികളെയുമെല്ലാം വിളിച്ചു വരുത്തി താന് കണ്ട സ്വപ്നങ്ങളുടെ അര്ത്ഥമെന്തെന്ന് ആരാഞ്ഞു. പക്ഷേ രാജാവ് കണ്ട അസാധാരണങ്ങളായ ആ സ്വപ്നങ്ങളുടെ അര്ത്ഥമെന്തെന്ന് വിവരിക്കുവാന് ആ രാജ്യത്തുള്ള പണ്ഡിതന്മാര്ക്കോ, മന്ത്രവാദികള്ക്കോ കഴിഞ്ഞില്ല.

ഈ സമയത്താണ് രാജാവിന്റെ മദ്യശാലയുടെ തലവന് പണ്ട് തന്നോടൊപ്പം തടവറയില് കിടന്ന ജോസഫിനെക്കുറിച്ചും, തടവറയില് വച്ച് അന്ന് താന് കണ്ട സ്വപ്നത്തിന്റെ അര്ത്ഥം ജോസഫ് വിവരിച്ചതും പിന്നീട് അതുപോലെ സംഭവിച്ചതും ഓര്മ്മ വന്നത്.തടവറയില് നിന്ന് മോചിതനായശേഷം താന് ജോസഫിനോട് കാണിച്ച നന്ദികേടിനെക്കുറിച്ചോര്ത്തപ്പോള് അയാള്ക്ക് വല്ലാത്ത ദു;ഖം തോന്നുകയും ചെയ്തു. ഒട്ടും താമസിച്ചില്ല, അയാള് രാജാവിന്റെ അടുക്കലെത്തി രാജാവിനെ ജോസഫിനെക്കുറിച്ചുള്ള വിവരങ്ങള് ധരിപ്പിച്ചു.ജോസഫിനെ ഉടന് തന്റെ മുന്നില് ഹാജരാക്കുവാന് രാജാവ് കല്പ്പിച്ചു. രാജകല്പന കേട്ട രാജഭ്യത്യന്മാര് വേഗം തടവറയിലെത്തി ജോസഫിനെ നല്ല വസ്ത്രങ്ങള് ധരിപ്പിച്ച് രാജസന്നിധിയിലെത്തിച്ചു.


പ്രതിസന്ധികളില് തളരാതെ ദൈവത്തില് മാത്രം അടിയുറച്ച് വിശ്വസിച്ച ജോസഫിനെ ദൈവം സ്നേഹിച്ച നിമിഷങ്ങളായിരുന്നു അത്.

“ജോസഫ്.. നാം കണ്ട സ്വപ്നത്തിന്റെ അര്ത്ഥം നിങ്ങള് പറയുകയാണെങ്കില് നാം നിങ്ങള്ക്ക് തക്കതായ പ്രതിഫലം നല്കുന്നതാണ്..” ഫറവോന് താന് കണ്ട സ്വപ്നങ്ങള് ജോസഫിനെ അറിയിച്ച ശേഷം പറഞ്ഞു.

“പ്രഭോ, അങ്ങ് കണ്ട രണ്ട് സ്വപ്നങ്ങളുടെയും അര്ഥം ഒന്നാകുന്നു…. അതായത് ഈ രാജ്യത്ത് വരാന് പോകുന്ന കാര്യങ്ങള് സര്വ്വശക്തനായ ദൈവം അങ്ങയെ സ്വപ്നങ്ങളില് കൂടി അറിയിച്ചിരിക്കുകയാണ്“ രാജസഭയില് രാജാവിന്റെയും, മന്ത്രിമാരുടെയും, പണ്ഡിതശേഷ്ഠന്മാരുടെയും മുന്നില് വച്ച് വളരെ ശാന്തനായി ജോസഫ് പറഞ്ഞു. ജോസഫ് പറയുന്നതെന്തെന്ന് കേള്ക്കുവാന് ഫറവോനും മറ്റ് രാജസഭയിലുള്ളവരും കാതുകൂര്പ്പിച്ചിരുന്നു.

“അങ്ങ് ഒന്നാമത്തെ സ്വപ്നത്തില് കണ്ട ആരോഗ്യമുള്ള പശുക്കളും, രണ്ടാമത്തെ സ്വപ്നത്തില് കണ്ട കരുത്തുള്ള ഏഴ് കതിരുകളും ഈ രാജ്യത്തുണ്ടാകുവാന് പോകുന്ന സുന്ദരവും, ഐശ്വര്യസമ്പന്നവുമായ ഏഴു വര്ഷങ്ങളെയാണ് സൂചിപ്പിക്കുന്നത്… അതുപോലെ അങ്ങ് ആദ്യത്തെ സ്വപ്നത്തില് കണ്ട മെലിഞ്ഞ ഏഴ് പശുക്കളും, രണ്ടാമത്തെ സ്വപ്നത്തില് കണ്ട കരുത്തില്ലാത്ത ഏഴ് കതിരുകളും ഐശ്വര്യസമ്പന്നമായ ഏഴു വര്ഷങ്ങള്ക്കുശേഷം ഈ രാജ്യത്തുണ്ടാകുവാന് പോകുന്ന അതി കഠിനമായ വരളച്ചയും, ക്ഷാമവുമുള്ള ഏഴ് വര്ഷങ്ങളെയാണ് സൂചിപ്പിക്കുന്നത്…”

ജോസഫ് പറഞ്ഞത് കേട്ട് ഫറവോന് അവന്റെ ബുദ്ധിയില് വല്ലാത്ത മതിപ്പു തോന്നി. തന്റെ രാജ്യത്തെ പേരുകേട്ട പണ്ഡിതന്മാര്ക്കു പോലും സാധിക്കാത്ത കാര്യമാണ് സാധാരണക്കാരനായ ഈ യുവാവിന് സാധിച്ചിരിക്കുന്നത്..

“പ്രഭോ.. വരുവാനിരിക്കുന്ന ക്ഷാമത്തെ നേരിടാന് താങ്കള് ഇപ്പോള് തന്നെ നടപടിയെടുക്കണം…” ജോസഫ് ഒരു തികഞ്ഞ വിവേകിയെപ്പോലെ തുടര്ന്നു. “അതിന് ആദ്യം ചെയ്യേണ്ടത് ബുദ്ധിമാനായ ഒരാളെ താങ്കളുടെ ഉപദേഷ്ടാവായി നിയമിക്കുക എന്നതാണ്. അതു കൂടാതെ ഈ രാജ്യത്തുണ്ടാകുവാന് പോകുന്ന ഐശ്വര്യസമ്പന്നമായ നാളുകളിലെ ആഹാരസാധനങ്ങള് ക്ഷാമവും, വരള്ച്ചയുമുള്ള ഏഴ് വര്ഷത്തേക്ക് നാം സംഭരിച്ചു വയ്ക്കണം… അങ്ങനെ ചെയ്താല് നമ്മുടെ രാജ്യവും, ജനങ്ങളും പട്ടിണിയില് നിന്ന് രക്ഷപെടും…”

ജോസഫിന്റെ വാക്കുകള് കേട്ട് ഫറവോന് മാത്രമല്ല രാജസന്നിധിയിലുണ്ടായിരുന്ന് സകലര്ക്കും സന്തോഷമായി. അവരെല്ലാവരും ജോസഫിനെ അഭിനന്ദിച്ചു.

“ജോസഫ്.. സാക്ഷാല് ദൈവമാണ് നിനക്കിതെല്ലാം.. വെളിപ്പെടുത്തി തന്നത്.. ദൈവഭയമുള്ള, ദൈവസാനിധ്യമുള്ള നിന്നെപ്പോലെ ജ്ഞാനിയായൊരാള് ഈ രാജ്യത്തുണ്ടാവില്ല… ഇതാ നാം നിന്നെ ഈജിപിതിലെ സകലത്തിനും മേലധികാരിയാക്കിയിരിക്കുന്നു..’ ഫറവോന് കല്പിച്ചു.

ഫറവോന്റെ വാക്കുകള് വിശ്വസിക്കുവാന് ജോസഫിന് കഴിഞ്ഞില്ല. അവന്റെ കണ്ണുകളിലൂടെ അപ്പോള് പ്രവഹിച്ചത് ആനന്ദാശ്രുക്കളായിരുന്നു….

“ജോസഫ്,, എന്റെ രാജ്യത്തിലെ സകലത്തിന്റെയും അധിപനായി നാം നിന്നെ വാഴിക്കുന്നു. ഈ രാജ്യത്തെ ജനമെല്ലാം ഇന്നു മുതല് താങ്കളുടെ വാക്ക് അനുസരിച്ച് ജീവിക്കുന്നതാണ്… ഈ രാജ്യത്തെ രാജാവായ ഞാന് പോലും…”

താന് കണ്ട സ്വപ്നങ്ങളുടെ അര്ത്ഥം വിവരിക്കുകയും, രാജ്യത്തുണ്ടാകുവാന് പോകുന്ന ക്ഷാമത്തെ നേരിടുവാന് വേണ്ട ഉപദേശം നല്കുകയും ചെയ്ത ജോസഫിനെ ഫറവോന് രാജസഭയില് വച്ച് മന്ത്രിമാരുടെയും, പ്രമാണിമാരുടെയും, പണ്ഡിതന്മാരുടെയും മുന്നില് വച്ച് അന്നു തന്നെ ഈജിപിതിലെ ഗവര്ണ്ണറായി നിയമിച്ചു. മാത്രമല്ല സന്തുഷ്ടനായ ഫറവോന് തന്റെ വിരലില് കിടന്ന വജ്രമോതിരവും, കഴുത്തില് കിടന്ന് തങ്കമാലയും, രാജവസ്ത്രവും ജോസഫിനെ അണിയിക്കുകയും ചെയ്തു.

ഫറവോന്റെ ജോസഫിനോടുള്ള സ്നേഹവും ബഹുമാനവും ഇതു കൊണ്ടൊന്നും അവസാനിച്ചില്ല… ബുദ്ധിമാനായ ജോസഫിനെ രാജപുരോഹിതനായ പോത്തിഫേറയുടെ അതീവ സുന്ദരിയായ മകളെ വിവാഹം ചെയ്തു കൊടുക്കയും ചെയ്തു….

‘ദൈവമേ നിന്റെ മുന്നില് ആരുമല്ലാത്ത ഈ സാധുവായ അടിയനെ, ജീവിതത്തില് താനൊരിക്കലും പ്രതീക്ഷിക്കുവാന് പറ്റാത്ത ഇത്രയും വലിയൊരു പദവിയിലെത്തിച്ചല്ലോ…‘ തനിക്ക് കൈവന്ന അപ്രതീക്ഷിതമായ സൌഭാഗ്യത്തില് തെല്ലും അഹങ്കരിക്കാതെ ദൈവത്തോടുള്ള ഭയഭക്തിയാല് ജോസഫിന്റെ മനസ്സും, മിഴികളും അപ്പോള് നിറഞ്ഞു കവിയുകയായിരുന്നു …

ജോസഫ് ഈജിപ്തിലെ ഗവണ്ണറാകുമ്പോള് അവന് മുപ്പത് വയസ്സായിരുന്നു പ്രായം. ജീവനു തുല്യം സ്നേഹിച്ച സഹോദരങ്ങള് തള്ളിക്കളഞ്ഞപ്പോഴും, കഷ്ടതയുടെ തടവറയിലായിരുന്നപ്പോഴും, ഒടുവില് ഒട്ടും പ്രതീക്ഷിക്കാതെ ഉന്നതിയുടെ പടവുകള് കയറിയപ്പോഴും തന്നെ കൈവിടാതെ കൂടെയുണ്ടായിരുന്ന ദൈവമായ യഹോവയായിരുന്നു അവനെല്ലാം……

കഴിഞ്ഞ കാലങ്ങളില് തന്റെ ജീവിതത്തിലുണ്ടായ കഷ്ടതകളും, പ്രയാസങ്ങളും ദൈവത്തെ കൂടുതല് അറിയുവാനും, ദൈവനന്മകള് അനുഭവിച്ചറിയുവാനുള്ള അപൂര്വ്വമായ അവസരങ്ങളായിരുന്നുവെന്ന് തന്റെ ജീവിതത്തിലൂടെ ജോസഫ് അപ്പോള് മനസ്സിലാക്കുകയായിരുന്നു…

ദിവസങ്ങളും, മാസങ്ങളും പലതും കഴിഞ്ഞു കൊണ്ടിരുന്നു…രാജാവായ ഫറവോന് സ്വപ്നം കണ്ടതുപോലെ ഈജിപ്തില് ഐശ്വര്യസമ്പന്നമായ ദിനങ്ങള് കടന്നു വന്നു….

എഴു വര്ഷം നീണ്ടു നിന്ന ഈ കാലയളവില് വരുവാനിരിക്കുന്ന എഴുവര്ഷത്തെ ക്ഷാമകാലത്തേക്കുള്ള ആഹാരസാധനങ്ങള് ജോസഫിന്റെ നേത്യത്വത്തില് രാജ്യത്തെ ധാന്യസംഭരണ ശാലകളില് ശേഖരിച്ചു വച്ചു. മാത്രമല്ല ഇക്കാലയളവില് രാജ്യത്തെ ജനങ്ങളെ ബോധവല്ക്കരിക്കുകയും, ക്ഷാമകാലത്തേക്കുള്ള ധാന്യങ്ങള് തങ്ങളുടെ വീടുകളില് സംഭരിച്ചു വയ്ക്കുവാനും ജോസഫ് നിര്ദ്ദേശം നല്കിയിരുന്നു. ജനങ്ങള് ജോസഫിന്റെ വാക്കുകള് അക്ഷരം പ്രതി അനുസരിച്ചു.

അങ്ങനെ ഏഴു വര്ഷം നീണ്ടു നിന്ന നല്ല ദിനങ്ങള്ക്കു ശേഷം ഈജിപ്തിലെങ്ങും വരള്ച്ചയും, ക്ഷാമവും നേരിട്ടു തുടങ്ങി.. മാസങ്ങള് പലതും പിന്നിട്ടതോടു കൂടി ഈജിപ്തിലെ ജനങ്ങള് ക്ഷാമകാലത്തേക്ക് തങ്ങളുടെ വീടുകളില് ശേഖരിച്ചു വച്ചിരുന്ന ധാന്യവും തീര്ന്നു തുടങ്ങി.. അവര് രാജാവായ ഫറവോന്റെ അടുക്കലെത്തി സങ്കടം ബോധിപ്പിച്ചു.

“നിങ്ങള് ജോസഫിനെ സമീപിക്കുവിന്….നിങ്ങള്ക്കാവശ്യമായ ധാന്യം അദ്ദേഹം തരും…” ഫറവോന് ജനങ്ങള്ക്ക് നിര്ദ്ദേശം നല്കി. തന്റെ അടുക്കലെത്തിയ ജനങ്ങളുടെ ആവശ്യത്തിനനുസരിച്ച് ജോസഫ് അവര്ക്ക് ധാന്യം നല്കി…

ക്ഷാമവും, വരള്ച്ചയും ഈജിപ്തില് മാത്രമല്ല ക്രമേണ ലോകം മുഴുവന് ബാധിച്ചു തുടങ്ങി.. ആഹാരസാധങ്ങള്ക്കായി മനുഷ്യന് നെട്ടോട്ടമോടി. ഈജിപ്തില് ആവശ്യം പോലെ ധാന്യമുണ്ടെന്ന് കേട്ട് വിദേശരാജ്യങ്ങളില് നിന്ന് പോലും ജനങ്ങള് ഈജിപിതിലെത്തി തുടങ്ങി. സഹായഭ്യര്ത്ഥനയുമായി തങ്ങളുടെ രാജ്യത്തെത്തിയ വിദേശികളെ ആരെയും ഫറവോനും, ജോസഫും നിരാശരാക്കിയില്ല. ന്യായമായ വിലയ്ക്ക് അവര്ക്കെല്ലാം ആഹാരസാധങ്ങള് ലഭിച്ചു…

ഈ സമയം കനാന് ദേശത്ത് പാര്ത്തിരുന്ന ജോസഫിന്റെ അപ്പനായ യാക്കോബും, സഹോദരങ്ങളും പട്ടിണികൊണ്ട് പൊറുതി മുട്ടി കഴിയുകയായിരുന്നു. അയല് രാജ്യമായ ഈജിപ്തില് ധാന്യമുണ്ടെന്ന് കേട്ടറിഞ്ഞ യാക്കോബ് ഇളയ മകനായ ബെന്യാമിന് ഒഴികെയുള്ള ബാക്കി പത്തു മക്കളെയും പണവുമായി ഈജിപ്തിലേക്കയച്ചു.അങ്ങനെ ദീര്ഘമായ യാത്രയ്ക്ക് ശേഷം യാക്കോബിന്റെ മക്കള് ഈജിപ്തിലെത്തി..


ഈജിപ്തിലെത്തിയ യാക്കോബിന്റെ മക്കള് ധാന്യത്തിനായി ജോസഫിന്റെ അടുക്കലെത്തിയെങ്കിലും ജോസഫിനെ അവര് തിരിച്ചറിഞ്ഞില്ല... എങ്കിലും തന്റെ മുന്നില് തൊഴുകൈയ്യുമായി നില്ക്കുന്ന തന്റെ സഹോദങ്ങളെ ഒറ്റ നോട്ടത്തില് തന്നെ ജോസഫിന് മനസ്സിലായി.

വര്ഷങ്ങള്ക്കു ശേഷം തന്റെ സഹോദരന്മാരെ കണ്ടപ്പോള് ജോസഫിന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി. തന്നെ പൊട്ടക്കിണറ്റിലിട്ട് കൊല്ലാന് ശ്രമിച്ചവര്… പിന്നെ ഇരുപത് വെള്ളിക്കാശിന് തന്നെ വിറ്റവര്… ഇന്നിതാ അവര് തന്റെ മുന്നില് സഹായത്തിനായി വന്നു നില്ക്കുന്നു. തന്നെ തള്ളികളഞ്ഞവരുടെ മുന്നില് ദൈവം ഇന്നിതാ തന്നെ സകലത്തിനും അധിപനാക്കി നിര്ത്തിയിരിക്കുന്നു….തന്നെ വെറുത്തവര് തന്റെ മുന്നില് തൊഴു കൈയ്യുമായി നില്ക്കുന്നത് കണ്ടപ്പോള് കുട്ടിക്കാലത്ത് താന് കണ്ട സ്വപ്നങ്ങള് ജോസഫിന് ഓര്മ്മവന്നു.....

താന് തന്റെ സഹോദരങ്ങള്ക്കൊപ്പം വയലില് കറ്റകള് കെട്ടിക്കൊണ്ടിരുന്നപ്പോള്, തന്റെ കറ്റകള് എഴുന്നേറ്റ് നിവര്ന്നു നിന്നു. പെട്ടന്ന് തന്റെ സഹോദരന്മാരുടെ കറ്റകള് തന്റെ കറ്റകളുടെ ചുറ്റും നിന്ന് അവയെ നമസ്ക്കരിച്ചു….‘അതെ.. താനന്ന് കണ്ട സ്വപ്നമിതാ നിവ്യത്തിയായിരിക്കുന്നു… ദൈവത്തിന്റെ ഓരോ കളികള്..‘ ജോസഫ് മനസ്സില് മന്ത്രിച്ചു…

ഇപ്പോള് തന്റെ സഹോദരന്മാര് തന്നെ തിരിച്ചറിഞ്ഞിട്ടില്ലാത്ത സാഹചര്യത്തില് തല്ക്കാലം താനാരാണെന്ന് അവരോട് അറിയിക്കേണ്ടന്ന് ജോസഫിന് തോന്നി… ജോസഫ് തന്റെ മുന്നില് നില്ക്കുന്ന സഹോദരങ്ങളെ അറിഞ്ഞ ഭാവമേ നടിച്ചില്ല…

വിദേശരാജ്യങ്ങളില് നിന്ന് വിവിധ ഭാഷക്കാരും മറ്റും ധാന്യം വാങ്ങുവാന് ഈജിപ്തില് വരുന്നത് കൊണ്ട് ജോസഫിന് അവരുമായി ആശയവിനിമയം നടത്തുവാന് അവരുടെ ഭാഷ വശമില്ലാത്തതിനാല് ജോസഫിനോടൊപ്പം ഒരു ഭാഷാ പരിഭാഷകനുമുണ്ടായിരുന്നു…

“നിങ്ങള് എവിടെ നിന്ന് വരുന്നു….” തന്റെ സഹോദരന്മാരുടെ ഭാഷ ജോസഫിന് വശമുണ്ടായിട്ടും പരിഭാഷകന് വഴി ഈജിപ്തിലെ ഭാഷയിലാണ് ജോസഫ് അവരോട് സംസാരിച്ചത്…“ഞങ്ങള് കനാന് ദേശത്തു നിന്നും ധാന്യം വാങ്ങുവാനെത്തിയവരാണ്…” ജോസഫിന്റെ സഹോദരന്മാര് വളരെ താഴ്മയോടു കൂടി അറിയിച്ചു.

എന്നാല് തന്റെ സഹോദരന്മാരെ ഒന്നു ഭയപ്പെടുത്തുവാന് ജോസഫ് തീരുമാനിച്ചു.“കള്ളം.. പച്ചക്കള്ളമാണ് നിങ്ങള് പറയുന്നത്…. ഈ രാജ്യത്ത് കുഴപ്പങ്ങളുണ്ടാക്കുവാനെത്തിയ വിദേശചാരന്മാരല്ലേ.. നിങ്ങള്…“ ജോസഫിന്റെ ചോദ്യം കേട്ട് അവന്റെ സഹോദരന്മാര് ഞെട്ടിപ്പോയി…

“യജമാനനേ…. അങ്ങനെ പറയരുത്…” ഭയന്നുപോയ ജോസഫിന്റെ സഹോദരന്മാര് ഒരേ സ്വരത്തില് പറഞ്ഞു. “ഞങ്ങളെല്ലാവരും കനാന് ദേശത്തുള്ള വ്യദ്ധനായ ഒരപ്പന്റെ മക്കളാണ്. അപ്പന് ഞങ്ങള് പന്ത്രണ്ട് ആണ്മക്കളായിരുന്നു.. ഒരാള് മരിച്ചുപോയി..ഞങ്ങളുടെ ഇളയ സഹോദരന് കനാന് ദേശത്ത് അപ്പനോടൊപ്പം വീട്ടിലുണ്ട്…”“അല്ല.. നിങ്ങള് ചാരന്മാര് തന്നെയാണ്…” ജോസഫ് പറഞ്ഞു.

സഹോദരന്മാര് എന്തൊക്കെ പറഞ്ഞിട്ടും ജോസഫ് തന്റെ വാക്കില് ഉറച്ചു നിന്നു. ജോസഫിനെ തങ്ങളുടെ നിരപരാധിത്വം എങ്ങനെ തെളിയിക്കണമെന്നറിയാതെ അവര് കുഴഞ്ഞു.“ശരി നിങ്ങള് ചാരന്മാരല്ലെന്ന് ഞാന് വിശ്വസിക്കാം.. പക്ഷേ നിങ്ങള് പറഞ്ഞത് സത്യമെന്ന് എന്നെ ബോധ്യപ്പെടുത്തണമെങ്കില് നിങ്ങളിലൊരാള് മടങ്ങിച്ചെന്ന് കനാന്ദേശത്തുള്ള നിങ്ങളുടെ അനുജനെ എന്റെ അടുക്കന് കൊണ്ടു വരണം..അതുവരെ ബാക്കിയുള്ളവര് ഇവിടെയുള്ള തടവറയില് കഴിയേണ്ടി വരും…”

ജോസഫ് പറഞ്ഞത് കേട്ട് അവന്റെ സഹോദര്ന്മാര് ഞെട്ടിപ്പോയി..എന്തു പറഞ്ഞാണ് അപ്പന്റെ അടുക്കല് നിന്നും തങ്ങളുടെ ഇളയ സഹോദരനായ ബെന്യാമിനെ ഇവിടെ കൊണ്ടു വരിക..? അപ്പന് ഒരിക്കലും അവനെ തങ്ങളോടൊപ്പം അയക്കില്ല….

ബെന്യാമിനെ കൊണ്ടുവന്നില്ലെങ്കില് തങ്ങള് നിരപരാധികളാണെങ്കിലും ഈജിപിതിലെ നിയമപ്രകാരം രാജ്യദ്രോഹ കുറ്റം ചുമത്തി തങ്ങളെ തൂക്കിലേറ്റും..എന്തു ചെയ്യണമെന്നറിയാതെ അവര് കുഴഞ്ഞു...

“പറയൂ. എന്താണ് നിങ്ങളുടെ തീരുമാനം…? നിങ്ങളിലൊരാള് കനാന് ദേശത്തു ചെന്ന് നിങ്ങളുടെ അനുജനെ എന്റെ മുന്നിലെത്തിക്കുവാന് ഒരുക്കമാണോ..” ജോസഫിന്റെ വാക്കുകള് അവന്റെ സഹോദരന്മാരുടെ കാതുകളില് മുഴങ്ങി…

“എന്തു പറഞ്ഞാണ് അപ്പന്റെ അടുക്കല് നിന്നും തങ്ങളുടെ ഇളയ സഹോദരനായ ബെന്യാമിനെ ഈജിപിതില് കൊണ്ടു വരിക..?" ജോസഫിന്റെ സഹോദരന്മാര് എന്തു ചെയ്യണമെന്നറിയാതെ കുഴഞ്ഞു. തന്റെ ചോദ്യത്തിന് തന്റെ സഹോദരന്മാരില് നിന്ന് അനുയോജ്യമായൊരു മറുപടി ലഭിക്കാതെ വന്നപ്പോള് അവരെ ഒന്നടങ്കം തടവറയിലടയ്ക്കുവാന് ജോസഫ് ഉത്തരവിട്ടു. അങ്ങനെ മൂന്ന് ദിവസം അവര് തടവറയില് കിടന്നു.

“യജമാനനേ ഞങ്ങള് നിരപരാധികളാണ്.. ദയവായി ഞങ്ങളെ ഞങ്ങളുടെ നാട്ടിലേക്ക് പറഞ്ഞു വിടണം. ഞങ്ങള് ധാന്യവുമായി വരുന്നതും കാത്തിരിക്കുകയാണ് ഞങ്ങളുടെ മാതാപിതാക്കന്മാരും, മറ്റുള്ളവരും. അവര് മുഴുപട്ടിണിയിലാവുന്നതിന് മുമ്പ് ഞങ്ങളെ പറഞ്ഞയക്കണം…” മൂന്ന് ദിവസങ്ങള്ക്ക് ശേഷം ജോസഫ് തടവറയിലെത്തി തന്റെ സഹോദരന്മാരെ സന്ദര്ശിച്ചപ്പോള് അവര് ഒന്നടങ്കം ജോസഫിനോട് അപേക്ഷിച്ചു.

“ഏതായാലും.. നിങ്ങള് മൂലം നിങ്ങളുടെ വീട്ടിലുള്ളവര് പട്ടിണി കിടന്ന് മരിക്കേണ്ടി വരില്ല… നിങ്ങള്ക്ക് ആവശ്യമുള്ള ധാന്യവും ഞാന് നല്കാം…” ജോസഫ് പറഞ്ഞു.

“പക്ഷേ ഒരു കാര്യം. നിങ്ങള് സഹോദരന്മാരില് ഒരാളെയൊഴികെ ബാക്കി ഒമ്പതുപേരെ മാത്രമേ ഞാനീ തടവറയില് നിന്ന് മോചിപ്പിക്കുകയുള്ളു. നിങ്ങള് കനാന് ദേശത്തു ചെന്ന് നിങ്ങളുടെ ഇളയ അനുജനുമായി എന്റെ അടുക്കല് മടങ്ങിയെത്തിയാല് തടവറയില് കിടക്കുന്ന നിങ്ങളുടെ സഹോദരനെയും ഞാന് മോചിപ്പിക്കാം…”

‘തങ്ങള് പത്തു പേരില് ആരാണ് ബന്യാമിനെ ഇവിടെയെത്തിക്കുന്നതുവരെ ഈ തടവറയില് കഴിയുക..” ജോസഫിന്റെ വാക്കുകള് സഹോദരന്മാരെ ആശയക്കുഴപ്പത്തിലാക്കി. ഒടുവില് ശിമയോന് തടവറയില് കഴിയുവാന് തയ്യാറായി. അങ്ങനെ ബാക്കിയുള്ള ഒമ്പതു പേരെയും ജോസഫ് തടവറയില് നിന്ന് മോചിപ്പിച്ചു.

“നമ്മുടെ സഹോദരനായ ജോസഫിനോട് നാം ചെയ്ത് തെറ്റിന് നമുക്ക് ദൈവം നല്കിയ ശിക്ഷയാണിത്. അവന്റെ കണ്ണുനീരും, നിലവിളിയും നാം അന്ന് കേള്ക്കാതെ പോയതിന് നമുക്ക് ലഭിച്ച വലിയ ശിക്ഷ..” സഹോദരന്മാര് തമ്മില് പറയുന്നത് ജോസഫ് കേട്ടു.

“അതെ ജോസഫിനോട് നിങ്ങള് ചെയ്ത തെറ്റിന് ദൈവം നിങ്ങള്ക്ക് നല്കിയ ശിക്ഷ തന്നെയാണിത്. അവനെ ഒന്നും ചെയ്യരുതെന്ന് അന്ന് ഞാന് നിങ്ങള്ക്ക് മുന്നറിയിപ്പ് നല്കിയെങ്കിലും ആരും എന്റെ വാക്കുകള് ചെവിക്കൊണ്ടില്ല“ യാക്കോബിന്റെ മൂത്ത പുത്രനായ രൂബേന് തന്റെ സഹോദരന്മാരെ കുറ്റപ്പെടുത്തി.

ഈ സമയം തന്റെ സഹോദരന്മാരുടെ ചാക്കുകളില് ധാന്യം നിറയ്ക്കുവാനും അവരുടെ കൈയ്യില് നിന്ന് പണം വാങ്ങി അവരറിയാതെ ആ ചാക്കിനുള്ളില് തന്നെ വയ്ക്കുവാനും, മാത്രമല്ല മടക്കയാത്രയില് അവര്ക്ക് ഭക്ഷിക്കുവാനുള്ള ആഹാരം നല്കുവാനും ജോസഫ് തന്റെ ഭ്യത്യന്മാരോട് കല്പിച്ചു. എന്നാല് അവര് തന്റെ സഹോദരന്മാരാണെന്ന് ജോസഫ് ആരെയും അറിയിച്ചില്ല.ഭ്യത്യന്മാര് ജോസഫ് പറഞ്ഞത് അക്ഷരംപ്രതി അനുസരിച്ചു. അങ്ങനെ അവര് ഒമ്പത് സഹോദരന്മാരും ധാന്യം നിറച്ച ചാക്കുകള് കഴുതപ്പുറത്ത് കയറ്റി ഈജിപ്തില് നിന്നും കനാന് ദേശത്തേക്ക് യാത്രയായി. വളരെ ദീര്ഘമായ യാത്രയ്ക്കിടയില് അവര് ഒരു സത്രത്തില് വിശ്രമിക്കുന്നതിനിടയില് അവരിലൊരാള് കഴുതയ്ക്ക് തീറ്റ നല്കുവാന് ചാക്ക് അഴിച്ചു.പെട്ടന്നാണ് അയാള് ഞെട്ടിപ്പോയത്..

‘തങ്ങള് ഈജിപിതില് നിന്ന് ധാന്യം വാങ്ങിയപ്പോള് കൊടുത്ത പണമിതാ ചാക്കിലിരിക്കുന്നു.‘ അയാള് തന്റെ സഹോദരന്മാരോട് ഓടിച്ചെന്ന് ഇക്കാര്യമറിയിച്ചപ്പോള് അവരും പെട്ടന്ന് തങ്ങളുടെ ചാക്കുകള് പരിശോധിച്ചപ്പോള് തങ്ങളുടെ ചാക്കുകളിലും തങ്ങള് കൊടുത്ത പണമിരിക്കുന്നത് കണ്ടു.‘ഇതെങ്ങനെ സംഭവിച്ചു..?പണം ക്യത്യമായി എണ്ണിക്കൊടുത്താണ് തങ്ങള് ധാന്യം വാങ്ങിയത്… ആ പണമെങ്ങനെ വീണ്ടും തങ്ങളുടെ ചാക്കുകളിലെത്തി….?

എത്ര തന്നെ ചിന്തിച്ചിട്ടും ജോസഫിന്റെ സഹോദരന്മാര്ക്ക് ഒരെത്തും പിടിയും കിട്ടിയില്ല….ഇനിയിപ്പോള് എന്തൊക്കെയാണ് സംഭവിക്കുവാന് പോകുന്നത്..?ചെയ്യാത്ത കുറ്റത്തിന് ശിമയോന് തടവറയിലായി… ഇപ്പോഴിതാ ഇങ്ങനെയും സംഭവിച്ചിരിക്കുന്നു…അവര് വല്ലാതെ പരിഭ്രാന്ത്രരായി.

യാക്കോബിന്റെ മക്കള് ഈജിപ്തില് നിന്ന് ധാന്യവുമായി കനാന് ദേശത്തുള്ള തങ്ങളുടെ വീട്ടിലെത്തി. അവര് സംഭവിച്ചതൊക്കെ തങ്ങളുടെ അപ്പനെ അറിയിച്ചു.

“നിങ്ങളെന്റെ മക്കളെയെല്ലാം നഷടമാക്കും... ആദ്യം ജോസഫ്, രണ്ടാമത് ശിമയോന് ഇപ്പോഴിതാ ബെന്യാമിനും എനിക്ക് നഷ്ടമാകുവാന് പോകുന്നു…” ശിമയോന് ഈജിപ്തിലെ തടവറയിലാണെന്നും ബന്യാമിനെ ഈജിപ്തിലെത്തിക്കാതെ ശിമയോനെ മോചിപ്പിക്കുവാന് സാധിക്കില്ലെന്നുമുള്ള വാര്ത്ത കേട്ട യാക്കോബിന് ദേഷ്യവും, സങ്കടവും അടക്കുവാനായില്ല.

“അപ്പന് വിഷമിക്കേണ്ട. ബന്യാമിന് ഒന്നും സംഭവിക്കുകയില്ല…” രണ്ടാമത്തെ മകനായ യഹൂദ യാക്കോബിനെ ധൈര്യപ്പെടുത്തി. പക്ഷേ ബന്യാമിനെ അവരോടൊപ്പം ഈജിപ്തിലേക്ക് അയക്കുവാന് യാക്കോബ് ഒരുക്കമായിരുന്നില്ല.

“അപ്പന്റെ മക്കളുടെ നിരപരാധിത്വം തെളിയിക്കണമെങ്കില് ബന്യാമിനെ ഞങ്ങളോടൊപ്പം ഈജിപ്തിലേക്ക് അയക്കണം…. അവന് യാതൊന്നും സംഭവിക്കാതെ ഈജിപ്തില് നിന്ന് അപ്പന്റെ അടുക്കല് ഞാന് തിരിച്ചു കൊണ്ടു വരും…. ഒരു പക്ഷേ എനിക്കതിന് സാധിച്ചില്ലെങ്കില് എന്റെ രണ്ട് മക്കളെയും അപ്പന് കൊന്നു കളഞ്ഞോളൂ…” യഹൂദ പറഞ്ഞു.

“ഇല്ല. എന്തൊക്കെ പറഞ്ഞാലും ബന്യാമിനെ നിങ്ങളോടൊപ്പം വിടുന്ന പ്രശ്നമേയില്ല… നിങ്ങള്ക്കറിയാമല്ലോ. അവന് ജനിച്ചപ്പോള് അവന്റെ അമ്മയായ റാഹേല് മരിച്ചു. പിന്നീട് അവന്റെ ജ്യേഷ്ഠനായ ജോസഫ് മരിച്ചു… ഇനിയും അവനും കൂടി എനിക്ക് നഷ്ടമായാല് ഞാന് ചങ്കുപൊട്ടി മരിക്കും. അതുകൊണ്ട് ബന്യാമിനെ ഞാന് നിങ്ങളോടൊപ്പം ഈജിപ്തിലേക്ക് അയക്കില്ല…” യാക്കോബിന്റെ വാക്കുകള് ഉറച്ചതായിരുന്നു.

അപ്പനെ തന്റെ തീരുമാനത്തില് നിന്ന് പിന്തിരിപ്പിക്കുവാന് കഴിയുകയില്ലെന്ന് യഹൂദയ്ക്കും മറ്റ് സഹോദരങ്ങള്ക്കും മനസ്സിലായി.

ആഴ്ചകള് പലതും കഴിഞ്ഞു….
യാക്കോബിന്റെ മക്കള് ഈജിപ്തില് നിന്ന് കൊണ്ടു വന്ന ധാന്യമെല്ലാം തീര്ന്നു തുടങ്ങിയതോടു കൂടി യാക്കോബ് തന്റെ മക്കളെ ധാന്യത്തിനായി വീണ്ടും ഈജിപ്തിലേക്ക് അയക്കുവാനൊരുങ്ങി.. എന്നാല് ബെന്യാമിനെ തങ്ങളോടൊപ്പം ഈജിപ്തിലേക്ക് അയച്ചെങ്കില് മാത്രമേ തങ്ങള് ധാന്യത്തിനായി ഈജിപ്തിലേക്ക് പോവുകയുള്ളു എന്ന തീരുമാനത്തില് അവര് ഉറച്ചു നിന്നു. ബെന്യാമിനെ ഈജിപ്തിലേക്ക് അയക്കില്ലെന്ന് യാക്കോബും വാശിപിടിച്ചു.

“അപ്പാ. അങ്ങ് ബന്യാമിനെ ഞങ്ങളോടൊപ്പം അയച്ചില്ലെങ്കില്, നമ്മളെല്ലാവരും ആഹാരമില്ലാതെ ഇവിടെ കിടന്ന് വിശന്ന് മരിക്കേണ്ടി വരും. അപ്പന് ദയവായി എന്നെ വിശ്വസിക്കു. ബന്യാമിനെ എന്നോടൊപ്പം അയക്കൂ. ഞാനവനെ സുരക്ഷിതമായി അങ്ങയുടെ അടുക്കല് മടക്കിയെത്തിക്കാം…” യഹൂദ അവസാനമായി അപ്പനോട് പറഞ്ഞു.

ഒടുവില് യഹൂദയുടെയും മറ്റ് മക്കളുടെയും നിര്ബന്ധത്തിന് വഴങ്ങി യാക്കോബ് തന്റെ ഇളയ പുത്രനായ ബന്യാമിനെ അവരോടൊപ്പം ഈജിപ്തിലേക്ക് അയക്കുവാന് തീരുമാനിച്ചു. അങ്ങനെ യാക്കോബിന്റെ മക്കള് ഈജിപ്തിലേക്ക് യാത്രയായി. ദീര്ഘമായ യാത്രയ്ക്ക് ശേഷം അവര് ഈജിപ്തിലെത്തി ജോസഫിനെ മുഖം കാണിച്ചു.വര്ഷങ്ങള്ക്കുശേഷം തന്റെ കുഞ്ഞനുജന് ബന്യാമിനെ കണ്ടപ്പോള് ജോസഫിന് സ്വയം നിയന്ത്രിക്കുവാന് കഴിഞ്ഞില്ല. എങ്കിലും താനാരാണെന്ന് ജോസഫ് തന്റെ സഹോദരന്മാരോട് വെളിപ്പെടുത്തിയില്ല

“ഇവരെ എല്ലാവരെയും എന്റെ വീട്ടിലേക്ക് കൊണ്ടു പോകണം. എന്നോടൊപ്പം ഇവര്ക്കും ഉച്ചഭക്ഷണം തയ്യാറാക്കണം.. മാത്രമല്ല തടവറയിലായിരുന്ന ഇവരുടെ സഹോദരന് ശിമയോനെയും ഉടന് മോചിപ്പിക്കൂ…” ജോസഫ് തന്റെ ഭ്യത്യന്മാരോട് ഉത്തരവിട്ടു. അവര് ജോസഫിനെ അനുസരിച്ചു.

യാക്കോബിന്റെ പതിനൊന്ന് മക്കള്ക്കും രാജകീയമായ വരവേല്പ്പാണ് ജോസഫിന്റെ വീട്ടില് നിന്ന് ലഭിച്ചത്. മുന്തിയ വിരുന്നാണ് ജോസഫ് സഹോദരന്മാര്ക്കു വേണ്ടി ഒരുക്കിയത്. പരദേശികളായ തങ്ങളെ ഈജിപ്തിലെ രാജാവിനോളം അധികാരമുള്ള ഈ വലിയ മനുഷ്യന്, ഇത്രയധികം ബഹുമാനിക്കുന്നതിന്റെ കാരണം എത്ര തന്നെ ചിന്തിച്ചിട്ടും ജോസഫിന്റെ സഹോദരങ്ങള്ക്ക് മനസ്സിലായില്ല.ജോസഫിനോടൊപ്പം വിരുന്ന് കഴിക്കുമ്പോഴും, ജോസഫ് തങ്ങളോട് കുശലാന്വേഷങ്ങള് നടത്തുമ്പോഴും തങ്ങളേതോ സ്വപ്നലോകത്താണോന്ന് പോലും ജോസഫിന്റെ സഹോദരങ്ങള്ക്ക് തോന്നി,…

എന്നാല് വലിയ വിപത്തുകള് തങ്ങളെ തേടിയെത്താന് പോവുകയാണെന്ന് അവര് അറിഞ്ഞിരുന്നില്ല.

ജോസഫിന്റെ പതിനൊന്ന് സഹോദരങ്ങളും വിഭവ സമ്യദ്ധമായ വിരുന്നിന് ശേഷം വിശ്രമിക്കുന്നതിനിടയില് ജോസഫ് തന്റെ കാര്യസ്ഥനെ വിളിച്ച് ചില നിര്ദ്ദേശങ്ങള് നല്കി. തന്റെ സഹോദരന്മാരുടെ ചാക്കുകളില് ധാന്യം നിറയ്ക്കുന്നതിനിടയില് ധാന്യത്തിന്റെ വിലയായി അവരോരുത്തരും നല്കുന്ന പണവും, ഒപ്പം തന്റെ വീട്ടിലെ വിലയേറിയ ഒരു വെള്ളിപ്പാത്രവും അവരറിയാതെ അവരുടെ ചാക്കുകളില് വയ്ക്കുവാനും ജോസഫ് കാര്യസ്ഥനു നിര്ദ്ദേശം നല്കി. കാര്യസ്ഥന് ജോസഫിന്റെ വാക്കുകള് അക്ഷരം പ്രതി അനുസരിച്ചു.എന്നാല് കഥയൊന്നുമറിയാതെ ജോസഫിന്റെ സഹോദരങ്ങള് ധാന്യച്ചാക്കുകള് കഴുതപ്പുറത്ത് കയറ്റി ഈജിപ്തില് നിന്ന് കനാന് ദേശത്തേക്ക് യാത്രയായി.

“ഇനിയുമാണ് കളി…. നിങ്ങള് ആ സഹോദരങ്ങളെ വേഗം പിന്തുടര്ന്ന് എന്റെ വെള്ളിപ്പാത്രം മോഷ്ടിച്ചത് എന്തിനെന്ന് ചോദിക്കുക..” ജോസഫ് പെട്ടന്ന് തന്റെ കാര്യസ്ഥന് നിര്ദ്ദേശം നല്കി. അങ്ങനെ ജോസഫിന്റെ സഹോദരന്മാരെ പിന്തുടര്ന്ന കാര്യസ്ഥന് അവരെ കണ്ടെത്തി.

“നിങ്ങളിലാരാണ് എന്റെ യജമാനന്റെ വെള്ളിപ്പാത്രം മോഷ്ടിച്ചത്…” കാര്യസ്ഥന് ജോസഫിന്റെ സഹോദരന്മാരോട് ചോദിച്ചു. “ഇല്ല… ഞങ്ങളാരും ഇങ്ങനൊരു പ്രവ്യത്തി ചെയ്യില്ല…” അവര് ഒരേ സ്വരത്തില് മറുപടി പറഞ്ഞു.

“അല്ല നിങ്ങളിലൊരാള് എന്റെ യജമാനന്റെ വെള്ളിപ്പാത്രം മോഷ്ടിച്ചിരിക്കുന്നു…” കാര്യസ്ഥന് പറഞ്ഞത് കേട്ട് ആ പതിനൊന്ന് സഹോദരന്മാരും മുഖത്തോട് മുഖം നോക്കി.

‘ആരാണീ നീചപ്രവ്യത്തി ചെയ്തത്..?‘ അവര് സ്വയം ചോദിച്ചു.

“ഞങ്ങള് നിരപരാധികളാണ്.. ഒരു പക്ഷേ അങ്ങയ്ക്ക് ഞങ്ങളെ സംശയമുണ്ടെങ്കില് ഞങ്ങളെ ഓരോരുത്തരെയും പരിശോധിക്കുക. ഒരുപക്ഷേ താങ്കളുടെ യജമാനന്റെ വെള്ളിപ്പാത്രം ഞങ്ങളില് ആരുടെ കൈയ്യില് നിന്ന് ലഭിക്കുന്നുവോ അവനെ അങ്ങ് കൊന്നു കളഞ്ഞോളൂ… ബാക്കിയുള്ളവര് അങ്ങയുടെ അടിമകളാവുകയും ചെയ്തു കൊള്ളാം..” ജോസഫിന്റെ മൂത്ത സഹോദരനായ രൂബേന് കാര്യസ്ഥനോട് പറഞ്ഞു. രൂബേന്റെ അഭിപ്രായത്തോട് മറ്റുള്ള സഹോദരങ്ങളും യോജിച്ചു.

കാര്യസ്ഥന് യാക്കോബിന്റെ മൂത്തപുത്രനായ രൂബേന്റെ ധാന്യചാക്കാണ് ആദ്യം അഴിച്ച് പരിശോധിച്ചത്. അതിനുള്ളില് താന് ധാന്യം വാങ്ങിയപ്പോള് കൊടുത്ത് പണമിരിക്കുന്നത് കണ്ടത് രൂബേന് മാത്രമല്ല മറ്റ് സഹോദരങ്ങളും ഞെട്ടിപ്പോയി.കാര്യസ്ഥന് രൂബേന്റെ അനുജനായ ശിമയോന്റെ ചാക്ക് അഴിച്ചപ്പോള് അതിലും പണമിരിക്കുന്നു. പിന്നീട് ലേവി, യഹൂദ, സെബുലൂന്, യിസ്സഖാര്, ദാന്, ഗാദ്, അശേര്, നഫ്താലി എന്നിവരുടെ ധാന്യച്ചാക്കുകളും പരിശോധിച്ചു. അവരുടെ ചാക്കുകളിലും അവര് ധാന്യം വാങ്ങിയപ്പോള് കൊടുത്ത പണം കണ്ടെത്തിയെങ്കിലും ജോസഫിന്റെ വെള്ളിപ്പാത്രം മാത്രം കിട്ടിയില്ല.

ഇതെന്തു മറിമായം.കഴിഞ്ഞ തവണത്തെപ്പോലെ ഇപ്പോഴും സംഭവിച്ചിരിക്കുന്നു. തങ്ങള് ധാന്യത്തിന്റെ വിലയായി കൊടുത്ത പണം ചാക്കിലെങ്ങനെയെത്തി…? എത്ര തന്നെ ചിന്തിച്ചിട്ടും അവര്ക്ക് മനസ്സിലായില്ല.ഇനിയിപ്പോള് ബന്യാമിന്റെ ചാക്കാണ് പരിശോധിക്കാനുള്ളത്… ദൈവമേ അതിനുള്ളിലെങ്ങാനും ആ വെള്ളിപ്പാത്രം…? അതോര്ക്കുവാന് പോലും ആര്ക്കും കഴിയില്ലായിരുന്നു.

ഒടുവില് ബന്യാമിന്റെ ചാക്കും പരിശോധിച്ചു. പെട്ടന്നാണ് യാക്കോബിന്റെ മക്കള് വെള്ളിടി വെട്ടിയവരെപ്പോലെയായത്.ബന്യാമിന്റെ ചാക്കില് ജോസഫിന്റെ വീട്ടിലെ വെള്ളിപ്പാത്രമിരിക്കുന്നു.!!! കണമുമ്പില് കണ്ട സത്യം വിശ്വസിക്കുവാന് എല്ലാവരും വളരെ പാടുപെടേണ്ടി വന്നു..‘ദൈവമേ ഇനിയൊന്തെക്കെയാണ് സംഭവിക്കാന് പോവുക!!!?

ഈജിപ്തിലെ സര്വ്വാധികാരിയുടെ വീട്ടിലെ വെള്ളിപ്പാത്രമാണ് ബന്യാമിന്റെ ചാക്കില് നിന്ന് ലഭിച്ചിരിക്കുന്നത്…

ബന്യാമിന്റെ ധാന്യചാക്കില് ജോസഫിന്റെ കൊട്ടാരത്തിലെ വെള്ളിപ്പാത്രം കണ്ടെത്തിയിരിക്കുന്നു!!!

ദൈവമേ, ഇതില് കൂടുതല് അപമാനം എന്തിരിക്കുന്നു…? ഇതില് കൂടുതല് വലിയ തെറ്റെന്താണ്..? ദു:ഖവും, അപമാനവും സഹിക്കാനാവാതെ ബന്യാമിന്റെ പത്ത് സഹോദരങ്ങളും തങ്ങളുടെ വസ്ത്രം വലിച്ചു കീറി…സഹോദരങ്ങള് ബന്യാമിനെ കുറ്റപ്പെടുത്തുവാനും, ശകാരിക്കുവാനും തുടങ്ങി. ജ്യേഷ്ഠന്മാരുടെ മുന്നില് തന്റെ നിരപരാധിത്വം എങ്ങനെ തെളിയിക്കണമെന്നറിയാതെ ബന്യാമിനും വല്ലാതെ കുഴഞ്ഞു.

എങ്ങനെയാണ് ഈ വെള്ളിപ്പാത്രം തന്റെ ചാക്കിലെത്തിയത്..? എത്ര തന്നെ ചിന്തിച്ചിട്ടും ബന്യാമിന് മനസ്സിലായില്ല… ഭയം കൊണ്ട് അവന്റെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു.

“തൊണ്ടി മുതല് കൈയ്യോടെ പിടി കൂടിയ സാഹചര്യത്തില് നിങ്ങള് കനാന് ദേശത്തേക്കുള്ള യാത്ര മതിയാക്കി എന്നോടൊപ്പം വരണം..” ജോസഫിന്റെ കാര്യസ്ഥന് യാക്കോബിന്റെ മക്കള്ക്ക് മുന്നറിയിപ്പ് നല്കി. അങ്ങനെ കനാന് ദേശത്തേക്കുള്ള യാത്ര മതിയാക്കി അപമാനഭാരത്തോടെ, അതിലുപരി ഭീതിയോടു കൂടി ആ പതിനൊന്ന് സഹോദരങ്ങളും കാര്യസ്ഥനോടൊപ്പം ജോസഫിന്റെ കൊട്ടാരത്തിലേക്ക് യാത്രയായി.

“യജമാനനേ ഞങ്ങളെ രക്ഷിക്കണം…” ജോസഫിനെ കണ്ടതും അവര് പതിനൊന്നു പേരും ജോസഫിന്റെ കാല്ക്കല് വീണു.

“നിങ്ങള് എന്ത് പ്രവര്ത്തിയാണ് ചെയ്തത്..? ഞാന് നിങ്ങളെ സല്ക്കരിച്ചു. ആദരിച്ചു. പക്ഷേ നിങ്ങള് എന്നോട് ചതി കാട്ടിയിരിക്കുന്നു….? “ ജോസഫ് വളരെ ഗൌരവത്തോടു കൂടി ചോദിച്ചു.

“യജമാനനേ ഞങ്ങള് നിരപരാധികളാണെന്ന് ആണയിട്ടു പറഞ്ഞാലും അങ്ങെന്നല്ല, ഈ ലോകത്തിലുള്ളവരാരും വിശ്വസിക്കുകയില്ല… കാരണം ഞങ്ങള് പിടിക്കപ്പെട്ടിരിക്കുന്നു… ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കാന് അവസരം പോലും ഞങ്ങള് ആവശ്യപ്പെടുന്നില്ല.. ഇതാ ഞങ്ങളെയെല്ലാവരെയും അങ്ങ് അടിമകളാക്കി കൊള്ളുക. അങ്ങ് പറയുന്നതെന്തും അനുസരിക്കുവാന് ഞങ്ങള് ഒരുക്കമാണ്..” യഹൂദ പറഞ്ഞു

“നിങ്ങള് എല്ലാവരെയും അടിമകളാക്കുവാന് എനിക്കുദ്ദേശ്യമില്ല.. എന്നാല് ആരുടെ കൈയ്യില് നിന്നാണോ എന്റെ വെള്ളിപ്പാത്രം കിട്ടിയത് അവന് എന്റെ അടിമയായിരിക്കും… ബാക്കിയുള്ളവര്ക്ക് സമാധാനത്തോടെ കനാന് ദേശത്തേക്ക് മടങ്ങാം….”

ജോസഫ് പറഞ്ഞത് കേട്ട് കൂടുതല് വേദനിച്ചത് യഹൂദയുടെ മനസ്സായിരുന്നു. ബന്യാമിനെ തങ്ങളോടൊപ്പം ഈജിപ്തിലേക്ക് അയക്കില്ലെന്ന് അപ്പനായ യാക്കോബ് വാശിപിടിച്ചപ്പോള് യഹൂദയായിരുന്നു ബന്യാമിന് യാതൊരു അപകടവും പറ്റാതെ അപ്പന്റെ അടുക്കല് മടക്കിയെത്തിക്കാമെന്ന് വാക്ക് കൊടുത്തത്..പക്ഷേ എല്ലാം ഇവിടെ തകിടം മറിഞ്ഞിരിക്കുന്നു……

ബന്യാമിന് കുറ്റവാളിയായി പിടിക്കപ്പെട്ടിരിക്കുന്നു…ചെറിയ കുറ്റമല്ല അവന്റെ മേല് ചുമത്തപ്പെട്ടിരിക്കുന്നത്. ഒരു പക്ഷേ ജീവിതകാലം മുഴുവന് തന്റെ കുഞ്ഞനുജന് ഈജിപ്തിലെ തടവറയില് കഴിയേണ്ടി വരും…. അവനില്ലാതെ എങ്ങനെ അപ്പനെ താനും തന്റെ സഹോദരങ്ങളും അഭിമുഖീകരിക്കും…. ബന്യാമിന് നേരിട്ട ദു:ര്വിധിയെക്കുറിച്ചറിയുമ്പോള് തന്റെ വ്യദ്ധനായ അപ്പന് ചങ്കുപൊട്ടി മരിച്ചു പോകും… ദൈവമേ ഇനിയിപ്പോള് എന്താണ് ചെയ്യേണ്ടത്…? യഹൂദ ഒരു ഭ്രാന്തനെപ്പോലെ പിറു പിറുത്തു.

“യജമാനനേ… എന്റെ അനുജനായ ബെന്യാമിനെക്കൊണ്ടല്ലാതെ ഞാന് എന്റെ അപ്പന്റെ അടുക്കലേക്ക് പോവില്ല….” യഹൂദ നിറകണ്ണുകളോടു കൂടി ജോസഫിനോട് പറഞ്ഞു “അവനെ കണ്ടില്ലെങ്കില് എന്റെ അപ്പന് മരിച്ചുപോകും. അവനെ അത്രമാത്രം അപ്പന് സ്നേഹിക്കുന്നുണ്ട്.. അങ്ങ് ഒരു കാര്യം ചെയ്യുക. എന്റെ അനുജന് പകരം അടിയനെ അടിമയാക്കി കൊള്ളുക.. എന്റെ സഹോദരങ്ങളെ അവരുടെ ദേശത്തേക്ക് പോകുവാന് അനുവദിച്ചാലും“

യഹൂദ തന്റെ അപ്പനെക്കുറിച്ചും, അദ്ദേഹത്തിന് ബന്യാമിനോടുള്ള സ്നേഹത്തെക്കുറിച്ചും ജോസഫിനോട് പറഞ്ഞപ്പോള് ജോസഫിന്റെ കണ്ണുകള് നിറഞ്ഞു. തന്റെ പതിനൊന്ന് സഹോദരന്മാരുടെ മുഖത്തേക്കും ജോസഫ് നോക്കി. ആ മുഖങ്ങളില് വല്ലാത്ത ഭയം നിഴലിച്ചു നില്ക്കുന്നത് ജോസഫ് കണ്ടു. തന്റെ സഹോദരങ്ങളെ പരീക്ഷിച്ചത് മതിയെന്ന് ജോസഫിന് തോന്നി, ഇനിയിപ്പോള് ഒന്നും ഒളിച്ചു വയ്ക്കേണ്ട ആവശ്യമില്ല…

ഇപ്പോള് ഈജിപ്തിലെ ഗവര്ണ്ണറായ താന് പണ്ട് ഇവര് കൊല്ലുവാന് ശ്രമിക്കുകയും, ഒടുവില് യിശ്മേല്യ കച്ചവടക്കാര്ക്ക് ഇരുപത് വെള്ളിക്കാശിന് വില്ക്കുകയും ചെയ്ത ജോസഫാണെന്ന് തന്റെ സഹോദരങ്ങളെ അറിയിക്കുക തന്നെ….

“നിങ്ങള്ക്കെന്നെ ഇതുവരെയും മനസ്സിലായില്ലേ…”
ജോസഫ് നിറകണ്ണുകളോടു കൂടി തന്റെ പതിനൊന്ന് സഹോദരന്മാരോടും ചോദിച്ചു. അവര് സഹോദരങ്ങള് ഒന്നും മനസ്സിലാകാതെ പരസ്പരം മുഖത്തോടു മുഖം നോക്കി.

“ഞാന് നിങ്ങളുടെ സഹോദരനായ ജോസഫാകുന്നു…” ജോസഫ് ദു:ഖം കടിച്ചമര്ത്താനാവാതെ ഒരു കൊച്ചു കുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞു പോയി.

ജോസഫ്!!!!
അവന്റെ സഹോദരന്മാര്ക്ക് വിശ്വസിക്കുവാന് കഴിഞ്ഞില്ല…
വര്ഷങ്ങള്ക്ക് മുമ്പ് തങ്ങള് ഈജിപ്തിലേക്ക് പോയ കച്ചവടക്കാര്ക്ക് വിറ്റ ജോസഫ് എങ്ങനെ ഈ നിലയിലെത്തി…? അവര്ക്ക് അത്ഭുതത്തേക്കാളുപരി ഭയമാണ് തോന്നിയത്… കാരണം ഇത് പഴയ ജോസഫാണെങ്കില് തങ്ങള് അവനോട് ചെയ്ത തെറ്റിന് ഇപ്പോള് അവന് പ്രതികാരം ചെയ്യാം.. തങ്ങളെ കൊല്ലാം… അതുമല്ലെങ്കില് ജീവകാലം മുഴുവന് തടവറയിലെ ഇരുട്ടില് തള്ളാം…

“നിങ്ങളെന്താണ് ഭയന്ന് നില്ക്കുന്നത്..? എന്റെ അടുക്കല് വരുവിന്..” തന്റെ സഹോദരന്മാരുടെ മനസ്സ് വായിച്ചറിഞ്ഞതുപോലെ ജോസഫ് അവരോട് പറഞ്ഞു.

“നിങ്ങള് സംശയിക്കേണ്ട… അതെ നിങ്ങള് പണ്ട് ഈജിപ്തിലേക്ക് പോയ കച്ചവടക്കാര്ക്ക് വിറ്റ നിങ്ങളുടെ സഹോദരനായ ജോസഫ് തന്നെയാണ് ഞാന്… കഴിഞ്ഞതൊന്നുമോര്ത്ത് നിങ്ങള് ഭയക്കുകയോ, വിഷമിക്കുകയോ വേണ്ട… ഞാന് നിങ്ങളോട് പ്രതികാരം ചെയ്യില്ല. എല്ലാം ദൈവഹിതമായിരുന്നു… ദൈവമാണ് എന്നെ ഇവിടേക്ക് കൊണ്ടു വന്നത്… അവനാണ് എന്നെ ഈ രാജ്യത്തിന്റെ അധിപതിയാക്കിയത്…”

ജോസഫ് ഈജിപ്തില് താന് അനുഭവിച്ച കഷ്ടപ്പാടുകളും, പീന്നിടുണ്ടായ ഉയര്ച്ചയും തന്റെ സഹോദരങ്ങളോട് വിവരിച്ചു.എന്നാല് ജോസഫിനോട് എന്തു പറയണമെന്നറിയാതെ ബന്യാമിനൊഴികെയുള്ള അവന്റെ സഹോദരന്മാര് വിഷമിച്ചു നില്ക്കുകയായിരുന്നു. തങ്ങള് പണ്ട് ജോസഫിനോട് ചെയ്ത അനീതികളോര്ത്ത് അവര്ക്ക് പശ്ചാത്താപമുണ്ടായി.

“സഹോദരന്മാരേ… നിങ്ങള് വേഗം കനാന് ദേശത്തുള്ള നമ്മുടെ അപ്പന്റെ അടുക്കല് ചെന്ന് മരിച്ചു പോയെന്ന് കരുതിയ ഞാന് ജീവനോടു കൂടിയിരിക്കുന്നെന്നും, ഈജിപ്തിലെ സകലത്തിനും അധിപതിയാക്കിയിരിക്കുന്നുവെന്നും അറിയിക്കണം.. മാത്രമല്ല നമ്മുടെ അപ്പനെയും, വീട്ടിലുള്ള എല്ലാവരെയും ഈജിപ്തിലേക്ക് കൊണ്ടു വരിക. ഇവിടെ നിങ്ങള്ക്ക് സുഖമായി ജീവിക്കാം…” ജോസഫ് തന്റെ സഹോദരന്മാരോട് പറഞ്ഞു.

ജോസഫിന്റെ വാക്കുകള് അവരെ വളരെയധികം സന്തോഷിപ്പിച്ചു.കനാന് ദേശത്ത് നിന്ന് ജോസഫിന്റെ സഹോദരന്മാര് വന്നിരിക്കുന്ന വാര്ത്ത രാജാവായ ഫറവോന്റെ ചെവിയിലുമെത്തി. സന്തോഷവാനായ ഫറവോന് അവരെ സ്വീകരിക്കുക മാത്രമല്ല കനാന് ദേശത്തുള്ള തങ്ങളുടെ അപ്പനെയും, മറ്റ് കുടുംബാംഗങ്ങളെയും ഈജിപ്തിലേക്ക് കൊണ്ടുവരുവാന് രഥങ്ങളയക്കുകയും ചെയ്തു.

“അപ്പാ നമ്മുടെ ജോസഫ് ജീവിച്ചിരിക്കുന്നു…” ഈജിപ്തില് നിന്ന് മടങ്ങിയെത്തിയ തന്റെ മക്കള് പറഞ്ഞത് വിശ്വസിക്കുവാന് യാക്കോബിന് കഴിഞ്ഞില്ല….

“മരിച്ചു പോയെന്ന് കരുതിയ എന്റെ മകന് ജോസഫ് ജീവിച്ചിരിക്കുന്നെന്നോ…” ആ വ്യദ്ധന്റെ തൊണ്ടയിടറി. കണ്ണുകള് നിറഞ്ഞു.

“അപ്പാ.. ഞങ്ങള് പറഞ്ഞത് സത്യമാണ്. അപ്പന്റെ മകന് ജോസഫ് ഈജിപ്തിലെ വലിയ അധികാരിയായി ജീവിച്ചിരിക്കുന്നു. ദാ, ജോസഫ് ഞങ്ങള്ക്ക് തന്ന വിലകൂടിയ വസ്ത്രങ്ങളാണിത്… മാത്രമല്ല അപ്പനെയും, നമ്മുടെ വീട്ടിലുള്ളവരെയും, നമുക്കുള്ളതെല്ലാം ഈജിപ്തിലേക്ക് കൊണ്ടുപോകാന് അവിടുത്തെ രാജാവിന്റെ കല്പനപ്രകാരം ജോസഫ് രഥങ്ങളയച്ചിരിക്കുന്നു…”

തന്റെ മക്കളുടെ വാക്കുകള് കേട്ട് യാക്കോബ് അത്ഭുതപരവശനായി. തന്റെ മക്കള് പറഞ്ഞതെല്ലാം സത്യമാണെന്ന് മനസ്സിലായ യാക്കോബിന് പ്രായാധിക്യം മൂലമുള്ള തന്റെ ശരീരത്തിലെ അവശതയെല്ലാം പെട്ടന്നെവിടെയോ അലിഞ്ഞില്ലതായി ശരീരത്തിന് ഉണര്വ്വും, ഉന്മേഷവും ലഭിച്ചതു പോലെ തോന്നി.

“എനിക്കെന്റെ മകനെ ഇപ്പോള് കാണണം.. മരിക്കുന്നതിന് മുമ്പ് എനിക്കെന്റെ മകനെ കാണണം…” യാക്കോബ് തിടുക്കം കൂട്ടി..

യാക്കോബും, മക്കളും അവരുടെ ഭാര്യമാരും കൊച്ചുമക്കളുമായി മൊത്തം അറുപത്തിയെട്ട് പേരടങ്ങിയതായിരുന്നു അവരുടെ കുടുംബം.

“യാക്കോബേ, ഞാന് നിന്റെ ദൈവമാകുന്നു.. നീ ഈജിപ്തിലേക്ക് പോവുക. ഞാന് നിന്നെ അവിടെ വലിയൊരു ജാതിയാക്കും…” ദൈവം അന്ന് സ്വപ്നത്തില് യാക്കോബിനോട് അരുളി ചെയ്തു.

അങ്ങനെ അറുപത്തിയെട്ട് പേരുള്ള യാക്കോബിന്റെ കുടുംബവും അവരുടെ സമ്പാദ്യവും, ആടുമാടുകളുമായി ഫറവോന് അയച്ച രഥങ്ങളില് ഈജിപ്തിലേക്ക് യാത്രയായി.ജോസഫ് തന്റെ അപ്പനെയും, കുടുംബത്തെയും സ്വീകരിക്കുവാന് ഈജിപ്തിന്റെ അതിര്ത്തി പ്രദേശമായ ഗോശാനില് കാത്തു നില്ക്കുന്നുണ്ടായിരുന്നു. നീണ്ട യാത്രയ്ക്ക് ശേഷം യാക്കോബും കുടുംബവും ഗോശാനില് എത്തി. മരിച്ചു പോയെന്നു കരുതിയ തന്റെ പ്രിയമകന് യോസഫിനെ വര്ഷങ്ങള്ക്ക് ശേഷം നേരില് കണ്ടപ്പോള് യാക്കോബ് അവനെ കെട്ടിപ്പുണര്ന്നു..

‘ഇനിയും എനിക്ക് മരിച്ചാലും സാരമില്ല…” യാക്കോബിന് എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഈജിപ്തിലെത്തുമ്പോള് യാക്കോബിന് നൂറ്റി മുപ്പത് വയസ്സുണ്ടായിരുന്നു. ആ വ്യദ്ധ നയനങ്ങള് ജോസഫിനെ കണ്ടപ്പോള് സന്തോഷത്താല് നിറഞ്ഞു കവിയുകയായിരുന്നു. അതുപോലെ വര്ഷങ്ങള്ക്ക് ശേഷം തന്റെ അപ്പനെ കണ്ടപ്പോല് ജോസഫിനുണ്ടായ സന്തോഷവും, ആശ്വാസവും വര്ണ്ണനാതീതമായിരുന്നു.

“നമ്മള് രാജാവായ ഫറവോന്റെ അടുക്കലേക്കാണ് ഇപ്പോള് പോകുന്നത്… ഫറവോന് നിങ്ങളുടെ തൊഴില് എന്താണെന്ന് ചോദിച്ചാല് പാരമ്പര്യമായി ആട്ടിടയന്മാരാണെന്ന് പറയണം. അങ്ങനെ പറഞ്ഞാല് ഈ രാജ്യത്തെ സമ്പല് സമ്യദ്ധമായ ഗോശേന് ദേശത്ത് നിങ്ങള്ക്ക് താമസിക്കാം….” ജോസഫ് തന്റെ അപ്പനോടും, സഹോദരങ്ങളോടും പറഞ്ഞു.

ജോസഫ് തന്റെ അപ്പനെയും, സഹോദരങ്ങളെയും ഫറവോന്റെ സന്നിധിയിലെത്തിച്ചു. ഫറവോന് അവര്ക്ക് രാജകീയമായ വരവേല്പ്പാണ് നല്കിയത്.

“നിങ്ങളെന്തു ചെയ്യുന്നു…” ഫറവോന് ജോസഫിന്റെ സഹോദരന്മാരോട് ചോദിച്ചു. “ഞങ്ങള് ആട്ടിടയ്ന്മാരാകുന്നു പ്രഭോ..” ജോസഫിന്റെ സഹോദരന്മാര് താഴ്മയോടു കൂടി ഫറവോനോട് പറഞ്ഞു…

“നിങ്ങളുടെ അപ്പനെയും സഹോദരങ്ങളെയും ഈ രാജ്യത്തെ നല്ല പ്രദേശമായ ഗോശാനില് പാര്പ്പിക്കുക…” ഫറവോന് ജോസഫിനോട് കല്പിച്ചു. അങ്ങനെ യാക്കോബും കുടുംബവും ഗോശാന് ദേശത്ത് താമസം തുടങ്ങി.

വര്ഷങ്ങള് പലതും കഴിഞ്ഞുകൊണ്ടിരുന്നു.യാക്കോബിന് നൂറ്റി നാല്പ്പത്തിയേഴ് വയസ്സായി. നടക്കുവാന് കഴിയാതെവണ്ണം യാക്കോബ് വ്യദ്ധനും, ക്ഷീണിതനുമായി കിടപ്പിലായി. കണ്ണുകളുടെ കാഴ്ച മങ്ങി തുടങ്ങി. ജോസഫ് തന്റെ മക്കളായ മനശെയും, എഫ്രയീമിനെയും കൊണ്ട് വേഗം യാക്കോബിന്റെ അടുക്കലെത്തി.

“മോനേ… നിന്നെ ഒരിക്കലും കാണുമെന്ന് ഞാന് വിചാരിച്ചതല്ല. പക്ഷേ നിന്നെ മാത്രമല്ല. നിന്റെ മക്കളെയും കാണാന് ദൈവം എനിക്ക് ഭാഗ്യം തന്നു..” യാക്കോബ് വിറപൂണ്ട ശബ്ദത്തില് ജോസഫിനോട് പറഞ്ഞു.“നിനക്കറിയാമല്ലോ.. ഞാന് മരിക്കാറായിരിക്കുന്നു. ഞാന് മരിച്ചാല് എന്റെ ശരീരം ഈജിപ്തില് അടക്കം ചെയ്യാതെ കനാന് ദേശത്ത് എന്റെ പിതാക്കന്മാര് അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്ത് കൊണ്ടു പോയി അടക്കം ചെയ്യണം…” യാക്കോബ് ജോസഫിനോട് ആവശ്യപ്പെട്ടു.

അപ്പന്റെ ആഗ്രഹം പോലെ ചെയ്യാമെന്ന് ജോസഫ് ഉറപ്പു നല്കി യാക്കോബ് ജോസഫിനെയും മക്കളെയും, തന്റെ മറ്റ് മക്കളെയും അനുഗ്രഹിച്ച ശേഷം ഇഹലോകവാസം വെടിഞ്ഞു. അപ്പന് മരിച്ച ദു:ഖം താങ്ങാനാവാതെ ജോസഫ് ഒരു കൊച്ചു കുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞു…

തന്റെ മ്യതശരീരം ഈജിപ്തില് അടക്കം ചെയ്യാതെ കനാന് ദേശത്ത് അടക്കം ചെയ്യണമെന്നുള്ളത് യാക്കോബിന്റെ അന്ത്യാഭിലാഷമായിരുന്നു.

ഈജിപ്തില് നിന്ന് കനാന് ദേശത്ത് പോയി തന്റെ അപ്പനായ യാക്കോബിന്റെ മ്യതശരീരം അടക്കം ചെയ്യുവാനുള്ള അനുവാദം ജോസഫ് ഫറവോനില് നിന്ന് വാങ്ങി.യാക്കോബിന്റെ മ്യതശരീരവും വഹിച്ച് ജോസഫും മക്കളും, യാക്കോബിന്റെ എല്ലാ മക്കളും വിലാപയാത്രയായി കനാന് ദേശത്തേക്ക് പോയി. രാജാവായ ഫറവോന്റെ കൊട്ടാരത്തിലെ ജോലിക്കാരും, മന്ത്രിമാരും, രാജ്യത്തെ പ്രമാണിമാരും അവരെ അനുഗമിച്ചു. ഒടുവില് അവര് കനാന് ദേശത്തുള്ള ആ ശ്മശാനഭൂമിയിലെത്തി. ഇവിടെയാണ് യാക്കോബിന്റെ അപ്പനായ യിസഹാക്കിനെയും, അമ്മയായ റിബെക്കെയെയും, ഭാര്യയായ ലെയയെയും മുത്തശ്ശനായ അബ്രഹാമിനെയും, മുത്തശ്ശിയായ സാറയെയും അടക്കം ചെയ്തത്..

അവര് അന്ത്യവിശ്രമം കൊള്ളുന്ന ആ ഭൂമിയില് യാക്കോബിന്റെ ശരീരവും സംസ്കരിച്ചു. യാക്കോബ് ഒരു ഓര്മ്മയായി…വര്ഷങ്ങള് പലതും കഴിഞ്ഞുകൊണ്ടിരുന്നു..ജോസഫ് വ്യദധനായി… മക്കളുടെ മക്കളെയും, അവരുടെ മക്കളെയും കാണുവാനുള്ള ഭാഗ്യം ജോസഫിനുണ്ടായി. ഒടുവില് നൂറ്റിപ്പത്ത് വയസ്സായപ്പോള് ജോസഫ് മരിച്ചു. ഈജിപ്തുകാര് ഒന്നടങ്കം ജോസഫിന്റെ വേര്പാടില് വിലപിച്ചു.

.“ദൈവം നിങ്ങളെ സന്ദര്ശിക്കുകയും, ഈ ദേശത്ത് നിന്ന് അബ്രഹാമിനോടും, യിസഹാക്കിനോടും, യാക്കോബിനോടും സത്യം ചെയ്ത ദേശത്തേക്ക് നിങ്ങളെ കൊണ്ടു പോകും. അന്നാളില് നിങ്ങള് എന്റെ അസ്ഥികളെ ഈജിപ്തില് നിന്ന് വാഗ്ദത്ത നാട്ടിലേക്ക് കോണ്ടു പോകണം..” ജോസഫ് മരിക്കുന്നതിന് മുമ്പ് തന്റെ സഹോദരന്മാരോടും മക്കളോടും പറഞ്ഞ അവസാന വാക്കുകളായിരുന്നു അത്.

ജോസഫിന്റെ ജീവിതം ഒരു ഇതിഹാസമായിരുന്നു… ജീവിതത്തില് കഷ്ടതകളും, യാതനകളും നേരിട്ടപ്പോഴും തളര്ന്നു പോകാതെ ദൈവത്തില് ആശ്രയിച്ച് ജീവിച്ച് ഉന്നതിയുടെ പടവുകള് ചവിട്ടി കയറി ഈജിപ്തുകാര്ക്ക് മാത്രമല്ല മാനവരാശിക്ക് തന്നെ മറക്കാനാവാത്ത വ്യക്തിത്വം സമ്മാനിച്ച ഇതിഹാസ നായകനായിരുന്നു ജോസഫ്.

ഈജിപ്തിലെ ജനങ്ങളെ മൊത്തം വലിയ ക്ഷാമത്തില് നിന്ന് രക്ഷിച്ച ജോസഫിന് ഈജിപ്തുകാരുടെ മനസ്സുകളില് വലിയ സ്ഥാനമായിരുന്നു ലഭിച്ചിരുന്നത്. സാധാരണക്കാരനെന്നോ, ഉന്നതനെന്നോ വ്യത്യാസമില്ലാതെ ജനങ്ങള് ഒരുപോലെ സ്നേഹിച്ച ജോസഫിന്റെ ഖ്യാതി ഈജിപ്തില് മാത്രം ഒതുങ്ങി നില്ക്കുന്നതായിരുന്നില്ല…

വര്ഷങ്ങള് പലതും കഴിഞ്ഞു കൊണ്ടിരുന്നു. യാക്കോബിന്റെ മക്കളുടെ സന്തതികള് പെറ്റു പെരുകിക്കൊണ്ടിരുന്നു. അവരിലൂടെ ദൈവം വലിയൊരു ജനതയെ അവരുടെ പിതാക്കന്മാരോട് അരുളി ചെയ്തതുപോലെ സ്യഷ്ടിക്കുകയായിരുന്നു..

‘ഞാന് നിന്റെ സന്തതികളെ…കടല്ത്തീരത്തെ മണല്ത്തരിപോലെയും…ആകാശത്തിലെ നക്ഷത്രങ്ങള്പ്പോലെയും വര്ദ്ധിപ്പിക്കും…‘

(അവസാനിച്ചു)