Monday, May 26, 2008

ഒരു അനുശോചനം

പതിനഞ്ചു വര്‍ഷത്തെ പ്രവാസ ജീവിതത്തിന് അന്ത്യം കുറിച്ചുകൊണ്ട് നാല്‍പ്പതുകാരനായ അയാള്‍ കഴിഞ്ഞ ആഴ്ചയാണ്‍ വാഹനാപകടത്തില്‍ മരിച്ചത്. അയാളുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുവാ‍ന്‍ അയാള്‍ പതിനഞ്ചു വര്‍ഷം അംഗമായിരുന്ന പ്രവാസ സംഘടന തീരുമാനിച്ചു. അവര്‍ അനുശോചന കമ്മറ്റിയും രൂപീകരിച്ചു.

അനുശോചന സമ്മേളനം ഗംഭീരമാക്കണം. പത്രക്കാരെയും, വേണ്ടി വന്നാല്‍ ചാനലുകാരുടെ പ്രതിനിധികളെയും വിവരം അറിയിക്കുന്നതാണ് നല്ലത്.” സംഘടനയുടെ പ്രസിഡണ്ട് അഭിപ്രായപ്പെട്ടു.

“ശരിയാ നമ്മുടെ പടം പത്രത്തിലൂടെയും, ചാനലുകളിലൂടെയും വരികയും ചെയ്യും. മാത്രമല്ല സംഘടനയ്ക്ക് അതൊരു പരസ്യവുമാകും.” സെക്രട്ടറി പിന്താങ്ങി.

“ശരി അങ്ങനെയെങ്കില്‍ അങ്ങനെയാവട്ടേ. കൂണുപോലെ മുളച്ചുകൊണ്ടിരിക്കുന്ന പ്രവാസികളുടെ കടലാസ് സംഘടനയ്ക്കിടയില്‍ പേരും, പെരുമയും കിട്ടാന്‍ ഇങ്ങനെയൊക്കെ വീണു കിട്ടുന്ന അവസരം ശരിക്കും വിനിയോഗപ്പെടുത്തേണ്ടത് ആവശ്യം തന്നെയാണ്” അനുശോചന കമ്മറ്റി ചെയര്‍മാന്റെ അഭിപ്രായം അതായിരുന്നു.

“സംഗതിയൊക്കെ ശരി തന്നെ. ഏതായാലും രക്ഷാധികാരി എന്ന നിലയില്‍ അനുശോചന സമ്മേളനം ഉത്ഘാടനം ചെയ്യുന്നത് ഞാനായിരിക്കും” സംഘടനയുടെ രക്ഷാധികാരി അഭിപ്രായപ്പെട്ടു.

“അതങ്ങ് മനസ്സിലിരിക്കട്ടെ ചങ്ങാതി. തന്റെ പടം മാത്രം ടീവീലും, പത്രത്തിലും വന്നാല്‍ മതിയോ കൂവേ..” പ്രസിഡണ്ട് ചാടി വീണു. “തനിക്കറിയാമല്ലോ കഴിഞ്ഞ ഓണത്തിന്‍ പത്രക്കാരെയും, ടീവിക്കാരെയും അറിയിച്ച് നമ്മള്‍ കലാപരിപാടി നടത്തിയപ്പോഴും താനായിരുന്നു ഉത്ഘാടിച്ചത്…അന്ന് അധ്യക്ഷ പ്രസംഗം നടത്തിയ എന്റെ പടം പത്രത്തിലും, ടീവീലും വരുമെന്ന് പെമ്പ്രന്നോരത്തിയെയും, പിള്ളാരെയും നാട്ടിലും വിളിച്ച് പറഞ്ഞതാ. പക്ഷേ പത്രത്തിലും, ടീവീലും വന്നത് ഉത്ഘാടന പ്രസംഗം നടത്തിയ തന്റെയും. പെമ്പ്രന്നോരത്തിയുടെയും, പിള്ളാരുടെയും മുന്നില് വെറുതെ നാണം കെട്ടത് മിച്ചം. ഏതായാലും കഴിഞ്ഞ തവണത്തെപ്പോലെ താനങ്ങ് ഷൈന്‍ ചെയ്യാമെന്ന് കരുതണ്ട. ബാക്കിയുള്ളവര്‍ക്കുമുണ്ട് ചില പൂതികളൊക്കെ.”

“എന്റെ പ്രസിഡണ്ടേ താനെന്തിനാ വെറുതെ ചൂടാവുന്നത്. പത്രത്തിലും, ടീവീലും എന്റെ പടം വന്നത് ഞാന്‍ അവരോട് പറഞ്ഞിട്ടൊന്നുമല്ലല്ലോ? രക്ഷാധികാരിക്ക് ദേഷ്യം വന്നു. “എല്ലാവരും പ്രസംഗിക്കുന്നത് അവരെടുത്തതാ. എന്റെ മാത്രം ഫോട്ടോ വരാന് എന്റെ അളിയന്മാരൊന്നും പത്രോഫീസിലും, ചാനലിലും ഇല്ലല്ലോ?”

“അതൊന്നും എനിക്കറിയേണ്ടാ. ഏതായാലും ഇത്തവണത്തെ അനുശോചന സമ്മേളനം ഉത്ഘാടനം ചെയ്യുന്നത് ഈ ഞാനായിരിക്കും. അങ്ങനെയെങ്കില്‍ മാത്രം നമുക്ക് ഇക്കാര്യവുമായി മുന്നോട്ട് പോയാല്‍ മതി” പ്രസിഡണ്ട് അടങ്ങുവാന്‍ ഭാവമില്ലായിരുന്നു.

“ആരെങ്കിലും അധ്യക്ഷ പ്രസംഗം നടത്തുകയോ, നടത്താതിരിക്കുകയോ ചെയ്യ്. ഏതായാലും നിങ്ങളീ പടല പിണക്കം നടത്തി ഈ അനുശോചന സമ്മേളനം കുളമാക്കരുത്. മരിച്ചു പോയ ആള്‍ ഈ സംഘടനയുടെ വളര്‍ച്ചയ്ക്കു വേണ്ടി ആത്മാര്‍ത്ഥമായി പരിശ്രമിച്ച ഒരാളാണെന്ന് ഓര്‍ക്കണം. എന്നിട്ട് ജീവിച്ചിരുന്നപ്പോള്‍ നമ്മളാരും അയാള്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. മരിച്ചപ്പോഴെങ്കിലും ഇത്തിരി ബഹുമാനം കൊടുത്താല്‍ നന്നായിരിക്കും” അനുശോചന കമ്മറ്റി ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു.

“ഞാനൊന്നു ചോദിക്കട്ടെ. പരസ്പരം പാര പണിതും, ചെളിവാരി എറിഞ്ഞും, ഞാനാണ്‍ കേമനെന്ന് പറഞ്ഞ് ഞെളിഞ്ഞ് നടക്കുവാനുമല്ലാതെ നമ്മുടെ സംഘടനയിലുള്ളവര്‍ക്ക് മറ്റാര്‍ക്കെങ്കിലും എന്തെങ്കിലും ഉപകാരം ചെയ്യുവാന്‍ ഇത്രയും കാലത്തിനിടയില്‍ കഴിഞ്ഞിട്ടുണ്ടോ. വേണ്ടാത്തതിനൊക്കെ നാഴികയക്ക് നാല്‍പ്പതു വട്ടം ഇവിടെ നാവിട്ടലയ്ക്കുവാന്‍ ഇവിടെ എല്ലാവരുമുണ്ട്.” ചെയര്‍മാന്‍ അരിശം വന്നു.

“ശരിയാണ്‍. നമ്മളെക്കൊണ്ട് മറ്റാര്‍ക്കും യാതൊരു ഉപകാരവുമില്ല, മറ്റുള്ളവര്‍ക്ക് എന്തെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്താല്‍ അതിനെ വാ തോരാതെ വിമര്ശിക്കുവാന്‍ നാം മലയാളികള്‍ ഒട്ടും പിന്നിലുമല്ല.” ചെയര്‍മാന്റെ അഭിപ്രായത്തോട് ഖജാന്ജിയും യോജിച്ചു.

“നിങ്ങളാരും വെറുതെ അതുമിതും പറഞ്ഞ് തമ്മിലടിച്ച് പിരിയേണ്ട. അനുശോചന സമ്മേളനം ആരെങ്കിലും ഉത്ഘാടനം ചെയ്യുകയൊ, ചെയ്യാതിരിക്കുകയൊ ആവാം. എല്ലാവര്‍ക്കും സമ്മതമെങ്കില്‍ അടുത്ത വെള്ളിയാഴ്ച അനുശോചന സമ്മേളനം നടത്തണം” രക്ഷാധികാരി ഇടയ്ക്ക് കയറി പറഞ്ഞു

വെള്ളിയാഴ്ച.
ഒന്ന് രണ്ട് മാധ്യമ പ്രതിനിധികള്‍ ഉള്‍പ്പെട്ട അനുശോചന സമ്മേളനം. സംഘടനയുടെ നേത്യത്വത്തിലിരിക്കുന്നവരൊക്കെ അണിഞ്ഞൊരുങ്ങി നേരത്തെ തന്നെ വേദിയില്‍ സ്ഥാനം പിടിച്ചിരുന്നു. വിരലിലെണ്ണാവുന്ന സംഘടനയുടെ അംഗങ്ങളും സദസ്സില്‍ സന്നിഹിതരായിട്ടുണ്ട്.

“പ്രിയമുള്ളവരേ, കഴിഞ്ഞ ആഴ്ച നമ്മളില്‍ നിന്ന് വേര്‍പെട്ടുപോയ നമ്മുടെ സുഹ്യത്തിന്റെ പെട്ടന്നുള്ള മരണം സത്യത്തില്‍ എനിക്ക് ഇപ്പോഴും വിശ്വസിക്കുവാന്‍ കഴിയുന്നില്ല.“ അനുശോചന സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് സംഘടനയുടെ പ്രസിഡണ്ട് പറഞ്ഞു.

“എനിക്ക് ഉറക്കമില്ലാത്ത രാത്രികളായിരുന്നു കഴിഞ്ഞു പോയത്. പ്രിയമുള്ളവരേ കണ്ണടയ്ക്കുവാന്‍ എനിക്ക് കഴിയുന്നില്ല. കണ്ണടയ്ക്കുമ്പോള്‍ നമ്മുടെ സുഹ്യത്തിന്റെ മുഖം മുന്നില്‍ വന്നു നില്‍ക്കുന്നതു പോലെ തോന്നുകയാണ്. അത്രകണ്ട് ആത്മാര്‍ത്ഥമായ ബന്ധമായിരുന്നു ഞങ്ങള്‍ തമ്മില്‍. എന്റെ സുഹ്യത്തിന്റെ വേര്‍പാട് സമ്മാനിച്ച വേദനയില്‍ നിന്ന് മുകതനാകുവാന്‍ ഈ ജന്മം എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല”

പ്രസിഡണ്ട് അരമണിക്കൂര്‍ നീണ്ടു നിന്ന് തന്റെ പ്രസംഗത്തിനിടയില്‍ വികാരഭരിതനായി പൊട്ടിക്കരയുകയും, കണ്ണിരൊഴുക്കുകയും ചെയ്തു.പ്രസിഡണ്ടിനു പിന്നാലെ വന്നവരെല്ലാം കിട്ടിയ വേദി നന്നായി വിനിയോഗിച്ചു. ചിലര്‍ മരിച്ചു പോയ വ്യക്തിയെ വാനോളം പുകഴ്ത്തി. ചിലര്‍ വേദിയില്‍ നിന്ന് പൊട്ടിക്കരഞ്ഞു. മറ്റു ചിലര്‍ യഥാര്‍ത്ഥ വിഷയം വിട്ട് ആഗോളവല്‍ക്കരണത്തെക്കുറിച്ചും, വിമാനക്കൂലി വര്‍ദ്ധനവിനെക്കുറിച്ചും സംസാരിച്ചു. ചില നിമിഷ കവികള്‍ കവിതകളിലൂടെ തങ്ങളുടെ ദു:ഖം പ്രകടിപ്പിക്കുകയും ചെയ്തു.

“പ്രിയപ്പെട്ടവരേ, മരിച്ച വ്യക്തിയെക്കുറിച്ച് ഒന്ന്, രണ്ട് വാക്കുകള്‍ പറയുവാന്‍ നിങ്ങളെനിക്ക് ദയവായി അവസരം തരണം..” ഒടുവില്‍ സംഘടനയിലെ ഒരംഗവും മരിച്ച ആളിന്റെ അയല്ക്കാരനുമായ അയാള്‍ എഴുന്നേറ്റ് നിന്ന് പറഞ്ഞു.

“നിങ്ങള്‍ മരിച്ചുപോയ എന്റെ സുഹ്യത്തിനെ പുകഴ്ത്തി വേണ്ടാത്തതും, വേണ്ടിയതുമായ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു കഴിഞ്ഞു.. എന്നാല്‍ നിങ്ങളറിയാത്ത, നിങ്ങള്‍ കേള്‍ക്കുവാന്‍ ആഗ്രഹിക്കാത്ത ചില കാര്യങ്ങള്‍ എന്റെ സുഹ്യത്തിനെക്കുറിച്ച് പറയുവാന്‍ ഞാനാഗ്രഹിക്കുകയാണ്‍..” അയാള്‍ പറഞ്ഞു.‍

“മരിച്ചു പോയ എന്റെ സുഹ്യത്ത് നിങ്ങള്‍ പറഞ്ഞതുപോലെ വലിയ മഹാനൊന്നുമല്ലായിരുന്നു. സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു പ്രവാസി മാത്രമായിരുന്നു അദ്ദേഹം. ജീവിത പ്രാരാബ്ദമാണ് എന്റെ സുഹ്യത്തിനെയും പതിനഞ്ച് വര്‍ഷത്തെ പ്രവാസജീവിതത്തിലേക്ക് തള്ളി വിട്ടത്. അച്ഛന്‍, അമ്മ, സഹോദരിമാര്‍ പിന്നെ ഭാര്യയും, രണ്ട് മക്കളുമുള്ള തന്റെ കൊച്ചു കുടുംബം. ഇവര്‍ക്കു വേണ്ടിയാണ് പ്രവാസത്തിന്റെ വിരഹവും, ചൂടും, തണുപ്പുമേറ്റ് അയാളീ മരുഭൂമിയില്‍ ഇത്രയും കാലം ജീവിച്ചത്. സത്യത്തില്‍ സാധാരണക്കാരനായ മറ്റ് പ്രവാസികളെപ്പോലെ അയാളും തന്റെ സ്വപ്നങ്ങളെ വിറ്റ് മറ്റുള്ളവര്‍ക്കു വേണ്ടി ജീവിതം ബലി കഴിക്കുകയായിരുന്നു. നിങ്ങള്‍ക്കറിയാമല്ലോ സാധാരണക്കാരനായ പ്രവാസിക്ക് തന്റെ ജീവിതം എന്നും ഒരു ശാപം തന്നെയാണ്. എങ്ങനെ കൂട്ടിയാലും, കിഴിച്ചാലും അവന്റെ ജീവിതത്തില്‍ ആര്‍ക്കും വേണ്ടാത്ത കുറെ ശിഷ്ടങ്ങള്‍ മാത്രമാണ് എന്നും അവശേഷിക്കുക. ആരും കേള്‍ക്കുവാ‍നിഷ്ടപ്പെടാത്ത നഷ്ടങ്ങളുടെ ഒരു നീണ്ട പട്ടികയും. ഇതു തന്നെയാണ്‍ എന്റെ സുഹ്യത്തിനു മിച്ചം.” അയാള്‍ ഒരു നിമിഷം നിര്‍ത്തിയതിനു ശേഷം തുടര്‍ന്നു.

“എന്തിനേറെ പറയുന്നു.മരിച്ചുപോയ എന്റെ സുഹ്യത്തിനു വേണ്ടി അനുശോചനത്തിലൂടെ വാചക കസര്‍ത്തു നടത്തിയതു കൊണ്ടോ. കുറെ കള്ള കണ്ണീരൊഴുക്കിയതു കൊണ്ടോ നമുക്ക് അയാളോടുള്ള കടപ്പാട് തീര്‍ക്കാവുന്നതല്ല. അയാളെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന ഒരു വലിയ കുടുംബം അയാള്‍ക്ക് നാട്ടിലുണ്ട്. ആ പാവപ്പെട്ട കുടുംബത്തിന്‍ നമ്മളെക്കൊണ്ട് കഴിയാവുന്ന എന്തെങ്കിലും സാമ്പത്തിക സഹായങ്ങള്‍ ചെയ്യുക എന്നതാണ്‍ നമുക്ക് മരിച്ചു പോയ നമ്മുടെ സ്നേഹിതനോട് ചെയ്യാവുന്ന ഏറ്റവും വലിയ കടമ” അയാള്‍ പറഞ്ഞു നിര്‍ത്തി.

“സാമ്പത്തിക സഹായമോ..? ഹേയ് അതൊന്നും വേണ്ട..” വേദിയിലുള്ളവരും, സംഘടനിയില്‍ അയാള്‍ക്കൊപ്പം ദീര്‍ഘകാലം പ്രവര്‍ത്തിച്ചവരും ഒരു പോലെ പറഞ്ഞു. പിന്നെ അവര്‍ ഒരക്ഷരം പോലും ഒരിയാടാതെ സമ്മേളന സ്ഥലത്തു നിന്ന് പുറത്തേക്ക് പോയി. ഒടുവില്‍ മരിച്ച ആളിന്റെ അയല്‍ക്കാരന്‍ മാത്രം അവിടെ അവശേഷിച്ചു,

“മാപ്പ് സുഹ്യത്തേ..” ഒടുവില്‍ നിറകണ്ണുകളോടെ അയാളും എങ്ങോട്ടെന്നില്ലാതെ അവിടെ നിന്നും യാത്രയായി….

No comments: