Friday, August 6, 2010

ഗോവിന്ദപുരിയിലെ റിക്ഷക്കാരന്‍

ഡിസംബറിലെ കനത്ത മഞ്ഞും ഇരുട്ടും ഇടകലര്‍ന്ന് ആ രാത്രിയില്‍ ദില്ലിയിലെ ഗോവിന്ദപുരിയില്‍ ഞാന്‍ വണ്ടിയിറങ്ങുമ്പോള്‍ നഗരം തണുത്തു വിറച്ചു നില്‍ക്കുകയായിരുന്നു. രാത്രിയായാല്‍ ചരക്കു വണ്ടികള്‍ കൈയ്യടക്കാറുള്ള നഗരത്തിലെ നിരത്തുകളില്‍ അന്ന് കനത്ത മഞ്ഞു വീഴ്ച മൂലം വാഹന ഗതാതതം നിലച്ചു തുടങ്ങിയിരുന്നു. മൂടല്‍ മഞ്ഞു മൂലം തൊട്ടു മുമ്പിലുള്ള ആളിനെപ്പോലും കാണാന്‍ ഞാന്‍ നന്നെ പാടു പെടുന്നുണ്ടാ‍യിരുന്നു. തണുപ്പ് സ്വെറ്ററ് തുളച്ചു കടന്ന് എന്റെ ശരീരത്തിലെ ഓരോ കോശങ്ങളെയും കുത്തി നോവിച്ചുകൊണ്ടിരുന്നു.

“ചായ്.. ചായ്..” റോഡിനപ്പുറത്തുള്ള തട്ടുകടയില്‍ നിന്ന് തട്ടുകടക്കാരന്‍ നേപ്പാളി പയ്യന്‍ ഉച്ചത്തില്‍ വിളിച്ചു പറയുന്നത് എനിക്ക് കേള്‍‍ക്കാം. തണുപ്പ് അവനൊരു പ്രശ്നമേയല്ല. ഏതായാലും അവനിന്ന് നല്ല കച്ചവടം നടന്ന് ലക്ഷണമുണ്ട്. ഗോവിന്ദപുരിയില്‍ തട്ടുകടകള്‍ ധാരാളമുണ്ടെങ്കിലും ആ നേപ്പാളി പയ്യന്റെ തട്ടുകടയില്‍ മാത്രം എപ്പോഴും തിരക്കനുഭവപ്പെടുന്നതിന്റെ കാരണം അവന്റെ ചായയുടെ ഗുണം തന്നെയായിരുന്നു. ഞാനും അത് രുചിച്ചറിഞ്ഞിട്ടുള്ളതാണ്. ചായയ്ക്ക് രുചി കൂട്ടുവാന്‍ ചായയില്‍ അവന്‍ ചില പൊടികൈകള്‍ ചെയ്യാറുണ്ട്. ഏലയ്ക്കയും, ലേശം ഇഞ്ചിയും ചതച്ചിട്ട് അവനുണ്ടാ‍ക്കുന്ന ചായയുടെ രുചി ഒരു തവണ അറിഞ്ഞവര്‍ ഗോവിന്ദപുരിയിലെത്തിയാല്‍ അവന്റെ കൈകൊണ്ടുണ്ടാ‍ക്കിയ ഒരു കപ്പ് ചായ കുടിക്കാതെ പോകില്ല.

ഗോവിന്ദപുരിയില് ഞാനെത്തിയിട്ട് നാല് വര്‍ഷമായിരിക്കുന്നു. അന്നു മുതല്‍ അവനെ ഞാന്‍ കാണുന്നതാ‍ണ്. നല്ല സ്വഭാവമുള്ള പയ്യന്‍. എനിക്കവനെ പെരുത്തിഷ്ടമായിരുന്നു. പത്ത് പതിനഞ്ച് വയസേയുള്ളെങ്കിലും മറ്റുള്ള കുട്ടികളെപ്പോലെ കളിച്ച് നടക്കാതെ അവന്‍ അദ്ധ്വാനിച്ച് കാശുണ്ടാക്കുന്നത് കാണുമ്പോള്‍ എനിക്കവനോട് ബഹുമാനവും തോന്നിയിരുന്നു. എന്നെ ‘അരുണ്‍ സാബെ‘ന്നാണ്‍ ബഹുമാനത്തോടേ അവന്‍ വിളിക്കാറുള്ളത്.

“അരുണ്‍ സാബ് , മേരാ ഘര്‍ നേപ്പാള്‍ മേ ഏക് ഛോട്ടാ ഗാവ് മേ ഹേ..” ഒരിക്കല്‍ അവന്‍ തന്റെ കഥ എന്നോട് പറഞ്ഞിരുന്നു. നേപ്പാളിലെ ഒരു ഗ്രാമത്തിലാണ് അവന്റെ വീട്. അച്ഛന്‍ ചെറുപ്പത്തിലെ മരിച്ചു. അമ്മയും, ഒരു ചേച്ചിയും അടങ്ങുന്നതാണ് അവന്റെ കുടുംബം. മാവോയിസ്റ്റുകാരനായ ഒരു ജേഷ്ടനുണ്ടായിരുന്നു. മൂന്ന് കൊല്ലം മുമ്പ് പോലിസുകാരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. മാവോയിസ്റ്റുകള്‍ പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികള്‍ തങ്ങളുടെ സംഘടനിയിലേക്ക് നിര്‍ബന്ധപൂര്‍വ്വം പിടിച്ചു കൊണ്ട് പോയി ചേര്‍ക്കാറുണ്ടെന്ന് അവനാണ് എന്നോട് പറഞ്ഞത്.

മാവോയിസ്റ്റ് സംഘടനയിലകപ്പെട്ടാല് ജീവിതത്തിലൊരിക്കലും രക്ഷപെടുവാനും കഴിയില്ല. ഒന്നുകില്‍ പോലീസുകാരുടെ കൈകൊണ്ടു മരിക്കും. രക്ഷപെടാന് ശ്രമിച്ചാല്‍ മാവോയിസ്റ്റുകള്‍ വകവരുത്തും. മാവോയിസ്റ്റുകള്‍ പിടികൂടുന്നതിന്‍ മുമ്പ് അമ്മയാണ് നിര്‍ബന്ധപൂര്‍വ്വം അവനെ ദില്ലിയിലേക്ക് പറഞ്ഞു വിട്ടത്.

ആദ്യമൊക്കെ ഒരുപാട് അലഞ്ഞു. കരോള്‍ ബാഗില്‍ ഒരു സേട്ടുവിന്റെ കടയില്‍ ആറ് മാസം ചുമട്ടുകാരനായി ജോലി ചെയ്തു. സേട്ടു ശരിക്ക് ശമ്പളം കൊടുക്കാത്തതുകൊണ്ട് അവിടെ നിന്നും വിട്ട് കപ്പലണ്ടി കച്ചവടം തുടങ്ങി. കപ്പലണ്ടി വറുത്ത് വഴിയോരത്തിലൂടെ വിറ്റു നടന്ന് കുറെ പൈസയുണ്ടാക്കി ഗോവിന്ദപുരിയില് ഒരു ചെറിയ തട്ടുകടയുണ്ടാക്കി. ഏതായാലും തട്ടുകട തുടങ്ങിയതില്‍ പിന്നെ മാസാമാസം നേപ്പാളിലേക്ക് ആയിരം രുപ അയച്ചു കഴിഞ്ഞ് കുറെ കാശ് അവന്‍ മിച്ചം വയക്കുവാനും അവന്‍ കഴിന്നുണ്ട്

“തീന്‍ ചാറ് സാല്‍ ക്ക് ബാദ് മേരാ ദീദിക്കോ അച്ചാ ഏക്ക് ലട്ക്കാ ദേഖ്നാ. ഹേ... ഇസലിയേ ഏക്ക്, ഏക്ക് പൈസാ മേ കട്ടാ കര്‍ക്കേ രക്കാ‍ ഹേ..” ഒരിക്കല്‍ അവന്‍ എന്നോട് പറഞ്ഞു

മൂന്ന് നാല്‍ വര്‍ഷം കഴിഞ്ഞ് അവന്റെ ചേച്ചിക്ക് ഒരു ചെറുക്കനെ കണ്ടെത്തി വിവാഹം ചെയ്തു കൊടുക്കുവാന്‍ ഉറുമ്പ് അരി ശേഖരിച്ചു വയ്ക്കുന്നതു പോലെ അവന്‍ ബാക്കി വരുന്ന കാശൊക്കെ ശേഖരിച്ചു വയ്ക്കുവാണത്രേ.. ചെറിയ കുട്ടിയാണെങ്കിലും എനിക്കവനില് നിന്ന് പഠിക്കുവാന്‍ ധാരാളമുണ്ടായിരുന്നും. അവന്റെ ഉത്തരവാദിത്വബോധം എനിക്കവനിലുള്ള ബഹുമാനത്തിന്റെ ആഴം കൂട്ടിയിരുന്നു.

ഈശ്വരാ, തണുപ്പിന്‍ ശക്തി പ്രാപിക്കുകയാണല്ലോ? ഞാന്‍ ഗോവിന്ദപുരിയിലെ ഈ തണുപ്പുമായി മല്ലടിക്കുവാന്‍ തുടങ്ങിയിട്ട് അരമണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു. കരോള്‍ ബാഗിലുള്ള എന്റെ സുഹ്യത്ത് ശ്യാംഗോപാലിന്റെ മകളുടെ ബര്‍ത്തഡെ പാര്‍ട്ടിയില്‍ പങ്കെടുത്ത് മടങ്ങി വരികയായിരുന്നു ഞാന്‍. വിവാഹം കഴിഞ്ഞ് നീണ്ട ഏഴ് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ശ്യാംഗോപാലിനൊരു കുട്ടി പിറന്നത്. അന്ന് ഞങ്ങള്‍ സുഹ്യത്തുക്കള്‍ക്കും, മറ്റുള്ളവര്‍ക്കുമൊക്കെ കരോള്‍ബാഗിലെ മുന്തിയ ഹോട്ടലില്‍ വച്ച് അതിഗംഭീരന്‍ പാര്‍ട്ടിയാണ് ശ്യാം നല്‍കിയത്.

ഒന്നര ലക്ഷം രൂപയായിരുന്നു അന്നത്തെ ഹോട്ടല്‍ ബില്‍. ശ്യാമിന്റെ സ്വഭാവം അങ്ങനെയാണ്. പണം ചിലവഴിക്കുന്നതിന് ഒരു പിശുക്കും കാട്ടില്ല. “പണം ചിലവഴിക്കാനുള്ളതാണ്‍. അതു വരും പോകും..” അവന്‍ പലപ്പോഴും പറയാറുണ്ട്. ആവശ്യത്തിലധികം പണം കൈയ്യിലുള്ളവര്‍ക്കൊക്കെ ഇതുപോലുള്ള തത്വശാസ്ത്രം പറയാം. പക്ഷേ ഒരു നേരത്തെ ആഹാരത്തിന്‍ ബുദ്ധിമുട്ടുന്ന പ്രാരാബ്ദക്കാരനോ..?

ദില്ലിയിലെ പ്രമുഖ തുണിമില്ലുടമ നന്ദലാലിന്റെ ഏകമകനാണ് ശ്യാംഗോപാല്‍. വളരെക്കാലമായി ഞങ്ങള്‍ നല്ല സുഹ്യത്തുകളാണ്. മകളുടെ ബര്‍ത്തഡെ പാര്‍ട്ടിക്ക് ഒരാഴ്ച മുമ്പെ ശ്യാം എന്റെ വീട്ടില്‍ വന്ന് എന്നെ മാത്രമല്ല നിമ്മുവിനെയും, എന്റെ മകനെയും ക്ഷണിച്ചിരുന്നു. പക്ഷെ മൂന്നില്‍ പഠിക്കുന്ന രാഹുലിന് ‘എക്സാ’ മായതുകൊണ്ട് ഒടുവില്‍ ഞാന്‍ മാത്രം ശ്യാമിന്റെ മകളുടെ ബര്‍ത്തഡെയ്ക്ക് പോകേണ്ടി വന്നു. ഏതായാലും ഈ കൊടും തണുപ്പത്ത് നിമ്മുവും, മോനും കൂടെയില്ലാഞ്ഞത് ഭാഗ്യമായെന്ന് എനിക്ക് തോന്നി.

രാഹുലിന് തണുപ്പൊന്നും ഒരു പ്രശ്നമേയല്ല. പക്ഷേ നിമ്മുവിന് തണുത്ത കാറ്റേറ്റാല്‍ മാത്രം മതി. അപ്പോള്‍ തുടങ്ങും തുമ്മലും, ജലദോഷവും.. നാലു വര്‍ഷമായി തന്നോടൊപ്പം ദില്ലിയില്‍ താമസിക്കുകയാണവള്‍.. പക്ഷേ പറഞ്ഞിട്ടെന്താ കാര്യം. ദില്ലിയിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ അവള്‍ക്കിനിയും കഴിഞ്ഞിട്ടില്ല.


ഞാന്‍ വാച്ചില്‍ നോക്കി. സമയം പതിനൊന്നു മണി കഴിഞ്ഞിരിക്കുന്നു. നിമ്മുവും മോനും ഇപ്പോള്‍ ഉറങ്ങിയിട്ടുണ്ടാവും. ഞാന്‍ കരോള്‍ബാഗില്‍ നിന്ന് മടങ്ങിയെത്താന്‍ വൈകുമെന്ന് നിമ്മുവിനറിയാം. ഏതായാലും നിമ്മുവിനും, മോനും കൂട്ടാ‍യി ഫോര്‍ത്ത് ഫ്ലോറിലെ ‘മുബൈ’ക്കാരന്‍ ആര്‍ക്കിടെക്ക് വര്‍മ്മസാറിന്റെ അമ്മയുള്ളത് നന്നായി. പട്ടണത്തില്‍ ജനിച്ചു വളര്‍ന്ന കുട്ടിയാണെന്ന് പറഞ്ഞിട്ടെന്താ കാര്യം, രാത്രിയായാല്‍ നിമ്മുവിന്‍ ഭയങ്കര പേടിയാണ്. ഫളാറ്റിലുള്ളവരൊക്കെ നല്ല സഹകരണമുള്ളവരാണ്. പക്ഷേ വര്‍മ്മ സാറിന്റെ അമ്മയൊഴിച്ചാല്‍ നിമ്മുവിന്‍ മറ്റാരോടും വലിയ അടുപ്പമില്ല.

തേര്‍ഡ് ഫളോറില്‍ രണ്ട് മലയാളീ കുടുംബമുണ്ട്. റൂം നമ്പര്‍ ഫിഫ്റ്റീനില്‍ ചെങ്ങന്നൂര്‍ക്കാരന്‍ തോമസും കുടുംബവും, സെവന്റീനിലാണെങ്കില്‍ പെരുമ്പാവൂര്‍ക്കാരന്‍ ഹരിനായരും കുടുംബവും. മിസിസ് ഹരിനായര്‍ക്കും, മക്കള്‍ക്കും എന്റെ മകന്‍ രാഹുലിനെ വലിയ ജീവനാണ്. അവധി ദിവസങ്ങളില്‍ ഹരിനായരുടെ കുട്ടികള്‍ രാഹുലിനൊടൊപ്പം കളിക്കുവാന്‍ വരും. മിസസ് ഹരിനായരാണെങ്കില്‍‍ മികച്ച ഒരു നര്‍ത്തകിയാണ്. ഹരിനായരുടെ മകള്‍ കാര്‍ത്തിക ഒമ്പതാം ക്ലാസിലാണ്‍ പഠിക്കുന്നത്. അമ്മയെപ്പോലെ മകള്‍ക്കുമുണ്ട് ന്യത്തത്തില്‍ കമ്പം. മകന്‍ കാര്‍ത്തികിന് എന്റെ മകന്‍ രാഹുലിന്റെ പ്രായവും. ക്രിക്കറ്റിനോടാണ് കാര്‍ത്തിക്കിന്‍ താല്പര്യം. ക്രിക്കറ്റ് താരങ്ങളോടുള്ള ആരാധന മൂത്ത് വിടിന്റെ ചുവരിലെല്ലാം ക്രിക്കറ്റ് താരങ്ങളുടെ ഫോട്ടോ ഒട്ടിച്ചു വച്ച് വ്യത്തി കേടാക്കിയിരുക്കുകയാണവന്‍. ഏഴു വയസ്സുകാരനായ കാര്‍ത്തിക്കിന് അറിയാത്ത ക്രിക്കറ്റ് താരങ്ങളുടെ പേര്‍ ചുരുക്കമാണ്.

വര്‍മ്മ സാറിന്റെ അമ്മയെ ദാദിയെന്നാണ് ഞങ്ങള്‍ വിളിക്കുക. ദാദിക്കാണെങ്കില്‍ നിമ്മുവിനെ വല്യഷ്ടമാണ്. നിമ്മുവിനും….. മരിച്ചുപോയ തന്റെ കൊച്ചുമകളുടെ ഛായയാണ് നിമ്മുവിനെന്ന് ദാദി പലപ്പോഴും പറയാറുണ്ട്. ഏതായാലും ദാദിയോടൊപ്പം കൂടിയതിനു ശേഷമാണ് നിമ്മു ഹിന്ദി കുറച്ചെങ്കിലും സംസാരിക്കുവാന്‍ പഠിച്ചത്. ഓഫീസില്‍ നല്ല തിരക്കുള്ള ദിവസങ്ങളില്‍ ഞാന്‍ റൂമിലെത്തുന്നത് വളരെ വൈകിയായിരുക്കും. അപ്പോഴൊക്കെ നിമ്മുവിനും മോനും കൂട്ടായി ഞാന്‍ മടങ്ങിവരുന്നതുവരെ ദാദിയുള്ളത് എന്നെ സംബന്ധിച്ചിടത്തോളം വളരെ ആശ്വാസകരമാണ്.

തണുപ്പ് ശരീരത്തില്‍ അരിച്ചിറങ്ങുകയാണ്. ഞാന്‍ റോഡ് മുറിച്ചു കടന്ന് തട്ടുകടക്കാരന്‍ നേപ്പാളി പയ്യന്റെ കടയില്‍ നിന്ന് ഒരു സിഗരട്ട് വാങ്ങി വലിച്ചു. ഗോവിന്ദപുരിയില്‍ നിന്ന് വെറും അരമണിക്കൂര്‍ നടന്നാല്‍ സെവന്ത് സ്ട്രീറ്റിലുള്ള എന്റെ റൂമിലെത്താം. പക്ഷേ മരം കോച്ചുന്ന ഈ തണുപ്പത്ത് നടന്നു പോകുവാന്‍ വളരെ ബുദ്ധിമുട്ടാണ്. ഇപ്പോള്‍ തന്നെ കാലുകള്‍ രണ്ടും തണുത്ത് മരവിച്ചിരിക്കുകയാണ്. പകലാണെങ്കില്‍ ഓട്ടോ റിക്ഷക്കാരന്‍ പതിനഞ്ച് രൂപ കൊടുത്താല്‍ സെവന്ത് സ്ട്രീറ്റിലിറങ്ങാം. പക്ഷേ രാത്രിയായല്‍ അവര്‍ക്ക് തോന്നുന്ന കൂലിയാണ് ചോദിക്കുക. സൈക്കിള്‍ റിക്ഷയാണെങ്കില്‍ ഏഴോ എട്ടോ രൂപയിലൊതുക്കാം.

“അരുണ്‍ വൈ ഡോണ്ട് യു ബൈ എ കാര്‍..? ദൈവാനുഗ്രഹം കൊണ്ട് തനിക്കിപ്പോള്‍ നല്ല ശമ്പളമുണ്ട്.. ബാങ്കിലെ കാശ് തികയില്ലെങ്കില്‍ ബോസിനോട് ചോദിച്ചാല്‍ എത്ര രൂപ വേണമെങ്കിലും തനിക്ക് ലോണ് കിട്ടും.. അല്ലാതെ എന്നുമിങ്ങനെ ബസിലെ ഉന്തും, തള്ളും സഹിച്ച് ഓഫീസില്‍ വരുന്നതെന്തിനാ…" പേഴ്സണല്‍ ഡിപ്പാര്‍ട്ടുമെന്റിലെ സുരേഷ് റാവു എന്നോട് പറയാറുണ്ട്.

റാവു പറയുന്നതിലും കാര്യമുണ്ട്. ഓഫീസിലുള്ളവര്‍ക്കൊക്കെ സ്വന്തമായി വാഹനമുള്ളവരാണ്. എനിക്കുമൊരു കാറ് വാങ്ങാന്‍ പണമില്ലാഞ്ഞിട്ടല്ല. പക്ഷേ നിമ്മു സമ്മതിക്കേണ്ടേ. ദില്ലിയിലെ തിരക്കേറിയ റോഡുകളില്‍ അപകടം പതിയിരിപ്പുണ്ടെന്ന ഭയമാണവള്‍ക്ക്. നിമ്മുവിനെപ്പോലുള്ള ഭാര്യമാര്‍‍ ഇങ്ങനെ ഭയന്നാല്‍ എന്നെപ്പോലുള്ള ഭര്‍ത്താക്കന്മാരുടെ ഗതി കഷ്ടം തന്നെ

“ഭായ് സാബ്..” വിജയ് സെയിത്സി’ ന്റെ മുന്നില്‍ കണ്ട ഓട്ടോക്കാരനെ ഞാന്‍ കൈവീശി വിളിച്ചു. അയാള്‍ പെട്ടന്ന് ഓട്ടോ സ്റ്റാര്‍ടാക്കി എന്റെ അരികിലെത്തി. “എവിടെ പോകണം..” അയാള്‍ ഹിന്ദിയില്‍ എന്നോട് ചോദിച്ചു.

“ സെവന്ത് സ്ടീറ്റില്‍..” ഞാന്‍ സ്ഥലം പറഞ്ഞു കൊടുത്തു. “മുപ്പത് രൂപയാകും..” അയാള്‍ പറഞ്ഞു. "അത് തീരെ കുറഞ്ഞുപോയല്ലോ.. ഒരമ്പത് രൂപ ചോദിക്കാമായിരുന്നല്ലോ..” എനിക്ക് വല്ലാതെ ദേഷ്യം വന്നു. "ഈ പാതിരാത്രിയില്‍ മുപ്പത് രുപയില്‍ കുറഞ്ഞ് ഇവിടെ നിന്ന് ഓട്ടോ കിട്ടുമോന്ന് ശ്രമിച്ചു നോക്ക്… “ ഓട്ടോക്കാരന്‍ വെല്ലുവിളിക്കുമ്പോലെ പറഞ്ഞു. അയാള്‍ പറഞ്ഞത് ശരിയാണെന്ന് എനിക്ക് പിന്നീട് മനസ്സിലായി. ഈ കൊടും തണുപ്പത്ത് നടന്ന് പോകേണ്ട് ഗതികേടു വന്നാലും ഓട്ടോക്കാരന്‍ മുപ്പത് രൂപ കൊടുക്കില്ലെന്ന് ഞാന്‍ തീരുമാനിച്ചു.

നഗരം വിജനമാവുകയാണ്. ഞാന്‍ വീണ്ടും ഒരു സിഗരറ്റിന്‍ തീ കത്തിച്ചു. സിഗരറ്റിന്റെ പുക ആഞ്ഞ് വലിച്ചു കൊണ്ട് മുന്നോട്ട് നടന്നു, ‘കിഷോര്‍ സ്വീറ്റ് ഹൌസിനപ്പുറത്തുള്ള കാറ്റാടി മരച്ചുവട്ടില്‍ അരവിന്ദ് ആന്‍ഡ് സണ്‍സ് കമ്പനിയില്‍ നിന്നും ചരക്കെടുക്കുവാന്‍ ഊഴം കാത്തു കിടക്കുന്ന ട്രെയിലര്‍ ഡ്രൈവര്‍മാര്‍ ചുള്ളിക്കമ്പുകള്‍ കത്തിച്ച് തീ കായുന്നുണ്ടായിരുന്നു. അവര്‍ ഹുക്ക വലിക്കുന്നതിന്റെ ശബ്ദം എനിക്ക് നന്നായി കേള്‍ക്കുവാന്‍ കഴിയും. ഒന്നു രണ്ടു ചുവടുകള്‍ വച്ചപ്പോഴാണ്‍ വ്യദ്ധനായ ആ സൈക്കിള്‍ റിക്ഷക്കാരനെ ഞാന്‍ കണ്ടത്.

“എങ്ങോട്ടു പോകാനാ..” വിറപൂണ്ട ശബ്ദത്തില്‍ അയാള്‍ എന്നോട് ചോദിച്ചു. ഞാന്‍ അയാളെ മിഴിച്ചു നോക്കുകയായിരുന്നു. അയാള്‍ക്ക് ഏതാണ്ട് എഴുപത് വയസ്സു പ്രായം വരും. അയാളുടെ മെലിഞ്ഞ ശരീരത്തിന്‍ തണുപ്പേല്‍ക്കുവാനുള്ള ശക്തി തീരെയില്ലായിരുന്നു. മുഷിഞ്ഞ് കീറിയ സ്വെറ്ററും അതിന്‍ മേല്‍ ഷാളും പുതച്ചിട്ടുണ്ടെങ്കിലും തണുപ്പ് കൊണ്ട് അയാള്‍ നന്നായി വിറയ്ക്കുന്നുണ്ടായിരുന്നു. മെലിഞ്ഞ ശരീരവും, നീണ്ടു വളര്‍ന്ന് ചെമ്പിച്ച താടിരോമങ്ങളുമുള്ള അയാളെ മുമ്പെങ്ങും ഗോവിന്ദപുരിയില്‍ ഞാന്‍ കണ്ടിട്ടില്ലായിരുന്നു. ഒരു പക്ഷേ എന്റെ ശ്രദ്ധക്കുറവു കൊണ്ടായിരിക്കാം.

‘എങ്ങോട്ട് പോകാനാ..” റിക്ഷകാരന്‍ ചോദ്യം ആവര്‍ത്തിച്ചു. നിവര്‍ന്ന് നില്‍ക്കുവാന്‍ പോലും കെല്‍പ്പില്ലാത്ത ഇയാള്‍ക്കെങ്ങനെ സൈക്കിള്‍ റിക്ഷ ചവിട്ടുവാന്‍ കഴിയും..’ എന്റെ ചിന്ത അതായിരുന്നു. “എവിടെ പോകണമെന്ന് പറഞ്ഞാല്‍ മതി… ഞാന്‍ കൊണ്ടാക്കാം. ഇഷ്ടമുള്ള കൂലി തന്നാലും മതി” റിക്ഷക്കാരന്‍ വ്യദധന്‍ എന്നോട് പറഞ്ഞു. മനസ്സില്ലാമനസ്സോടെയാണ് ഞാന്‍ അയാളുടെ പഴഞ്ചന്‍ റിക്ഷയില്‍ ഞാന്‍ കയറിയത്. എനിക്ക് പോകേണ്ട വഴി ഞാനയാള്‍ക്ക് പറഞ്ഞു കൊടുത്തു. അയാള്‍ വളരെ പ്രയാസപ്പെട്ടാണ് സെക്കിള്‍ റിക്ഷ ചവിട്ടിയത്. ഏതാണ്ട് പാതി വഴിയിലെത്തിയപ്പോഴേക്കും അയാള്‍ വല്ലാതെ കിതയ്ക്കുവാനും. ചുമയ്ക്കുവാനും തുടങ്ങിയിരുന്നു. സൈക്കിള്‍ റിക്ഷയുടെ ഹാന്‍ഡില്‍ നിയന്ത്രിക്കുവാന്‍ പലപ്പോഴും അയാള്‍ നന്നെ പാടു പെടുന്നുണ്ടായിരുന്നു. ഒടുവില്‍ വഴിയോരത്ത് ചുമച്ച് ക്ഷീണിതനായി അയാള്‍ സൈക്കിള്‍ റിക്ഷ നിര്‍ത്തി.

“ഈ നശിച്ച വലിവും, ചുമയും എന്റെ ജീവനും കൊണ്ട് പോകൂന്നാ തോന്നുന്നെ..” ചുമയ്ക്കുന്നതിനിടയില്‍ അയാള്‍ ആരെയെന്നില്ലാതെ കുറ്റപ്പെടുത്തുന്നുണ്ടായിരുന്നു. അയാളുടെ റിക്ഷയില്‍ കയറാന്‍ തോന്നിയ നിമിഷത്തെ സ്വയം ശപിക്കുകയായിരുന്നു ഞാന്‍..

“നിങ്ങള്‍ക്ക് വയ്യെങ്കില്‍ ഇപ്പണിക്ക് തുനിയരുത്. മറ്റുള്ളോരെ വെറുതെ ശല്യപ്പെടുത്താനിറങ്ങിയിരിക്കുന്നു.” ദേഷ്യമടക്കുവാനാവാനെ ഞാന്‍ റിക്ഷയില്‍ നിന്നും ചാടിയിറങ്ങി “പോകരുത് സാബ്..” വേഗം അയാളെന്റെ കൈയ്യില്‍ പിടിച്ചു. അയാളുടെ കൈകള്‍ തട്ടിമാറ്റിക്കൊണ്ട് മുന്നോട്ട് പോകുവാന്‍ എനിക്ക് കഴിഞ്ഞില്ല. അയാളുടെ മുഖത്തെ നിസ്സഹായത അത്രമേല്‍ എന്നെ വേദനിപ്പിച്ചിരുന്നു. മനസ്സില്ലാമനസ്സോടെ വീണ്ടും ഞാന്‍ റിക്ഷയില്‍ കയറിയിരുന്നു. സൈക്കിള്‍ റിക്ഷ ചവിട്ടുന്നതിനിടയില്‍ എന്നെ ഭയന്ന് ചുമ കടിച്ചമര്ത്താന്‍ അയാള്‍ വല്ലാതെ പാടുപെടുന്നുണ്ടായിരുന്നു...

ഇത്രേം അവശനും, വ്യദ്ധനുമായ ഇയാളെന്തിനാണ്‍ ഈ ജോലി ചെയ്യുന്നത്’ ഞാന്‍ ചിന്തിച്ചു. അയാളോട് എന്തൊക്കെയോ ചോദിക്കണമെന്ന് എനിക്കു തോന്നി. അപ്പോഴേക്കും ഞാന്‍ സെവന്ത് സ്ട്രീറ്റിലെ എന്റെ ഫളാറ്റിനു മുന്നിലെത്തിച്ചേര്‍ന്നിരുന്നു. ഞാന്‍ നല്‍കിയ പത്തു രൂപ നിവര്‍ത്തി നോക്കാതെ അയാള്‍ കീശയിലിട്ടു.

“ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണം.. ജീവിക്കാന്‍ മറ്റൊരു വഴിയുമില്ലാഞ്ഞിട്ടാ വയ്യെങ്കിലും ഇപ്പണി ചെയ്യുന്നത്..” വല്ലാതെ കിതയ്ക്കുന്നതിനിടയില്‍ അയാള്‍ എന്നോട് പറഞ്ഞു. ഞാന്‍ എന്തെങ്കിലും ചോദിക്കുന്നതിന്‍ മുമ്പെ അയാള്‍ മൂടല്‍ മഞ്ഞില്‍ മറഞ്ഞു കഴിഞ്ഞിരുന്നു. “പാവം മനുഷ്യന്..” തേര്‍ഡ് ഫളോറിലെ പതിനൊന്നാം നമ്പര്‍ റൂമിലേക്കുള്ള കോണിപ്പടികള്‍ കയറുമ്പോഴും ആ റിക്ഷക്കരെനെക്കുറിച്ചായിരുന്നു ഞാന്‍ ചിന്തിച്ചത്.

പതിനൊന്നാം നമ്പര്‍ മുറിയുടെ മുന്നിലെത്തിയ ഞാന്‍ കോളിംങ് ബെല്ലില്‍ വിരലമര്‍ത്തിയപ്പോള്‍ അകത്ത് നിമ്മു ‘അരുണേട്ടനാണോന്ന്..’ ചോദിക്കുന്നത് ഞാന്‍ കേട്ടു. ‘ഇവളുറങ്ങിയില്ലേ..” ഞാന്‍ സ്വയം ചോദിച്ചു. “അരുണ്‍..” നിമ്മുവിന്റെ ചോദ്യത്തിന്‍ ഉത്തരം നല്‍കാന്‍ വൈകിയപ്പോള്‍ അകത്ത് നിന്നും അവള്‍ വിളിച്ചു. “ഞാനാ മോളേ.., വാതില്‍ തുറക്ക്…” എന്റെ ശബ്ദം നിമ്മു തിരിച്ചറിഞ്ഞു. അവള്‍ വാതില്‍ തുറന്നു.

“എന്താ ഉറങ്ങിയില്ലേ..” വാതിലടയ്ക്കുന്നതിനിടയില്‍ ഞാന്‍ നിമ്മുവിനോട് ചോദിച്ചു. “ഇല്ല. തിരിഞ്ഞും, മറിഞ്ഞും കിടന്നിട്ട് ഉറക്കം വന്നില്ല“ നിമ്മു പറഞ്ഞു. “പത്തുമണി വരെ രാഹുലിനെ പഠിപ്പിക്കുകയായിരുന്നു. ഉറക്കം വന്നപ്പോള് അവന്‍ പോയി കിടന്നു. ഞാനും ‘ദാദി’യും കുറെ നേരം സംസാരിച്ചിരുന്നു. സംസാരിക്കുന്നതിനിടയിലാ ദാദി ഉറങ്ങിപ്പോയത്.. ഒടുവില്‍ ഞാനും കിടന്നു. പക്ഷേ ഉറക്കം വരേണ്ട്. വെറുതെ കണ്ണടച്ചു കിടക്കുകയാ‍യിരുന്നു..”

ബാത്ത്റൂമിലെ ഇളം ചൂടുള്ള വെള്ളത്തില്‍ കുളിച്ചപ്പോള്‍ മനസ്സിനും, ശരീരത്തിനും എന്തെന്നില്ലാത്ത ഉത്മേഷം ലഭിച്ചതുപോലെ തോന്നി. ഉറങ്ങുവാന്‍ കിടന്നപ്പോള്‍ നിമ്മു എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. അവളുടെ ചോദ്യങ്ങള്‍ക്ക് എന്താണ്‍ മറുപടി നല്‍കിയെന്നു പോലുമറിയില്ല. ഒടുവില്‍ ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ അവള്‍ എന്നോട് പറ്റിച്ചേര്‍ന്ന് കിടന്നുറങ്ങി. എന്റെ മനസ്സു നിറയെ ആ സൈക്കിള്‍ റിക്ഷക്കാരന്റെ മുഖമായിരുന്നു. ‘പാവം മനുഷ്യന്‍..’ എന്റെ ഹ്യദയം മന്ത്രിച്ചു. ‘ നാളെ ഓഫീസില്‍ പോകുമ്പോല്‍ ഗോവിന്ദപുരിയില്‍ വച്ച് അയാളെ കാണണം. അയാളോട് ദേഷ്യപ്പെട്ടതിന്‍ മാപ്പു പറയണം. കഴിയുമെങ്കില്‍ കുറച്ചു പണം കൊടുത്ത് അയാളെ സഹായിക്കുകയും ചെയ്യാം..’ അങ്ങനെയൊരു തീരുമാനമെടുത്തശേഷമാണ് ഞാനുറങ്ങിയത്..

അടുത്ത ദിവസം കരോള്‍ബാഗിലുള്ള എന്റെ ഓഫീസിലേക്ക് പോയപ്പോഴും, വൈകിട്ട് മടങ്ങി വന്നപ്പോഴും ഗോവിന്ദപുരിയില്‍ ആ റിക്ഷക്കാരനെ മാത്രം ഞാന്‍ കണ്ടില്ല. ആരോടെങ്കിലും ചോദിക്കാമെന്ന് വച്ചാല്‍ അയാളുടെ പേരോ, വിലാസമോ എനിക്കറിയില്ല. തൊട്ടടുത്ത രണ്ടു ദിവസങ്ങളിലും ഗോവിന്ദപുരിയില്‍ അയാളെ കാണാതായപ്പോഴാണ്‍ ഒടുവില്‍ രണ്ടും കല്പിച്ച് തട്ടുകടക്കാരന്‍ പയ്യനോട് ഞാന്‍ അന്വേഷിച്ചത്.

“അയാള്‍ മരിച്ചുപോയി സാബ്.” അവന്‍ പറഞ്ഞത് എനിക്ക് വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല. ഗോവിന്ദപുരിയിലെ മഞ്ഞ് എന്റെ കണ്ണുകളില്‍ നിറയുന്നതുപോലെ എനിക്ക് തോന്നി. ‘നീ പറയുന്നത് സത്യമാണോ..” ഞാന്‍ ചോദിച്ചു.

“സത്യമാണ്‍ സാബ്..” മിനിയാന്ന് രാത്രിയിലായിരുന്നു..” നിറഞ്ഞ കണ്ണുകള്‍ തുടച്ചുകൊണ്ട് അവന്‍ പറഞ്ഞു. “ആരുമില്ലാത്ത ആ പാവം മനുഷ്യനെ ഞാനീ ഗോവിന്ദപുരിയില്‍ വന്നപ്പോള്‍ മുതലറിയാം… ഒരു പക്ഷേ അയാളെ മനസ്സിലാക്കിയ ഗോവിന്ദപുരിയിലെ ഏകവ്യക്തി ഞാനായിരിക്കും…. വര്‍ഷങ്ങളായി സൈക്കിള് റിക്ഷയുമായി അയാളി ഗോവിന്ദപുരിയിലുണ്ട്… അയാള്‍ നല്ല ആരോഗ്യമുള്ള കാലത്ത് ഗോവിന്ദപുരിക്ക് അയാളെ ആവശ്യമായിരുന്നു…. എന്നാല്‍ പ്രായവും ചെന്ന് രോഗങ്ങള്‍ പിടികൂടിയതോടു കൂടി അയാളി നഗരത്തിന്റെ ഭാഗമല്ലാതെയായി…. നല്ല ആരോഗ്യമുള്ള ചെറുപ്പക്കാര്‍ ഇവിടെയുള്ളപ്പോള്‍ കൂലി കുറച്ചു ചോദിച്ചാലും വ്യദധനായ അയാളുടെ റിക്ഷയില്‍ ആരും കയറില്ല…. പട്ടിണിയും, രോഗവും പേറി തന്റെ പഴഞ്ചന്‍ റിക്ഷയുമായി അയാളീ നഗരത്തില്‍ ചുമച്ചും, കിതച്ചും സ്വയം ശപിച്ച് ജീവിക്കുകയായിരുന്നു… ഇടയ്ക്ക് എന്റെ തട്ടുകടയില്‍ വരുമ്പോള്‍ ഞാന്‍ ചായയോ, റൊട്ടിയോ കൊടുക്കും…”

“മിനിയാന്ന് പാതിരാത്രിയായപ്പോള്‍ അയാള്‍ എന്റെയീ കടയിലെത്തി. അന്നയാള്‍ വളരെ ക്ഷീണിതനായിരുന്നു…” നേപ്പാളി പയ്യന്റെ തൊണ്ടയിടറുന്നത് ഞാന്‍ കണ്ടു. അവന്‍ ഒരു നിമിഷം നിര്‍ത്തി. പിന്നെ നിറഞ്ഞ കണ്ണുനീര്‍ തുടച്ചുകൊണ്ട് തുടര്‍ന്നു.

“ഈ ജന്മത്തില്‍ വീട്ടുവാന്‍ ഒരുപാട് കടപ്പാട് നിന്നോടെനിക്കുണ്ട് മോനേ.. അടുത്തൊരു ജന്മമുണ്ടെങ്കില്‍ ഞാനതെല്ലാം വീട്ടിക്കൊള്ളാം’ മെന്നു പറഞ്ഞ് കീശയില്‍ നിന്ന് പത്തു രൂപ എനിക്ക് നല്കിക്കൊണ്ട് അയാള്‍ പോയതാണ്.. നേരം പുലര്ന്നപ്പോള്‍ കണ്ടത്, ദാ അവിടെ റോഡരികില്‍ അയാള്‍ മരിച്ചു കിടക്കുന്നതാണ്.. ആരുമില്ലാത്ത ആളായതുകൊണ്ട് പോലീസുകാര്‍ രാവിലെ തന്നെ ശവം ശ്മശാനത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു..” അത്രയും പറഞ്ഞ് നേപ്പാളി പയ്യന്‍ തേങ്ങിക്കരഞ്ഞു….

രാത്രിയാവുകയാണ്....
എനിക്ക് ചുറ്റും ഇരുട്ടും, മൂടല്‍മഞ്ഞും വ്യാപിക്കുകയാണ്. ഇരുട്ടിനും, മൂടല്‍മഞ്ഞിനും അപ്പുറത്തെവിടെയോ ആ സൈക്കിള്‍ റിക്ഷക്കാരന്‍ ഉച്ചത്തില്‍ ചുമയക്കുകയും, കിതയ്ക്കുകയും ചെയ്യുന്നത്‍ എനിക്ക് കേള്‍ക്കാം. അതെന്റെ കാതുകളില്‍ ഇടിമുഴക്കമായി തീരുന്നത് അപ്പോള്‍ ഭയത്തോടെ തിരിച്ചറിയുകയായിരുന്നു ഞാന്‍

No comments: