Tuesday, June 11, 2013

ഹനുമാന്ജി സീതയെവിടെ?

നാട്ടിലെ കലാസ്നേഹികളായ ചെറുപ്പക്കാരെല്ലാവരും ഒരു നാടകസമിതി രൂപികരിച്ചു. അവരുടെ ആദ്യനാടകമായ ‘ലങ്കാദഹന’ത്തിന്റെ അരങ്ങേറ്റം ഗ്രാമക്ഷേത്രത്തില്‍ വച്ച് നടത്താനും അവര്‍ തീരുമാനിച്ചു. ‘നാടകം അടിപൊളിയാക്കണം‘ നാടകത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ ലക്ഷ്യം അതൊന്നു മാത്രമായിരുന്നു. ഊണും, ഉറക്കവുമില്ലാതെയുള്ള നടീനടന്മാരുടെ ചിട്ടയോടു കൂടിയുള്ള പ്രാക്ടീസിന്റെ അവസാനം അരങ്ങേറ്റ ദിവസവും ആഗതമായി.

അങ്ങനെ ഗ്രാമീണരെ മുഴുവന്‍ സാക്ഷി നിര്‍ത്തി അന്ന് രാത്രിയില്‍ ‘ഗ്രാമക്ഷേത്രത്തിലെ സേറ്റ്ജില്‍ വച്ച് നാടകത്തിന് തിരശീല ഉയര്‍ന്നു… നാടകം തുടങ്ങി. നാട്ടുകാരായ കാണികളുടെ മുന്നില്‍ നടീ നടന്മാര്‍ മത്സരിച്ച് അഭിനയിക്കുകയാണ്. ഒടുവില്‍ സീതയെ രാവണന്‍ തട്ടിക്കൊണ്ടു പോകുന്ന രംഗവും കഴിഞ്ഞു. അടുത്തത് സീതയെ അന്വേഷിച്ച് ഹനുമാന്‍ സ്റ്റേജിലെത്തുന്ന രംഗമാണ് അവതിപ്പിക്കേണ്ടത്..

എന്റെ സുഹ്യത്ത് മുരളിയാണ് ഹനുമാനായി വേഷമിടുന്നത്. മുഖത്തിന്റെ ഭൂമിശാസ്ത്രം കൊണ്ട് മേക്കപ്പിടാതെ തന്നെ ഹനുമാനായി വേഷമിടാന്‍ മുരളി എന്തു കൊണ്ടും യോഗ്യന്‍ തന്നെയായിരുന്നു… ഹനുമാന്‍ വായുവിലൂടെയാണ് സ്റ്റേജിലേക്കിറങ്ങേണ്ടത്…. ആ രംഗത്തിന്റെ ഒറിജിനാലിറ്റിക്കുവേണ്ടി സംവിധായകന്റെ നിര്‍ദ്ദേശപ്രകാരം സ്റ്റേജിനകത്ത് മുകളില്‍ കുറുകെ കാണികള്‍ക്ക് കാണാത്ത വിധത്തില്‍ ഒരു കമ്പി കെട്ടിയിട്ടുണ്ടായിരുന്നു. കമ്പിയിയില്‍ ഒരു കപ്പിയുമുണ്ടായിരുന്നു. കപ്പിയിലെ കയറിന്റെ ഒരഗ്രം ഹനുമാനായി അഭിനയിക്കുന്ന മുരളിയുടെ അരയില്‍ കെട്ടിയിട്ടുണ്ട്… കയറിന്റെ മറ്റെ അഗ്രം കര്‍ട്ടന്റെ വലതുവശത്തു നില്‍ക്കുന്ന പാക്കരന്‍ ചേട്ടന്റെ കൈയ്യിലാണ്. കര്‍ട്ടന്‍ ഉയര്‍ത്തുന്നതിന് മുമ്പ് പാക്കരന്‍ ചേട്ടന്‍ ഹനുമാനെ കപ്പിയിലൂടെ വലിച്ചുയര്‍ത്തി വായുവില്‍ നിര്‍ത്തി.

കര്‍ട്ടന്‍ ഉയര്‍ന്നപ്പോള്‍ ‘സീതാ ദേവി…’ എന്നു വിളിച്ചു കൊണ്ടു ഹനുമാന്‍ വായുവില്‍ നില്‍ക്കുന്നത് കണ്ട് (ABT യുടെ ലോഗോയിലെ ഹനുമാനേപ്പൊലെ) കാണികള്‍ കൈയ്യടിച്ചു. കാണികളുടെ പ്രതികരണം കണ്ട് ഹനുമാനായി അഭിനയിക്കുന്ന മുരളിക്ക് ഹരം കയറി.. പെട്ടന്നാണ് ഹനുമാ‍ന്റെ ഭാരം താങ്ങാനാവാതെ പാക്കരന്‍ ചേട്ടന്റെ കൈയ്യില്‍ നിന്ന് കയറ് വിട്ടു പോയത്. അഭിനയത്തിന്റെ ഉന്നതിയിലായിരുന്ന ഹനുമാന്‍ നിമിഷങ്ങള്‍ക്കുള്ളില്‍ മുകളില്‍ അമ്മച്ചീന്ന് വിളിച്ച് കൊണ്ട് പൊത്തൊന്ന് മൂക്കും കുത്തി സ്റ്റേജിലേക്ക് വീണു. എന്തു ചെയ്യണമെന്നറിയാതെ പാക്കരന്‍ ചേട്ടന്‍ ഒരു നിമിഷം പകച്ചു നിന്നുപോയി. ഒടുവില്‍ സംഗതി പിശകാണെന്ന് മനസ്സിലായ പാക്കരന്‍ ഒരു നിമിഷം പോലും പാഴാക്കാതെ ജീവനും കൊണ്ട് പമ്പകടക്കുകയും ചെയ്തു.

ആളുകള്‍ കൂവി വിളിക്കാന്‍ തുടങ്ങി. മുരളിയാണെങ്കില്‍ വേദനകൊണ്ട് സ്റ്റേജില്‍ കിടന്ന് ഞരങ്ങുകയും, പുളയുകയാണ്. ആദ്യനാടകമാണ് എന്തൊക്കെ വന്നാലും നാടകം കലങ്ങാന്‍ പാടില്ല. സംവിധായകന്‍ നടീ നടന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സംവിധായകന്റെ നിര്‍ദ്ദേശപ്രകാരം രാമനും ലക്ഷ്മണനും സ്റ്റേജിലേക്ക് കടന്നു വന്നു..

 "പ്രിയ ഹനുമാന്‍ അങ്ങ് സീതദേവിയെ കണ്ടുവോ…” "മുരളി വേദനകൊണ്ട് പുളയുന്നതൊന്നും വകവയ്ക്കാതെ ലക്ഷ്മണന് ഹനുമാനോട് തന്റെ ഡയലോഗങ്ങ് കാച്ചി. വേദനകൊണ്ട് ഞെരിപിരികൊള്ളുന്ന മുരളിക്ക് ലക്ഷമണന്റെ ആ ഡയലോഗും കൂടി കേട്ടപ്പോള്‍ കലികയറി.പക്ഷേ സ്റ്റേജാണെന്ന് കരുതി തികട്ടി വന്ന ദേഷ്യം മുരളി കടിച്ചമര്‍ത്തി.

 “ഹനുമാന്‍ അങ്ങ് സീതാദേവിയെ കണ്ടുവോ…” അടുത്തത് ശ്രീരാമാന്റെ വക ചോദ്യം കൂടിയായപ്പോള്‍ മുരളിയുടെ കണ്ട്രോളു പോയി.

“എടാ പുല്ലെ ഞാന്‍ സീതേ കണ്ടില്ല ഒരെന്തിരവളേം കണ്ടില്ല….. ആ കപ്പി വലിച്ച നായീന്റെ മോനെയൊന്ന് കണ്ടിരുന്നെങ്കില്‍ ആ പന്നീടെ കണ്ണ് ഞാന്‍ അടിച്ചു പൊട്ടിച്ചെനേം…” മു

രളി പരിസരം പോലും മറന്ന് അലറി… അതും കൂടിയായപ്പോള്‍ കാണികള്‍ ആര്‍ത്തട്ടഹസിക്കാന്‍ തുടങ്ങി. നാടകത്തിന്റെ അരങ്ങേറ്റം ഏതു രീതിയില്‍ പര്യവസാനിച്ചെന്ന് പറയേണ്ട ആവശ്യമില്ലല്ലോ…?

No comments: