Thursday, April 3, 2008

ബ്ലോഗര്‍ക്കെന്താ കൊമ്പുണ്ടോ? - 1

ആലാ ഗ്രാമത്തിലെ ബ്ലോഗറാണ് ഇരുപത്തിയാറ് വയസ്സു കഴിഞ്ഞ ചാര്‍ളി. പത്താം ക്ലാസില്‍ മൂന്ന് തവണ തോറ്റ് തൊപ്പിയിട്ടാലെന്ത്, മര്യാദയ്ക്ക് മലയാളം അക്ഷരം എഴുതുവാനും, വായിക്കുവാനും അറിയില്ലെങ്കിലും ഗൂഗിളില്‍ (ID) അക്കൌണ്ടുള്ള ഏത് എരപ്പാളിക്കും ഒരു ബ്ലോഗറാകാമെന്നും, ആലാക്കാര്‍ക്ക് മാത്രമല്ല, ബൂലോകര്‍ക്ക് മൊത്തം തെളിയിച്ചു കൊടുത്ത ചാര്‍ളിയെങ്ങനെ ഒരു ബ്ലോഗറായെന്ന് പറയുന്നതിന് മുമ്പ് അല്പം ഫ്ലാഷ്ബാക്ക്.

ആലായിലെ റബര്‍ കര്‍ഷകനായ കൊച്ചുപുരയ്ക്കല്‍ കറിയാച്ചന്റെയും കെട്ടിയോള് മറിയാമ്മച്ചേടത്തിയുടെയും ഏക സന്താനമാണ് ചാര്‍ളി. അന്ന് റബറിന് ഇന്നത്തെപ്പോലെ വിലയില്ലാത്ത കാലം. റബറ് വെട്ടിയും, ഒട്ടുപാല്‍ പറിച്ചും, റബറ് ഷീറ്റടിച്ചും തന്നെപ്പോലെ ജീവിതം കോഞ്ഞാട്ടായാക്കാതെ മകനെ പഠിപ്പിച്ച് ഒരു ബിരുദധാരിയാക്കണമെന്ന് കറിയാച്ചന് മോഹിച്ചു. പക്ഷേ അപ്പന്റെ ആഗ്രഹത്തിന് കത്തിവച്ചുകൊണ്ട് ചാര്‍ളി പഠനത്തിന്‍ തീരെ മോശമായിപ്പോയി.

ചാര്‍ളിക്ക് പഠിത്തത്തിലല്ല, അപ്പന്റെ റബറ് ഷീറ്റ് മോഷ്ടിച്ച് സിനിമ കാണുക. പെമ്പിള്ളാരുടെ വായില്‍ നിന്ന് ആട്ടും തുപ്പും കൊള്ളുക എന്നതിലായി കമ്പമെന്ന് കറിയാച്ചന്‍ മനസ്സിലാക്കിയപ്പോഴേക്കും ഏറെ വൈകിയിരുന്നു

എന്തിനേറെ പറയുന്നു. ചാര്‍ളിയെ പഠിപ്പിക്കാന്‍ വേണ്ടി ചിലവാക്കിയ പൈസ റബറ് ക്യഷിക്ക് മുടക്കിയിരുന്നെങ്കില്‍ ഇപ്പോഴത്തെ റബറിന്റെ മാര്‍ക്കറ്റ് വില കണക്കാക്കിയാല്‍ കറിയാച്ചന്‍ ആലായിലെ ഒരു ലക്ഷപ്രഭു ആകാമായിരുന്നു.

"എടാ ചെക്കാ നീയിങ്ങനെ കാള കളിച്ച് നടന്നാ‍ല്‍ മതിയോ. നെനക്ക് വയസ്സ് പത്തിരുപത്തിയഞ്ച് കഴിഞ്ഞു. നിന്റെ കൂടെ പഠിച്ച പിള്ളാരൊക്കെ പഠിച്ച് നല്ലൊരു സ്ഥാനത്തെത്തി. എത്ര നാളാ അപ്പന്‍ അധ്വാനിച്ചുണ്ടാക്കുന്നതും തിന്ന് നീ ജീവിക്കുന്നെ. ഒന്നുമല്ലെങ്കില്‍ നെനക്ക് അപ്പന്റെപ്പം റബറ് വെട്ടാനെങ്കിലും പോകല്ലോ..” മറിയാമ്മച്ചേടത്തി ചാര്‍ളിയെ പലപ്പോഴും ഉപദേശിക്കാറുണ്ടായിരുന്നു.

അമ്മ പറയുന്നത് ശരിയാണെന്ന് ചാര്‍ളിക്കറിയാം. പക്ഷേ റബറ് വെട്ടാനൊക്കെ പോകാമെന്ന് വച്ചാല്‍ ഇക്കാലത്ത് നാണക്കേടല്ലേ.. ജീവിതത്തില്‍ എന്തെങ്കിലുമാകണമെന്ന് വൈകിയ വേളയിലെങ്കിലും ചാര്‍ളിക്ക് ബോധമുണ്ടായി. പക്ഷേ എന്താവാന്‍..? ചാര്‍ളി തലപുകഞ്ഞാലോചിച്ചു.

അങ്ങനെയിരിക്കെയാണ് ചാര്‍ളിയുടെ അയല്പക്കത്തകാരി ഏഴാം ക്ലാസില്‍ പഠിക്കുന്ന മേനകയുടെ ഒരു കുഞ്ഞിക്കവിത ബാലരമയില്‍ പ്രസിദ്ധീകരിച്ച് വന്നത്. കുഞ്ഞിക്കവിതയായാലെന്ത് ഒരു ആലാക്കാരിയുടെ കഥ അച്ചടി മഴി പുരളുകയെന്നത് ആലായിലെ ആദ്യത്തെ വലിയ സംഭവമായിരുന്നു. വീട്ടില്‍ നിന്നും, നാട്ടില്‍ നിന്നും, സ്കൂളില്‍ നിന്നുമൊക്കെ മേനകയ്ക്ക് ഒരുപാട് അഭിനന്ദനങ്ങള്‍ ലഭിച്ചു.

ഏഴാം ക്ലാസ്കാരിയായ മേനക ഒരു കുഞ്ഞിക്കവിത കൊണ്ട് പെട്ടന്ന് ആലായിലെ ഹീറോയിനായത് കണ്ട അന്തം വിട്ടു നിന്ന ചാര്‍ളി തനിക്കും ആ വഴിക്ക് തിരിഞ്ഞാലെന്താണെന്ന് ചിന്തിച്ചു. ഒന്നുമല്ലെങ്കില്‍ താന്‍ പത്താം ക്ലാസ് വരെ പഠിച്ചതല്ലേ…? ആദ്യം ഒരു കവിയാവുക. അതു കഴിഞ്ഞ് നോവലിലേക്കും, കഥയിലുമൊക്കെ കൈവയ്ക്കുക. ഒരു സാഹിത്യകാരനാവുകയെന്നത് വലിയ പേരും പ്രശസ്തിയും തരുന്ന കാര്യമാണ്. അതിനിടയില്‍ ഒരു അവാര്‍ഡെങ്ങാനും കിട്ടിയാല്‍ പിന്നെ പറയാനുണ്ടോ. പണിയൊന്നുമില്ലാതെ പെമ്പിള്ളാരുടെ വായി നോക്കി തെക്കുവടക്കു നടക്കുന്നുവന്‍ എന്ന് തന്നെ കളിയാക്കുന്ന ആലയിലെ എമ്പോക്കികളൊക്കെ അന്ന് തന്റെ വില ശരിക്കും മനസ്സിലാക്കുകയും ചെയ്യും.

പിന്നെ നല്ല കഥയെഴുതിയാല്‍ സിനിമയിലും ഒരു കൈ പയറ്റി നോക്കാവുന്നതാണ്. വേണ്ടി വന്നാല്‍ അഭിനയത്തിലും ഒരു കൈ നോക്കാം. കാണാന്‍ വലിയ ചുള്ളനല്ലെങ്കിലും ആലയിലെ മറ്റ് ചെറുപ്പക്കാരെ അപേക്ഷിച്ച് തന്റെ മുഖത്തിന്റെ ഭൂമിശാസ്ത്രം അത്ര മോശമൊന്നുമല്ലെന്ന് ചാര്‍ളിക്കറിയാം.

‘കൊള്ളാം നല്ല പണി തന്നെ‘. ഇത്രയും കാലം വല്ല പെമ്പിള്ളാരുടെ വായി നോക്കി നടന്ന സമയത്തെന്തേ തനിക്കീ ബുദ്ധി തോന്നാതിരുന്നതെന്ന് ചാര്‍ളി ചിന്തിച്ചു. ഒരു സാഹിത്യകാരനെന്ന ലേബലില്‍ അങ്ങനെയെങ്കില്‍ അവളുമാരുടെയടുത്ത് ഷൈന്‍ ചെയ്യാമായിരുന്നു. ഉം. സമയം ഒട്ടും വൈകിയിട്ടില്ല. ഒരു സാഹിത്യകാരനാവുക തന്നെ.

അങ്ങനെ ഇത്രയും കാലം ഭാവിയുടെ മുന്നില്‍ കുന്തം വിഴുങ്ങിയതു പോലെ നിന്ന ചാര്‍ളി പെട്ടന്ന് ഉഷാറായി. എത്രയും വേഗം കഥയെഴുതുവാന്‍ കുറച്ച് പേപ്പറും, ഒന്ന് രണ്ട പേനയും വാങ്ങണം. പക്ഷേ അതിനു കൈയ്യില്‍ പൈസ വേണ്ടേ. കഥയെഴുതാന്‍ പേപ്പറും പേനയും വാങ്ങാന്‍ പൈസ ചോദിച്ചാല്‍ റബറ് വെട്ടുന്ന കത്തി കൊണ്ട് അപ്പന്‍ തന്റെ കഴുത്തറക്കുമെന്ന് ചാര്‍ളിക്കറിയാം. അമ്മയോട് ചോദിക്കാമെന്ന് വച്ചാല്‍ അമ്മ ഉലക്കയ്ക്കടിക്കും.

ഒടുവില്‍ ചാര്‍ളി അന്ന് അപ്പനും, അമ്മയും പരുമല പള്ളിയില് താന്‍ നന്നാകാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ പോയ തക്കം നോക്കി മൂന്നാല്‍ റബറ് ഷീറ്റ് മോഷ്ടിച്ച് കടയില്‍ കൊണ്ടുപോയി വിറ്റ് കിട്ടിയ കാശുകൊണ്ട് ആ കടയില്‍ നിന്ന് തന്നെ ഒരു കെട്ട് വെള്ള പേപ്പറും, മൂന്നാല് പേനയും വാങ്ങി.

“ഇതെന്താ ചാര്‍ളി. പേപ്പറും പേനയുമൊക്കെയായിട്ട്, പൂജ്യം വെട്ട് കളിക്കാനാണോ..?” ചാര്‍ളിയോട് കടക്കാരന് ദാമു ചോദിച്ചു. സാധാരണ ചാര്‍ളി റബറ് ഷീറ്റ് വിറ്റ് കിട്ടുന്ന പൈസകൊണ്ട് നേരെ സിനിമ തീയേറ്ററിലേക്കാണ് പോകുന്നതെന്ന് ദാമുവിനറിയാം

“പൂജ്യം വെട്ടു കളിക്കാ‍നൊന്നുമല്ലെടോ, കഥയെഴുതാനാ ഇതൊക്കെ..’ ചാര്‍ളി തെല്ല് ഗൌരവത്തോടു കൂടി പറഞ്ഞു.

“എന്റെ ചാര്‍ളി നീ എന്നെ ചിരിപ്പിക്കാതെ ഒന്നു പോംന്നുണ്ടോ..? ചാര്‍ളിയുടെ വാക്കുകള്‍ കേട്ട് ദാമു പൊട്ടിച്ചിരിച്ചു. ദാമുവിന്റെ ആ ആക്കിയുള്ള ചിരി ചാര്‍ളിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല.

“അതെന്താ ഞാന്‍ കഥയെഴുതിയാല്‍ ഒക്കത്തില്ലേ….? ചാര്‍ളി ദേഷ്യപ്പെട്ടു. “തനിക്കിപ്പോള്‍ എന്റെ വില അറിയില്ലെടോ. കഥയൊക്കെ എഴുതി അവാര്‍ഡൊക്കെ കിട്ടുമ്പോള്‍ തനിക്കത് മനസ്സിലാകും..”.

“എന്റെ ചാര്‍ളി. ഞാന്‍ നിന്നെ ഉപദേശിക്കുവാണെന്ന് കരുതരുത്. യാതൊരു കഥയുമില്ലാത്ത നീ വേണ്ടാത്ത പണിക്കൊന്നും പോകാതെ നാല് റബറ് തൈ വച്ച് പിടിപ്പിക്കാന്‍ നോക്ക്. ഇപ്പം റബറിനൊക്കെ പൊന്നിന്റെ വിലയാണെന്ന് നിനക്കറിയാല്ലോ..“ ദാമു പറഞ്ഞു.

“ഒന്നു പോടോ..ഞാന്‍ നന്നാകുന്നത് തനിക്കൊന്നും പിടിക്കുന്നില്ല അല്ലേ..” ചാര്‍ളി തെല്ലു കലിപ്പോടു കൂടിയാണ് ചാര്‍ളി ദാമുവിന്റെ കടയില്‍ നിന്നും പോയത്.

“ഉം. പള്ളിക്കൂടത്തില്‍ വിട്ടിട്ട് നന്നാകാത്തവനാ കഥയെഴുതി നന്നാവുന്നെ. എലിയും, ……..യും തിരിച്ചറിയാത്ത ഇവനൊക്കെ കഥയെഴുതി നന്നാകുവാണെല്‍ എന്റെ കെട്ട്യോളും, പിള്ളാരും അനാഥരായാലും വേണ്ടില്ല, ചക്കുളത്തമ്മ സത്യം ഞാന്‍ സ്വയം കുത്തിച്ചാകും.” ദാമു ആരോടെന്നില്ലാതെ പറഞ്ഞു

ആദ്യം എന്താണ് എഴുതേണ്ടത്..? കഥയോ, കവിതയോ, അതോ നോവലോ..? ചാര്‍ളി ചിന്തിച്ചു. ആദ്യം കവിത തന്നെ എഴുതുക. അതാണെങ്കില്‍ നാലഞ്ച് വരികളില്‍ ഒതുക്കാമല്ലോ.. കവിതയൊക്കെ എഴുതി ഒന്നു തെളിഞ്ഞിട്ട് മതി കഥയും, നോവലുമൊക്കെ എഴുതുന്നതെന്ന് ചാര്‍ളിക്ക് തോന്നി. പക്ഷേ വീട്ടിലെത്തിയ ചാര്‍ളി തലപുകഞ്ഞാലോചിച്ചിട്ടും ഒരു മണ്ണാങ്കട്ടയും തലയില്‍ വരുന്നില്ല. ഒരു കവിതയെഴുതുവാന്‍ ഇത്രയ്ക്ക് പാടുണ്ടോ..

എങ്ങനെയാണ് തുടങ്ങേണ്ടത്? എന്തിനെക്കുറിച്ചാണ് എഴുതേണ്ടത്. വരയിട്ട പേപ്പറിലാണോ, വരയിടാത്ത പേപ്പറിലാണോ എഴുതേണ്ടത്? പേപ്പറിന്‍ മാര്‍ജിനിട്ടാണോ, ഇടാതയാണോ എഴുതേണ്ടത്…? കര്‍ത്താവേ ആരോടാണ് ഇതിനെക്കുറിച്ചൊക്കെയൊന്ന് ചോദിക്കുന്നത്? വിവരമുള്ള ഒരൊറ്റയെണ്ണവും ആലയിലില്ല.

ചാര്‍ളിക്ക് ഒരെത്തു പിടിയും കിട്ടിയില്ല. ബാലരമയില്‍ കവിത എഴുതിയ മേനകയോട് ചോദിച്ചാലോ..? ഒടുവില്‍ ചാര്‍ളി ചിന്തിച്ചു. ‘തന്റെ പകുതി പ്രായം പോലുമില്ലാത്ത മേനകയോട് കവിത എഴുതുന്നത് എങ്ങനെയെന്ന് ചോദിച്ചാല്‍ നാണക്കേടല്ലേ‘? ചാര്‍ളി ചിന്തിച്ചു. നാണക്കേടെങ്കില്‍ നാണക്കേട്.. ആവശ്യം തനിക്കാണ്‍

“എടീ മേനകേ ഇങ്ങോട്ടൊന്നോടി വന്നേടി.. ഒരു കാര്യം ചോദിക്കാനാ..” കൂട്ടുകാരികളോടൊപ്പം മുറ്റത്ത് സാറ്റ് കളിച്ചു കൊണ്ടിരുന്ന മേനകയെ തന്റെ വീട്ടില്‍ നിന്ന് ചാര്‍ളി വിളിച്ചു

“എന്താ ചാര്‍ളിച്ചായാ…” മേനക തന്റെ മുറ്റത്ത് നിന്ന് വിളിച്ചു ചോദിച്ചു. “ഇങ്ങോട്ട് വാടീ പെണ്ണേ.. ഒരു അത്യാവശ്യ കാര്യം ചോദിക്കാനാടീ…”

"എന്താ ചാര്‍ളിച്ചായാ… “ ചാര്‍ളിയുടെ അടുക്കലോടിയെത്തിയ മേനക കിതച്ചു കൊണ്ട് ചോദിച്ചു. കവിത എഴുതുന്നത് എങ്ങനെയാണെന്ന് പെട്ടന്ന് ചോദിക്കണോ..? ഈ നരുന്ത് പെണ്ണ് കൂട്ടുകാരികളോടൊക്കെ പറഞ്ഞാല്‍ തനിക്കത് നാണക്കേടല്ലേ

“എടീ നിനക്ക് പഴുത്ത പേരയ്ക്ക വേണോടീ…” ചാര്‍ളി പെട്ടന്ന് ചോദിച്ചു. ചാര്‍ളിയുടെ വീട്ട് മുറ്റത്തെ പേര മരത്തില്‍ ധാരാളം പേരയ്ക്കയുണ്ട് മേനകയ്ക്കറിയാം. കിളികള്‍ കൊത്തി തിന്നാല്‍ പോലും ഇത്രയും കാലം തനിക്കെന്നല്ല ഒരു മനുഷ്യജീവിക്കു പോലും ഒരു പേരയ്ക്ക പോലും കൊടുത്തിട്ടില്ലാത്ത ചാര്‍ളിച്ചായന്‍ ഇന്നെന്തു പറ്റി..

"ഇതിനായിരുന്നോ വിളിച്ചത്. ചാര്‍ളിച്ചായന്റെ വിളികേട്ട് സത്യത്തില്‍ ഞാനങ്ങ് പേടിച്ചു പോയി… എന്റെ ചാര്‍ളിച്ചായാ സാറ്റ് കളി കഴിഞ്ഞിട്ട് ഞാ‍ന്‍ വരാം…” മേനക തിരിഞ്ഞോടാന് തുടങ്ങി.

“എടീ അവിടെ നിക്കെടി പെണ്ണേ.. എടീ നിന്റെ കവിത ബാലരമേല്‍ വന്നെന്ന് കേട്ടു. അതൊന്ന് കാണിക്കാമോ. ഞാനൊന്നു വായിച്ചു നോക്കെട്ടെടീ…” ചാര്‍ളി പറഞ്ഞു. “പിന്നെ കാണിക്കാം. ഞാന്‍ സാറ്റ് കളിക്കാ‍ന്‍ പോവാ…”

“എടീ ആ ബാലരമ എനിക്കൊന്ന് കൊണ്ട് തന്നിട്ട് മതി നിന്റെ സാറ്റ് കളി…” ചാര്‍ളിയുടെ വാക്കിന് എതിര്‍വാക്കു പറയുവാന്‍ മേനകയ്ക്കായില്ല. അവള്‍ വീട്ടിലേക്കോടി മിനിറ്റുകള്‍ക്കുള്ളില്‍ ബാലരമയുമായി ഓടിയെത്തി.

(തുടരും)

No comments: