Monday, April 7, 2008

ബ്ലോഗെര്‍ക്കെന്താ കൊമ്പുണ്ടോ... 2

“ഇതിനകത്ത് എവിടാടി നിന്റെ കവിത…” മേനക നല്‍കിയ ബാലരമയുടെ പേജുകള്‍ ഓരോന്നായി മറിച്ചു നോക്കിക്കൊണ്ട് ചാര്‍ളി ചോദിച്ചു. “ദേ ഇവിടെ..” ഇരുപതാമത്തെ പേജിലെ ഒരു ചെറിയ കോളത്തിനുള്ളിലെ കുഞ്ഞിപ്പൂച്ച എന്ന തലക്കെട്ടുള്ള കവിത കാണിച്ചു കൊണ്ട് മേനക പറഞ്ഞു.

'പൂച്ച നല്ല പൂച്ച
വ്യത്തിയുള്ള പൂച്ച
കാ‍ച്ചി വച്ച പാലില്‍
നാവു നക്കി പൂച്ച.
നാവു പൊള്ളി പൂച്ച
മ്യാവു..മ്യാവൂന്ന് കേണു..

‘അപ്പം ഇങ്ങനേം കവിത എഴുതാം അല്ലേ…’ മേനകയുടെ കവിത വായിക്കുന്നതിനിടയില്‍ ചാര്‍ളി മനസ്സില്‍ ചിന്തിച്ചു…

“കൊള്ളമല്ലോടീ ഈ കവിത . എടീ നീ എങ്ങനെയാടി ഈ കവിത എഴുതിയത്…?“ ചാര്‍ളി ചോദിച്ചു. "എങ്ങനാണെന്ന് ചോദിച്ചാല്‍ എന്റെ കൈകൊണ്ട്..” മേനക മുത്തുകിലുങ്ങന്നതു പോലെ ചിരിച്ചു.

വളിക്ക് വിളി കേള്‍ക്കുന്ന ഈ നരുന്ത് പെണ്ണ് തനിക്കിട്ടൊന്ന് താങ്ങിയതാണെന്ന് അവളുടെ ആക്കിയുള്ള ആ ചിരി കണ്ടപ്പോള്‍ ചാര്‍ളിക്ക് മനസ്സിലായി. ഇന്നലെ വരെ ചറുപറാന്ന് വളീ വിട്ടും, മൂക്കളേം ഒലിപ്പിച്ചോണ്ടും നടന്ന ഇവള്‍ ഒരു പേട്ട് കവിത എഴുതിയതില്‍ പിന്നെ നിലത്തും, താഴേമല്ലെന്ന് ചാര്‍ളിക്ക് തോന്നി. എന്തുചെയ്യാം.. കാര്യം കാണാന്‍ കഴുതക്കാലും പിടിക്കണമെന്നല്ലേ പ്രമാണം…

“ദേ പെണ്ണേ തമാശ കള…” ഉള്ളില്‍ പതഞ്ഞു പൊങ്ങിയ ദേഷ്യം കടിച്ചമര്‍ത്താനെന്നൊനം മേനകയുടെ ചെവിക്ക് പിടിച്ചൊന്ന് ഞെരുടിക്കൊണ്ട് ചാര്‍ളി പറഞ്ഞു.

"എടീ നീ ആരോടും പറയില്ലെങ്കില്‍ ഞാനൊരു രഹസ്യം നിന്നോട് പറയാന്‍ പോവുകയാണ്‍…” “എന്താ ചാര്‍ളിച്ചായാ..” മേനക ആകാംക്ഷഭരിതായി. “

അത്..ഞാനും നിന്നെപ്പോലെ കവിത എഴുതുവാന്‍ പോവുകയാണ്‍…നീ കവിത മാത്രമല്ലേ എഴുതിയത്..? പക്ഷേ ഞാന്‍ കവിത മാത്രമല്ല കഥയും, നോവലും, പിന്നെ ഒന്ന് രണ്ട് സിനിമയ്ക്കും കഥയെഴുതുവാന്‍ പോവുകയാണ്‍.. ഈ ആല ഗ്രാമത്തില്‍ ഒരു വലിയ സാഹിത്യകാരന്‍ പിറക്കുവാന്‍ പോവുകയാണെന്ന് ചുരുക്കം. ചാര്‍ളി ആല….. സാഹിത്യലോകത്ത് ഞാന്‍ ഭയങ്കര തിരക്കുള്ള ആളാകുവാന്‍ പോവുകയാണ്‍ മേനകേ… അതിന്‍ മുമ്പ് മേനക എനിക്കൊരു ഉപകാരം ചെയ്തു തരണം….”

എന്താ ചാര്‍ളിച്ചായാ….?

അത്.. അതെ മേനകേ… സംഗതി ഞാന്‍ സാഹിത്യകാരനാകുവാന്‍ പോവുകയാണല്ലോ..? അല്ലയീ പ്രായത്തിന്റെ കാര്യത്തില്‍ നീ എന്നെക്കാള്‍ ഒരുപാട് എളപ്പമാണെങ്കിലും ഈ എഴുത്തിന്റെ കാര്യത്തില്‍ നിനക്കാണല്ലോ എന്നേക്കാള്‍ പരിചയം.. എനിക്ക് ഒരു സംശയം… ഒരേയൊരു സംശയം……നമ്മളെങ്ങനാടീ ഈ കവിത എഴുതുന്നത്..?

വലിയ എഴുത്തുകാരനാകാന്‍ പുറപ്പെട്ടിരിക്കുന്ന ചാര്‍ളിച്ചായന്റെ ചോദ്യം കേട്ട്
മേനകയ്ക്ക് ചിരി വന്നു… വീണ്ടും മേനകയുടെ ആ ആക്കിയുള്ള ചിരിയുടെ മുന്നില്‍ ചാര്‍ളി ചൂളിപ്പോയി… കര്‍ത്താവേ ഈ പെണ്ണ് നാട്ടിലൊക്കെ ഇത് പാടി നടക്കുമാവോ…

"അല്ല…മേനകേ ഞാനുദ്ദ്യേശിച്ചത് നമ്മള്‍ എഴുതുമ്പോള്‍ വരയിട്ട പേപ്പറിലാണോ, വരയിടാത്ത പേപ്പറിലാണോ കവിത എഴുതേണ്ടത്? പേപ്പറിന്റെ രണ്ട വശത്തും എഴുതാമോ അതു ഒരു വശത്തു മാത്രമേ എഴുതാന്‍ പറ്റുമോ… അക്ഷരം ഉരുട്ടിയാണോ… ഉരുട്ടാതെയാണോ എഴുതേണ്ടത്…? മുഖത്തെ ചമ്മല്‍ മറച്ചു വച്ചുകൊണ്ട് ചോദിച്ചു.

മേനകയ്ക്ക് ചിരിയടക്കുവാന്‍ കഴിഞ്ഞില്ല.

"ന്റെ മേനകേ നീ ഇങ്ങനെ എന്നെ കളിയാക്കി ചിരിക്കാത്… നിനക്കറിയാമോ എനിക്ക് നീ കുഞ്ഞനുജത്തിയെപ്പോലെയാണ്‍… ദയവായി ഇതൊന്നും നീ ആരോടും പറേരുത്…" നിനക്കറിയാമല്ലോ നാട്ടിലും, വീട്ടിലും എനിക്കൊരു വിലേമില്ല. വെറുതെ വായി നോക്കി തെക്കുവടക്കു നടക്കുവാന്ന് പറഞ്ഞ് അപ്പനും, അമ്മയും എനിക്കൊരു സമാധാനോ തരുന്നില്ല. അപ്പനൊപ്പം റബറ് വെട്ടാന്‍ പോകാമെന്ന് വച്ചാല്‍ എന്നെക്കൊണ്ട് പറ്റില്ല. എങ്ങനെങ്കിലും ഒരു സാഹിത്യകാരനായിട്ടു വേണം വീട്ടുകാരുടേം നാട്ടുകാരുടേം മുന്നിലൊന്ന് തലയുയര്‍ത്തി നടക്കാന്‍…“ ചാര്‍ളി തന്റെ മനസ്സ് മേനകയുടെ മുന്നില്‍ തുറന്നു…

“എന്റെ ചാര്‍ളിച്ചായാ.. ഒരു വെള്ളപേപ്പറില്‍ ഞാനൊരു കുഞ്ഞിക്കവിത എഴുതിയപ്പോള്‍ സ്കൂളിലെ ടീച്ചറാ അത് ബാലരമയ്ക്ക് അയച്ചു കൊടുത്തത്… ഞാനെഴുതിയത് കവിതാണോ, പാട്ടാണോന്ന് എനിക്കിപ്പോഴും അറിയില്ല. ഒരു മാസം കഴിഞ്ഞപ്പോള്‍ കവിത ബാലരമേല്‍ പ്രസ്ദ്ധീകരിച്ചു വന്നു. ഒന്ന് രണ്ട് ആഴ്ച കഴിഞ്ഞപ്പോ കവിതയുടെ പ്രതിഫലമായി നൂറ്റമ്പത് രൂപയും അവര്‍ മണിയോഡറായി അയച്ചു തരികയും ചെയ്തു…”

“കര്‍ത്താവേ നാലഞ്ച് വരി കവിതയ്ക്ക് നൂറ്റമ്പത് രൂപയോ…“ മേനക പറഞ്ഞത് കേട്ട് ചാര്‍ളിയുടെ കണ്ണ് തള്ളിപ്പോയി… അങ്ങനെയെങ്കില്‍ ഒരു പത്തിരുപത് വരി കവിത എഴുതുകയാണെങ്കില്‍ പത്തായിരം രൂപ കിട്ടുമല്ലോ…

“അപ്പം ചാര്‍ളിച്ചായാ ഞാന്‍ പോവ്വാ, പിന്നെ സാറ്റ് കളിച്ചിട്ട് വരുമ്പോള്‍ പേരയ്ക്ക തരാന്‍ മറക്കരുത്…” തന്റെ വീട്ടുമുറ്റത്ത് സാറ്റ് കളിച്ചുകൊണ്ടിരിക്കുന്ന കൂട്ടുകാരുടെ അടുക്കലേക്ക് ഓടുന്നതിനിടയില്‍ മേനക വിളിച്ചു പറഞ്ഞു.

ദിവസം എത്ര കവിത എഴുതാന്‍ കഴിയും…? ചാര്‍ളി ചിന്തിച്ചു. ഒരു നാലഞ്ച് കവിതയും, മൂന്നാല്‍ കഥയും എഴുതാം. കഥയ്ക്ക് കവിതയേക്കാള്‍ കൂടുതല്‍ പ്രതിഫലം ലഭിക്കുമായിരിക്കും….

ദിവസം അഞ്ച് കവിത എഴുതുകയാണെങ്കില്‍ രുപ പത്തയ്യായിരം കൈയ്യില്‍ കിട്ടും പിന്നെ കഥയുടെയും, നോവലിന്റെയുമൊക്കെ പ്രതിഫലം വേറേ…… ഏതായാലും തന്റെ ഭാഗ്യം തെളിയുവാന്‍ പോവുകയാണെന്ന് ചാര്‍ളിക്ക് തോന്നി…. വെറുതെ വായി നോക്കി നടന്ന സമയത്തെന്തേ തനിക്കീ കഥേ കവിതയുമൊക്കെ എഴുതുവാന്‍ തോന്നിയില്ല….

അല്ല ഈ കവിതേം, കഥേം ചുമ്മാ അങ്ങനെ എഴുതാന്‍ പറ്റുമോ? എഴുതുന്നതിന്‍ ഒരു വിഷയം വേണമല്ലോ, മേനകയുടെ കവിതയില്‍ പൂച്ചയായിരുന്നു വിഷയം. അല്ല പൂച്ച മാത്രമല്ലല്ലോ ഈ ലോകത്തിലുള്ളത്. തനിക്ക് കവിതയും, കഥയുമൊക്കെ എഴുതാന്‍ വേണ്ടി ദൈവം തമ്പുരാന്‍ എന്തോരം ജന്തുക്കളും, പക്ഷികളുമൊക്കെയാ സ്യഷ്ടിച്ചിരിക്കുന്നെ.. തനിക്ക് വേണമെങ്കില്‍ പട്ടിയെക്കുറിച്ചോ, പെരുച്ചാഴിയെക്കുറിച്ചോ, മരപ്പട്ടിയെക്കുറിച്ചോ, മരമാക്രിയെക്കുറിച്ചോ, വിട്ടിലിനെക്കുറിച്ചോ, വെട്ടുക്കിളിയെക്കുറിച്ചോ കവിത എഴുതാമല്ലോ…

‘ഏതായാലും ഞാനൊരു കലക്കു കലക്കും…‘ ചാര്‍ളി മനസ്സില്‍ മന്ത്രിച്ചു…
പണിയൊന്നുമില്ലാതെ തെക്കു വടക്കു നടക്കുവാണെന്ന് ഒളിഞ്ഞും, തെളിഞ്ഞും എന്നെ പരിഹസിച്ച എന്റെ പ്രിയപ്പെട്ട മാതാപിതാക്കളേ നിങ്ങളുടെ മകനിതാ ഒരു സാഹിത്യകാരനാകാന്‍ പോകുന്നു… ‘വായിനോക്കീന്ന് എന്നെ വിളിച്ച ആലയിലെ തരുണീമണികളെ… ഇതാ ചാര്‍ളിയെ നിങ്ങള്‍ ബഹുമാനിക്കുന്ന ഒരു ദിവസം കടന്നു വരാന്‍ പോകുന്നു…ഈ ചാര്‍ളിയിതാ ആലയുടെ ചരിത്രം മാറ്റിക്കുറിക്കാന്‍ പോകുന്നു…

കൊലമരച്ചോട്ടില്‍ നിന്നൊരു കവി വരുന്നു..
കാലഘടികാരമലറുന്നു….
അമ്മയെപ്പോറ്റുവാന്‍ അമ്മ തന്‍ ചോരകൊണ്ട്-
എഴുതിയതാണെന്റെ കവിത….

ആവേശം മൂത്ത ചാര്‍ളി പണ്ടെങ്ങോ കേട്ട ഒരു കവിതയുടെ നാലുവരികള്‍ പരിസരം മറന്ന് ഉച്ചത്തില്‍ ചൊല്ലി. ഒന്നല്ല പല തവണ ആകാശത്തേക്ക് കൈകള്‍ വലിച്ചെറിഞ്ഞ് ചാര്‍ളി ചൊല്ലിക്കൊണ്ടിരുന്നു….

ഈ സമയത്താണ്‍ പരുമലപ്പള്ളിയിലെ പദയാത്രയും കഴിഞ്ഞ് ക്ഷീണിച്ച് ചാര്‍ളിയുടെ അപ്പനും, അമ്മയും പടിപ്പുര കടന്ന് വന്നത്… മകന്‍ ഭ്രാന്ത് പിടിച്ചതു പോലെ ആകാശത്തേക്ക് നോക്കി എന്തോ വിളിച്ചു പറയുന്നതു കേട്ട് കറിയാച്ചനും, മറിയാമ്മച്ചേടത്തിയും മുഖത്തോട് മുഖം നോക്കി…. അവര്‍ക്കൊന്നും മനസ്സിലായില്ല. കവിത ഉച്ചത്തില്‍ ചൊല്ലുന്നതിനിടയില്‍ ചാര്‍ളി അപ്പനെയും അമ്മയെയും കണ്ടില്ലതാനും

“അല്ലെടീ ഇവനെന്തിന്റെ സൂക്കേടാ..?” കറിയാച്ചന്‍ പെമ്പര്‍ന്നോരുടെ മുഖത്തേക്ക് നോക്കി… ”കേട്ടില്ലേ അവന്‍ വിളിച്ചു പറേന്നെ….കൊലമരച്ചോട്ടില്‍ നിന്നൊരു കവി വരുന്നെന്ന്… ദേ, നിന്നെ പോറ്റാന്‍ കര്‍ക്കിടമാസത്തിലെ കറുത്ത കറുത്തവാവിനുണ്ടായ നിന്റയീ കഴുവേറീടെ മോന്‍ നിന്റെ ചോരകൊണ്ട് കവിത എഴുതുവാനും പോകുന്നെന്ന്… ഇക്കണക്കിന്‍ പോയാല്‍ പരുമല തിരുമേനിയാണെ സത്യം ഈ കഴുവേറീടെ മോനെ കൊന്നിട്ട് ഞാന്‍ കൊലമരത്തില്‍ പോകേണ്ടി വരും… “ കലിമൂത്ത കറിയാച്ചന്‍ മറിയാമ്മച്ചേടത്തിയോട് ചൂടായി.

“ന്റെ ആമ്പ്രന്നോനെ നിങ്ങളൊന്നടങ്ങ്.., പള്ളീപ്പോയീ കുമ്പസരിച്ചിട്ട് വന്നത് ചെറുക്കനെ പള്ള് പറയാനാണോ…അവനൊരു ആണ്‍ചെക്കനല്ലെ..അവന്‍ വല്ല സിനിമാ പാട്ടോ വല്ലതും പാടുന്നതായിരിക്കും…” മറിയാമ്മച്ചേടത്തി കെട്ടിയോനെ കുറ്റപ്പെടുത്തി

“ഇങ്ങനാണോടീ സിനിമാപാട്ട്…..“നീയൊരുത്തിയാ ഈ പണ്ടാരത്തിനെ ഇങ്ങനെ വഴളാക്കുന്നെ… അല്ലായിരുന്നെങ്കില്‍ മേലും കീഴും ഞാന്‍ നോക്കില്ല. ഒന്നെയുള്ളെങ്കിലും കഴുവേര്‍ട മോനെ എന്നേ തല്ലിക്കൊന്ന് റബറിന്‍ വളമിട്ടേനെ..…”

അപ്പനും അമ്മയും തമ്മിലുള്ള തര്‍ക്കം കേട്ടാണ്‍ ചാര്‍ളി തിരിഞ്ഞ് നോക്കിയത് കലിതുള്ളി നില്‍ക്കുന്ന അപ്പന്റെ മുഖത്തേക്ക് രണ്ടാമതൊരു തവണ നോക്കാന്‍ ചാര്‍ളിക്ക് കരുത്തില്ലായിരുന്നു. ‘ശ്ശേ.. അപ്പനും അമ്മയും വന്നത് കണ്ടില്ലല്ലോ…ആകെ കുളമായി…“ ഒരു കള്ളച്ചിരിയോടു കൂടി ചാര്‍ളി മുറ്റത്തു നിന്നും വീട്ടിനുള്ളിലേക്ക് കയറി…

‘നില്ലെടാ അവിടെ….” പുറകില്‍ നിന്നും അമ്മയുടെ കല്പന. “എന്താമ്മേ ..” ചാര്‍ളി തിരിഞ്ഞു നിന്നു…“നിനക്ക് എന്തിന്റെ സൂക്കേടാടാ ചെക്കാ…വെറുതെ നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കാ‍ന്‍ എന്തൊക്കെയാ നീയീ വിളിച്ച് പറേന്നെ…? നിനക്കെന്താടാ ഭ്രാന്തുണ്ടോ..?

“അപ്പം അമ്മേം, അപ്പനും എല്ലാം കേട്ടു ല്ലേ… അത്…അമ്മേ ഞാനൊരു കവിത ചൊല്ലിയതാ..” ചാര്‍ളി തെല്ലു ചമ്മലോടു കൂടി പറഞ്ഞു…

“കവിത ചൊല്ലുന്നു…ഇതാണോടാ കവിത..? ഇതൊരുമാതിരി കാട്ട് പോത്ത് അലറുന്നതുപോലെ… ഒന്നുപോടാ എന്റെ മുന്നില്‍ നിന്ന് അല്ലെങ്കില്‍ കഴുവേര്‍ടെ മോനെ നീ എന്റെ കൈക്ക് പണിയൊപ്പിക്കും… കറിയാച്ചന്‍ ചാര്‍ളിയെ പരിഹസിച്ചു. "അവന്‍ വന്നിരിക്കുന്നു അവന്റേമ്മേടെ ചോരകൊണ്ട് കവിത എഴുതാന്‍ “

‘ചാര്‍ളി… അപ്പന്‍ പറഞ്ഞതൊന്നും നീ വകവയ്ക്കേണ്ട… ഏതൊരു സാഹിത്യകാരന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍ ഒരുപാട് കയ്പ്പേറിയ അനുഭവങ്ങളുണ്ടാകും.. ആ അനുഭവത്തിന്റെ തീച്ചുളയില്‍ നിന്നാണ്‍ അവന്‍ എഴുതേണ്ടത്… ‘ ആരോ തന്റെ മനസ്സില്‍ മന്ത്രിക്കുന്നതു പോലെ ചാര്‍ളിക്ക് തോന്നി….

“അതെ മുന്നോട്ട് വച്ച കാലിനി പിന്നോട്ടില്ല… “ ചാര്‍ളി മനസ്സില്‍ മന്ത്രിച്ചു…

എന്നാല്‍ കലയും, സാഹിത്യവുമൊക്കെ ദൈവദത്തമാണെന്നും
‘ചക്കെന്നു പറഞ്ഞാല്‍ കൊക്കെന്ന് എഴുതുന്ന വിവരമില്ലാത്ത എമ്പോക്കികള്‍ക്കത് ലഭിക്കാന്‍ പാടാണെന്നും ചാര്‍ളിക്കറിയില്ലായിരുന്നു….

പിന്നെ ചാര്‍ളിയെങ്ങനെ ബൂലോകത്തിലെ സൂപ്പര്‍ ബ്ലോഗറായി…?

(തുടരും…)

No comments: