Saturday, May 10, 2008

മണ്ണും പെണ്ണും

ഇത് മൂന്നാമത്തെ വെക്കേഷനാണ് ഹരീന്ദ്രന്‍ നാട്ടിലെത്തുന്നത് “ഈശ്വരാ, ഇത്തവണയെങ്കിലും എന്റെ കുഞ്ഞിന്റെ കല്യാണം നടന്നു കിട്ടിയാല്‍ മതിയായിരുന്നു..” അയാള്‍ വീട്ടിലേക്ക് കാലുകുത്തിയപ്പോള്‍ തന്നെ അമ്മ നെടുവീര്‍പ്പിട്ടു.

ഹരീന്ദ്രന് മുപ്പത്തിരണ്ടു വയസ്സു കഴിഞ്ഞിരിക്കുന്നു എന്നതില്‍ അമ്മയ്ക്കുള്ള വേവലാതി കുറച്ചൊന്നുമല്ല. നാട്ടില്‍ അയാളുടെ പ്രായത്തിലുള്ളവരൊക്കെ കല്യാണം കഴിച്ച് കുട്ടികളുമൊക്കെയായി സുഖമായി ജീവിക്കുന്നു എന്ന അമ്മയുടെ അഭിപ്രായം അക്ഷരംപ്രതി അയാള്‍ അംഗീകരിക്കുന്നുമുണ്ട്. പക്ഷേ കല്യാണ പ്രായം കഴിഞ്ഞെന്നു വച്ച് മറ്റുള്ളവര്‍ കാണിച്ചു തരുന്ന പെണ്ണിനെയങ്ങ് പെട്ടന്ന് കെട്ടാന്‍ ഹരീന്ദ്രന്‍ ഒരുക്കമല്ലായിരുന്നു? ഹരീന്ദ്രന് തന്റെ ഭാര്യയാവാന്‍ പോകുന്ന പെണ്ണിനെക്കുറിച്ച് ചില സങ്കല്‍പ്പങ്ങളൊക്കെയുണ്ടായിരുന്നു. അവള്‍ വലിയ സുന്ദരിയാവണമെന്നൊന്നും അയാള്‍ക്ക് നിര്‍ബന്ധമില്ലായിരുന്നു. പക്ഷെ കാഴ്ചയില്‍ ആരും പഴിക്കുവാന്‍ പാടില്ല. അത്ര തന്നെ. പിന്നെ വലിയ പഠിപ്പില്ലെങ്കിലും സാമാന്യം വിദ്യാഭ്യാസം അവള്‍ക്കുണ്ടായിരിക്കണം. പക്ഷെ അവള്‍ നല്ല അടക്കവുമൊതുക്കവുമുള്ളതായിക്കണമെന്ന് അയാള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു.

അപ്പോള്‍ ചോദിച്ചേക്കാം ഇതൊക്കെയുള്ള വല്യമാമയുടെ മകള്‍ ‘ഗായത്രി‘ക്കെന്തായിരുന്നു കുഴപ്പമെന്ന്. ഗ്രായത്രി നല്ല പെണ്‍കുട്ടി തന്നെ. അമ്മയ്ക്ക് അവളെക്കുറിച്ച് പറയാന്‍ നൂറ് നാവായിരുന്നു. ഹരീന്ദ്രനും അവളെ ഇഷ്ടമായിരുന്നു. പക്ഷേ ആ ഇഷ്ടത്തിന് മറ്റു ചില അര്‍ത്ഥങ്ങളാണ് അയാള്‍ മനസ്സില്‍ സൂക്ഷിച്ചത്. കുട്ടിക്കാലം മുതല്‍ ഒന്നിച്ച് കളിച്ച് വളര്‍ന്ന അവളെ തന്റെ ഭാര്യയുടെ സ്ഥാനത്ത് കാണാന്‍ ഒരിക്കലും അയാള്‍ ഇഷ്ടപ്പെട്ടിരുന്നില്ല. അയാളുടെ മനസ്സ് വായിച്ചറിയാന്‍ കഴിഞ്ഞതു കൊണ്ടല്ലേ ഒടുവില്‍ വിഷ്ണുവുമായിട്ടുള്ള വിവാഹത്തിന് ഗായത്രിയും സമ്മതം മൂളിയത്.

“ന്റെ കണ്ണടയുന്നതിന് മുമ്പ് എനിക്ക് നിന്റെ കല്യാണമൊന്ന് കാണണം. അതേനിക്കാശയുള്ളു.. നീ ഇഷ്ടപ്പെടുന്ന ഏതു പെണ്ണിനെയും സ്വീകരിക്കാന്‍ ഞാനൊരുക്കമാണ്” അമ്മ വിതുമ്പി.ശരിയാണ്. ഹരീന്ദ്രന്റെ വിവാഹമൊന്നും ശരിയാകാതെ വരുമ്പോള്‍ അമ്മയുടെ മനസ്സില്‍ തീയായിരുന്നു. തന്റെ കണ്ണടയുന്നതിന്‍ മുമ്പ് ഹരീന്ദ്രന്റെ കല്യാണമൊന്ന് നടന്നു കിട്ടിയാല്‍ മതിയെന്നായിരുന്നു അമ്മയുടെ നിരന്തരമായ പ്രാര്‍ത്ഥന.
അയാള്‍ ഓരോ വെക്കേഷന് നാട്ടില്‍ വരുമ്പോഴും കല്യാണ ബ്രോക്കറന്മാരുടെ ബഹളമായിരുന്നു വീട്ടില്‍. എന്നാല്‍ അവരോടൊപ്പം പെണ്ണുകാണല്‍ ചടങ്ങിന് അണിഞ്ഞൊരുങ്ങി പലയിടത്തു പോയി കൈയ്യിലുള്ള കാശുപോയതൊഴിച്ചാല്‍ യാതൊന്നും സംഭവിച്ചില്ലെന്നുള്ളത് പകല്‍പ്പോലെ സത്യം.

ആരെയും പഴിച്ചിട്ട് കാര്യമില്ല...
അയാളുടെ മനസ്സിന്‍ പിടിച്ച ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നതാണ് യാഥാര്‍ഥ്യം.ഒരു മാസത്തെ അവധിക്കാണ് ഇത്തവണയും അയാള്‍ നാട്ടിലെത്തിയത്. കല്യാണം നടക്കുകയാണെങ്കില്‍ ഒരു പതിനഞ്ച് ദിവസം കൂടി അവധിയെടുക്കണം. പതിവുപോലെ അന്നും പലരും ആലോചനകളുമായി വീട്ടിലെത്തി.

“എന്റെ കൈലൊരു ബീയെസ്സി നേഴ്സുണ്ട്. എന്താ നോക്കുന്നോ..” നാട്ടിലെ കല്യാണ ബ്രോക്കറായ കുഞ്ഞിരാമന്‍ നായരാണ് ആദ്യം വീട്ടിലെത്തിയത്.

“മാവേലിക്കരേലാ പെണ്ണിന്റെ വീട് നമ്മളെപ്പോലെ ഇടത്തരം സാമ്പത്തികോള്ള വീട്ടുകാരു തന്നെയാ അവരും. ഇപ്പം ഒരു പ്രൈവറ്റ് ആശുപത്രീലാ പെണ്ണിന് ജോലി. അല്ല ബീയെസ്സി നേഴ്സെന്നു പറഞ്ഞാന്‍ ഇപ്പം വല്യ ഡിമാഡല്ലേ. കല്യാണം കഴിഞ്ഞാല്‍ മോനങ്ങോട്ട് കൊണ്ടു പോയാ ജോലീം കിട്ടും. എന്താ മോന് സമ്മതമെങ്കില്‍ നമുക്കവിടം വരെയൊന്ന് പാം..” കുഞ്ഞിരാമന്‍ നായര്‍ ഹരീന്ദ്രനോട് പറഞ്ഞു.
ഹരീന്ദ്രന്‍ നേഴുസുമാരെയെന്നല്ല, ജോലിയുള്ള പെണ്‍കുട്ടികളെയാരെയും നോട്ടമില്ലെന്ന് കുഞ്ഞിരാമന്‍ നായരോട് മുമ്പ് അമ്മ പറഞ്ഞിട്ടുള്ളതാണ്. പക്ഷേ വീണ്ടും അയാ‍ള്‍..?

“കുഞ്ഞേയിത് കുഞ്ഞിന് പറ്റിയ അലോചനയാണ്.. അല്ല ഞാനൊന്നു ചോദിക്കട്ടെ. കുഞ്ഞിനീ നേഴ്സ്ന്മാരോട് ഇഷ്ടക്കേട് വല്ലതുമുണ്ടോ..” കുഞ്ഞിരാമന്‍ നായര്‍ ചോദിച്ചു.

“എനിക്ക് ജോലിയുള്ളവരെ തല്‍ക്കാലം വേണ്ട. അത്ര തന്നെ. ഇവിടെ വീട്ടില്‍ അമ്മ മാത്രമേയുള്ളെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ..? പ്രായമായ എന്റെ അമ്മയെ നോക്കി വീട്ടില്‍ നില്‍ക്കാവുന്ന ഒരു പെണ്‍കുട്ടിയെയാണെനിക്കാവശ്യം..” ഹരീന്ദ്രന് ദേഷ്യം വന്നു.

“അല്ല ചില എരപ്പാളികള്‍ക്ക് നേഴ്സുമാരെന്ന് കേട്ടാ ഒരുമാതിരി അലര്‍ജിയാ. അതോണ്ട് ചോദിച്ചതാ. കുഞ്ഞിനറിയാമോ നേഴ്സുമാരൊന്നും ശരിയല്ലെന്ന് പറഞ്ഞ് നടക്കുന്ന ചില എമ്പോക്കികള്‍ പലേടത്തുമുണ്ട്. ഇവന്മാരെയൊക്കെ നാറീം, പുഴുത്തും ആശുപത്രിയിലെത്തുമ്പോ അറപ്പും, വെറുപ്പമില്ലാതെ നോക്കാന്‍ വെള്ള വസ്ത്രമണിഞ്ഞ ഈ മാലാഖമാര് വേണം. അല്ല കുഞ്ഞേ ഇപ്പറയുന്നോനൊക്കെ ലക്ഷങ്ങള്‍ വാങ്ങി കെട്ടുന്ന പെണ്ണ് കല്യാണത്തിന്‍ മുമ്പ് വല്ലോന്റേം കൂടെ കെടന്നിട്ടുണ്ടോന്നോ, വയറ്റിലൊണ്ടാക്കിട്ടുണ്ടോന്നോ ഇവനൊക്കെ എങ്ങനറിയാന്‍ പറ്റും.? ഏതായാലും ചക്കേ, മാങ്ങേമൊന്നുമല്ലല്ലോ ചീത്തയാണെന്ന് തുന്നിച്ചു നോക്കാന്‍..? കുഞ്ഞിരാമന്‍ നായരുടെ ധാര്‍മ്മികരോഷത്തിന് മുന്നില്‍ അയാള്‍ മൌനം പൂണ്ടിരുന്നു.

ഹരീന്ദ്രന്‍ നാട്ടിലെത്തി ദിവസങ്ങള്‍ പലതും കഴിഞ്ഞതോടു കൂടി പതിവുപോലെ അമ്മയുടെ നെഞ്ച് പിടയ്ക്കുവാന്‍ തുടങ്ങി. “എന്റെ ദൈവമേ ഇത്തവണയും എന്റെ കുഞ്ഞിന്റെ കല്യാണം നടക്കില്ലേ..” അമ്മയുടെ കണ്ണുനീര്‍ കണ്ടിലെന്ന് നടിക്കുവാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. അന്ന് തറവാട്ടില്‍ നിന്ന് വല്യമ്മാമയോടൊപ്പം ചെട്ടികുളങ്ങരയിലേക്ക് പെണ്ണ് കാണാന്‍ പോകുമ്പോള്‍ പെണ്ണിനെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇത് തന്റെ അവസാനത്തെ പെണ്ണ് കാണല്‍ ചടങ്ങായിരുക്കുമെന്ന് അയാളൊരു തീരുമാനമെടുത്തിരുന്നു.

കല്യാണമെന്നുള്ള്ത് കുട്ടിക്കളിയല്ലെന്നും, ജീവിതകാലം മുഴുവന്‍ ഒന്നിച്ച് ജീവിക്കേണ്ടതാണെന്നുമുള്ള മനസ്സിന്റെ മന്ത്രിക്കല്‍ അയാള്‍ കേട്ടില്ലെന്ന് നടിച്ചു, എങ്കിലും കാണാന്‍ പോകുന്ന പെണ്‍കുട്ടി തന്റെ സങ്കല്‍പ്പത്തിലെ പെണ്ണായിരിക്കണമെന്ന് അയാള്‍ വെറുതെ ആശിച്ചിരുന്നു.

‘ഇവള്‍ തന്റെ സങ്കലപ്പത്തിലെ പെണ്‍കുട്ടി തന്നെ’ ഉണ്ണിമായയെ കണ്ടപ്പോള്‍ ഹരീന്ദ്രന്റെ മനസ്സ് നിറഞ്ഞു. ഒട്ടും താമസിച്ചില്ല. ഒരാഴ്ചയ്ക്കുള്ളില്‍ വിവാഹം നടന്നു. ‘ഉണ്ണിമായേ, നീയെന്റെ ഭാഗ്യമാടി മോളേ.. ഞാനിപ്പം ചിന്തിക്കുകയായിരുന്നു എന്തുകൊണ്ട് നീയെന്റെ ജീവിതത്തിലേക്ക് നേരത്തെ കടന്നു വന്നില്ലാന്ന്..” ആദ്യരാത്രിയില്‍ അയാള്‍ അവളുടെ കാതുകളില്‍ മന്ത്രിച്ചപ്പോള്‍ അവള്‍ ഒരു പൂച്ചക്കുഞ്ഞിനെപ്പൊലെ കുറുകിക്കൊണ്ട് അയാളുടെ നെഞ്ചോട് പറ്റിച്ചേര്‍ന്നു.

ദിവസങ്ങള്‍ക്ക് ദൈര്‍ഘ്യം കുറവാണെന്ന് തോന്നിപ്പോയ നിമിഷങ്ങള്‍.. ഉണ്ണിമായയോടൊത്തുള്ള സ്വര്‍ഗ്ഗസുന്ദരമായ ദിവസങ്ങള്‍ എത്ര പെട്ടന്നാണ് കൊഴിഞ്ഞു വീണത്...

“മോളേ എന്റെ അമ്മയെ പൊന്നുപോലെ നീ നോക്കണം. അചഛന്റെ മരണശേഷം അമ്മ എനിക്ക് വേണ്ടിയാണ് ജീവിച്ചത്. അമ്മയെ ഒരിക്കലും നീ വിഷമിപ്പിക്കരുത്. അമ്മയും നീയും മാത്രമേ വീട്ടിലുള്ളെന്ന് പേടി വേണ്ട. എന്തുണ്ടായാലും എന്നെ അറിയക്കണം. പിന്നെ പേടിക്കാനെന്തുണ്ട്? വല്യമ്മാമയും, ചെറിയമ്മാമയും തൊട്ടടുത്ത് തന്നെയല്ലേ താമസിക്കുന്നത്. എന്താവശ്യമുണ്ടായാലും അവരെ അറിയിച്ചാ‍ല്‍ മതി. അവരോടിയെത്തും..” ഉണ്ണിമായയെ കെട്ടിപ്പിടിച്ച് കിടക്കുമ്പോള്‍ ഹരീന്ദ്രന്‍ അവളോട് പറഞ്ഞു.

“ഹരിയേട്ടന്റെ അമ്മ എന്റെയും അമ്മയാണ്. ഹരിയേട്ടനെ പിരിയുന്നതിലാണ് എനിക്ക് വിഷമം..” ഉണ്ണിമായ അയാളുടെ നെഞ്ചില്‍ തലചായ്ച്ച് കൊണ്ട് പറഞ്ഞു.

“മോളേ, എന്റെ ശരീരം മാത്രമാണ് ഇപ്പോള്‍ വിട്ടു പിരിയുന്നത്. മനസ്സ് ഒരിക്കലും നിന്നെ വിട്ടു പിരിയുന്നില്ലെന്നോര്‍ക്കണം. ഒരു വര്‍ഷം.... അതങ്ങ് പെട്ടന്ന് പോവില്ലേ...?. പിന്നെ ആകാശത്തേരിലേറി ഞാനെന്റെ കുട്ടന്റെ അരികിലേക്കങ്ങ് പറന്നെത്തില്ലെടാ..”

മനസ്സിന്റെ വേദന പുറത്തു കാണിക്കാതെ അന്നവളോട് യാത്ര ചൊല്ലി പോരുമ്പോള്‍ ശരീരത്തിന്റെ ഏതോ ഭാഗം നഷ്ടപ്പെട്ട വേദനയാണ് അയാള്‍ക്ക് തോന്നിയത്. അവളുടെ വലിയ കണ്ണുകള്‍ നിറഞ്ഞു കവിയുന്നത് കണ്ടപ്പോള്‍ താനും പൊട്ടിക്കരഞ്ഞ് പോകുമോന്ന് അയാള്‍ ഭയന്നു പോയ നിമിഷങ്ങള്‍.....

വേര്‍പാടിന്റെ വേദന ആദ്യമായി അയാള്‍ അനുഭവിച്ചറിയുന്നത് ഉണ്ണിമായയെ വിട്ട് പിരിഞ്ഞപ്പോഴാണ്. വിശപ്പും ദാഹവുമില്ലാതെ എത്രയെത്ര ദിനങ്ങള്‍. ...ഉറക്കമില്ലാത്ത എത്രയെത്ര രാത്രികള്‍..... കണ്ണടയ്ക്കുവാന്‍ കഴിയുന്നില്ല....ഉണ്ണിമായയുടെ മുഖമാണ് മുന്നില്‍..... അവളെ കാണാതെ ഭ്രാന്ത് പിടിക്കുമെന്ന് തോന്നിപ്പോയ നിമിഷങ്ങള്‍.. എത്രയെത്ര ഫോണ്‍ വിളികള്‍.... ഫോണിലൂടെ അവളുടെ ശബ്ദം കേള്‍ക്കുമ്പോള്‍ മനസ്സ് വല്ലാതെ കോരിത്തരിച്ചിരുന്നു.... സ്നേഹവും, വാത്സല്യവും നിരഞ്ഞ അവളുടെ കത്തുകള്‍ കിട്ടുമ്പോള്‍ ഒരായിരം തവണയെങ്കിലും അയാളത് വായിച്ചിരുന്നു.

“എന്റെ ഹരിയേട്ടാ, എനിക്ക് ഹരിയേട്ടനെ കാണാതെ ഒരു നിമിഷം പോലും ജീവിക്കുവാന്‍ എനിക്ക് കഴിയില്ല. ഹരിയേട്ടന്‍ ജോലി കളഞ്ഞ് ഇങ്ങ് പോര്‍. നമുക്ക് ജീവിക്കുവാനുള്ള വകയൊക്കെ ഇവിടെയില്ലേ..? അല്ലെങ്കില്‍ എന്നെക്കൂടി അങ്ങോട്ട് കൊണ്ടുപോകുമോ..?..” ഫോണിലൂടെയും, കത്തിലൂടെയുമുള്ള ഉണ്ണിമായയുടെ നിരന്തരമായ ആവശ്യത്തിന്‍ മുന്നില്‍ ഉത്തരമില്ലാതെ അയാള്‍ കുഴയുമ്പോഴും, അവളോടൊപ്പമുള്ള ഒരു ജീവിതം അയാളുടെ സ്വപ്നം മാത്രമായിരുന്നു.

ഉണ്ണിമായയെ ഇവിടേക്ക് കൊണ്ടുവരാനുള്ള അവസ്ഥയിലല്ല താനിപ്പോഴെന്ന് അയാള്‍ക്കറിയാമായിരുന്നു. പിന്നെ ഒരാവേശത്തിന് ജോലി കളയാമെന്ന് വച്ചാല്‍ പെട്ടന്നെങ്ങനെ അതിന് കഴിയും...?ഒടുവില്‍ ദിവസങ്ങള്‍ ആഴ്ചകള്‍ക്കും, മാസങ്ങള്‍ക്കും വഴിമാറി കൊടുത്തപ്പോള്‍ ഉണ്ണിമായയിലേക്കുള്ള തന്റെ ദൂരം കുറഞ്ഞു വരുന്നത് സന്തോഷത്തോടെ അയാള്‍ മനസ്സിലാക്കി.

ഒരു വര്‍ഷം തികയുന്നതിന് മുമ്പെ രണ്ട് മാസത്തെ അവധിക്കപേക്ഷിച്ചപ്പോള്‍ പേഴ്സണല്‍ മാനേജര്‍ നെറ്റി ചുളിച്ചു. “സോറി മിസ്റ്റര്‍ ഹരി. പണിത്തിരക്കുള്ള ഈ സമയത്ത് നിങ്ങളിങ്ങനെ പെട്ടന്ന് അവധിയിലായാല് ആകെ കുഴപ്പമാകും..?

“ട്രൈ ടു അണ്ടര്‍ സ്റ്റാന്‍ഡ് മീ സാര്‍.. കല്യാണം കഴിഞ്ഞ് രണ്ടാഴ്ച തികച്ച് പോലും തികയാതെയാണ് ഞാനിങ്ങോട്ട് മടങ്ങി വന്നത്. സാറെനിക്ക് അവധി തന്നില്ലെങ്കില്‍ ഞാനെന്റെ ജോലി രാജി വയ്ക്കാനും തയ്യാറാണ്..’ രണ്ടും കല്പിച്ച് ഹരീന്ദ്രന്‍ പറഞ്ഞു.

“ലുക്ക് മിസ്റ്റര്‍ ഹരി. ഞങ്ങള്‍ക്ക് ഞങ്ങളുടെ ബിസിനസ്സാണ് പ്രാധാന്യം. അവിടെ കുടുംബ ബന്ധങ്ങള്‍ക്ക് യാതൊരു വിലയുമില്ലെന്നോര്‍ക്കണം... എനിവേ നിങ്ങളോടുള്ള എന്റെ പ്രത്യേക താല്പര്യം കണക്കിലെടുത്ത് ഞാന്‍ നിങ്ങള്‍ക്ക് അവധി തരാം. ബട്ട് വണ്‍ കണ്ടീഷന്‍. വിതിന്‍ വണ്‍ മന്ത് യു ഹാവ് ടു കം ബാക്ക്.. അതര്‍വൈസ് യുവാര്‍ ഇന്‍ ട്രബിള്‍..”മന‍സ്സില്‍ നുരഞ്ഞു പൊങ്ങിയ ദേഷ്യം വകവയക്കാതെ അയാളുടെ വ്യവസ്ഥ അംഗീകരിക്കുവാന്‍ ഒടുവില്‍ ഹരീന്ദ്രന്‍ തയ്യാറായി.

അവധി കിട്ടിയ വിവരം ഉണ്ണിമായയോടു പോലും പറഞ്ഞില്ല. കാരണം അവള്‍ക്കിതൊരു സര്‍പ്രൈസാകണം. അവളെ അറിയിക്കാതെ വീട്ടിലെത്തുക. പാവം പെണ്ണ് അത്ഭുതവും, സന്തോഷവുമടക്കുവാനാവാതെ തന്നെ കെട്ടിപ്പുണരും തീര്‍ച്ച....

പെട്ടന്നായിരുന്നു എല്ലാം.....
ഗ്രാമത്തിലെ ചെമ്മണ്‍ പാത പിന്നിട്ട് സന്ധ്യ മയങ്ങാന്‍ തുടങ്ങിയ സമയം തറവാട്ട് മുറ്റത്തെത്തിയപ്പോള്‍ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നത് അയാളറിഞ്ഞു. തന്നെ കണ്ട് അത്ഭുതപ്പെടുന്ന അമ്മയുടെയും, ഉണ്ണിമായയുടെയും മുഖം അയാളുടെ മനസ്സില്‍ ഓടിയെത്തി. പൂമുഖത്ത് അമ്മയെ കാണാഞ്ഞപ്പോള്‍ അമ്മ ക്ഷേത്രത്തില്‍ പോയതാണെന്ന് ഊഹിച്ചു.

ഉണ്ണിമായ എവിടെ?
പാവം അടുക്കളയില്‍ ജോലിയിലായിരിക്കണം.... അമ്മയെക്കൊണ്ട് ഒരു ജോലിയും അവള്‍ ചെയ്യിക്കാറില്ല.... എല്ലാം അവള്‍ തന്നെ ചെയതോളും...

‘നമ്മുടെ ഭാഗ്യമാടാ മോനേ അവള്‍’ അമ്മ ഫോണ്‍ വിളിക്കുമ്പോള്‍ പറയാറുള്ളത് അയാളോര്‍ത്തു. ശരിയാണ് അവള്‍ തന്റെ ഭാഗ്യം തന്നെ. തന്റെ സുക്യതം. അമ്മയുടെ സുക്യതം... അതെ സ്നേഹിക്കാന്‍ മാത്രമറിയാവുന്ന ഒരു പാവം പൊട്ടിപ്പെണ്ണ്..

അകത്ത് ബെഡ് റൂമില്‍ ആരുടെയോ അടക്കിപ്പിടിച്ചുള്ള സംസാരം കേട്ടതുകൊണ്ടാണ് അടച്ചിട്ടിരിക്കുന്ന വാതിലിന്റെ ചെറിയ വിടവിലൂടെ ഒരു കള്ളനെപ്പോലെ പമ്മി പതുങ്ങി അകത്തേക്ക് നോക്കുവാന്‍ ഹരീന്ദ്രന്‍ തോന്നിയത്....

ഈശ്വരാ.., കണ്ണുകളെ വിശ്വസിക്കുവാന്‍ ഹരീന്ദ്രന്‍ കഴിയുന്നില്ല...
ഉണ്ണിമായയോടൊപ്പം കിടക്കയില്‍ ചെറിയമ്മാമയുടെ പതിനേഴു വയസ്സുകാരന്‍ അരുണ്‍…..! അവന്റെ കരവലയത്തിനുള്ളില്‍ ഇക്കിളി കൊള്ളുന്ന തന്റെ എല്ലാമെല്ലാമായ ഉണ്ണിമായ…

ഹ്യദയം പൊട്ടിപ്പോകുമെന്ന് തോന്നിയ നിമിഷങ്ങള്‍.... ശരീരവും മനസ്സും ഒരുപോലെ തളരുകയാണ്.... ‘ഇതിനു വേണ്ടിയാണോ ദൈവമേ പ്രവാസത്തിന്റെ ചൂടും, തണുപ്പുമേറ്റ് തളരാതെ മനസ്സില്‍ സ്വപനങ്ങളും, മോഹങ്ങളും താന്‍ താലോലിച്ചു വളര്‍ത്തിയത്..? ആര്‍ക്കു വേണ്ടിയായിരുന്നു എല്ലാം..? ഒന്നുറക്കെ പൊട്ടിക്കരയുവാന്‍ പോലും കഴിയാതെ അയാളുടെ പാവം മനസ്സ് വിങ്ങിപ്പൊട്ടി.

ഭൂമിയില്‍ ഇരുള്‍ പരക്കുകയാണ്.. ആ ഇരുട്ടു മുഴുവന്‍ തന്റെ കണ്ണുകളും, മനസ്സും ആവാഹിച്ചെടുക്കുന്നത് അയാള്‍ ഭയത്തോടെ അപ്പോള്‍ തിരിച്ചറിയുകയായിരുന്നു..

No comments: