Sunday, March 1, 2009

ചിത്രങ്ങളില്‍ ചിലര്‍

പട്ടാളക്കാരനായിരുന്ന അച്ഛന്‍ നാട്ടില്‍ കൂട്ടുകാര്‍ ധാരാളമുണ്ടായിരുന്നു. ആനപാപ്പാന്‍ നാരായണേട്ടനും, കടത്തുകാരന്‍ ലാസറും, മുച്ചീട്ടു കളിക്കാരന്‍ കുമാരനും, ചെത്തുകാരന്‍ ശിവന്‍കുട്ടിയും അങ്ങനെ ഗ്രാമത്തിലെ സാധാരണക്കാരില്‍ സാധാരണക്കാരനായിരുന്നു അച്ഛന്റെ കൂട്ടുകാരില്‍ പലരും. അച്ഛന്‍ അവധിക്ക് വീട്ടിലെത്തിയെന്നറിഞ്ഞാല്‍ പിന്നെ മടങ്ങിപ്പോകുന്നതു വരെ മിക്കവാരും ഇവരൊക്കെ അചഛനോടൊപ്പമുണ്ടാകും.വടക്കെപ്പുറത്ത് നെല്‍പ്പുരയോട് ചേര്‍ന്നുള്ള ആളൊഴിഞ്ഞു കിടക്കുന്ന വീട് അച്ഛന്‍ അവധിക്ക് വരുന്നെന്ന് അറിയുമ്പോള്‍ തന്നെ അമ്മ പണിക്കാരെക്കൊണ്ട് വ്യത്തിയാക്കും. അവിടെയാണ് അചഛനും, കൂട്ടുകാരും ഒത്തുകൂടുന്നത്. പാട്ടും, കഥേം എന്നു വേണ്ട അച്ഛന്‍ മടങ്ങിപ്പോകുന്നതു വരെ അതിനുള്ളില്‍ ഒരു ഉത്സവമായിരിക്കും.

ഗ്രാമത്തിനപ്പുറത്തുള്ള ഒരു ലോകത്തെക്കുറിച്ച് വലിയ അറിവൊന്നുമില്ലാത്ത അച്ഛന്റെ കൂട്ടുകാരില്‍ പലര്‍ക്കും അച്ഛന്റെ പട്ടാള കഥകള്‍ കേള്‍ക്കുന്നത് ഭയങ്കര ഹരമായിരുന്നു. ഇന്ത്യാ, പാകിസ്ഥാന്‍ യുദ്ധത്തെക്കുറിച്ചും, കാശ്മീരിലെ മരം കോച്ചുന്ന തണുപ്പിനെക്കുറിച്ചും അച്ഛന്‍ പലപ്പോഴും വാചാലനാകുന്നത് കുട്ടിക്കാലത്ത് ഹരിക്കുട്ടന്‍ കണ്ടിട്ടുണ്ട്. അവസാനമില്ലാത്ത അച്ഛന്റെ പട്ടാ‍ള കഥകളില്‍ എപ്പോഴും നായകന്‍ അച്ഛന്‍ തന്നെയായിരുന്നു.

അച്ഛന്റെ കൂട്ടുകാര്‍ക്കെല്ലാം, ഹരിക്കുട്ടനെയും, വിദ്യചേച്ചിയെയും, അമ്മയെയുമൊക്കെ വലിയ കാര്യമായിരുന്നു. ‘ശങ്കരേട്ടന്റെ’ മക്കള്‍ സ്വന്തം മക്കളെപ്പോലെയാണെന്ന് അവര്‍ പലപ്പൊഴും പറയാറുണ്ടായിരുന്നു.കൊമ്പന്‍ മീശയും, ചുവന്ന കണ്ണുകളുമുള്ള ആന പാപ്പാന്‍ നാരായണേട്ടനെ ആദ്യമൊക്കെ ഹരിക്കുട്ടന്‍ ഭയങ്കര പേടിയായിരുന്നു, അവന്‍ കുട്ടിക്കാലത്ത് കണ്ട ഏതോ സിനിമയിലെ ദു:ഷ്ട കഥാപാത്രത്തിന്റെ മുഖമായിരുന്നു നാരായണേട്ടന്‍. വലിയ കൊല കൊമ്പനെപ്പോലും തന്റെ വരുതിക്ക് നിര്‍ത്തുന്ന് നാരായണേട്ടനെ കണ്ടാല്‍ അക്കാലത്ത് അവന്‍ ഭയന്ന് ഓടിയൊളിച്ചിരുന്നു. എന്നാല്‍ നാരായണേട്ടന്‍ ആളൊരു ശുദധനാണെന്ന് പിന്നീടാണ്‍ അവന്‍ മനസ്സിലായത്. അപ്പോഴേക്കും അവര്‍ നല്ല ചങ്ങാതികളായി തീര്‍ന്നിരുന്നു.

അച്ഛനെ കാണാന്‍ നാരായണേട്ടന്‍ വീട്ടിലെത്തുമ്പോളൊക്കെ ഹരിക്കുട്ടനും വിദ്യ ചേച്ചിയും നാരായണേട്ടനോട് ആനവാല്‍ ചോദിച്ചു വാങ്ങാറുണ്ടായിരുന്നു. ആനവാലുകൊണ്ട് മോതിരമുണ്ടാക്കി വിരലിലണിഞ്ഞാല്‍ പേടി കിട്ടില്ലെന്ന് നാരായണേട്ടന്‍ തന്നെയാണ്‍ ഹരിക്കുട്ടനോടും ചേച്ചിയോടും പറഞ്ഞതും. നാരായണേട്ടന്‍ തന്നെയാണ്‍ ആനവാല്‍ കൊണ്ട് ഗോപാലന്‍ തട്ടാനെക്കൊണ്ട് അമ്മയ്ക്കും ഹരിക്കുട്ടനും, വിദ്യചേച്ചിക്കും ഓരോ മോതിരമുണ്ടാക്കി കൊടുത്തത്. ഹരിക്കുട്ടനത് വിരലിലണിഞ്ഞ് വലിയ ധൈര്യത്തില്‍ നടക്കുകയും, പേടി തൊണ്ടന്മാരായ കൂട്ടുകാര്‍ക്കൊക്കെ അത് കാട്ടി കൊടുക്കയും ചെയതു. മാത്രമല്ല് നാരായാണേട്ടന്റെ കൈയ്യില്‍ നിന്ന് ഒന്ന് രണ്ട് ആനവാല്‍ വാങ്ങി ഏറ്റവുമടുത്ത കൂട്ടുകാര്‍ക്ക് സമ്മാനിക്കുകയും അവന്‍ മറന്നില്ല.

ആനപ്പുറത്ത് കയറാന്‍ ഹരിക്കുട്ടന്‍ ഭയങ്കര കൊതിയായിരുന്നു. അക്കൊതി ഒരിക്കല്‍ നാരായണേട്ടന്‍ തീര്‍ത്തു കൊടുത്തു. ഹരിക്കുട്ടനെ ആനപ്പുറത്തു കയറ്റി നാരായണേട്ടന്‍ ഗ്രാമത്തിലൊക്കെ ഒന്ന് ചുറ്റിക്കറങ്ങി. ആനപ്പുറത്ത് ഇരിക്കുന്നതിന്റെ സുഖം, ഗമയും ഒന്നു വേറെ തന്നെയാണെന്ന് ഹരിക്കുട്ടന്‍ അന്ന് തോന്നുകയും ചെയ്തു.

“വളര്‍ന്ന് വലുതകുമ്പോ ഞാനും നാരാണേട്ടനെപ്പൊലെ ഒരാന പാപ്പാനാകും” അവനന്ന് നാരായണേട്ടനോട് തന്റെ ആഗ്രഹം പ്രകടിപ്പിച്ചു. “വേണ്ട. ആനച്ചോറ് കൊലച്ചോറാ കുഞ്ഞേ.” നാരായണേട്ടന്‍ ഹരിക്കുട്ടനെ വിലക്കി. “കുഞ്ഞ് കേട്ടിട്ടില്ലേ മദമെളകിയ ആന പാപ്പനെ കുത്തി കൊന്നൂന്നൊക്കെ. ഒരിക്കല്‍ കുഞ്ഞ് കേള്‍ക്കും. നാരായണേട്ടനെയും അങ്ങനെ…” നാരായണേട്ടന്‍ വാക്കുകള്‍ പെട്ടന്ന് വിഴുങ്ങി.

“കുഞ്ഞിനറിയുമോ, നാരായണേട്ടന്റെ അച്ഛനും വലിയ കേള്‍വി കേട്ട ആന പാപ്പാനായിരുന്നു” ഒരു ബീഡിക്ക് തീ കൊളുത്തിക്കൊണ്ട് നാരായണേട്ടന്‍ പറഞ്ഞു. “ഏത് വലിയ മദമെളകിയ ആനേം വരച്ച വരേല്‍ ന്റെ അച്ചന്‍ നിര്‍ത്തുമായിരുന്നു. ഒരിക്കല്‍ ആര്‍ക്കും തളയ്ക്കാന്‍ മേലാതിരുന്ന പന്തളം മഹാരാജാവിന്റെ മദമെളകിയ ആനെ തളച്ചതിന്‍ മഹാരാജാവ് അച്ഛനെ രാജ ‍കൊട്ടാരത്തില്‍ വിളിച്ചു വരുത്തി പട്ടും, വളേം സമ്മാനിച്ചിട്ടുണ്ട്. അത്ര കേമനായിരുന്നു ന്റെച്ഛന്‍. അച്ഛന്‍ ആനകളെ കഴിഞ്ഞിട്ടേള്ളാരുന്നു മക്കളും, ഭാര്യേമൊക്കെ.. അച്ഛനെ കണ്ടാ ആനക്കാരനാകുവാനുള്ള പൂതി എനിക്കുണ്ടായത്. പക്ഷേ എന്നെ ആന പാപ്പാനാക്കാന്‍ ഒരിക്കലും അച്ഛന്‍ ആഗ്രഹമില്ലായിരുന്നു”.

“വിധിച്ചതേ നടക്കൂന്നൊക്കെ പറയുന്നതെത്ര ശരിയാ” നിമിഷങ്ങള്‍ മാത്രം നീണ്ടു നിന്ന് മൌനത്തിനു ശേഷം നാരായണേട്ടന്‍ തുടര്‍ന്നു. “സ്വന്തം മോനെപ്പോലെ സ്നേഹിച്ച ‘കുട്ടിശങ്കരന്‍’ അന്നന്റെച്ഛനെ ചവുട്ടിക്കൊല്ലുകയായിരുന്നു...” നാരായണേട്ടന്റെ കണ്ണുകളില്‍ നനവ് പടര്‍ന്നു.

“ഒടുവില്‍ അമ്മേം. പെങ്ങമ്മാ‍രെയും പോറ്റാന്‍ വേണ്ടി എനിക്ക് ആനക്കാരനാവേണ്ടി വന്നു.” നാരായണേട്ടന്റെ തൊണ്ടയിടറിയോ ആവോ..” ഹരിക്കുട്ടന്‍ തോന്നി.“ആനക്കാരനായതില്‍ എനിക്ക് സങ്കടമില്ല്ല്യ. എന്റെ അമ്മയും, പെങ്ങമ്മാരും വഴിയാധാരമായില്ലല്ലോ..” നാരയണേട്ടന്‍ ബീഡിയുടെ പുക ആഞ്ഞു വലിച്ചുകൊണ്ട് പറഞ്ഞു.

“കുഞ്ഞിനറിയുമോ മനുഷ്യന്മാരെപ്പോലെ ഒരിക്കലും നന്ദികേട് കാട്ടില്ല ഈയാനകള്‍. സ്നേഹിച്ചാ ഇവറ്റകള്‍ ശരിക്കങ്ങ് സ്നേഹിക്കും. കോപിച്ചാ പിന്നെ പറയേണ്ടന്ന് മാത്രം.” നാരായണേട്ടന്‍ ബീഡിയുടെ അവസാനത്തെ പുകയും വലിച്ചു തീര്‍ന്നിരിക്കുന്നു.“കുഞ്ഞ് പഠിച്ച് വലുതാവണം. എന്നിട്ട് കുഞ്ഞിന്റെ അച്ഛനെപ്പോലെ വല്യ പട്ടാളക്കാരനാകണം” ഹരിക്കുട്ടന്റെ തോളില്‍ മെല്ലെ തട്ടിക്കൊണ്ട് നാരായണേട്ടന്‍ പറഞ്ഞു. “എന്നിട്ട് പട്ടാള യൂണിഫോമില്‍ തോക്കും, കൈയ്യിലേന്തി നെഞ്ചും വിരിച്ച് നാരായണേട്ടന്റെ മുന്നിലൊന്നു വരണം. അതുവരെ കുട്ടിശങ്കരന്‍ ഇടങ്കേടൊന്നും കാട്ടിയില്ലെങ്കില്‍ നാരായണേട്ടനതു കാണും തീര്‍ച്ച.”

എത്രമാത്രം പഴോം, ശര്‍ക്കരെം, തേങ്ങേം, പിന്നെ എന്തൊക്കെ തീറ്റയുമാ നാരായണേട്ടന്‍ കുട്ടിശങ്കരന്‍ കൊടുക്കുന്നത്. നാരായണേട്ടന്‍ പാവമല്ലേ.. കുട്ടിശങ്കരന്‍ എന്തൊക്കെ വിക്യതികള്‍ കാണിച്ചാലും അവനെ നാരായണേട്ടന്‍ തല്ലുന്നതും ചുരുക്കമാണ്. ആ നാരായണേട്ടനെ കുട്ടിശങ്കരന്‍ ഒരിക്കലും ഒന്നും ചെയ്യില്ലെന്ന് ഹരിക്കുട്ടന്റെ മനസ് പറഞ്ഞു. എങ്കിലും നാരയാണേട്ടനു വേണ്ടി ഹരിക്കുട്ടനും ദിവ്യചേച്ചിയും ഒരുപാട് പ്രാര്‍ത്ഥിക്കുകയും ചെയ്തു. പക്ഷേ അവരുടെ പ്രാര്‍തഥനയ്ക്ക് ഫലമുണ്ടായില്ല. ഹരിക്കുട്ടന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ്‍ നാരായണേട്ടന്‍ കുട്ടിശങ്കരന്‍ കുത്തിക്കൊന്നത്. കുട്ടിശങ്കരന്‍ അറിഞ്ഞുകൊണ്ട് ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും ആള്‍ തെറ്റിപ്പോയതാണെന്നുമാണ്‍ അന്നച്ഛന്‍ പറഞ്ഞത്. അച്ഛന്‍ പറഞ്ഞത് ശരിയായിരിക്കും. അതു കൊണ്ടല്ലേ കുറ്റബോധം കൊണ്ട് കുട്ടിശങ്കരന്‍ ഒരാഴ്ച ആഹാരം പോലും കഴിക്കാതിരുന്നത്.

പാവം നാരായണേട്ടന്‍.
അന്ന് ഹരിക്കുട്ടനും, ചേച്ചിയും ഒരു പാട് കരഞ്ഞു. അച്ഛന്‍ പട്ടാളത്തില്‍ നിന്ന് അവധിക്ക് വന്ന സമയത്തായിരുന്നു നാരായണേട്ടന്‍ മരിക്കുന്നത്. നാരായണേട്ടന്റെ മരണം അച്ഛനെ ഒട്ടൊന്നുമല്ല വേദനിപ്പിച്ചത്. കുട്ടിശ്ങ്കരന്‍ കുത്തി വിക്യതമാക്കിയ നാരായണേട്ടാന്റെ ശവശരിരം കണ്ട് ഒരിക്കലും പതറാത്ത അച്ഛന്‍ പോലും അന്ന് വിങ്ങിപ്പൊട്ടി കരഞ്ഞു.

നാരായണേട്ടന്‍ കഴിഞ്ഞാല്‍ അച്ഛന്റെ കൂട്ടുകാരില്‍ മുച്ചീട്ടു കളിക്കാരന്‍ കുമാരേട്ടനോടായിരുന്നു ഹരിക്കുട്ടനേറെ ഇഷ്ടം. അച്ഛനെ കാണാന്‍ വീട്ടില്‍ വരുമ്പോഴൊക്കെ ഹരിക്കുട്ടനും ചേച്ചിയ്ക്കും ഒറ്റക്കണ്ണന്‍ പത്രോസിന്റെ മാടക്കടയില്‍ നിന്ന് നല്ല ചൂടുള്ള കടലയ്ക്ക വറുത്തത് കുമാരേട്ടന്‍ കൊണ്ടു വന്നു കൊടുക്കും.

“ഹരിക്കുട്ടാ., ഇങ്ങട്ട് വരൂ. ഞാനൊരു കൂട്ടം കാണിക്കാം. ചേച്ചിയെയും കൂടെ വിളിച്ചോളൂ..” അന്ന് ഉമ്മറത്ത് അച്ഛനരികില്‍ ഇരുന്നുകൊണ്ട് കുമാരേട്ടന്‍ വിളിച്ചു പറഞ്ഞു. ഹരിക്കുട്ടനും മുറ്റത്ത് മൂവാണ്ടന്‍ മാവിന്റെ ചുവട്ടിലിരുന്ന് കണ്ണിമാങ്ങ തിന്നു കൊണ്ടിരുന്ന് വിദ്യ ചേച്ചിയും വേഗം കുമാരേട്ടന്റെ അടുക്കല്‍ ഓടിയെത്തി.

കുമാരേട്ടന്‍ കീശയില്‍ നിന്ന് മൂന്ന് ചീട്ടുകള്‍ പുറത്തെടുത്തു. എന്ത് വിദ്യയാണ് കുമാരേട്ടന്‍ കാണിക്കുവാന്‍ പോകുന്നത്? ഹരിക്കുട്ടനും വിദ്യചേച്ചിയും മുഖത്തോടു മുഖം നോക്കി. അപ്പോഴേക്കും അടുക്കളയില്‍ നിന്ന് അമ്മയും അവിടെ എത്തിയിരുന്നു.

“ദാ. എല്ലാവരും ഈ മൂന്ന് ചീട്ടുകളിലേക്കും ശ്രദ്ധിച്ചു നോക്കിക്കോളൂ…” തന്റെ കൈയ്യിലിരുന്ന മൂന്ന് ചീട്ടുകളും ഉയര്‍ത്തി കാട്ടിക്കൊണ്ട് കുമാരേട്ടന്‍ പറഞ്ഞു. ഹരിക്കുട്ടന്‍ ആ മൂന്ന് ചീട്ടുകളും സൂക്ഷിച്ചു നോക്കി. ഒന്നാമത്തെ ചീട്ടില്‍ രാജാവിന്റെ പടം. രണ്ടാമത്തെ ചീട്ടില്‍ രാജ്ഞിയുടെ പടം.. മൂന്നാമത്തെ ചീട്ടിലാണെങ്കില്‍ ജോക്കറിന്റെ പടവും..”

“കണ്ടല്ലോ ഈ മൂന്ന് ചീട്ടിലെയും പടങ്ങള്‍. ഇനിയുമാ ഞാനൊരു കൂട്ടം കാണിക്കാമ്പോന്നത്. വളരെ ശ്രദ്ധിച്ചു നോക്കണം കേട്ടോ ഹരിക്കുട്ടാ..” കുമാരേട്ടന്‍ പറഞ്ഞു. ഹരിക്കുട്ടനും, വിദ്യചേച്ചിയും അമ്മയും സമ്മതഭാവത്തില്‍ തലകുലുക്കി. അച്ഛന്‍ മീശ പിരിച്ചുകൊണ്ട് എല്ലാം ശ്രദ്ധിച്ചുകൊണ്ട് ചാരുകസേരയില്‍ നിവര്‍ന്നിരുന്നു

“ദാ, ഞാനീ ചീട്ട് ക്മഴ്ത്തി വയ്ക്കുവാ..” കുമാരേട്ടന്‍ രാജാവിന്റെ പടമുള്ള ഒന്നാമത്തെ ചീട്ട് ഹരിക്കുട്ടന്‍ മുന്നില്‍ കമഴ്ത്തി വച്ചുകൊണ്ട് പറഞ്ഞു. “ ഇതേതു ചീട്ടാ..” രാജ്ഞിയുടെ പടമുള്ള രണ്ടാമത്തെ ചീട്ട് ഉയര്‍ത്തി കാണിച്ചുകൊണ്ട് കുമാരേട്ടന്‍ ചോദിച്ചു. “അത് രാജ്ഞിയുടെ പടൊള്ള ചീട്ടാ..” ഹരിക്കുട്ടനും, ചേച്ചിയും ഒരേ ശബ്ദത്തില്‍ പറഞ്ഞു.

“എങ്കില്‍ ഇതു ഇവിടെയിരിക്കട്ടെ..” രാജാവിന്റെ പടമുള്ള ചീട്ടിനരികില്‍ കുമാരേട്ടന്‍ രാജ്ഞിയുടെ പടമുള്ള രണ്ടാമത്തെ ചീട്ടും കമഴ്ത്തി വച്ചു കഴിഞ്ഞു. “ശ്രദ്ധിച്ചോളിന്‍.. ഇനിയുമാ കളി..” കുമാരേട്ടന്‍ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. ഹരിക്കുട്ടനും, വിദ്യചേച്ചിയും ആകാംക്ഷയോടെ കുമാരേട്ടന്റെ മുഖത്തേക്കും, ചീട്ടിലേക്കും നോക്കി. ഉമ്മറത്തെ തൂണില്‍ ചാരി നില്‍ക്കുന്ന അമ്മയുടെ മുഖത്തുമുണ്ടാ‍യിരുന്നു ആകാംക്ഷയുടെ ചെറിയ നിഴലുകള്‍. ഞങ്ങള്‍ നോക്കി നില്‍ക്കെ കുമാരേട്ടന്‍ ജോക്കറിന്റെ പടമുള്ള അവസാനത്തെ ചീട്ടും, രാജാവിന്റെയും, രാജ്ഞിയുടെയും പടമുള്ള ചീട്ടിനരികില്‍ കമഴ്ത്തി വച്ചു.

“ഇനി ഹരിക്കുട്ടന്‍ പറ ഇതിലേതാ ജോക്കറിന്റെ പടോള്ള ചീട്ട്..?” കുമാരേട്ടന്റെ ചോദ്യം കേട്ട് ഹരിക്കുട്ടന്‍ മാത്രമല്ല, ചേച്ചിക്കും,. അമ്മയ്ക്കും ചിരിവന്നു. എങ്ങനെ ചിരിക്കാതിരിക്കും. കുമാരേട്ടന്‍ അവസാനം കമഴ്ത്തി വച്ച ചീട്ടാലാണ് ജോക്കറിന്റെ പടമുള്ളതെന്ന് ഏതു പൊട്ടക്കണ്ണനുമറിയില്ലേ.. ?

“ദാ ഇതാണ്‍. ജോക്കറിന്റെ പടോള്ള ചീട്ട്..” കുമാരേട്ടന്‍ അവസാനം കമഴ്ത്തി വച്ച ചീട്ട് ചൂണ്ടി കാണിച്ചുകൊണ്ട് വിദ്യചേച്ചി പറഞ്ഞു.“ഒറപ്പാണോ ഹരിക്കുട്ടാ‍..” കുമാരേട്ടന്‍ ഹരിക്കുട്ടനോട് ചോദിച്ചു. “ഒരായിരം തവണ ഉറപ്പ്..” ഹരിക്കുട്ടനും, വിദ്യചേച്ചിക്കും ചിരിയടക്കുവാന്‍ കഴിഞ്ഞില്ല.

“എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഇതല്ല ജോക്കറിന്റെ പടമുള്ള ചീട്ട്” കുമാരേട്ടന്‍ പൊട്ടിച്ചിരിച്ചു. ഹരിക്കുട്ടനെയും, വിദ്യചേച്ചിയെയും. അച്ഛനെയും, അമ്മയെയും അത്ഭുതപ്പെടുത്തിക്കൊണ്ട് കുമാരേട്ടന്‍ വിദ്യചേച്ചി ചൂണ്ടിക്കാട്ടിയ മൂന്നാമത്തെ ചീട്ട് അവ്ര്ക്കു മുമ്പാകെ മലര്‍ത്തി വച്ചു. പക്ഷേ അത് ജോക്കറിന്റെ പടമുള്ള ചീട്ടായിരുന്നില്ല. മറിച്ച് രാജാവിന്റെ പടമായിരുന്നു അതില്‍.

‘ഇതെന്തൊരു മറിമായം“ ഹരിക്കുട്ടനും, ചേച്ചിയും, അമ്മയും മിഴിച്ചു നിന്നു പോയി. “അരേ വാ…” കുമാരേട്ടന്റെ ചീട്ട് മാജിക്ക് രസിച്ച അച്ഛന്‍ പൊട്ടിച്ചിരിക്കുവാന്‍ തുടങ്ങി. “കുമാരേട്ടാ ഇതെന്തോന്ന് മാജിക്കാ? എങ്ങനാ ജോക്കറിന്റെ പടമുള്ള ചീട്ടില്‍ രാജാവിന്റെ പടം വന്നത്” അമ്മ കുമാരേട്ടനോട് ചോദിച്ചു.

“ഞാനൊരു പാവം മുച്ചീട്ടു കളിക്കാരനല്ലേ.., ഇതൊക്കെ എന്റെ ഒരു നമ്പരാണെന്ന് കരുതിയാ മതി” അമ്മ മാത്രമല്ല ഹരിക്കുട്ടനും. വിദ്യചേച്ചിയും പലതവണ ചോദിച്ചിട്ടും കുമാരേട്ടന്‍ പുഞ്ചിരിച്ചുകൊണ്ട് ഒഴിഞ്ഞു മാറുകയാണുണ്ടായത്.

തന്നെ ഒരുപാട് സനേഹിച്ചിരുന്ന, താന്‍ ഒരുപാട് സ്നേഹിച്ച, തന്നോട് ഒരുപാട് കളിതമാശകള്‍ പറയാറുള്ള കുമാരേട്ടന്‍ എന്തുകൊണ്ടാണ് ആ ചീട്ടു വിദ്യ മാത്രം തന്നില്‍ നിന്ന് മറച്ചു വച്ചതെന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഹരിക്കുട്ടന്‍ മനസിലായില്ല