1
പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്തെ എന്റെ കൂട്ടുകാരികളിലൊരാളായിരുന്ന കാര്‍ത്തിക ആളൊരു രസികത്തിയും, അല്പം തന്റേടിയുമായിരുന്നു. തന്റേടിയെന്നു പറഞ്ഞാല്‍ തനിക്കിഷ്ടമില്ലാത്തതെന്തും ആരുടെ മുഖത്തു നോക്കി പറയുവാനും, ഏതു സാഹചര്യങ്ങളിലും പ്രതികരിക്കുവാനും അവള്‍ക്ക് യാതൊരു മടിയുമില്ലായിരുന്നു..
ഒരിക്കല്‍ ഞങ്ങള്‍ കോളേജില്‍ നിന്ന് വരുന്ന പ്രൈവറ്റ് ബസ്സില്‍ വലിയ തിരക്കായിരുന്നു. ബസ്സില്‍ സൂചി കുത്തുവാന്‍ പോലും സ്ഥലമില്ല. ഭയങ്കര തള്ളെന്ന് പറഞ്ഞാല്‍ ഭയങ്കര തള്ള്. കാര്‍ത്തികയും കൂട്ടുകാരികളും കമ്പിയില്‍ തൂങ്ങി ബസ്സിന്റെ മുന്‍ഭാഗത്തുണ്ട്. ബസ്സിലെ തിരക്ക് മുതലാക്കി ഒരു മധ്യവയസ്ക്കന്‍ കാര്‍ത്തികയുടെയും കൂട്ടുകാരികളുടെയും ശരീരത്തില്‍ അവിടവിടെ പിടിക്കുവാനും, തലോടുവാനും തുടങ്ങി. കാര്‍ത്തികയുടെ കൂട്ടുകാരികള്‍ ഭയം മൂലം അയാളുടെ ശല്യം സഹിച്ചങ്ങ് നിന്നു. അയാളത് ശരിക്ക് മുതലാക്കുകയും ചെയ്തു.പക്ഷേ കാര്‍ത്തിക, അവള്‍ അടങ്ങുവാന്‍ ഒരുക്കുമായിരുന്നില്ല. ബസ്സുകളിലുണ്ടാകുന്ന ഇത്തരം സാഹചര്യങ്ങളെ നേരിടുവാന്‍ വേണ്ടി കരുതിവച്ചിരുന്ന വലിയ സൂചിയെടുത്ത് അയാളുടെ മര്‍മ്മ സ്ഥാനത്ത് അവളൊരു പ്രയോഗമങ്ങ് നടത്തി. ‘എന്റമ്മോന്ന്’ ഉച്ചത്തില്‍ നിലവിളിച്ചു കൊണ്ട അയാള്‍ പിന്നോട് വലിഞ്ഞു. എന്താണ് സംഭവിച്ചതെന്ന് കാര്‍ത്തികയ്ക്കും, അയാള്‍ക്കുമല്ലാതെ ആര്‍ക്കും മനസ്സിലായില്ല.
“എന്താടി അയാള്‍ നിലവിളിച്ചത്..?” ബസ്സിറങ്ങിയപ്പോള്‍ ഞാനവളോട് ചോദിച്ചു. “ആ പരട്ട കെളവന്‍ എന്റെ ചന്തിക്കു പിടിച്ചെടാ..”അവളൊരു കൂസലും കൂടാതെ വെട്ടിത്തുറന്നു പറഞ്ഞു.“ഞാനവന് ശരിക്കൊന്ന് കൊടുത്തു.. അമ്മേം, പെങ്ങളേം തിരിച്ചറിയാത്ത ആ ചെറ്റ ഇനിയും ഈ ചെറ്റത്തരം ആരോടും കാണിക്കില്ല. ഇനിയവന്‍ പെണ്‍കുട്ടിയെന്ന് കേട്ടാല്‍ ഉറക്കത്തില്‍പ്പോലും ഞെട്ടും”
കാര്‍ത്തികയുടെ വാക്കുകള്‍ കേട്ടപ്പോള്‍ എനിക്കവളോടുണ്ടായിരുന്ന മതിപ്പ് പത്തരമാറ്റ് വര്‍ദ്ധിച്ചു.“കൊടടീ കൈ, പെണ്‍കുട്ടികളായാല്‍ ഇങ്ങനെ തന്നെ വേണം..” ഞാനവളെ ശരിക്കും അഭിനന്ദിച്ചു.
2
റിയാദില്‍ ലേബര്‍ ക്യാമ്പില്‍ താമസിക്കുന്ന എന്റെ സുഹ്യത്ത് ഹസ്സന്‍ പറഞ്ഞ ഒരു സംഭവമാണ്. എട്ടുപേരാണ് അവരുടെ റൂമില്‍ താമസിക്കുന്നത്. റൂമില്‍ കമ്പനി വക ഒരു ടീവിയുണ്ട്. മലയാളത്തിന്റെ മിക്ക ചാനലുകളും, പിന്നെ യൂറോപ്പ്, അറബ് ചാനലുകളും അവര്‍ക്കു കിട്ടാറുണ്ട്.ഹസ്സന്റെ റൂമിലെ എട്ടുപേരില്‍ ഒരുവനാണ് സണ്ണിക്കുട്ടന്‍. സണ്ണിക്കുട്ടന്റെ കൈയ്യിലായിരിക്കും എപ്പോഴും റിസീവറിന്റെ റിമോട്ട് (കക്കൂസില്‍ പോകുമ്പോഴും പുള്ളിക്കാരന്‍ റിമോട്ടും കൊണ്ട് പോകുമെന്ന് ഹസ്സന്‍ പറഞ്ഞ സത്യം). റൂമില്‍ മറ്റുള്ളവര്‍ എതു ചാനലു കാണണം, ഏതു ചാനലു കാണേണ്ട എന്നു തീരുമാനിക്കുന്നത് സണ്ണിക്കുട്ടനാണ്. അതുമാത്രമല്ല റിമോട്ട് കൈയ്യിലുള്ളപ്പോള്‍ പുള്ളിക്കാരന് ഒരുതരം ഭ്രാന്താണ്. മറ്റുള്ളവര്‍ കാണുന്നതൊന്നും വകവയ്ക്കാതെ പുള്ളിക്കാരന്‍ വെറുതെ ചാനലുകള്‍ ഇങ്ങനെ മാറ്റി കൊണ്ടിരിക്കും.
ഇങ്ങേരൊട്ട് ശരിക്കൊരു പ്രോഗ്രാം കാണത്തുമില്ല... മറ്റുള്ളവരെയൊട്ട് കാണാന്‍ സമ്മതിക്കുകയുമില്ല....എന്തു ചെയ്യാം ഇയാളുടെ ഈ ഞരമ്പുരോഗം കണ്ട് സഹികെട്ട എന്റെ സുഹ്യത്ത് ഹസ്സനും കൂട്ടരും ചേര്‍ന്ന് ഒരു ദിവസം സണ്ണിക്കിട്ടൊരു പൊട്ടീര് കൊടുത്തു. അന്നു മുതല്‍ നമ്മുടെ സണ്ണിക്കുട്ടന്‍ ആള് പക്കാ ഡീസന്റായെന്നു മാത്രമല്ല റിമോട്ടെന്നു കേള്‍ക്കുമ്പോള്‍ തന്നെ സണ്ണിക്കുട്ടന്‍ എട്ടു തവണ ഞെട്ടും..
എന്തു ചെയ്യാം. കിട്ടേണ്ടത് കിട്ടേണ്ട സമയത്ത് കിട്ടുമ്പോള്‍ ഇത്തരം ഞരമ്പുരോഗികള്‍ നന്നാകും.