Tuesday, September 7, 2010

നമുക്ക് നഷ്ടമാകുന്നത്

വര്ഷങ്ങള്ക്കു മുമ്പ് എന്റെ തറവാട് മുറ്റത്ത് പടര്ന്നു പന്തലിച്ചു നിന്ന വലിയൊരു വരിക്ക പ്ലാവുണ്ടായിരുന്നു. മൂന്നാള് വട്ടം പിടിച്ചാല് പോലും പിടുത്തം കിട്ടാത്ത വണ്ണമായിരുന്നു അതിന്റെ ചുവട്ടിലെ തടിക്ക്. ആ വലിയ പ്ലാവില് വിവിധ തരത്തിലുള്ള, വര്ഗ്ഗത്തിലുള്ള ധാരാളം പക്ഷികള് കൂടു കെട്ടിയിരുന്നു. അവയുടെ ശബ്ദകോലാഹലങ്ങളാല് മുഖരിതമായിരുന്നു ഞങ്ങളുടെ ഓരൊ പ്രഭാതങ്ങളും…എന്റെ ഗ്രാമത്തിലെ ഏറ്റവും പ്രായം ചെന്ന മരമായിരുന്നു ആ വലിയ പ്ലാവ്. പ്രയാറ്റിലെ ഒരുപാട് സംഭവങ്ങള്ക്ക് സാക്ഷിയായിരുന്ന ആ പ്ലാവിന്റെ ചുവട്ടിലിരുന്നാണ് ഞാന് കൂട്ടുകാരുമൊത്ത് മണ്ണപ്പം ചുട്ടുകളിച്ചതും, പ്ലാവിലകൊണ്ട് പോലീസ് തൊപ്പിയുണ്ടാക്കി കളിച്ചതുമൊക്കെ.

ചക്കയുടെ സീസണില് താഴെ മുതല് മുകളറ്റം വരെ ആ പ്ലാവില് ചക്കയുണ്ടാവും. ചക്ക പഴുത്താല്‍ നല്ല മണവും നാവില് വെള്ളമൂറുന്ന അതിമധുരമായിരുന്നു. ഞങ്ങളുടെ പ്ലാവിലെ ചക്കയുടെ മധുരവും, ഗുണവുമറിയാത്തവര് അന്നാട്ടില് ആരും തന്നെയില്ലായിരുന്നുവെന്ന് പറയാം.ചക്ക പഴുത്താല് പ്ലാവില് തത്ത, മൈന, കാക്ക, എന്നു വേണ്ട വിവിധ തരത്തിലുള്ള പക്ഷികള് അവിടെ വിരുന്നിനെത്തും. പ്ലാവിലെ സ്ഥിരം താമസക്കാരും, വിരുന്നുകാരും തമ്മില് പിന്നെ ഭയങ്കര ബഹളമായിരുക്കും… കണ്ണിനും, കാതിനും ഇമ്പമേറിയ കാഴ്ചകളായിരുന്നു അവയെല്ലാം.. വര്ഷങ്ങള് കഴിഞ്ഞു തറവാട് ഭാഗം വച്ചപ്പോള് ഇളയപ്പനാണ് ആ പ്ലാവ് ലഭിച്ചത്. ഇളയപ്പന് പഴയ തറവാട് ഇടിച്ചു പൊളിച്ച് പുതിയ വീട് വയ്ക്കുവാനൊരുങ്ങിയപ്പോള് ആ വലിയ പ്ലാവും വെട്ടി മാറ്റി.. പ്രയാറിന്റെ ചരിത്രത്തിന്റെ ഭാഗമായി ആരെയും കൂസാതെ തലയുയര്ത്തി നിന്ന ആ വലിയ പ്ലാവ് നിലം പൊത്തിയപ്പോള് അതില് കൂടു കെട്ടി താമസിച്ചിരുന്ന നൂറ് കണക്കിന് പക്ഷികള്ക്കും ചെറിയ ജീവികള്ക്കുമാണ് തങ്ങളുടെ കൂട് നഷ്ടമായത്. തകര്‍ന്നു പോയ ആ കൂടുകളില്‍ പക്ഷികളുടെ‍ മുട്ടകളുണ്ടായിരുന്നു. എന്റെ ഗ്രാമത്തിന്റെ ആകാശത്തില്‍ പാറി നടക്കേണ്ട പറക്കമുറ്റാത്ത പക്ഷിക്കുഞ്ഞുങ്ങളുണ്ടായിരുന്നു. എല്ലാം ആ പ്ലാവിനോടൊപ്പം നിലം പതിച്ചു. കൂടും, കുടുംബവും നഷ്ടമായ ആ പക്ഷികള്‍ എങ്ങോട്ട് പോയെന്ന് എനിക്കറിയില്ല. ഒരു പക്ഷേ എന്റെ ഗ്രാമം വിട്ട് പുതിയ സങ്കേതങ്ങള്‍ തേടിയിരിക്കാം. അല്ലെങ്കില്‍ ഇളയപ്പനെ ശപിച്ച് അടുത്തെവിടെയെങ്കിലുമുള്ള മരച്ചില്ലയില്‍ കൂടു കെട്ടിയിരിക്കാം.. മറ്റൊരാള് ആ മരങ്ങളുടെ ചുവട്ടില്‍ കോടാലി വയ്ക്കുന്നതു വരെ....

ഇതു പോലെ ഒരു കാലത്ത് നമ്മുടെ നാട്ടിമ്പുറങ്ങളിലൊക്കെ പടര്ന്നു പന്തലിച്ചു നില്ക്കുന്ന ധാരാളം വലിയ മരങ്ങളുണ്ടായിരുന്നു. ആ മരങ്ങളിലൊക്കെ ധാരാളം പക്ഷികളും കൂടു കൂട്ടിയിട്ടുണ്ടാവും, കാലക്രമേണ മരങ്ങളൊക്കെ വെട്ടി മാറ്റിയതോടു കൂടി പക്ഷികള്ക്ക് തങ്ങളുടെ വാസസ്ഥലങ്ങളോരോന്നായി നഷ്ടമായി തുടങ്ങി. പല പക്ഷികള്ക്കും വംശനാശം നേരിടുകയും ചെയ്തു.മരങ്ങളൊക്കെ ഈ ഭൂമുഖത്തു നിന്ന് മാറ്റപ്പെടുന്നതോടു കൂടി പക്ഷികള്ക്കും, മറ്റ് ജീവികള്ക്കു മാത്രമല്ല പ്രക്യതിയില്പ്പോലും ഒട്ടേറെ വ്യതിയാനങ്ങള് സംഭവിച്ചു കഴിഞ്ഞത് അനുഭവങ്ങള്‍ നമുക്ക് കാട്ടി തരുന്നു...

പക്ഷികളുടെ കാര്യം തന്നെ പറയാം, എന്റെ കുട്ടിക്കാലത്ത് എന്റെ ഗ്രാമത്തില് ഉപ്പന് (ചെമ്പോത്ത്), തത്ത, മാടത്ത, കുയില്, പുള്ള്, പരുന്ത്, കരിയിലക്കിളി, ഇരട്ടവാലന് കിളി, കാക്കത്തമ്പുരാട്ടി, വിവിധ തരത്തിലുള്ള കുരുവികള് എന്നിങ്ങനെ ധാരാളം പക്ഷികളെ എവിടെ നോക്കിയാലും കാണാമായിരുന്നു. എന്നാല് ഈ പക്ഷികളെയൊക്കെ ഒന്നു കാണണമെങ്കില് ഇന്ന് ഒരു പാട് അലയണം. ഒരു പക്ഷേ ആ അലച്ചിലിനും പ്രയോജനമില്ലാതെ വന്നേക്കാം.

കഴിഞ്ഞ തവണ വെക്കേഷന് നാട്ടിലെത്തിയപ്പോള് എന്റെ സഹോദരിയുടെ നാലു വയസ്സുകാരന് മകന് ഒരു ചെമ്പോത്തിനെ കാട്ടിക്കൊടുക്കുവാന് വേണ്ടി പാടത്തും, പറമ്പിലുമൊക്കെ ഞാന് ഒരു പാട് നടന്നു. പക്ഷേ പ്രയോജനമുണ്ടായില്ല. ഒടുവില്‍ ഇന്റെര്‍നെറ്റില്‍ ചെമ്പോത്തിന്റെ പടമാണ് അവന്‍ ഞാന്‍ കാട്ടി കൊടുത്തത്. ഒരു കാലത്ത് നമ്മളെയൊക്കെ പാട്ടുപാടി ഉണര്ത്തുകയും, ഉറക്കുകയും ചെയ്ത ഗ്രാമത്തിലെ പക്ഷികളൊക്കെ എവിടെ പോയി..? ഈ ഭൂമുഖത്തു നിന്നും തന്നെ അവ മാറ്റപ്പെടുകയാണോ? മരങ്ങളുടെ മരണവും, ക്യഷികള്ക്ക് നാം ഉപയോഗിക്കുന്ന മാരകമായ മരുന്നുകളുമാണ് ഇത്തരം പക്ഷികളുടെ വംശനാശത്തിന് കാരണമെന്ന് എനിക്ക് തോന്നുന്നു.പക്ഷികള്ക്കു മാത്രമല്ല ചെറിയ സസ്യങ്ങളും, ചെടികളുമൊക്കെ, ജീവികളുമൊക്കെ ഗ്രാമത്തില് നിന്ന് മാത്രമല്ല ഭൂമിയില് നിന്നു തന്നെ അപ്രത്യക്ഷമായി തുടങ്ങിയിരിക്കുന്നു.

എന്റെ ഗ്രാമത്തില് പണ്ട് പറമ്പിലൊക്കെ ധാരാളം തുമ്പച്ചെടികളും. കൂവയും പേരറിയാത്ത ഒരു പാട് ചെറുതും, വലുതുമായ ചെടികളുമുണ്ടായിരുന്നു.. ഇവയൊന്നും ഇന്ന് കാണാന് പോലും കഴിയാത്ത അവസ്ഥയാണ്. നിമിഷങ്ങള് പിന്നിടുമ്പോഴും മനുഷ്യമനസ്സിന്റെ പരിശുദ്ധിയുടെയും, സ്നേഹത്തിന്റെയും അവസാന കണികകള് പോലും നഷ്ടമാകുന്ന ഈ സമൂഹത്തില് നന്മയുടെ പ്രതീകങ്ങളായ പക്ഷികളും, ചെടികളുമൊക്കെ മാറ്റപ്പെടുന്ന അവസ്ഥ ഒരിക്കലും ചിന്തിക്കാനാവില്ല

No comments: