Sunday, September 22, 2013

നിതാഖാത്ത്‌

റിയാദിലെ ഒരു കണ്സ്ട്രക്ഷന്‍ കമ്പനിയില്‍ ലേബറായിട്ടാണ് മൊയ്തീന്‍ സൗദി അറേബ്യയിലെത്തിയത്. നാലഞ്ചു മാസം ജോലി ചെയ്തിട്ടും ശമ്പളം ലഭിക്കാഞ്ഞതിനാല്‍ മൊയ്തീന്‍ ആ കമ്പനിയില്‍ നിന്ന് രക്ഷപെട്ട് ജിദ്ദയിലുള്ള സഹോദരിയുടെ ഭര്‍ത്താവ് റഫീക്ക് പുയ്യാപ്പളയുടെ അടുക്കലെത്തി. റഫീക്ക് ജിദ്ദയിലെ ബൂഫിയ ജോലിക്കാരനാണ്. ജിദ്ദയിലെ ഒരു സൂപ്പര്‍ മാര്‍ക്കകറ്റില്‍ ജോലി ചെയ്യുന്ന തന്റെ മലയാളി സുഹ്യത്തുക്കളെ റഫീക്കാണ് മൊയ്തീന് പരിചയപ്പെടുത്തി കൊടുത്തത്.

പത്തു പേരടങ്ങുന്ന അവര്‍ക്ക് ദിവസവും ഉച്ചയ്ക്കും, രാത്രിയിലും ആഹാരം പാകം ചെയ്തു കൊടുക്കണം. ഇതായിരുന്നു മൊയ്തീന്റെ ജോലി. മൊയ്തീന്റെ ആഹാരവും, താമസവും അവര്‍ക്കൊപ്പവും. മാത്രമല്ല ഒരാളില്‍ നിന്ന് മൊയ്തീന്‍ 150 റിയാല്‍ മാസശമ്പളം കിട്ടും. അതുമാത്രമല്ല റഫീക്ക്‌ പുയ്യാപ്പള ജോലി ചെയ്യുന്ന ബൂഫിയയില്‍ പാര്‌ട്ട് ടൈം സപ്ലയറായി ജോലിയും കിട്ടി. സത്യം പറയണമല്ലോ. മറ്റ് ചിലവുകളൊന്നും ഇല്ലാത്തതിനാല്‍ എങ്ങനെയൊക്കെയായാലും മൊയ്തീന്‍ മാസം പത്ത്‌ മൂവായിരം റിയാലൊപ്പിക്കും.

അങ്ങനെ മൊയ്തീന് മാസങ്ങള്‍ തള്ളി നീക്കി. ഇക്കാമയുടെ കാലാവധി കഴിഞ്ഞതിനാല്‍ പുറത്തൊന്നും കറങ്ങി നടക്കാന്‍ സാധിക്കില്ലെന്നൊഴിച്ചാല്‍ മൊയ്തീന്റെ ജീവിതം പരമസുഖമെന്നു പറയാം. നാട്ടിലെ അല്ലറ ചില്ലറ കടമൊക്കെ വീടി മൊയ്തീന്‍ മൂന്നാല് വര്‍ഷം അങ്ങനെയൊക്കെ ജീവിച്ചു. മാത്രമല്ല കുറച്ച് ബാങ്ക് ബാലന്‍സുമൊക്കെയായപ്പോള്‍ ഈ ഒളിച്ചുകളി നിര്‍ത്തി പോലീസിന് പിടികൊടുത്ത് നാട്ടില്‍ പോയാലോന്ന് മൊയ്തീ‍ന്‍ തോന്നുകയും ചെയ്തു.

“പടച്ചോന്റെ കാരുണ്യം കൊണ്ടു പൊലീസ്‌ പിടിക്കാതെ ങ്ങള് മൂന്നാല് വര്ഷം ഇവിടെ കഴിഞ്ഞു. ഇനിയിപ്പം ഉള്ള കാശുകൊണ്ടു നാട്ടില്‍ പോയി എന്തെങ്കിലും കച്ചോടം ചെയ്ത് ജീവിക്കാന് നോക്കീന്‍” പുയ്യാപ്പളയുടെ ഉപദേശവും പിന്തുണയും ഇക്കാര്യത്തില്‍ മൊയ്‌തീന് ലഭിക്കുകയും ചെയ്തു. പോലീസിന് പിടി കൊടുത്ത്‌ നാട്ടില്‍ കയറി പോവുക. ഇതായിരുന്നു മൊയ്തീന്റെ ലക്ഷ്യം. സമാനമായ സംഭവങ്ങള്‍ മൊയ്തീന്‍ കേട്ടറിവുള്ളതാണ്.

പോലീസിന് പിടി കൊടുക്കുവാന് വേണ്ടി പോലീസ് ചെക്കിങ്ങുള്ള ഭാഗത്ത് കൂടി മൊയ്തീന്‍ എന്നും രാവിലെ കുളിച്ചൊരുങ്ങി തേരാപാരാ നടക്കുവാന്‍ തുടങ്ങി. എന്നാല്‍ ദിവസങ്ങള്‍ പലതും കഴിഞ്ഞിട്ടും മൊയ്തീനെ പോലീസ് പിടിച്ചില്ല. എന്നാല്‍ ഒടുവില്‍ മതിയായ രേഖകളൊന്നുമില്ലാതെ ജിദ്ദയില്‍ താമസിച്ച നാലഞ്ച് ബംഗ്ലാദേശികള്‍ക്കൊപ്പം മൊയ്തീനെയും അന്ന് പോലീസ് പിടികൂടി.

‘ഇനിയിപ്പോള്‍ നാലഞ്ചു ദിവസത്തിനു ശേഷം പോലീസുകാര്‍ നാട്ടില്‍ കയറ്റി വിട്ടോളും…’. പോലീസു വാഹനത്തില്‍ ഇരിക്കുമ്പോള്‍ മൊയ്തീന് വളരെ സന്തോഷം തോന്നി

എന്നാല്‍ വഴിയില്‍ വച്ച് സിഗരട്ട് വാങ്ങാന്‍ പോലീസുകാരന്‍ വാഹനം നിര്ത്തി അടുത്ത കടയില്‍ കയറിയ തക്കം നോക്കി ബംഗ്ലാദേശികളെല്ലാം ഓടി രക്ഷപെട്ടു. പോലീസുകാരന്‍ സിഗരട്ടും വാങ്ങി തിരിച്ചെത്തിയപ്പോള്‍ കാറില്‍ മൊയ്തീന്‍ മാത്രം

“എന്നാ നീയും പൊയ്ക്കോ…” ആ പോലീസുകാരന്റെ വാക്കുകള്‍ വെള്ളിടി വെട്ടുന്നതു പോലെയാണ് മൊയ്തീന് തോന്നിയത്. ‘പടച്ചോനെ ഇതെന്തു പരീക്ഷണം.?.” നിരാശയോടെ മൊയ്തീന്‍ മുറിയിലെത്തിയപ്പോള്‍ നാട്ടില്‍ നിന്ന് ഭാര്യ സുഹറയുടെ ഒരു ഫോണ്‍..

“ഇക്കാ പ്പം ധ്യതി ബെച്ച് ഇങ്ങട്ട് ബരാന്‍ നോക്കേണ്ടാ. കഴിയുമെങ്കില്‍ ഒരാറു മാസം കൂടി പോലീശിന്റെ കൈയ്യിപ്പെടാതെ അബിടെ നിക്കാന്‍ നോക്കിന്‍. മ്മടെ ഫാത്തിമാക്ക് ഒരാലോചന ബന്നിരിക്കുന്നു. സിറ്റീല്‍ പലചരക്ക് കട നടത്തണ മ്മടെ ഖാദറിക്കാന്റെ മോനില്ലേ..?. ദുബായിലൊള്ള ബഷീറ്. അവന്റുമ്മാന് മ്മടെ ഫാത്തിമാനെ പൊരെ ബന്ന് കണ്ടിരിക്കുന്നു. ആയുമ്മാ‍ന് ഫാത്തിമാനെ പെരുത്തിട്ടായിര്‍ക്കെണ്. ബഷീറ് ദുബായ്ന്ന് ചെറിയ പെരുന്നാള്‍ കയിഞ്ഞ് വരുമ്പോ നിക്കാഹ് നടത്തണമെന്ന് അവര്‍ പറേന്ന്. പത്തമ്പതു പവന്‍ പൊന്നിന്റെ ഉരുപ്പടിയെങ്കിലും കൊടുക്കേണ്ടി വരുമെന്നാ ന്ക്ക് തോന്നുന്നെ… അതോണ്ട് ഒരാറു മാസം കൂടി ഇക്ക അബിടെ പിടിച്ച് നിന്നാല്‍ ഒരൊന്ന് ന്നര ലക്ഷം രുപയുണ്ടാക്കാല്ലോ….."

മൊയ്തീന്‍ രണ്ട് മക്കളാണ് നാട്ടില്‍. മൂത്തവള്‍ ഫാത്തിമ, ഇളയവള്‍ റഷീദ. ഫാത്തിമ ഡിഗ്രിക്ക് പഠിക്കുവാണ്.ചെറിയ പെരുന്നാളിന് ഇനിയും നാലഞ്ച് മാസങ്ങള്‍ കൂടിയുണ്ട്. ഏതായാലും മൂന്ന് നാല് കൊല്ലം പോലീസുകാരുടെ കൈയ്യിലൊന്നും പെടാതെ ജീവിച്ചു. ഇനിയും പെരുന്നാള് വരെ ജിദ്ദയില്‍ കഴിയാന്‍ വലിയ പാടൊന്നുമില്ലെന്ന് മൊയ്തീന്‍ കരുതി.

ദിവസങ്ങള്‍ പലതും കഴിഞ്ഞു. സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി പുതിയ നിയമങ്ങള്‍ സൌദിയില്‍ പ്രാബല്യത്തില്‍ വരുവാന്‍ പോകുന്നെന്ന് പലരും പറഞ്ഞ് മൊയ്തീനും അറിഞ്ഞു.

നിതാഖാത്തെന്നോ, ഹുറൂബെന്നോ പലരും പറയുന്നത് കേട്ടു. എന്നാല്‍ എന്താണി കുന്ദ്രാണ്ടമെന്ന് മാത്രം മൊയ്തീന് മനസ്സിലായില്ല. മതിയായ രേഖകളില്ലാതെ സൌദിയില്‍ തങ്ങുന്ന വിദേശികളെ പിടികൂടി നാടുകടത്തുകയാണെന്ന് റഫീക്ക്‌ പുയ്യാപ്പള പറഞ്ഞത് ഞെട്ടലോടെയാണ് മൊയ്തീന്‍ കേട്ടത്. ഇത്തരക്കാര്‍ക്ക് ജോലിയും, അഭയവും കൊടുക്കുന്നവരെയും പൊലീസ് പിടികൂടി ശിക്ഷിക്കുമത്രേ. അതോടു കൂടി ഉള്ള ജോലിയും മൊയ്തീന് നഷ്ടമായി.

‘പടച്ചോനെ ഇതെന്തൊരു പരീക്ഷണം?” മൊയ്തീന്‍ നെഞ്ചത്ത്‌ കൈവച്ചു പോയി പത്രങ്ങളിലും, ടെലിവിഷനിലും നിതാഖാത്തും, ഹുറൂബുമായി ബന്ധപ്പെട്ട പേടിപ്പിക്കുന്ന ചര്‍ച്ചകളും വാര്‍ത്തകളും നിറഞ്ഞു. മാധ്യമങ്ങള്‍ക്കാണെങ്കില്‍ അപ്രതീക്ഷിതമായി കിട്ടിയ ഒരു ചാകര തന്നെയായിരുന്നു സൌദിയിലെ വിഷയങ്ങള്‍.പ്രവാസികളുടെ കുടുംബങ്ങളെ മുള്‍മുനയിലാക്കി അവരത് നന്നായി ആഘോഷിച്ചു.

“എന്താണിക്കാ ഈ കേക്കുന്നത്.? സൌദീന്ന് എല്ലാവരേം ഇങ്ങോട്ട് കേറ്റി വിടുവാണോ?. പടച്ചോനെ ങ്ങളെ അവരെ ന്തേലും ചെയ്യുമോ? ദേ ടീവി തുറന്നാല്‍ സൗദി, സൗദിന്നാല്ലാതെ ഒന്നുമില്ല” സുഹറയുടെ ഫോണിലൂടെ ചോദ്യം കേട്ടപ്പോള്‍ മൊബൈല്‍ എറിഞ്ഞു പൊട്ടിക്കുവാനാണ് മൊയ്തീന് തോന്നിയത്.

“എടീ പോത്തേ, നീയവിടെ കിടന്ന് ബേജാറാകാത്...  ഇബിടെ മതിയായ രേഖകളില്ലാതെ നിയമ വിരുദ്ധമായി താമസിക്കുന്നോരെ  പിടി കൂടി അവരുടെ രാജ്യത്ത്‌ അയക്കുകയല്ലാതെ ഇബിടെ ആരെയും തൂക്കി കൊല്ലുവാന്‍ പോണില്ല. ഇനി ടിവിക്കാര് പറയുന്ന പോഴത്തരങ്ങള് കേട്ട് ങ്ങ്ട്ടെങ്ങാനും വിളിച്ചാല്‍ അന്നേം കൊല്ലും, അന്റെ പണ്ടാരമടങ്ങാന്‍ അന്റെ  ടീവിയും മ്മള് തല്ലിപ്പൊട്ടിക്കും.” മൊയ്തീന് ദേഷ്യമടക്കുവാന് കഴിഞ്ഞില്ല.

“അപ്പം ഇക്കാനെയും അവര് പിടി കൂടില്ലേ..” സുഹയുടെ ചോദ്യത്തിന് മറുപടി കൊടുക്കാതെ മൊയ്തു ഫോണ് കട്ടാക്കി.

ദിവസങ്ങള്‍ പലതും കഴിഞ്ഞു. അന്ന് ജിദ്ദയില്‍ നിയമവിരുദ്ധമായി താമസിക്കുന്നവര്‍ക്കു വേണ്ടിയുള്ള പോലീസിന്റെ തെരച്ചിലില്‍ നമ്മുടെ മൊയ്തീനും പിടിക്കപ്പെട്ടു, അങ്ങനെ പാവം മൊയ്തീന്‍ ദിവസങ്ങള്ക്കുള്ളില്‍ നാടു കടത്തപ്പെട്ടു.

“ന്റെ് പടച്ചോനെ, നാട്ടില്‍ പോവാന്‍ വേണ്ടി അന്ന് നമ്മള്‍ പോലീസിന് പിടി കൊടുത്തിട്ടും ആ പഹയന്മാര്ക്ക് നമ്മളെ വേണ്ടാരുന്നു.. പക്ഷേ ഇന്നിപ്പോള്‍…? അഞ്ചാറുമാസം നിന്ന് ഫാത്തിമാന്റെ നിക്കാഹിന് ഇത്തിരി കാശൊപ്പിക്കാമെന്ന് കരുതിയപ്പോ ദേ മ്മളെ പിടിച്ചു കയറ്റി വിട്ടിരിക്കുന്നു" നാട്ടിലേക്ക് യാ‍ത്രയാകുമ്പോള്‍ മൊയ്തീന്റെ ദു:ഖം അതു മാത്രമായിരുന്നു

5 comments:

ഫൈസല്‍ ബാബു said...

ഒരു കഥയായി മാത്രം വായിച്ചു പോവാന്‍ തോന്നുന്നില്ല. പ്രവാസ ജീവിതത്തില്‍ എവിടെയൊക്കെയോ ഞാനും കണ്ടിട്ടുണ്ട് ഇത്തരം മൊയ്തീന്‍ മാരെ.,,,, പ്രവാസ കഥകള്‍ക്ക് അവസാനമില്ല.

തുമ്പി said...

പാരഗ്രാഫ് തിരിച്ചെഴുതാത്തത് കൊണ്ട് ഒന്ന് കണ്ണെടുത്താല്‍ വീണ്ടും ബാക്കി കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടി. ശ്രദ്ധിക്കുക. പ്രവാസത്തിന്റെ മുഖം നന്നായി വരച്ചിട്ടുണ്ട്.

തുമ്പി said...

പാരഗ്രാഫ് തിരിച്ചെഴുതാത്തത് കൊണ്ട് ഒന്ന് കണ്ണെടുത്താല്‍ വീണ്ടും ബാക്കി കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടി. ശ്രദ്ധിക്കുക. പ്രവാസത്തിന്റെ മുഖം നന്നായി വരച്ചിട്ടുണ്ട്.

ajith said...

നിതാഖാത്: എത്ര പേരാണ് ഈയൊരു വിഷയത്തില്‍ മനോവിഷമം അനുഭവിയ്ക്കുന്നത് അല്ലേ?

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരു ഒറിജിനൽ പ്രവാസ കഥ..!