നിലാവുള്ള ധനുമാസരാത്രി.
അപ്പനും, അമ്മയും ഉറക്കമായി. ചാര്ളിക്ക് ഉറക്കം വന്നില്ല. മലയാള സാഹിത്യത്തിന്റെ ഗതിമാറ്റി മറിക്കുവാന് തീരുമാനിച്ചുറച്ച അവന് ജീവിതത്തില് ആദ്യമായി കവിത എഴുതുവാന് തുടങ്ങുകയാണ്.. അവന് തലപുകഞ്ഞാലോചിക്കാന് തുടങ്ങിയിട്ട് മണിക്കൂറുകള് പലതും കഴിഞ്ഞിരിക്കുന്നു…
എന്താണ് എഴുതേണ്ടത്..? ഒന്നും മനസ്സില് വരുന്നില്ല. പൂച്ചയെക്കുറിച്ചും, എലിയെക്കുറിച്ചും, മരമാക്രിയെക്കു പെരുച്ചാഴിയെക്കുറിച്ചുമൊക്കെ അവന് കവിത എഴുതാന് ശ്രമിച്ചിങ്കിലും വാക്കുകള് കിട്ടുന്നില്ല.
കവിത എഴുതുവാന് ഇത്ര പാടാണോ…? അവന് സ്വയം ചോദിച്ചു. എന്നാല് കഥയെഴുതാമെന്ന് വച്ചപ്പോള് അവിടെയും പരാജയപ്പെട്ടു, കഥയെഴുത്തും, കവിതയെഴുത്തും കുഞ്ഞ് കളിയല്ലെന്ന് അവനാ രാത്രിയില് മനസ്സിലായി.. എങ്കിലും പരാജയപ്പെടുവാന് അവനൊരുക്കമായിരുന്നില്ല. ഒടുവില് പണ്ടെങ്ങോ കേട്ട ഒരു കഥ ചില്ലറ തിരുത്തലുകള് വരുത്തി എഴുതി അവനാ രാത്രിയില് ആശ്വാസം കണ്ടെത്തി… ‘ഹായ് നല്ല കഥ..” അവനത് ഒരാവര്ത്തി വായിച്ചശേഷം അഭിപ്രായപ്പെട്ടു
അടുത്തദിവസം അതിരാവിലെ തന്നെ അവന് കുളിച്ചൊരുങ്ങി മേനകയുടെ കൈയ്യില് നിന്ന് ബാലരമയുടെ വിലാസവും വാങ്ങി പോസ്റ്റാഫീസിലേക്ക് പോകാനൊരുങ്ങിയപ്പോള് അവനൊരു ആശയം, താനെഴുതിയ കഥ അമ്മയെ കാണിച്ചാലോ..? ഏതായാലും ഇന്നല്ലെങ്കില് നാളെ താനൊരു എഴുത്തുകാരനാകുന്നത് അമ്മ അറിയേണ്ടതാണ്.. ഈ കഥയെക്കുറിച്ചുള്ള അമ്മയുടെ അഭിപ്രായം എന്താണന്നറിയാമല്ലോ…
അപ്പന് റബറ് വെട്ടാന് പോയിരിക്കുകയാണെന്ന് മനസ്സിലാക്കിയ ചാര്ളി അടുക്കളയില് പുട്ടിന് തേങങ തിരുമിക്കൊണ്ടിരുന്ന അമ്മയുടെ അടുക്കലെത്തി.
“എവിടാടാ രാവിലെ കുളിച്ചൊരുങ്ങി…” മറിയാമ്മച്ചേടത്തി ചാര്ളിയോട് ചോദിച്ചു.
"അത് അമ്മേ.. എന്നെ വഴക്കു പറയരുത്… ഞാനൊരു കഥയെഴുതി.. അത് ബാലരമക്കാര്ക്ക് അയച്ചു കൊടുക്കുവാന് പോവാ..” അമ്മ തന്റെ നേര്ക്ക് ചാടി കടിക്കുമെന്ന ഭയത്തോടു കൂടിയാണ് ചാര്ളി വിഷയം അവതരിപ്പിച്ചത്…
“ങ്ഹാ നീയിപ്പം ഇപ്പണിയും തുടങ്ങിയോ.. എന്റെ ചെറുക്കാ നിനക്ക് വയസ്സു പത്തിരുപത്തിയാറായില്ലേ.. നിനക്കിനി കുട്ടിക്കളി നിര്ത്താന് സമയമായില്ലേ… ചുമ്മാതല്ല അപ്പന് നിന്നെ തെറി പറേന്നെ… പന പോലെ വളര്ന്നിട്ടും കൊച്ചു പിള്ളാരെപ്പോലെ ബാലരമേലും, പൂമ്പാറ്റേലുമൊക്കെ കഥയെഴുതി നടക്കാനാണോ നിന്റെ പരിപാടി…” മറിയാമ്മച്ചേടത്തി ചാര്ളിയെ കുറ്റപ്പെടുത്തി…
"എന്റെമ്മേ ഇപ്പം കഥയ്ക്കും, കവിതയ്ക്കുമൊക്കെ ഭയങ്കര കാശാ കിട്ടുന്നെ.. ദേ നമ്മുടെ മേനക പൂച്ചേക്കുറിച്ച് ഒരു കവിതയെഴുതിയപ്പോ നൂറ്റമ്പതു രൂപയാ കിട്ടിയത്.. അങ്ങനെയാണെങ്കില് എന്റെയീ കഥയ്ക്ക് ഒരു രണ്ടായിരം രൂപയെങ്കിലും ബാലരമക്കാര് തരണം…അമ്മ അപ്പനോട് പറയില്ലെങ്കില് ഞാനൊരു കാര്യം പറയാന് പോവുകയാണ്… ഇതൊരു തുടക്കം മാത്രമാണമ്മേ.. ഞാനിനിയങ്ങോട്ട് എഴുതി വല്യ് ആളാവാന് പോവുകയാ… ചാര്ളി ആലയുടെ അമ്മയെന്നു പറഞ്ഞാല് അമ്മ അഭിമാനിക്കുന്ന ഒരു ദിവസം വരാന് പോവുകയാണ്…”
“എടാ ചെറുക്കാ ചെരവയെടുത്ത് നിന്റെ തലയടിച്ചു പൊട്ടിക്കുന്നതിന് മുമ്പ് നീ എന്റെ മുന്നില് നിന്നൊന്ന് പോകുന്നുണ്ടോ…” മറിയാമ്മച്ചേടത്തിക്ക് കലികയറി
“എന്റെമ്മേ സാഹിത്യകാരന്റെ വില അമ്മയ്ക്ക് തീരെ അറിയില്ലെന്ന് തോന്നുന്നു…ദേ ഞാനെഴുതിയ കഥ ഞാന് തന്നെ അമ്മയെ വായിച്ചു കേള്പ്പിക്കാം….എന്റെമ്മയതൊന്നു കേട്ടിട്ടു മതി എന്റെ തല ചെരവയ്ക്കടിച്ച് പൊട്ടിക്കുന്നെ…“
“എടാ ചെറുക്കാ രാവിലെ എന്റെ സമയം മിനക്കെടുത്താതെ നീ എവിടേലുമൊന്ന് പോകുന്നുണ്ടോ…” അരിശം മൂത്ത മറിയാമ്മച്ചേടത്തി ചെരവപ്പുറത്തു നിന്നും എഴുന്നേറ്റു.
“എന്റെമ്മേ ആദ്യമായി ഞാനെഴുതിയ ഒരു കഥയല്ലേ… എന്റെമ്മ ദയവായി ഇതൊന്നു കേള്ക്ക്. ഈ കഥയൊന്നു കേട്ടിട്ട് എന്നെ തല്ലിക്കൊല്ലുകയോ, കൊല്ലാതിരിക്കുകയോ ചെയ്യ്…” ചാര്ളിയുടെ അഭ്യര്ത്ഥന മാനിച്ച് മറിയാമ്മച്ചേടത്തി ഒന്നടങ്ങി.
‘എന്തായാലും ഇവനെക്കൊണ്ട് ഇത്രയും കാലത്തിനിടയില് തിന്നു മുടിപ്പിക്കാനല്ലാതെ യാതൊരു ഒരുപകാരവുമില്ല. ഒരുപക്ഷേ പൊട്ടക്കണ്ണന്റെ മാവേലേറുപോലെ ഇവന് കഥയെഴുതി ഗൊണം പിടിച്ചാല് അത് അവനും അവന്റെ വീട്ടുകാര്ക്കും അഭിമാനിച്ചു കൂടേ…‘ മറിയാമ്മച്ചേടത്തി ചിന്തിച്ചത് അതായിരുന്നു…
“ഇതാ അമ്മ എന്റെ കഥ കേട്ടോളൂ…” അമ്മയെ തന്റെ വഴിക്കു കൊണ്ടുവന്ന ചാര്ളി തന്റെ തൊണ്ടയൊന്ന് ക്ലിയറ് ചെയ്ത ശേഷം താന് കഴിഞ്ഞ രാത്രിയില് ഉറക്കമിളച്ചിരുന്നെഴുതിയ കഥ താളത്തില് വായിക്കുവാന് തുടങ്ങി.. മറിയാമ്മച്ചേടത്തി തന്റെ പുന്നാരമകനെഴുതിയ കഥ കേള്ക്കുവാന് തയ്യാറായിരുന്നു
“ഒരിടത്ത് വലിയൊരു കാട്…ആ കാട്ടില് ക്രൂരനായ ഒരു കടുവയുണ്ടായിരുന്നു… ആ കടുവയുടെ പേര് കറിയാച്ചന് എന്നായിരുന്നു… ആ കടുവയ്ക്ക് ഒരു അത്ര ക്രൂരയല്ലാത്ത ഭാര്യയുണ്ടായിരുന്നു.. ആ ഭാര്യയുടെ പേര് മറിയാമ്മയെന്നായിരുന്നു… അവര്ക്ക് നല്ലവനായ ഒരു മകനുണ്ടായിരുന്നു അവന്റെ പേര് ചാര്ളിയെന്നായിരുന്നു….”
“ഫ പൊലയാടി മോനേ… നിറത്തെടാ നിന്റെയീ കഥ…‘ ചാര്ളി കഥ പൂര്ത്തിയാക്കുന്നതിന് മുമ്പ് മറിയാമ്മച്ചേടത്തി കൈയ്യില് കിട്ടിയ കറിക്കത്തിയുമായി അവന്റെ നേര്ക്ക് ചാടി വീണു…
“കാട്ടിലെ കടുവയ്ക്ക് നിന്റെ അപ്പന്റെയും.., അമ്മയെടെയും പേരു തന്നെ വേണമല്ലേടാ കഴുവേറീടെ മോനേ… എടാ ക്രൂരനായ നിന്റെ അപ്പന് കടുവയും, അമ്മ കടുവയുമുള്ളതു കൊണ്ടാ മൂന്നിന് നാല് നേരം നീ വയറ് നിറച്ച് വല്ലതും കഴിക്കുന്നത്…എന്നിട്ട് നീ ഞങ്ങള്ക്കിട്ടു തന്നെ പണിയുവാല്ലേടാ ഗൊണം പിടിക്കാത്തവനേ…”
“എന്റെമ്മേ ഇത് വെറും കഥയാ.. അമ്മ വെറുതെ ചൂടാവുന്നതെന്തിനാ..” കലിതുള്ളി നില്ക്കുന്ന അമ്മയെ അനുനയിപ്പിക്കാന് ചാര്ളി ഒരു ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.. ഇനി ഇവിടെ നിന്നാല് തടി കേടാകുമെന്ന് ഭയന്ന ചാര്ളി കഥയുമായി നേരെ പോസ്റ്റാഫീസിലേക്ക് ഓടി..
“എന്താ ചാര്ളി ഈ വഴിയൊക്കെ..” പോസ്റ്റോഫീസിലെത്തിയ ചാര്ളിയോട് കത്തുകള് സോര്ട്ട് ചെയ്തു കൊണ്ടിരിക്കുന്നതിനിടയില് പോസ്റ്റുമാന് വേലായുധന് കുശലം ചോദിച്ചു…
“ഒരു കഥയെഴുതി.. അത് ബാലരമയ്ക്ക് അയക്കാന് വന്നതാ…” ചാര്ളിയെ നന്നായി അറിയാവുന്ന വേലായുധന് അവന് പറഞ്ഞത് കേട്ട് പൊട്ടിച്ചിരിച്ചു.. “എന്താടോ… താനിത്രമാത്രം ചിരിക്കാന് ഞാന് തമാശയൊന്നും പറഞ്ഞില്ലല്ലോ…” ചാര്ളിക്ക് കലികയറി…
“എന്റെ ചാര്ളി, കുറ്റപ്പെടുത്തുവാന്ന് കരുതരുത്… നീയോ പിഴച്ചു… നീയിനി ബാലരമേല് കഥയെഴുതി അത് വായിക്കുന്ന പാവം കൊച്ചുപിള്ളാരെക്കൂടി പെഴപ്പിക്കണോ…?” വായില് കിടന്ന മുറുക്കാന് പുറത്തേക്ക് തുപ്പിക്കൊണ്ട് വേലായുധന് ചോദിച്ചു
‘പണ്ടാരം പോസ്റ്റാഫീസായിപ്പോയി അല്ലായിരുന്നെങ്കില് ഈ തെണ്ടിയുടെ അടിനാഭി അടിച്ചു കലക്കുമായിരുന്നു…‘ ചാര്ളി പല്ലു കടിച്ചു.. “എടോ ബാലരമക്കാര് മണിയോഡറയ്ക്കുമ്പോള് അതുമായി താനിങ്ങുവാ.. തന്നെ ഞാനൊരു പാഠം പഠിപ്പിക്കും……” ചാര്ളി പറഞ്ഞത് കേട്ട് വേലായുധന് പൊട്ടിച്ചിരിച്ചു…
‘നന്നാകാന് ഒരെണ്ണവും സമ്മതിക്കില്ല..’ കഥ പോസ്റ്റ് ചെയ്ത് വീട്ടിലേക്ക് നടക്കുന്നതിനിടയില് ചാര്ളി മനസ്സില് പറഞ്ഞു. അന്ന് രാത്രിയിലും ചാര്ളി കഥയും, കവിതയുമൊക്കെ എഴുതുവാനുള്ള ശ്രമം നടത്തിയെങ്കിലും വെറുതെ ഉറക്കം നഷ്ടപ്പെടുത്തിയെന്നല്ലാതെ യാതൊരു ഫലവുമുണ്ടായില്ല…
ദിവസങ്ങള് പലതും കഴിഞ്ഞു കൊണ്ടിരുന്നു. അന്ന് ചാര്ളിക്ക് ഒരു കത്ത് വന്നു..കത്ത് ബാലരമയില് നിന്നായിരുന്നു… ചാര്ളി കവറ് തുറന്നു നോക്കി.. ‘കര്ത്താവേ ഇതിനകത്ത് താനവര്ക്ക് അയച്ചു കൊടുത്ത കഥയാണല്ലോ..” ആദ്യകഥ അയച്ച വേഗത്തില് തന്നെ തിരിച്ചു വന്നിരിക്കുന്നു.. ചാര്ളി വല്ലാതെ തകര്ന്നു പോയി.
'പ്രിയ ചാര്ളി..
താങ്കളുടെ കഥ വായിച്ചു..
ഈ കഥ ബാലരമയില് പ്രസിദ്ധീകരിക്കുവാന് കഴിയാത്തതില് ഖേദിക്കുന്നു…
ആയതിനാല് താങ്കളുടെ കഥ തിരിച്ചയക്കുന്നു..
തുടര്ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്…
പത്രാധിപര്..
കഥയോടൊപ്പമുള്ള പത്രാധിപരുടെ കത്ത് പിടിച്ച് ചാര്ളി നിമിഷങ്ങളോളം സ്തംഭിച്ചു നിന്നു പോയി… ദൈവമേ ഒരു സാഹിത്യകാരനാവുകയെന്ന തന്റെ സ്വപ്നം തകര്ന്നു തരിപ്പണമാവുകയാണോ…? ചാര്ളിയുടെ കണ്ണുകള് നിറഞ്ഞു… എന്താണ് തന്റെ കഥയ്ക്കൊരു കുഴപ്പം? ചാര്ളി അന്ന് കുത്തിയിരുന്ന് ആലോചിച്ചെങ്കിലും ഒരെത്തും പിടിയും കിട്ടിയില്ല. ഏതായാലും തോറ്റ് പിന്മാറാന് ചാര്ളി ഒരുക്കമായിരുന്നില്ല..
അന്ന് രാത്രിയിലും ചാര്ളി എന്തൊക്കെയോ കുത്തിക്കുറിച്ച് അടുത്ത ദിവസം ബാലരമയ്ക്കും, പൂമ്പാറ്റയ്ക്കും, ബാലമംഗളത്തിനും, ഉണ്ണിക്കുട്ടനുമൊക്കെ അയച്ചു കൊടുത്തു… എന്നാല് ആഴ്ചകള്ക്കുള്ളില് അവയില് പലതും തിരിച്ചു വന്നപ്പോള് ചാര്ളിയാകെ തകര്ന്നു പോയി. ഒടുവില് ചാര്ളി പത്രാധിപന്മാരെയെല്ലാം വായില് വന്ന പുളിച്ച തെറികള് വിളിച്ച് ആശ്വാസമടഞ്ഞു…
"എടി മേനകേ എന്റെ കഥയ്ക്കും കവിതയ്ക്കുമൊക്കെ എന്താടീ ഒരു കൊറവ്…? നീ ഇതൊന്ന് വായിച്ച് നോക്കെടീ…“ ആലയിലെ ആദ്യത്തെ കഥാകാരിയും തന്റെ അയല്പക്കത്തുകാരിയുമായ ഏഴാം ക്ലാസുകാരി മേനകയെ പത്രാധിപര് തിരിച്ചയച്ച കഥകളും, കവിതകളുമായി ഒടുവില് ചാര്ളി സമീപിച്ചു..
“ചാര്ളിച്ചായാ അച്ചായനെഴുതിയ കഥകളിലെല്ലാം ഒരു പാട് അക്ഷരത്തെറ്റുകളുണ്ട്..ദേ ഇവിടെ നോക്കിക്കേ.., പേരക്കുഞ്ഞ് എന്നെഴുതേണ്ടിടത്ത് ചാര്ളിച്ചായന് ചേരക്കുഞ്ഞെന്നാ എഴുതിയിരിക്കുന്നെ.. അങ്ങനെ ഒരുപാട് അക്ഷര തെറ്റുകള് പലയിടത്തുമുണ്ട്.. “
“അപ്പ അതാ കുഴപ്പം അല്ലേ..,' ചാര്ളി മനസ്സില് മന്ത്രിച്ചു..
“അല്ല ചാര്ളിച്ചായാ.. ചാര്ളിച്ചായനെന്തിനാ ഈ ബാലരമേലും, പൂമ്പാറ്റേലുമൊക്കെ എഴുതുന്നത്? അത് കൊച്ചുകുട്ടികളുടെ മാസികയല്ലേ.. വല്ല..മനോരമേലും, മംഗളത്തിലുമൊക്കെ കഥയെഴുതരുതോ…” മേനക ചാര്ളിയോട് ചോദിച്ചു…
“എന്തുചെയ്യാം..ബാലരമേലും, പൂമ്പാറ്റേലും പോലും ഇതുവരേം ഒരു കഥ വന്നിട്ടില്ല. പിന്നാ, മനോരമേലും, മംഗളത്തിലുമൊക്കെ എഴുതുന്നത്…” ചാര്ളി പിറുപിറുത്തു...
“പിന്നെ ചാര്ളിച്ചായാ.., ഒരു ഗുഡ് ന്യൂസുണ്ട്… എന്റെയൊരു കഥ ബാലമംഗളത്തില് അടുത്താഴ്ച പ്രസിദ്ധീകരിച്ചു വരും. ഇന്നലെ അവരുടെ കത്തുണ്ടായിരുന്നു…” മേനക പറഞ്ഞത് കേട്ട് ചാര്ളി തകര്ന്നു പോയി..
‘ഏഴാം ക്ലാസില് പഠിക്കുന്ന ഈ പണ്ടാരത്തിന്റെ കഥ അവന്മാര്ക്ക് പ്രസിദ്ധീകരിക്കാം… പത്തു വരെ പഠിച്ച് കല്യാണപ്രായവും കഴിഞ്ഞ് നില്ക്കുന്ന എന്റെ കഥയും, കവിതയുമൊന്നും ഈ മുടിഞ്ഞവന്മാര്ക്ക് വേണ്ട.. കൊറെ പത്രാധിപന്മാര്…‘ഇവന്മാര് ഒരെണ്ണവും ഗൊണം പിഠിക്കില്ല… ‘ മേനക പറഞ്ഞത് കേട്ട് ചാര്ളിക്ക് അമര്ഷമടക്കുവാന് കഴിഞ്ഞില്ല.
തന്റെ സാഹിത്യസ്യഷ്ടികള് യാതൊരു ദയയുമില്ലാതെ കുപ്പത്തൊട്ടിയില് വലിച്ചെറിഞ്ഞും,, തിരിച്ചയച്ചും രസിക്കുന്ന ഈ കാലന്മാരെയൊക്കെ ഫോണ് വിളിച്ചോ അതുമല്ലെങ്കില് കോട്ടയത്തു പോയോ കണ്ണ് പൊട്ടുന്ന രണ്ട് തെറി വിളിച്ചാലോ..? ചാര്ളി ചിന്തിക്കാതിരുന്നില്ല..
‘തലക്കാലം കുറെനാള് കൂടി കാത്തിരിക്കുക‘ എന്നിട്ടാകം ഈ കശ്മലന്മാര്ക്കെതിരെയുള്ള അറ്റകൈ പ്രയോഗം.’ ഒടുവില് ചാര്ളി ഒരു തീരുമാനത്തിലെത്തി… ഇതിനിടയില് പത്രാധിപര് തിരിച്ചയച്ച കഥകളും, കവിതകളുമായി ചാര്ളി തന്റെ സുഹ്യത്തും, ആലയിലെ വായനശാലയുടെ സെക്രട്ടറിയുമായ നസീനെ സമീപിച്ചു..
“നീയെന്തോന്ന് കോപ്പാടാ ഈ എഴുതി വച്ചിരിക്കുന്നെ… ചുമ്മാതല്ല അവന്മാര് ഇതെല്ലാം തിരിച്ചയത്.. അക്ഷരത്തെറ്റില്ലാതെ ഒരു വാക്ക് പോലും നീ ഇതിനാത്ത് എഴുതീട്ടില്ല.. അതും പോരഞ്ഞിട്ട് എന്തൊക്കെയാ നീയീ എഴുതിപ്പിടിപ്പിച്ചിരിക്കുന്നെ” ചാര്ളിയുടെ ‘വിശ്വസാഹിത്യം‘ ഒന്നോടിച്ചു നോക്കിയശേഷം നസീറ് അഭിപ്രായപ്പെട്ടു.
“എടാ.. ഞാനിപ്പം എന്തുചെയ്യാനാ.. അറിഞ്ഞുകൊണ്ട് ആരെങ്കിലും അക്ഷരത്തെറ്റുകള് വരുത്തുമോ..” ചാര്ളി തന്റെ നിസ്സഹായത വെളിപ്പെടുത്തി..
“എടാ ഈ എഴുത്തെന്ന് പറഞ്ഞാല് അണ്ടനും, അഴകോടനുമൊന്നും പറ്റിയ പണിയല്ല. അതിന് തലയില് വല്ലോം വേണം… നീ വെറുതെ അറിയാത്ത പണിക്ക് പോകാത് റബറ് വെട്ടാനോ വല്ലോം പോകാന് നോക്ക്…” നസിറ് ചാര്ളിയെ ഉപദേശിച്ചു..
“എടാ അങ്ങനെ പറേയരുത്… എടാ എന്റെ ഒരു കഥയോ, കവിതയോ എവിടേലും ഒന്ന് പ്രസിദ്ധീകരിച്ചിട്ട് ചത്താലും വേണ്ടില്ല…” ചാര്ളിയുടെ തൊണ്ടയിടറി..
“എടാ ചാര്ളി നീ ദേ ഇവിടെ ‘ക’ എന്ന് എഴുതിക്കേടാ…” കുറെ നേരം എന്തോ ആലോചിച്ചിരുന്ന ശേഷം നസീറ് ഒരു പേനയും, പേപ്പറും ചാര്ളിയുടെ നേര്ക്ക് നീട്ടിക്കൊണ്ട് പറഞ്ഞു… ചാര്ളി അനുസരിച്ചു.
“ഇനി ‘ക’ യ്ക്ക് ഒരു വള്ളിയിട്ടേ…” നസ്സീറ് പറഞ്ഞപ്പോള് ചാര്ളി അതും ചെയ്തു “ഇനി നീ പറ ‘ക’ എഴുതീട്ട് വള്ളിയിട്ടാല് എങ്ങനാ.. വായിക്കുക” നസ്സീറ് ചാര്ളിയോട് ചോദിച്ചു…
“അത്..അത് ‘ക‘ എഴുതീട്ട് വള്ളിയിട്ടാ ‘കാവള്ളീ’ ന്നല്ലേ…” ചാര്ളിയുടെ മറുപടി കേട്ട് നസ്സീറ് പൊട്ടിച്ചിരിച്ചു. “എടാ പൂ…..മോനേ, ‘ക‘ എഴുതീട്ട് വള്ളിയിട്ടാല് ‘കാവള്ളീന്നല്ലടാ ‘കി’ ന്നാടാ…വായിക്കുന്നത്... കേട്ടോടാ കര്ക്കിടമാസ പൂ………… മോനേ…” നസ്സീറ് ചാര്ളിയുടെ അസംബന്ധം കേട്ട് വായില് വന്ന തെറിയില്ലാം അവനെ വിളിച്ചു…
“എലീം ……….യും തിരിച്ചറിയാന് വയ്യാത്തവനാ സാഹിത്യമെഴുതാന് വന്നിരിക്കുന്നെ..” നസ്സീറ് ആരോടെന്നില്ലാതെ പറഞ്ഞു. “എടാ ചാര്ളി നീ ആദ്യം ആശാന് പള്ളിക്കൂടത്തില് പോയി അക്ഷരം പഠിക്കാന് നോക്ക് എന്നിട്ട് മര്യാദയ്ക്ക് നിന്റെ പേരൊന്ന് എഴുതിപ്പടി.. എന്നിട്ടു മതി കഥേം കവിതേമൊക്കെ…മാളോകരെ നശിപ്പിക്കുന്നെ “ നസ്സീറ് പറഞ്ഞു..
മലയാള സാഹിത്യത്തിലെ ഗര്ജ്ജിക്കുന്ന സിംഹമാകുവാന് കൊതിച്ച് ഒരു ക്യമിപോലുമാകുവാന് കഴിയാതെ പത്രാധിപന്മാരെയൊക്കെ തെറി പറഞ്ഞ് ചാര്ളി നിര്‍വ്യതിയടഞ്ഞിരിക്കുമ്പോഴാണ് ഒരു കച്ചിത്തുരുമ്പുപോലെ ഉഗാണ്ടയില് നിന്നും അവന് ആലയിലെത്തിയത്…
അത് മറ്റാരുമായിരുന്നില്ല…
ഓഫീസില് പണിയെടുക്കാതെ ബ്ലോഗിങ്ങ് നടത്തിയതിന്റെ പേരില് പിരിച്ചു വിടപ്പെട്ട മലയാളത്തിലെ ആദ്യത്തെ ബ്ലോഗറ് ‘പാഷാണത്തില് ക്യമിയെന്ന’ പേരില് ബ്ലോഗുന്ന ആലയിലെ ബാലക്യഷണന്….
(തുടരും)
No comments:
Post a Comment